2019 November 11 Monday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

രാമന്റെ ജന്‍മസ്ഥലത്തെ പോലെ പ്രവാചകനും യേശുക്രിസ്തുവും ജനിച്ച സ്ഥലങ്ങളെ ചൊല്ലി ഏതെങ്കിലും കോടതിയില്‍ കേസുണ്ടോ? ബാബരി മസ്ജിദ് വാദത്തിനിടെ സുപ്രിംകോടതി

 

ന്യൂഡല്‍ഹി: പ്രവാചകനും യേശുക്രിസ്തുവും ജനിച്ച സ്ഥലങ്ങളെ ചൊല്ലി ഏതെങ്കിലും കോടതിയില്‍ കേസുണ്ടോയെന്ന് സുപ്രിംകോടതി. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള കേസില്‍ വാദം നടക്കുന്നതിനിടെയാണ് കോടതിയുടെ ഈ ചോദ്യം. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് എസ്.എ ബോബ്‌ഡെയാണ് ഇങ്ങനെ ചോദിച്ചത്. ഒരിടത്ത് രാമന്റെ വിഗ്രഹം പ്രത്യക്ഷപ്പെട്ടാല്‍ അത് ഹിന്ദുക്കളുടെ ആരാധനാ സ്ഥലമാണെന്ന് വാദത്തിനിടെ ഹിന്ദു പക്ഷമായ രാംലല്ലക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പരാശരന്‍ വാദിച്ചിരുന്നു. രാമന്‍ ജനിച്ചത് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താണെന്ന ലക്ഷക്കണക്കിന് പേരുടെ വിശ്വാസം തന്നെയാണ് രാമജന്‍മഭൂമി അവിടെയാണെന്നതിന് തെളിവ്. അവിടെ രാമക്ഷേത്രമുണ്ടായിരുന്നുവെന്നതിന് ചരിത്രപരമായ രേഖകളുണ്ടെന്നും വാല്‍മീകി രാമായണത്തില്‍ അക്കാര്യം പറയുന്നുണ്ടെന്നത് തെളിവാണെന്നും പരാശരന്‍ വാദിച്ചു.

മുതിര്‍ന്ന അഭിഭാഷകനായ കെ. പരാശരന്‍ ഭരണഘടനാ ബെഞ്ച് മുമ്പാകെ വിചിത്രമായ ഈ വാദം ഉന്നയിച്ചതോടെയാണ് ബോബ്‌ഡെ ഇങ്ങനെ ചോദിച്ചത്. രാമന്റെ ജന്‍മസ്ഥലത്തെച്ചൊല്ലി തര്‍ക്കം ഉള്ളത് പോലെ ഒരു പ്രവാചകന്റെയോ യേശുക്രിസ്തുവിന്റെയോ ജനനസ്ഥലത്തെ ചൊല്ലി ലോകത്തെ ഏതെങ്കിലും കോടതിയില്‍ കേസുള്ളതായി അറിയോ?- പരാശരനോട് ജഡ്ജി ചോദിച്ചു. ഇതോടെ, അറിയില്ലെന്നും പരിശോധിച്ച് പറയാമെന്നും പരാശരന്‍ കോടതിയോട് പറഞ്ഞു.

തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ ശ്രീരാമന്റെ ജന്മസ്ഥലമാണെന്നും അതില്‍ ഉടമസ്ഥാവകാശമുണ്ടെന്നുമുള്ള അവകാശം തെളിയിക്കാനും ഹിന്ദുസംഘടനകളോട് ഇന്നലെ കോടതി ആവശ്യപ്പെട്ടു. അഞ്ചംഗ ബെഞ്ച് ആവശ്യപ്പെട്ടത്. ഉടമസ്ഥത തെളിയിക്കുന്ന റവന്യൂ രേഖകള്‍, മറ്റെന്തെങ്കിലും രേഖകള്‍, വാക്കാലുള്ള തെളിവ് എന്നിവയെന്തെങ്കിലുമുണ്ടോയെന്ന് ബെഞ്ച് ആരാഞ്ഞു.

ഇതിനു മറുപടിയായി, രാമജന്മഭൂമി എന്നതുതന്നെ പ്രതിഷ്ഠയുടെ വ്യക്തിത്വമായും ഹിന്ദുക്കളുടെ ആരാധനവസ്തുവായും മാറിക്കഴിഞ്ഞെന്ന് പരാശരന്‍ പറഞ്ഞു. രാമന്‍ ജനിച്ച സ്ഥലത്തിന് നൂറ്റാണ്ടുകള്‍ക്കുശേഷം എങ്ങനെയാണ് തെളിവ് നല്‍കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.

അയോധ്യയില്‍ ബാബരി മസ്ജിദ് നില കൊണ്ടിരുന്ന 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള കേസില്‍ സുപ്രിംകോടതിയില്‍ ഇന്നും വാദം തുടരും.

Ayodhya hearing: Has question on birth of a prophet, Jesus come up in any court, asks SC


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.