2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ കല്യാണ്‍ സിങ്ങിനെതിരെ സി.ബി.ഐ കോടതിയില്‍; നടപടി അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്ന് തൊട്ടുപിന്നാലെ

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും രാജസ്ഥാന്‍ മുന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ്ങിന് കുരുക്ക് മുറുക്കി സി.ബി.ഐ. കല്യാണ്‍ സിങ്ങിനെ ചോദ്യംചെയ്യുന്നതിന് വിളിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഇന്ന് കോടതിയെ സമീപിച്ചു. കേസില്‍ മറ്റന്നാള്‍ വാദം തുടങ്ങാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം.

1992 ല്‍ അയോധ്യയില്‍ തടിച്ചുകൂടിയ കര്‍സേവകര്‍ പള്ളി പൊളിക്കുമ്പോള്‍ ഉത്തര്‍പ്രേശ് മുഖ്യമന്ത്രി ആയിരുന്ന കല്യാണ്‍ സിങ്ങിന്റെ ഗവര്‍ണര്‍ പദവിയുടെ കാലാവധി കഴിഞ്ഞയാഴ്ച പൂര്‍ത്തിയായ സാഹചര്യത്തിലാണ് അദ്ദേഹത്തെ വിചാരണചെയ്യുന്നതിനുള്ള നടപടികള്‍ക്ക് സി.ബി.ഐ തുടക്കമിട്ടത്. ഉന്നത ഭരണഘടനാ ചുമതലയായ ഗവര്‍ണര്‍ പദവിയെന്ന പരിരക്ഷ ഇല്ലാതാവുന്നതോടെയാണ് അദ്ദേഹം ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ വിചാരണ നേരിടേണ്ടിവരുന്നത്.

കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ പ്രതികള്‍ക്കെതിരേ 2017 ഏപ്രിലില്‍ ഗൂഢാലോചനാകുറ്റം പുനസ്ഥാപിച്ചിരുന്നു. ഇവര്‍ക്കു പുറമെ സംഘ്പരിവാര നേതാക്കളായ വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, വിഷ്ണുഹരി ഡാല്‍മിയ, രാംവിലാസ് വേദാന്തി, സ്വാധി റിതംബര, മഹന്ദ് നൃത്യഹോപാല്‍ദാസ്, ചമ്പത്ത് റായി, സതീഷ് പ്രധാന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ശിവസേനാ നേതാവ് ബാല്‍ത്താക്കറെ, വി.എച്ച്.പി നേതാക്കളായ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍ എന്നിവര്‍ ഇതിനിടെ മരിക്കുകയും ചെയ്തു.

എന്നാല്‍, കല്യാണ്‍ സിങ് ഗവര്‍ണര്‍ ആയതിനാല്‍ അന്ന് അദ്ദേഹത്തെ സുപ്രിംകോടതി വിചാരണനേരിടുന്നതില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. എന്നാണോ ഗവര്‍ണര്‍ പദവിയുടെ കാലാവധി തീരുന്നത് അന്ന് കുറ്റംചുമത്തുമെന്നും സുപ്രിംകോടതി അറിയിച്ചിരുന്നു. ഗവര്‍ണറുടെ പദവി ഒഴിയുന്നതോടെ അദ്ദേഹം പ്രതിയായിരിക്കുമെന്നും കുറ്റംചുമത്തി വിചാരണനേരിടേണ്ടിവരുമെന്നും സുപ്രിംകോടതി സി.ബി.ഐയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പദവി ഇല്ലാതായതോടെ കല്യാണ്‍ സിങ്ങിനെ ചോദ്യംചെയ്യാനുള്ള നടപടി സി.ബി.ഐ തുടങ്ങിയത്. ഐ.പി.സി 120 ബി (ക്രിമിനല്‍ ഗൂഢാലോചന) പ്രകാരമുള്ള കുറ്റമാണ് കല്യാണ്‍ സിങ് നേരിടുന്നത്.

എല്ലാം അറിഞ്ഞിട്ടും അയോധ്യയില്‍ വിന്യസിക്കപ്പെട്ട കേന്ദ്രസേനയെ ഉപയോഗിക്കാന്‍ ഉത്തരവിട്ടില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ കല്യാണ്‍ സിങ്ങിനെതിരെയുള്ളത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തിയതിന് പിന്നാലെ കേസില്‍ ദിനംതോറും വിചാരണ നടത്താനും സുപ്രിംകോടതി ഉത്തര്‍പ്രദേശിലെ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേസ് അവസാനമായി ജൂലൈ 19നാണ് സുപ്രിംകോടതി പരിഗണിച്ചത്. അതിവേഗം വിചാരണ നടത്തി ഒന്‍പത് മാസം കൊണ്ട് കേസില്‍ വിധി പുറപ്പെടുവിക്കാന്‍ അന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കേസിന് നേതൃത്വം കൊടുക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഈ മാസം 30ന് വിരമിക്കാനിരിക്കുകയാണ്.

1992 ഡിസംബര്‍ ആറിനു പള്ളി പൊളിച്ചതു സംബന്ധിച്ചു രണ്ടുകേസുകളാണുള്ളത്. ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കാനായി ഒത്തുകൂടിയ ലക്ഷത്തിലേറെ വരുന്ന കര്‍സേവകര്‍ക്കെതിരെയാണ് ഒരുകേസ്. അദ്വാനിയും കല്യാണ്‍ സിങ്ങും അടക്കമുള്ള നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാകുറ്റമാണ് രണ്ടാമത്തെ കേസ്.

Babri Masjid case: CBI moves court to summon Kalyan Singh hours after he rejoins BJP


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.