2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Editorial

അയോധ്യയില്‍ അരങ്ങേറുന്ന ക്രൂരരാഷ്ട്രീയം


 

രാമക്ഷേത്രത്തിന്റെ പേരില്‍ അയോധ്യയില്‍ വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് സംഘ്പരിവാറും ശിവസേനയും. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തു രാമക്ഷേത്രം പണിയണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്തും ശിവസേനയും അയോധ്യയില്‍ സംഘടിപ്പിച്ച സമ്മേളനങ്ങള്‍ ആ പ്രദേശത്തു മാത്രമല്ല രാജ്യത്താകമാനം ഭീതി വിതച്ചിട്ടുണ്ട്. ആക്രമണം ഭയന്ന് അയോധ്യയില്‍നിന്നും പരിസര പ്രദേശങ്ങളില്‍നിന്നും കുറെ മുസ്‌ലിംകള്‍ ഒഴിഞ്ഞുപോയതായും റിപ്പോര്‍ട്ടുണ്ട്. തികച്ചും ആശങ്കാജനകമായ സാഹചര്യമാണ് രാജ്യത്ത് രൂപപ്പെട്ടുവരുന്നത്.
ഈ സമ്മേളനം അയോധ്യയില്‍ മാത്രമായി ഒതുങ്ങില്ലെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതേ ആവശ്യവുമായി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും വി.എച്ച്.പി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്താകമാനം രാമക്ഷേത്രത്തിന്റെ പേരില്‍ ഹിന്ദുത്വ വികാരം ജ്വലിപ്പിച്ചു നിര്‍ത്തുകയാണ് അവരുടെ ലക്ഷ്യമെന്നു വ്യക്തം. ജനുവരിയില്‍ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ ക്ഷേത്രനിര്‍മാണ തിയതി പ്രഖ്യാപിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുമ്പായി ഡിസംബര്‍ 11ന് ക്ഷേത്രനിര്‍മാണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും വി.എച്ച്.പി നേതാക്കള്‍ പറഞ്ഞിട്ടുണ്ട്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് അവിടെ ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി അവര്‍ കോലാഹലം സൃഷ്ടിക്കുന്നത്. കോടതിയുടെ തീര്‍പ്പുവരെ കാത്തിരിക്കാതെ ക്ഷേത്രം പണിയാന്‍ കാണിക്കുന്ന തിടുക്കത്തിനു കാരണം വളരെ വ്യക്തമാണ്. രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കടുത്ത ജനരോഷം നേരിടുന്ന സന്ദര്‍ഭം കൂടിയാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടരും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നടപടികള്‍ക്കെതിരായ വിധിയെഴുത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന സൂചനകള്‍ അടുത്ത കാലത്തു നടന്ന ചില ഉപതെരഞ്ഞെടുപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലും ബി.ജെ.പിക്കു കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. ഈ ജനരോഷത്തെ മറികടക്കാന്‍ സംഘ് പരിവാര്‍ കണ്ടെത്തിയ ഒരേയൊരു ആയുധമാണ് രാമക്ഷേത്രം.
ഒരു മതേതര ജനാധിപത്യ സമൂഹത്തിനു യോജിച്ചതോ ജനോപകാരപ്രദമോ ആയ നയപരിപാടികളൊന്നുമില്ലാത്ത ബി.ജെ.പി പതിറ്റാണ്ടുകളായി കൊണ്ടുനടക്കുന്ന രാഷ്ട്രീയായുധമാണ് അയോധ്യ വിഷയം. പല ഘട്ടങ്ങളിലായി ഇതിന്റെ പേരില്‍ വര്‍ഗീയ വികാരം ഇളക്കിവിട്ടും ബാബരി മസ്ജിദ് തകര്‍ത്തും അതിന് അനുബന്ധമായി രാജ്യത്തൊട്ടാകെ വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിച്ചുമൊക്കെയാണ് അവര്‍ അധികാരപ്പടവുകള്‍ ചവിട്ടിക്കയറി മുകളിലെത്തിയത്. ഇന്നും ഇതു തന്നെയാണ് അവരുടെ പ്രധാന രാഷ്ട്രീയ മുദ്രാവാക്യം. വീണ്ടുമൊരു തെരഞ്ഞെടുപ്പു വരുമ്പോള്‍ അവരത് എടുത്തു പ്രയോഗിക്കുന്നു എന്നു മാത്രം.
വോട്ടു ലക്ഷ്യത്തോടൊപ്പം തന്നെ സംഘ്പരിവാറിനുള്ളിലെ അധികാര വടംവലിയും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി വാര്‍ത്തയുണ്ട്. നരേന്ദ്രമോദി അധികാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇപ്പോള്‍ മോദിയെ ഒതുക്കി ദേശീയരാഷ്ട്രീയത്തിലേക്കു വളരാനുള്ള തീവ്രശ്രമത്തിലാണ്. അതിനുള്ള പോരാട്ടവേദി കൂടിയായി അയോധ്യ മാറുന്നുണ്ട്. ചില കാര്യങ്ങളില്‍ മോദിയുമായി അഭിപ്രായവ്യത്യാസമുള്ള ശിവസേന മോദിയെക്കാള്‍ വലിയ ഹിന്ദുത്വവാദികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തുന്നതായും സൂചനയുണ്ട്. അവരെല്ലാം മത്സരിക്കുന്നത് ഹിന്ദുത്വ വര്‍ഗീയതയുടെ കാര്യത്തിലാണ്. വര്‍ഗീയതയില്‍ മുന്നിലാണെന്നു തെളിയിക്കാന്‍ അവര്‍ ഓരോരുത്തരും വാക്കുകളില്‍ നിറയ്ക്കുന്ന വിഷത്തിന്റെ അളവു കൂട്ടുമ്പോള്‍ രാജ്യം നേരിടുന്നത് ഭീതിജനകമായ ഒരു സ്ഥിതിവിശേഷത്തെയാണ്.
കോടതിവിധിക്കു വേണ്ടി കാത്തിരിക്കാന്‍ സംഘ്പരിവാറിനോട് പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും അവരതു സ്വീകരിക്കുമെന്ന് ആരും കരുതേണ്ടതില്ല. കോടതിവിധികള്‍ക്കു പുല്ലുവില കല്‍പ്പിക്കാത്ത രാഷ്ട്രീയ ചരിത്രമുള്ള പ്രസ്ഥാനമാണത്. അയോധ്യയില്‍ കൂട്ടം കൂടരുതെന്ന കോടതി വിധി ലംഘിച്ച് അവിടെ ഒത്തുചേര്‍ന്നാണ് അവര്‍ ബാബരി മസ്ജിദ് തകര്‍ത്തത്. എല്ലാ നിയമവ്യവസ്ഥകളും ലംഘിച്ച് അവര്‍ ഉദ്ദേശിച്ചതൊക്കെ ചെയ്യുമെന്ന് ഉറപ്പാണ്. അതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യവും ഇപ്പോള്‍ രാജ്യത്തുണ്ട്. കേന്ദ്രവും യു.പിയും ഭരിക്കുന്നത് ബി.ജെ.പി തന്നെയാണ്. സംഘ്പരിവാര്‍ അക്രമികള്‍ക്ക് അതുകൊണ്ടു തന്നെ ഭരണകൂട സംരക്ഷണം കൂടി ലഭിക്കുമെന്ന് ഉറപ്പാണ്.
സംഘ്പരിവാര്‍ ഉദ്ദേശിച്ച രീതിയില്‍ ഈ തീക്കളി മുന്നോട്ടുപോകുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമായിരിക്കും. ഈ നീക്കം രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു വഴിവയ്ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന് ഇരകളാകുന്നവരിലധികവും നിരപരാധികളായിരിക്കും. രാജ്യത്തെ സമാധാനകാംക്ഷികള്‍ക്കു ചിന്തിക്കാന്‍ പോലുമാവാത്തതാണത്. അതിനു തടയിടേണ്ടതുണ്ട്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അതു തടയാന്‍ കാര്യമായ നീക്കങ്ങളുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ സംഘ്പരിവാറിന്റെ ക്രൂരമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരേ രാജ്യത്തെങ്ങുമുള്ള എല്ലാ മതേതര വിശ്വാസികളുടെയും ഐക്യനിര ഉയര്‍ന്നുവരേണ്ടതുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.