2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ബാബരി മസ്ജിദ് ഭൂമി തര്‍ക്കം മധ്യസ്ഥ ശ്രമം തുടങ്ങി

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഫൈസാബാദില്‍ തുടക്കമായി. ഇതിന് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതി ഇന്നലെ ഫൈസാബാദില്‍ ആദ്യം യോഗം ചേര്‍ന്നു. ചര്‍ച്ചയുടെ ഭാഗമായി മധ്യസ്ഥസമിതിക്കുവേണ്ടി കേസിലെ 25 ഹരജിക്കാര്‍ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഫൈസാബാദ് ഭരണകൂടം നോട്ടീസയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 25 ഹരജിക്കാരും ഇന്നലെ മധ്യസ്ഥ സമിതി മുമ്പാകെ ഹാജരായി.

ഫൈസാബാദ് അവധി സര്‍വകലാശാല കാംപസിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കാംപസിലും പരിസരത്തും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഫൈസാബാദ് നഗരത്തിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യഘട്ടമെന്ന നിലയില്‍ മൂന്നു ദിവസത്തെ ചര്‍ച്ചയാണ് നടക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. സുപ്രിംകോടതി മുന്‍ ജഡ്ജി ഫക്കീര്‍ മുഹമ്മദ് ഖലീഫുല്ലയുടെ നേതൃത്വത്തിലുള്ളതാണ് മധ്യസ്ഥ സമിതി. ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍, ചെന്നൈയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാംപഞ്ചു എന്നിവരാണ് സമിതിയംഗങ്ങള്‍.

മധ്യസ്ഥതയുമായി ബന്ധപ്പെട്ട നടപടികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തുടങ്ങാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതുവരെയുള്ള തെളിവുകളും മറ്റുരേഖകളും വാക്കാലുളള മൊഴികളുടെ പരിഭാഷകളും പരിശോധിക്കുന്നത് എട്ടാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കണമെന്നാണ് സുപ്രിംകോടതി സമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

മധ്യസ്ഥ നടപടികള്‍ വിഡിയോ റെക്കോഡ് ചെയ്തിരിക്കണമെന്നും ചര്‍ച്ചയുടെ രഹസ്യസ്വഭാവം കൈവിടരുതെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പത്രങ്ങള്‍ക്കോ ദൃശ്യമാധ്യമങ്ങള്‍ക്കോ നല്‍കരുതെന്നും കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.