2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

സാക്ഷികളില്‍ പലരും മരിച്ചു, പലര്‍ക്കും ഓര്‍മശക്തി നഷ്ടപ്പെട്ടു; ബാബരി മസ്ജിദ് തകര്‍ത്ത കേസ് ‘അതിവേഗ’ കോടതിയില്‍ ഇഴഞ്ഞില്ലാതാവുന്നു

കെ.എ സലിം

ന്യൂഡല്‍ഹി: 27 കൊല്ലം പഴക്കമുള്ള അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസ് ലഖ്‌നോയിലെ അതിവേഗ കോടതിയില്‍ ഇഴഞ്ഞില്ലാതാവുന്നു. കേസിലെ സാക്ഷികളില്‍ പലരും മരിച്ചു പോവുകയും പ്രായാധിക്യം മൂലം മറ്റുള്ളവര്‍ക്ക് ഓര്‍മശക്തി നഷ്ടപ്പെടുകയും ചെയ്തതോടെ അതീവ ദുര്‍ബലാവസ്ഥയിലാണ് കേസ് ഇപ്പോഴുള്ളത്. എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി, കല്യാണ്‍ സിങ് തുടങ്ങിയ പ്രമുഖരാണ് കേസിലെ പ്രധാന പ്രതികള്‍. ആകെയുണ്ടായിരുന്ന 1026 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 134 പേര്‍ മരിച്ചതായി സ്ഥിരീകരിക്കുകയും മരണ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ സി.ബി.ഐ ഹാജരാക്കുകയും ചെയ്തു.

സാക്ഷികള്‍ എവിടെ?

ആകെയുള്ള 48 പ്രതികളില്‍ വിശ്വഹിന്ദ് പരിഷത്ത് നേതാക്കളായ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍ ഉള്‍പ്പടെ എട്ടു പേരും മരിച്ചു. 200 സാക്ഷികള്‍ മാത്രമാണ് ഇതിനകം മൊഴി നല്‍കിയത്. ബാക്കി സാക്ഷികളില്‍ പലരും എവിടെയാണെന്ന് പോലും സി.ബി.ഐയ്ക്ക് അറിയില്ല. വീട്ടുവിലാസമെല്ലാം മാറിപ്പോയിട്ടുണ്ട്. 40 സാക്ഷികള്‍ പ്രായാധിക്യം കാരണം കോടതിയില്‍ ഹാജരാകാന്‍ പോലും കഴിയാത്തവരാണ്. നോട്ടീസയച്ചിട്ടും ഹാജരാകാത്ത സാക്ഷികള്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിക്കേണ്ടതുണ്ടായിട്ടും സി.ബി.ഐ ഇതുവരെ അതിനായി അപേക്ഷ നല്‍കിയിട്ടില്ല. സാക്ഷികള്‍ സ്വാധീനിക്കപ്പെടുന്നത് തടയാനോ അവരെ ബ്രീഫ് ചെയ്യാനോ സംവിധാനമില്ല.

 

വീഡിയോ തെളിവുകള്‍ ഫോറന്‍സിക് പരിശോധന നടത്തിയില്ല

സാക്ഷികളില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരാണ്. കേന്ദ്രത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെ മൊഴി നല്‍കുന്നത് തൊഴിലിനെ ബാധിക്കുമെന്നതിനാല്‍ അവരില്‍ പലരും പിന്‍മാറിയിട്ടുണ്ട്. 27 കൊല്ലം മുമ്പ് നടന്ന കാര്യങ്ങള്‍ അതേ പടി ഓര്‍ത്തെടുത്ത് പറയാന്‍ കഴിയില്ലെന്നും ചില മാധ്യമപ്രവര്‍ത്തര്‍ ചൂണ്ടിക്കാട്ടുന്നു. വീഡിയോ തെളിവുകളാണ് കേസില്‍ സി.ബി.ഐയുടെ കൈവശമുള്ള പ്രധാനപ്പെട്ട രേഖ. ഇതെല്ലാം മാധ്യമങ്ങളില്‍ നിന്ന് സമ്പാദിച്ചതാണ്. എന്നാല്‍, ഒരു വീഡിയോ പോലും ഫോറന്‍സിക് പരിശോധന നടത്തിയിട്ടില്ല. അതിനാല്‍ പ്രതിഭാഗം എതിര്‍പ്പുന്നയിച്ചാല്‍ ടാപ്പുകള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ല. കോടതിയില്‍ ഹാജരാക്കിയ ആറു വീഡിയോ ടേപ്പുകള്‍ അതിന്റെ പഴക്കം മൂലം പ്രവര്‍ത്തിച്ചില്ല. പ്രവര്‍ത്തിച്ച ടാപ്പിലൊന്നില്‍ ആദ്യ സെക്കന്റില്‍ ബാബരി തകര്‍ക്കുന്ന ദൃശ്യമുണ്ടെങ്കിലും തൊട്ടുപിന്നാലെ വരുന്നത് മന്‍മോഹന്‍സിങ്ങുമായുള്ള അഭിമുഖമാണ്.

രണ്ടു കേസുകള്‍ ഒന്നാകാന്‍ തന്നെയെടുത്തു സമയം

1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ക്കുന്നത്. ബാബരി തകര്‍ത്തതിലെ ഗൂഡാലോചന സംബന്ധിച്ച് 198-ാം നമ്പറിലും തകര്‍ത്തതുമായി ബന്ധപ്പെട്ട് 197-ാം നമ്പറിലുമായി രണ്ടു കേസുകളായി രജിസ്റ്റര്‍ ചെയ്തു. ഒരേ കേസില്‍ രണ്ടു എഫ്.ഐ.ആര്‍ തന്നെ അസാധാരണമായിരുന്നു. രണ്ടു കേസുകളും ഒന്നാക്കാന്‍ തന്നെ 2017 വരെ കാത്തിരിക്കേണ്ടി വന്നു. അതിവേഗ കോടതിയാണ് കേസ് പരിഗണിച്ചതെങ്കിലും ഓരോ ഘട്ടത്തിലും കേസ് തീര്‍ക്കാനുള്ള കാലാവധി മേല്‍ക്കോടതി നീട്ടി നല്‍കി. നിലവിലുള്ള അന്തിമ തിയ്യതി 2020 ആണ്. സര്‍വ്വീസില്‍ നിന്ന് വിരമിച്ച് മറ്റു പലയിടങ്ങളിലും വിശ്രമജീവിതം നയിക്കുന്ന ഉദ്യോഗസ്ഥരാണ് സാക്ഷികളില്‍ പലരും. ഹാജരാകാന്‍ അവര്‍ക്ക് നിരവധി പ്രയാസങ്ങളുണ്ട്.

വിചാരണയും വൈകുന്നു

സാക്ഷികള്‍ ഹാജരാകുമ്പോള്‍ പ്രതിഭാഗം വക്കീല്‍ കോടതിയില്‍ ഹാജരാകില്ല. അടുത്ത അവധിക്ക് വയ്ക്കുമ്പോള്‍ സാക്ഷിക്ക് എത്താന്‍ കഴിയണം എന്നില്ല. കാലമേറെ കഴിഞ്ഞതിനാല്‍ രേഖകള്‍ തിരിച്ചറിയാന്‍ സാക്ഷികള്‍ക്ക് കഴിയുന്നില്ല. കൂടുതല്‍ സാക്ഷികളെ ഹാജരാക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു മാസം മുമ്പ് സി.ബി.ഐ കോടതിയില്‍ കത്തു നല്‍കി. ഇതില്‍ കേസിലെ 10ലധികം സുപ്രധാന സാക്ഷികളുമുണ്ട്. 1992ലെ കേസില്‍ 2017ലാണ് കുറ്റം ചുമത്തുന്നത്. അന്നാണ് അദ്വാനിയുള്‍പ്പെടെയുള്ള പ്രതികള്‍ ആദ്യമായും അവസാനമായും കോടതിയില്‍ ഹാജരായത്. അന്ന് വിചാരണാ നടപടികള്‍ നടന്നത് കോടതിയിലായിരുന്നില്ല. പകരം ലഖ്‌നോയിലെ കോളജിലെ കോണ്‍ഫറന്‍സ് റൂമില്‍ ഇതിനായി സൗകര്യമുണ്ടാക്കുകയായിരുന്നു.
തങ്ങളോടുള്ള രാഷ്ട്രീയ പ്രതികാരം തീര്‍ക്കാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവു കെട്ടിച്ചമച്ചതാണ് കേസെന്നായിരുന്നു പ്രതികളുടെ പ്രധാന വാദം. സുപ്രിംകോടതിയുടെ നിരീക്ഷണത്തിലാണ് കേസ് നടക്കുന്നതെങ്കിലും എല്ലാ ദിവസവും കേസില്‍ വിചാരണ നടക്കാറില്ല.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News