2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സമസ്ത ബഹ്‌റൈന്‍ ഹൂറ മദ്‌റസ വാര്‍ഷികവും ത്രിദിന മതപ്രഭാഷണ പരമ്പരയും വെള്ളിയാഴ്ച മുതല്‍

പ്രാര്‍ഥനാ സദസിന് ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും

 

ഉബൈദുല്ലാ റഹ്മാനി കൊമ്പംകല്ല്

മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴില്‍ ഹൂറയില്‍ പ്രവര്‍ത്തിക്കുന്ന തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്രസയുടെ 18ാം വാര്‍ഷികവും ത്രിദിന മത പ്രഭാഷണ പരമ്പരയും വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മനാമ അല്‍രാജാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 2,3,4 തിയ്യതികളില്‍ രാത്രി 8.മണിക്കാണ് മതപ്രഭാഷണ പരമ്പര സംഘടിപ്പിച്ചിട്ടുള്ളത്

നാട്ടില്‍ നിന്നുള്ള പ്രമുഖ വാഗ്മികളാണ് പ്രഭാഷണത്തിനായി ബഹ്‌റൈനില്‍ എത്തുന്നത്.
സമാപന ദിവസം നടക്കുന്ന ദുആ മജ് ലിസിന് പ്രമുഖ പണ്ഢിതനും മലബാറിലെ പ്രാര്‍ത്ഥനാ സദസ്സുകളിലെ നിറസാനിധ്യമായ ശൈഖുനാ ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും.

വെള്ളി, ശനി ദിവസങ്ങളില്‍ പ്രമുഖ വാഗ്മി ഹാഫിസ് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി അല്‍ ഖാസിമിയും പ്രഭാഷണ വേദികളിലെ വിസ്മയമായ അത്ഭുത ബാലന്‍ ഹാഫിസ് ജാബിര്‍ എടപ്പാള്‍ ഞായറാഴ്ചയും മത പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സമാപന ദുആ മജ് ലിസിലാണ് ശൈഖുനാ ചെറുമോത്ത് ഉസ്താദ് പങ്കെടുക്കുന്നത്.

മൂന്നു ദിവസമായി നടക്കുന്ന പ്രഭാഷണം കേള്‍ക്കാനുള്ള പ്രത്യേക സൗകര്യം സ്ത്രീകള്‍ക്ക് ഒരുക്കുന്നുണ്ടെന്നും ബഹ്‌റൈനിലെ മുഴുവന്‍ വിശ്വാസികളും കുടുംബ സമേതം പരിപാടിയില്‍ പങ്കെടുക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പരിപാടിയുടെ വിജയത്തിനു വേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

നിലവില്‍ 18-ാം വാര്‍ഷികം ആഘോഷിക്കുന്ന ഹൂറയിലെ സമസ്ത മദ്‌റസ 17 വര്‍ഷം മുന്‍പ് 10 കുട്ടികളുമായി ഒരു ഒറ്റ മുറിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് നാലു ക്ലാസ് റൂമുകളിലായി 70 ല്‍ പരം വിദ്യാര്‍ഥികളിവിടെ മത പഠനം നടത്തുന്നു. കൂടാതെ സ്വലാത്ത് ഹാളും ഓഫീസും ഉള്‍പ്പെടുന്ന വിശാലമായ സംവിധാനങ്ങളും ഇവിടെ സംവിധാനിച്ചിട്ടുണ്ട്.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്രസയില്‍ പൊതു പരീക്ഷകളിലെല്ലാം 100% വിജയമാണ് ലഭിച്ചു വരുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഹുറ മദ്‌റസയിലേക്ക് പരിസര പ്രദേശങ്ങളില്‍ നിന്നെല്ലാം വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. വ്യാഴം,വെള്ളി ഒഴികെ പ്രതിദിനം വൈകീട്ട് 6 മണി മുതല്‍ 8 മണി വരെയാണ് മദ്‌റസാ ക്ലാസ്സുകള്‍ നടന്നു വരുന്നത്.

മദ്‌റസക്കു പുറമെ വ്യാഴാഴ്ചകള്‍ തോറും സ്വലാത്ത് മജ് ലിസ്, മാസാന്ത മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ്, മുതിര്‍ന്നവര്‍ക്കായി ഫാമിലി ക്ലാസുകള്‍, ഖുര്‍ആന്‍ ക്ലാസുകള്‍ എന്നിവയും ഈ മദ്‌റസ കേന്ദ്രീകരിച്ചു നടന്നു വരുന്നുണ്ട്.

പുതിയ സാഹചര്യത്തില്‍ മദ്‌റസാ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും കാലോചിതമായ സംവിധാനങ്ങളൊരുക്കാനുമാണ് ഈ വാര്‍ഷികാഘോഷത്തോടെ മദ്‌റസാ ഭാരവാഹികള്‍ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ വിശദീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടി സംബന്ധമായ അന്വേഷണങ്ങള്‍ക്കും 00973 33712999,39428094 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ എസ്.എം. അബ്ദുല്‍ വാഹിദ്, ശംസുദ്ധീന്‍ മൗലവി, മഹ് മൂദ് പെരിങ്ങത്തൂര്‍, അശ്‌റഫ് കാട്ടില്‍ പീടിക, നൗഷാദ് അടൂര്‍, മുനീര്‍ ജീപ്പാസ്, മനാഫ് തങ്ങള്‍, കുഞ്ഞഹമ്മദ് തിരുവള്‌ലൂര്‍, റാഷിദ് മൂരാട്, ജസീര്‍ മൂരാട്, നൗഫല്‍ മാഹി, റിയാസ് കാസര്‍ഗോഡ് എന്നിവര്‍ പങ്കെടുത്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.