2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അനീതിക്ക് മുകളിലെ വട്ടമേശ ചര്‍ച്ച

കെ.എ സലിം

2008 ഡിസംബറിലോ മറ്റോ ആണ്, വിശ്വഹിന്ദു പരിഷത്തിന്റെ തീവ്രനേതാവ് ഗിരിരാജ് കിഷോറിനെ ആദ്യമായി നേരിട്ടു കണ്ടത്. നോര്‍ത്ത് അവന്യുവിലെ വി.എച്ച്.പി ഓഫിസിലെ ഫ്രണ്ട് ലോണിലിരുന്നാണു സംസാരിച്ചത്. അയോധ്യവിഷയത്തെക്കുറിച്ചുള്ള അഭിമുഖമായിരുന്നു.
എന്റെ ചോദ്യത്തിനിടയില്‍ ബാബരി മസ്ജിദ് എന്ന് ആവര്‍ത്തിച്ചു കേട്ടപ്പോള്‍ വീല്‍ച്ചെയറിലിരുന്നിരുന്ന കിഷോറിന്റെ കണ്ണുകളില്‍ തീപാറി.
”ബാബരി മസ്ജിദോ, അങ്ങനെയൊന്നില്ല. ഉണ്ടെങ്കില്‍ അതെവിടെയെന്നു കാണിച്ചുതരൂ.”, അയാള്‍ രോഷത്തോടെ അലറി.
പിന്നെ ഗിരിരാജ് കിഷോറിന്റെ ഭാഗത്തുനിന്നായി ചോദ്യം. ”എന്താണ് നിന്റെ പേര്.” അയാള്‍ക്ക് അറിയേണ്ടത് അതായിരുന്നു.

ഗിരിരാജ് കിഷോര്‍ ഇന്നില്ല, എങ്കിലും ഹിന്ദുത്വഫാസിസത്തിന്റെ ആസുരത ഇന്നും ഒട്ടും കുറഞ്ഞിട്ടില്ല. ആ ആസുരതയുടെ നടുവിലേയ്ക്കാണു സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള മധ്യസ്ഥശ്രമം വരുന്നത്.
ബാബരി മസ്ജിദ് വിഷയത്തില്‍ 1949 മുതല്‍ നേരിട്ട അനീതികളുടെ ഓര്‍മകളുടെ ക്ഷയകാലത്തു നിന്നാണു മുസ്‌ലിംകള്‍ ചര്‍ച്ചയെ സ്വീകരിക്കുന്നതെന്നതാണു വസ്തുത. 1949 ഡിസംബര്‍ 22, 23 രാത്രിയില്‍ പള്ളിക്കുള്ളില്‍ രഹസ്യമായി വിഗ്രഹം സ്ഥാപിച്ചതു മുതല്‍ 2010ലെ അലഹബാദ് ഹൈക്കോടതിയുടെ മധ്യസ്ഥവിധി വരെ നീളുന്ന അനീതിയായിരുന്നു അത്.
ചരിത്രത്തിലെ അനീതിയെ നിയമവിധേയമാക്കാനുള്ള കൗശലങ്ങളുമായാണു ഹിന്ദുത്വസംഘടനകള്‍ മേശയ്ക്കപ്പുറത്തിരിക്കാന്‍ പോകുന്നതെന്ന ബോധ്യം മുസ്‌ലിം കക്ഷികള്‍ക്കുണ്ട്. എങ്കിലും ചര്‍ച്ചയുടെ തുറന്ന വാതിലില്‍ പുറംതിരിഞ്ഞു നില്‍ക്കേണ്ടതില്ലെന്നാണ് അവര്‍ കരുതുന്നത്.
മധ്യസ്ഥ ചര്‍ച്ചകള്‍ക്കു രാജ്യത്തെ ജനാധിപത്യത്തിന്റെ വിശുദ്ധിക്കുമേല്‍ അടിഞ്ഞുകൂടിയ അനീതിയുടെ കറകളെ മായ്ച്ചു കളയാനാവുമോയെന്നതാണു പ്രധാന ചോദ്യം. ബാബരി സംഭവത്തില്‍ ഇരകളെന്ന നിലയില്‍ മുസ്‌ലിംകള്‍ക്കു നീതിലഭിക്കുമോയെന്ന ആശങ്ക ഇപ്പോള്‍ മതേതരസമൂഹം പോലും ഉയര്‍ത്തുന്നില്ല. എല്ലാം തട്ടിയെടുക്കുകയായിരുന്നുവെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്.
ഒന്നും ബാക്കിവയ്ക്കാതെ തകര്‍ത്തുകളഞ്ഞ ശേഷമാണു കിഷോറുമാര്‍ ചോദിക്കുന്നത്, ”എവിടെ ബാബരി മസ്ജിദ്, ഉണ്ടെങ്കില്‍ കാണിച്ചുതരൂ.”

ഹിന്ദുത്വത്തിന്റെ ചരിത്രത്തിന്റെയോ തെളിവുകളുടെയോ പിന്‍ബലമില്ലാത്ത വാദങ്ങളോടു പ്രശ്‌നപരിഹാരമെന്ന ഒറ്റച്ചരടില്‍ പൊതുസമൂഹവും പൊരുത്തപ്പെട്ടിട്ടുണ്ട്. അവിടെ ബാബരി മസ്ജിദ് ഇന്നില്ലെന്നതുയാഥാര്‍ഥ്യമാണ്. അവസാനമായി നമ്മള്‍ കണ്ടത് ഒരു ഇഷ്ടികക്കൂമ്പാരവും അതിനുള്ളിലെ രാമവിഗ്രഹവുമാണ്. 27 വര്‍ഷം കൊണ്ട് എന്തെല്ലാം മാറ്റങ്ങളുണ്ടായെന്നു നമുക്കറിയില്ല.
മുസ്‌ലിംകള്‍ക്ക് അവിടേക്കു പ്രവേശനമില്ല. ഹിന്ദുത്വസംഘടനകളും അവര്‍ക്കു താല്‍പര്യമുള്ളവരുമല്ലാതെ അതു കണ്ടിട്ടില്ല. അതോടൊപ്പം രാമക്ഷേത്രം അവിടെയുണ്ട്. പൂജയും മറ്റു ചടങ്ങുകളും തടസ്സമില്ലാതെ നടക്കുന്നുണ്ട്.
ഇനിയുമെന്തിനാണു മുറവിളിയെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. നിയമവിരുദ്ധമായി കൈയടക്കിയതു നിയമവിധേയമാക്കണം. മറ്റൊന്ന്, ബാബരി മസ്ജിദ് തകര്‍ത്തതിന് അദ്വാനി, ഉമാഭാരതി തുടങ്ങിയവര്‍ക്കെതിരേയുള്ള കേസാണ്. ബാബരി ഭൂമി കൈയടക്കുന്നതോടെ ആ കേസും മറികടക്കാനാവുമെന്നാണു ഹിന്ദുത്വസംഘടനകള്‍ കരുതുന്നത്.
ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ ക്ഷേത്രം എപ്പോള്‍ പണിയുമെന്ന വിഷയത്തില്‍ ഒതുക്കണമെന്നാണു മധ്യസ്ഥചര്‍ച്ചകളില്‍ ഹിന്ദുത്വനിലപാട്. 2010ലെ അലഹബാദ് ഹൈക്കോടതി വിധി ഒരു മധ്യസ്ഥവിധിയായിരുന്നു എന്നോര്‍ക്കണം. അന്യായമായി കൈവശപ്പെടുത്തിയ ഭൂമി മൂന്നില്‍ രണ്ടായി പകുത്തുനല്‍കാമെന്ന വിധിയെപ്പോലും ഹിന്ദുത്വസംഘടനകള്‍ അംഗീകരിച്ചിട്ടില്ല. സുപ്രിംകോടതിയിലും ഏതു ചര്‍ച്ചയായാലും വിട്ടുവീഴ്ചയുണ്ടാകില്ലെന്ന നിലപാടാണു ഹിന്ദുത്വസംഘടനകള്‍ സ്വീകരിച്ചിരുന്നതെന്നും മറക്കരുത്.

മധ്യസ്ഥരുടെ പരിഗണനയ്ക്കു വിട്ടപ്പോള്‍ സുപ്രിംകോടതി ചൂണ്ടിക്കാട്ടിയ രണ്ടുകാര്യങ്ങള്‍ പ്രധാനമാണ്. പ്രശ്‌നപരിഹാരത്തിന് ഒരു ശതമാനം സാധ്യതയെങ്കിലുമുണ്ടെങ്കില്‍ ചര്‍ച്ച വേണം. വിഷയത്തെ ഇനി മുതല്‍ വെറുമൊരു ഭൂമി തര്‍ക്കമായി കാണില്ല, ഇതിനു പിന്നില്‍ വൈകാരികമായ പല ഘടകങ്ങളുമുണ്ട്.
ഈ കേസിനെ വിശ്വാസത്തിന്റെ പ്രശ്‌നമായി കോടതിയില്‍ അവതരിപ്പിച്ചത് ആര്‍.എസ്.എസും വിശ്വഹിന്ദുപരിഷത്തും ബി.ജെ.പിയും ചേര്‍ന്നാണ്. അങ്ങനെ വന്നാല്‍ അവിടെ ചരിത്രത്തെക്കുറിച്ചും തെളിവുകളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കു പ്രസക്തിയുണ്ടാകില്ലെന്ന് അവര്‍ക്കറിയാം. ബാബരി മസ്ജിദ് തകര്‍ക്കുകയെന്ന ക്രിമിനല്‍ക്കുറ്റത്തിനു നീതീകരണമാവുകയും ചെയ്യും.
തിണ്ണബലത്തില്‍ പിടിച്ചെടുക്കുകയാണെന്ന ബോധ്യമുണ്ടായിട്ടും പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനെ മുസ്‌ലിംകക്ഷികള്‍ ഒരുകാലത്തും എതിര്‍ത്തിരുന്നില്ല. കേസിലെ ആദ്യകാല ഹരജിക്കാരായ നിര്‍മോഹി അഖാഡയും ചര്‍ച്ചയ്ക്ക് എതിരായിരുന്നില്ല. വിശ്വഹിന്ദുപരിഷത്തിനായിരുന്നു പ്രശ്‌നം.
2010 ആഗസ്ത് 3ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ വിശ്വഹിന്ദുപരിഷത്ത് മാത്രമായിരുന്നു എതിര്‍പ്പുന്നയിച്ചത്. ചര്‍ച്ച നടത്തുന്നതിന് കേസിലെ എല്ലാ അഭിഭാഷകരെയും ജഡ്ജിമാര്‍ ചേംബറിലേയ്ക്കു വിളിപ്പിച്ചു. ഒത്തുതീര്‍പ്പില്ലെന്ന പിടിവാശിയിലായിരുന്നു വിശ്വഹിന്ദുപരിഷത്ത്.

ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനു മുമ്പ്, ചന്ദ്രശേഖറും പി.വി നരസിംഹ റാവുവും പ്രധാനമന്ത്രിമാരായിരുന്ന കാലങ്ങളില്‍ വിശ്വഹിന്ദുപരിഷത്തുമായും ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡുമായും ചര്‍ച്ച നടത്തിയിരുന്നു. ഫലമുണ്ടായില്ലെന്നു മാത്രമല്ല, 1992 ഡിസംബര്‍ ആറിന് വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ബാബരിമസ്ജിദ് തകര്‍ക്കുകയും ചെയ്തു.
2017 ല്‍ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാറാണ് ഇതു മുമ്പ് അവസാനമായി കേസ് മധ്യസ്ഥതയിലൂടെ പരിഹിക്കണമെന്ന അഭിപ്രായമുന്നയിച്ചത്. പിന്നീടതിനുള്ള ശ്രമമുണ്ടായില്ല. കേസ് വേഗത്തില്‍ തീര്‍പ്പുണ്ടാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച സുബ്രഹ്മണ്യം സ്വാമിയോട് മധ്യസ്ഥതയ്ക്കു മുന്‍കൈയെടുക്കണമെന്നു കോടതി നിര്‍ദേശിച്ചു.
മധ്യസ്ഥത്തിനു മുസ്‌ലിംകള്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു സ്വാമിയുടെ മറുപടി. താന്‍ ഈ കേസില്‍ കക്ഷിയല്ലെന്ന യാഥാര്‍ഥ്യവും സ്വാമി മറച്ചുവച്ചു. ഇതറിഞ്ഞ കോടതി സ്വാമിയെ ഒഴിവാക്കുകയും തുടര്‍നടപടികളൊന്നും കൈക്കൊള്ളാതിരിക്കുകയും ചെയ്യുകയായിരുന്നു. മധ്യസ്ഥത അന്തിമവിധിപോലെ തോറ്റുവെന്ന വികാരമുണ്ടാക്കില്ല. അതുകൊണ്ടാണ്, പോരായ്മകളുണ്ടെങ്കിലും എല്ലാവരും അതിനെ ശുഭാപ്തിവിശ്വാസത്തോടെ നോക്കിക്കാണുന്നത്.
ഒരു വശത്ത് കോടതി മധ്യസ്ഥശ്രമം നടത്തുമ്പോള്‍ മറുവശത്ത് മോദി സര്‍ക്കാര്‍ എന്താണു ചെയ്യുന്നതെന്നുകൂടി കാണേണ്ടതാണ്. 2003 മാര്‍ച്ച് 31നു സുപ്രിംകോടതി തീര്‍പ്പാക്കിയ അസ്‌ലംബാറു കേസില്‍ 2019 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ഹരജിയുമായെത്തി. ബാബരി ഭൂമിയുടെ അടുത്തുള്ള തര്‍ക്കമില്ലാത്ത 67 ഏക്കര്‍ ഭൂമി അതിന്റെ യഥാര്‍ഥ ഉടമസ്ഥര്‍ക്ക് കൈമാറാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

കോടതി അംഗീകരിച്ചാല്‍ ഭൂമിയുടെ വലിയൊരു വിഹിതം ലഭിക്കാന്‍ പോകുന്നതു രാമജന്മഭൂമി ന്യാസിനാണ്. സര്‍ക്കാരിന്റെ വാദത്തില്‍ അവര്‍ മാത്രമാണ് യഥാര്‍ഥ അവകാശികള്‍. ബാബരി മസ്ജിദ് കേസിലെ മുസ്‌ലിംപക്ഷത്തെ ആദ്യകക്ഷിയാണ് അസ്‌ലംബാറു. ഹരജിയില്‍ മറ്റൊരു ചതി കൂടി ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. അതില്‍ തര്‍ക്കപ്രദേശമായി കാണിച്ചിരിക്കുന്നത് 0.313 ഏക്കര്‍ ഭൂമി മാത്രമാണ്.
1961ല്‍ മുസ്‌ലിംകള്‍ ഫയല്‍ ചെയ്ത സിവില്‍ സൂട്ടില്‍ തര്‍ക്കഭൂമി അഞ്ചേക്കര്‍വരെയാണെന്നു വ്യക്തമായി പറയുന്നുണ്ട്. പള്ളിയും അതിനോടു ചേര്‍ന്നുള്ള മുസ്‌ലിംശ്മശാനവും ചേര്‍ന്നതാണത്. 0.313 ഏക്കര്‍ പള്ളിയുടെ കെട്ടിടവും പുറത്തുള്ള പൂന്തോട്ടവും നില്‍ക്കുന്ന ഭാഗം മാത്രമാണ്. പള്ളിനില്‍ക്കുന്ന സ്ഥലത്തെ മാത്രം തര്‍ക്കഭൂമിയായി കാട്ടുകയും ബാക്കിയുള്ള ഭൂമി തങ്ങള്‍ക്കു താല്‍പര്യമുള്ളവര്‍ക്കു നല്‍കുകയുമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മാത്രമല്ല ഈ ഭൂമി തര്‍ക്കമില്ലാത്തതാണെന്ന തെറ്റായ വാദവും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. 1996ല്‍ ഈ ഭൂമി ഏറ്റെടുത്തതിനു നഷ്ടപരിഹാരം നല്‍കണമെന്ന ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. ഈ സങ്കീര്‍ണതകള്‍ക്കിടയിലാണു സുപ്രിംകോടതി പ്രശ്‌നത്തിന് ഒരു തീര്‍പ്പുണ്ടാക്കാന്‍ നോക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.