2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

ബഹ്‌റൈനില്‍ അഫ്‌സലിന് സഹായഹസ്തവുമായി പ്രവാസി മലയാളി സംഘടനകള്‍ കൈകോര്‍ക്കുന്നു

ഉബൈദുല്ലാ റഹ്മാനി

മനാമ: ബഹ്‌റൈനില്‍ മോഷ്ടാക്കളുടെ മര്‍ദനത്തില്‍ അരക്കുതാഴെ തളര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ കഴിയുന്ന കൊല്ലം നിലമേല്‍ സ്വദേശി അഫ്‌സലി(30)നെ സഹായിക്കാനായി പ്രവാസി മലയാളികളുടെ നേതൃത്വത്തിലുള്ള വിവിധ സംഘടനകള്‍ കൈകോര്‍ക്കുന്നു.

ബഹ്‌റൈന്‍ കെ.എം.സി.സി, മൈത്രി അസോസിയേഷന്‍, പ്രതീക്ഷ ബഹ്‌റൈന്‍, ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം, എം.എം ടീം, ‘ബ്ലഡ് ഡൊണേറ്റ് കേരള’ തുടങ്ങി നിരവധി പ്രവാസി മലയാളി സംഘടനകളാണ് അഫ്‌സലിനെ സഹായിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മനാമയിലെ അയ്ക്കൂറ പാര്‍ക്കിനു സമീപത്തായിരുന്നു സംഭവം. തന്റെ മണിപേഴ്‌സ് തട്ടിയെടുത്ത മോഷ്ടാക്കളെ പിന്തുടര്‍ന്ന് ഒരു കെട്ടിടത്തിനു മുകളിലെത്തിയ അഫ്‌സലിനെ മോഷ്ടാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും താഴേക്ക് തള്ളിയിടുകയും ചെയ്ത സംഭവം സുപ്രഭാതം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കെട്ടിടത്തിന്റെ മുകളില്‍ നിന്നുള്ള വീഴ്ചയില്‍ ഇടത് തോളെല്ലിനും നട്ടെല്ലിനും ഗുരുതരമായി പൊട്ടലേറ്റ അഫ്‌സലിനെ അരക്ക് താഴെ ചലനം നഷ്ടമായ സ്ഥിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇത് പൂര്‍വ്വ സ്ഥിതിയാലാക്കാന്‍ ഏകദേശം 6 മാസമെങ്കിലും ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.

ബഹ്‌റൈനിലെ മൈത്രി സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് ഏഴംകുളം അഫ്‌സലിന്റെ മാതാവ് സാറാ ബീവിയെ സന്ദര്‍ശിച്ചപ്പോള്‍

അതോടൊപ്പം തുടര്‍ചികിത്സക്കായി അഫ്‌സലിനെ നാട്ടിലേക്ക് കൊണ്ടുപോകാനും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാനും ഭാരിച്ച തുക വേണ്ടി വരുമെന്നതും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അഫ്‌സലിന്റെ ഈ ദുരവസ്ഥ സുപ്രഭാതത്തിനു പുറമെ ബഹ്‌റൈനിലെ മറ്റു മലയാള പത്രങ്ങളും റിപ്പോര്‍ട്ടു ചെയ്തു. വാര്‍ത്ത പ്രസിദ്ധീകരിച്ച സുപ്രഭാതമുള്‍പ്പെടെയുള്ളവയുടെ ഓണ്‍ലൈന്‍ വാര്‍ത്താ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ബഹ്‌റൈനിലെ സുമനസ്സുകളായ നിരവധി പ്രവാസി മലയാളികളും സംഘടനകളും അഫ്‌സലിന് സഹായഹസ്തവുമായി രംഗത്തെത്തിയത്.

ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും അംഗമായ Bahrain India SocialForum, ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നീ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് പ്രധാനമായും അഫ്‌സല്‍ സഹായ ഫണ്ട് സ്വരൂപണം ആരംഭിച്ചിരിക്കുന്നത്. അഫ്‌സലിന്റെ സുഹൃത്തുക്കളും ഫണ്ട് സ്വരൂപിക്കാന്‍ രംഗത്തുണ്ട്.

അതേസമയം അഫ്‌സലിനുള്ള ചികിത്സ സല്‍മാനിയയില്‍ ആരംഭിച്ചിട്ടുണ്ട്. ചികിത്സക്കിടെ ആരോഗ്യ പുരോഗതി ഉണ്ടായാല്‍ വീല്‍ച്ചെയറില്‍ ഇരുത്തി വിമാനയാത്ര നടത്താമെന്ന ഡോക്ടറുടെ മറുപടി കണക്കിലെടുത്ത് സാമൂഹ്യ പ്രവര്‍ത്തകനായ ഫ്രാന്‍സിസ് കൈതാരത്ത് അഫ്‌സലിനായി ഒരു വീല്‍ച്ചെയര്‍ സംഭാവന നല്‍കിയിട്ടുണ്ട്.

അതിനിടെ ദക്ഷിണ കേരളത്തില്‍ നിന്നുള്ള ബഹ്‌റൈന്‍ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് ഏഴംകുളം നാട്ടില്‍ അഫ്‌സലിന്റെ വീട്ടുകാരെ സന്ദര്‍ശിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അഫ്‌സലിന്റെ വീട്

 

കൊല്ലം ജില്ലയിലെ നിലമേല്‍ എന്ന സ്ഥലത്തുള്ള ഒരു വാടക വീട്ടിലാണ് അഫ്‌സലിന്റെ കുടുംബം കഴിയുന്നത്. പരിതാപകരമാണ് അഫ്‌സലിന്റെ വാടക വീടിന്റെ സ്ഥിതി. ഉമ്മ സാറാ ബീവി തൊഴിലുറപ്പ് തൊഴിലാളിയാണ്. കടുത്ത സാമ്പത്തിക ബാധ്യതയുള്ള കുടുംബത്തിന്റെ ഏക അത്താണിയാണ് അഫ്‌സല്‍.

ഈ ദുരിത ജീവിതത്തിന് ഒരറുതി ആഗ്രഹിച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അഫ്‌സല്‍ ബഹ്‌റൈനില്‍ എത്തിയത്. മൊബൈല്‍ ഷോപ്പില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. അഫ്‌സലിന്റെ അടിയന്തിര ചികിത്സാ സഹായങ്ങള്‍ക്കായി പ്രവാസികള്‍ അകമഴിഞ്ഞ് സഹായിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകരും കൂട്ടുകാരും അഭ്യര്‍ത്ഥിച്ചു.

സഹായത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: അസ്‌കര്‍ പൂഴിത്തല: 33640954, നവാസ്: 34374787, ബൈജു 32087738.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.