2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ബഹ്‌റൈന്‍ കേരളീയ സമാജം നാടക പുരസ്‌കാരം സേതുലക്ഷ്മിക്ക്

പുരസ്‌കാര ദാന ചടങ്ങ് ബുധനാഴ്ച തിരുവനന്തപുരം വി.ജെ.ടി ഹാളില്‍

#ഉബൈദുല്ല റഹ്മാനി

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഭരത് മുരളി സ്മാരക നാടക പുരസ്‌കാരം സേതുലക്ഷ്മിക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫെബ്രുവരി ആറു ബുധനാഴ്ച വൈകീട്ട് ആറു മണിക്ക് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് നടി സേതുലക്ഷ്മിക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് സമാജം ആക്ടിങ് പ്രസിഡന്റ് മോഹന്‍ രാജ് പി.എന്‍, ജനറല്‍ സെക്രട്ടറി എം.പി രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി തുടരുന്ന അഭിനയ സപര്യക്കുള്ള അംഗീകാരമായി ബഹ്‌റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമ നല്‍കി വരുന്ന നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ‘ഭരത് മുരളി സ്മാരക നാടക പുരസ്‌ക്കാരം 2018 ശ്രീമതി സേതുലക്ഷ്മിക്ക് അഭിമാന പുരസ്സരം സമര്‍പ്പിക്കുന്നതായി സമാജം ഭരണസമിതി വ്യക്തമാക്കി. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ബഹ്‌റൈന്‍ കേരളീയ സമാജവും തിരുവനന്തപുരം നാട്യഗൃഹവും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രൊഫ: അലിയാര്‍ ജി. ശങ്കരപിള്ള അനുസ്മരണവും നടക്കും. നാട്യഗൃഹം പ്രസിഡന്റ് പി.വി ശിവന്‍, ചെയര്‍മാന്‍, എം.കെ. ഗോപാല കൃഷ്ണന്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് വെഞ്ഞാറമൂട് രംഗ പ്രഭാത് പ്രൊഫ: ജി. ശങ്കരപിള്ളയുടെ നാടകം ‘പൊന്നുംകുടം’ അവതരിപ്പിക്കും.
………………………………………………….

നടി സേതുലക്ഷ്മിയെ കുറിച്ച്

നൈസര്‍ഗീകമായ അഭിനയ പ്രതിഭകൊണ്ട് മലയാള നാടകവേദിയെ പ്രതീപ്തമാക്കിയ കലാകാരി. 1963ല്‍ നടനഭൂഷണം പൂര്‍ത്തിയാക്കിയ ശേഷം നാടകരംഗത്ത് ചുവടുറപ്പിച്ചു. നിരവധി അമേച്വര്‍ പ്രൊഫഷണല്‍ നാടകങ്ങളിലൂടെ നൂറുകണക്കിന് കഥാപാത്രങ്ങളെ അരങ്ങില്‍ അവതരിപ്പിച്ചു. കാട്ടുകുതിര, ദ്രാവിഡനൃത്തം, ഭാഗ്യജാതകം, ചിന്നപാപ്പാന്‍ തുടങ്ങിയ നാടകങ്ങളിലെ അഭിനയ മികവിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും സേതുലക്ഷ്മിയെ തേടിയെത്തി. അടൂര്‍ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങള്‍, സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം, വിനോദയാത്ര, ലെഫ്റ്റ് റൈറ്റ്, ഹൗ ഓള്‍ഡ് ആര്‍ യു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 2006 മുതല്‍ ടെലിവിഷന്‍ രംഗത്തും ചലച്ചിത്ര രംഗത്തും അഭിനേത്രി എന്ന നിലയില്‍ ശ്രദ്ധേയയായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.