2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Editorial

പിന്നാക്ക ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഗൗരവപൂര്‍വം ഇടപെടണം


പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ അടിസ്ഥാന വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഗൗരവപൂര്‍വം ഇടപെടണമെന്നു രാഹുല്‍ഗാന്ധിക്കു മൈനോറിറ്റീസ് ഇന്ത്യന്‍ പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് നേതാക്കള്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സച്ചാര്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുക, പട്ടികജാതി-വര്‍ഗക്കാര്‍ക്കൊപ്പം പ്രാതിനിധ്യമെത്തുംവരെ മുസ്‌ലിം സംവരണം തുടരുക, ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കു നിയമനിര്‍മാണം നടത്തുക, മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം അനുവദിക്കുക, കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണു നിവേദനത്തിലുള്ളത്.
കാലികപ്രസക്തിയുള്ളതാണു നിവേദനത്തിലെ ആവശ്യങ്ങള്‍. ബി.ജെ.പി ഭരണത്തില്‍ മുസ്‌ലിംകളുടെ അഭിമാനപൂര്‍വമായ നിലനില്‍പ്പുപോലും അപകടാവസ്ഥയിലായ സന്ദര്‍ഭത്തില്‍ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന കോണ്‍ഗ്രസ് ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും മുസ്‌ലിംകള്‍ അരക്ഷിതാവസ്ഥയിലാണു കഴിഞ്ഞത്. വംശീയവിദ്വേഷം ഇത്രമേല്‍ പടര്‍ന്ന കാലമുണ്ടായിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യംവച്ചാണു പത്തു ശതമാനം മുന്നാക്ക സംവരണം ബി.ജെ.പി നടപ്പാക്കിയത്. ഭരണഘടനാ വിരുദ്ധമായ ഈ ബില്‍ ഇരുസഭകളിലും പാസായതു ദൗര്‍ഭാഗ്യകരമാണ്. വിവിധ വിഭാഗങ്ങള്‍ക്കായി അമ്പതു ശതമാനത്തോളം സാമൂഹികസംവരണം നിലനില്‍ക്കുന്നുണ്ടെങ്കിലും മുസ്‌ലിംകളുടെ കാര്യത്തില്‍ ദലിത് വിഭാഗത്തിനൊപ്പംപോലും സംവരണം ലഭ്യമായിട്ടില്ല.
സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനാണു ഭരണഘടനയില്‍ സാമൂഹികസംവരണം ഏര്‍പ്പെടുത്തിയത്. സാമ്പത്തികസംവരണം നടപ്പാക്കിയതോടെ പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങള്‍ വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ സര്‍വിസിലും കൂടുതല്‍ പിന്തള്ളപ്പെടുന്ന അവസ്ഥയാണ്.
ഇതേനയം തന്നെയാണു കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരും തുടരുന്നത്. ദലിത്, പിന്നാക്ക, ന്യൂനപക്ഷ ക്ഷേമമെന്നു സി.പി.എം പറയില്ല. വര്‍ഗപരമായാണ് അവര്‍ ഇത്തരം തീവ്രമായ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത്. മുസ്‌ലിംകളടക്കമുള്ള പിന്നാക്കവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ ദേശീയ രാഷ്ട്രീയപ്രശ്‌നമായി ഉള്‍കൊള്ളാന്‍ വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളും തയ്യാറല്ല.

കോണ്‍ഗ്രസ് ആ പക്ഷത്തും നിലപാടിലും നില്‍ക്കരുതെന്നാണ് മൈനോറിറ്റീസ് ഇന്ത്യന്‍ പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് നല്‍കിയ നിവേദനത്തിന്റെ രത്‌നച്ചുരുക്കം. ഇന്ത്യയുടെ ചരിത്രത്തോളം സുദീര്‍ഘമായ മഹത്തായ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയപ്രസ്ഥാനമാണത്. ദേശീയ സ്വാതന്ത്ര്യസമര രംഗത്തു നേതൃസ്ഥാനംവഹിച്ച ഏക രാഷ്ട്രീയപ്പാര്‍ട്ടിയാണത്. മതേതര ജനാധിപത്യമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ആ പാര്‍ട്ടി ദീര്‍ഘകാലം ഭരണമേധാവിത്വം വഹിച്ചിട്ടുണ്ട്. ഇതിനു കഴിഞ്ഞതു വിഭിന്ന വര്‍ഗക്കാരെയും മത,സാമുദായിക വിഭാഗക്കാരെയും ഒരുപോലെ പാര്‍ട്ടിക്കു പിന്നില്‍ അണിനിരത്താന്‍ കഴിഞ്ഞതുകൊണ്ടാണ്. ആ ദൗത്യത്തിന്റെ തുടര്‍ച്ചയാണു കോണ്‍ഗ്രസിനോട് ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളടക്കമുള്ള ദലിത്,പിന്നാക്ക,ആദിവാസി സമൂഹം ആവശ്യപ്പെടുന്നത്.
ന്യൂനപക്ഷ ദലിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിച്ച് അവ ഭരണഘടനയിലൂടെ വ്യവസ്ഥാപിതമാക്കിയെന്നതാണ് കോണ്‍ഗ്രസ് ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളോടു ചെയ്ത നന്മ. ഭരണഘടനയില്‍ ഈ അവകാശങ്ങളുള്ളതിനാലാണ് അവകാശങ്ങള്‍ ഹനിച്ചിട്ടും കൂടുതല്‍ പിന്തള്ളപ്പെട്ടുപോയിട്ടും ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ ഹിംസാത്മക മാര്‍ഗങ്ങളിലേയ്ക്കു വ്യതിചലിക്കാത്തത്. വര്‍ഗപരമായ കാഴ്ചപ്പാടുകളിലൂടെ മാത്രം ദലിത്,പിന്നാക്ക പ്രശ്‌നങ്ങളെ കാണുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കാര്യമായൊന്നും ചെയ്യാനാവില്ല.പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ അവശതകള്‍ കണ്ടെത്താനും പരിഹാരം നിര്‍ദേശിക്കാനും കമ്മിഷനെ നിയോഗിക്കണമെന്നു ഭരണഘടനയുടെ 340-ാം വകുപ്പില്‍ പറയുന്നുണ്ട്. ഇതുപ്രകാരമാണ് 1953 ല്‍ കാകാ സാഹേബ് കാലേക്കര്‍ ചെയര്‍മാനായി ഒന്നാം പിന്നാക്ക വര്‍ഗ കമ്മിഷന്‍ രൂപീകരിച്ചത്. 1955ല്‍ കമ്മിഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

ബി.പി മണ്ഡല്‍ ചെയര്‍മാനായി രണ്ടാം പിന്നാക്ക വര്‍ഗ കമ്മിഷന്‍ 1978 ഡിസംബര്‍ 20 നു നിലവില്‍വന്നു. ഈ സമിതിയുടെ ശുപാര്‍ശകളും നടപ്പാക്കിയില്ല. ഇതില്‍ പ്രതിഷേധിച്ചു 1984ല്‍ കന്‍ഷിറാമിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിയപ്പോഴാണു 1990 ല്‍ അന്നത്തെ പ്രധാനമന്ത്രി വി.പി സിങ് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഭാഗികമായി നടപ്പാക്കാന്‍ തുനിഞ്ഞത്. ഇതു പരാജയപ്പെടുത്താന്‍ കൂടിയാണ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ രാമജന്മഭൂമി രഥയാത്ര നടത്തി രാജ്യത്തു വര്‍ഗീയ കലാപം സൃഷ്ടിച്ചത്. അന്നു ബി.ജെ.പിക്കൊപ്പം സംവരണ വിരുദ്ധവാദമുന്നയിച്ചു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രംഗത്തു വന്നിരുന്നുവെന്നോര്‍ക്കണം.ചരിത്രവും വര്‍ത്താമനകാലവും ദേശീയാടിസ്ഥാനത്തില്‍ ന്യൂനപക്ഷ, പിന്നാക്ക, ദലിത് രാഷ്ട്രീയൈക്യം അനിവാര്യമാക്കുന്നുണ്ട്. ഇവരുടെ താല്‍പ്പര്യങ്ങള്‍ ഭൂരിപക്ഷ ഹൈന്ദവ ദേശീയതയുടെപേരില്‍ ഹനിക്കപ്പെടുകയാണ്. ദേശീയതയെന്നതു ഫാസിസ്റ്റുകളുടെ സൃഷ്ടിയാണ്. അതിനു ചരിത്രവുമായി ബന്ധമില്ല. ദുര്‍ബലരായ ജനസമൂഹത്തെ പാര്‍ശ്വവല്‍ക്കരിക്കാന്‍ ഭൂരിപക്ഷസമുദായം മെനഞ്ഞെടുത്ത കുതന്ത്രം മാത്രമാണത്. മുസ്‌ലിംകളെ പശുക്കളുടെ പേരില്‍ തല്ലിക്കൊന്നതും മുസ്‌ലിം വിദ്യാര്‍ഥികളെ തീവ്രവാദികളായി ചിത്രീകരിച്ചു ജയിലിലടച്ചതും അവരെ വെടിവച്ചു കൊന്നതും ഈ അപരവല്‍ക്കരണത്തിന്റെ ഭാഗമായാണ്. ഇന്ത്യന്‍ മുസ്‌ലിംകളെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ രജീന്ദര്‍ സച്ചാര്‍ സമിതിയെ 2005 ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്താണു നിയോഗിച്ചത്. തൊഴില്‍, വിദ്യാഭ്യാസ, താമസം എന്നീ രംഗങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അവസര സമത്വം ഉറപ്പു വരുത്തണമെന്ന ശുപാര്‍ശ സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ചെങ്കിലും നടപ്പായില്ല. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ഇന്ത്യയിലെ മുസ്‌ലിം, ദലിത്, പിന്നാക്ക, ആദിവാസി സമൂഹം രാഹുല്‍ ഗാന്ധിയെ പ്രതീക്ഷയോടെ കാണുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.