2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അയല്‍പക്കങ്ങളെ അകറ്റുന്ന വന്‍മതിലുകള്‍


വഴിമുടക്കിയും കല്യാണം മുടക്കിയും എങ്ങനെയെല്ലാം ഒരാളെ ഉപദ്രവിക്കാന്‍ കഴിയുമെന്നതാണ് പലരുടെയും മുഖ്യചിന്ത തന്നെ. തൊട്ടപ്പുറത്ത് നടക്കുന്ന കൊലപാതകങ്ങള്‍ വരെ പൊലീസ് വന്ന് ചോദിക്കുമ്പോഴാണ് പല അയല്‍വാസികളും അറിയുന്നത്. നാലു ഭാഗത്തും താമസിക്കുന്നതാരെന്ന് പോലും അറിയാത്ത അവസ്ഥ നമ്മുടെ ഗ്രാമങ്ങളില്‍ പോലും സംജാതമായിരിക്കുന്നു. നമ്മുടെ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകളെല്ലാം ഇക്കാര്യത്തില്‍ അല്‍പം ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണ്. അപരിചിതരാണെന്നതിനാല്‍ തന്നെ പരസ്പര സുരക്ഷയും ഭീഷണിയിലാണിന്ന്. തൊട്ടയല്‍പക്കത്തുള്ള ഫോണ്‍ നമ്പറുകള്‍ പോലും പലര്‍ക്കും അജ്ഞാതമാണ്.

എം.കെ കൊടശ്ശേരി 9846056024

 

 

കുടുംബ ദാമ്പത്യബന്ധങ്ങളെ പോലെ പരലോകത്ത് കൂടി തുടരുന്ന ബന്ധമെത്രെ അയല്‍പക്കബന്ധം. മരിച്ചവര്‍ക്ക് വേണ്ടി മുസ്‌ലിംകള്‍ നടത്തുന്ന പ്രധാന പ്രാര്‍ഥനയില്‍ പോലും ഇങ്ങനെ കാണാം. അല്ലാഹുവേ, നിലവിലുണ്ടായിരുന്നതിനേക്കാള്‍ നല്ല ഭവനവും ഭാര്യയും അയല്‍വാസികളും ഇയാള്‍ക്ക് നീ പകരം നല്‍കിയാലും. നിര്‍ഭാഗ്യവശാല്‍ തനിക്ക് ആരുടെയും ഔദാര്യം വേണ്ടെന്ന ഭാവത്തോടെ പലരും അയല്‍വീടുകള്‍ക്കിടയില്‍ വന്‍മതിലുകള്‍ നിര്‍മിച്ച് കൊണ്ടിരിക്കുകയാണ്.

യഥാര്‍ഥത്തില്‍ ഇസ്‌ലാം വളരെ ഗൗരവത്തോടെ കാണുന്ന ഒരു ബന്ധമാണിത്. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കുക. അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുകയും അവനോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും അടുത്തവരും അകന്നവരുമായ അയല്‍പക്കക്കാരോടും കൂട്ടുകാരോടും യാത്രക്കാരോടും പരിചാരകരോടും നല്ല നിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായ യാതൊരാളേയും അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. (അന്നിസാഅ്- 36).

പ്രവാചക ഉത്‌ബോധനങ്ങള്‍ അന്വേഷിച്ചാല്‍ ഈ പ്രശ്‌നത്തിന്റെ ഗൗരവം കൂടുതല്‍ ഉള്‍കൊള്ളാനാവും. അവിടുന്ന് പറഞ്ഞു. അയല്‍പക്ക ബന്ധത്തെക്കുറിച്ച് ജിബ്‌രീല്‍ എന്നെ ഉപദേശിച്ച് കൊണ്ടേയിരുന്നു. അയല്‍വാസിക്ക് അനന്തരസ്വത്ത് നല്‍കേണ്ടിവരുമെന്ന് പോലും എനിക്ക് തോന്നിപ്പോയി. അയല്‍വാസികള്‍ പരസ്പരം അറിയിക്കാതെ തങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കുകയാണെങ്കില്‍ മൂന്നാമന് തത്തുല്യ വില നല്‍കി അത് തിരിച്ച് പിടിക്കാന്‍ പോലും അവകാശമുണ്ടെന്നാണ് ഹനഫീ വീക്ഷണം.

മഹാനായ അബൂദറ് (റ) പറയുന്നു, നബി തിരുമേനി എന്നോട് പറഞ്ഞു: താങ്കള്‍ കറി തയ്യാറാക്കുമ്പോള്‍ അല്‍പം വെള്ളം അധികം കരുതുക. അങ്ങനെ അയല്‍വാസികളെ ശ്രദ്ധിക്കുക(മുസ്‌ലിം). അബൂഹുറൈറ (റ) പറയുന്നു. നബിതിരുമേനി ഇങ്ങനെ ആവര്‍ത്തിക്കുന്നത് ഞാന്‍ കേള്‍ക്കാനിടയായി. അല്ലാഹു തന്നെ സത്യം. അവന്‍ വിശ്വാസിയല്ല. മൂന്ന് പ്രാവശ്യം ഇതാവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. ആരെക്കുറിച്ചാണ് അങ്ങ് പറയുന്നത്. ഏതൊരാളെ പറ്റി തന്റെ അയല്‍വാസി സുരക്ഷിതനല്ലയോ അത്തരക്കാരെക്കുറിച്ച് തന്നെ(ബുഖാരി,മുസ്‌ലിം). ഒരു അയല്‍വാസിയും തന്റെ അയല്‍വാസിയെ നിസാരമായി കാണരുത്. ഒട്ടകത്തിന്റെ കുളമ്പിന്‍തല കൊണ്ടാണെങ്കിലും അവരെ പരിഗണിക്കണം(ബുഖാരി,മുസ്‌ലിം).
നിര്‍ഭാഗ്യവശാല്‍ ഈ രംഗത്ത് പഴയ ഊഷ്മളത കാണുന്നില്ല. നിലാവെളിച്ചത്ത് പുറത്തിറങ്ങി അയല്‍വാസികള്‍ ഒരു വീട്ടുകാരെപോലെ ആഘോഷിച്ച കാലം അസ്തമിച്ചിരിക്കുന്നു. ഇന്നത്തെ ഡക്കറേഷന്‍ കമ്പനികള്‍ ഇല്ലാത്ത കാലത്ത് പായയും പാത്രങ്ങളും വിറക് വരെ പരസ്പരം നല്‍കിയാണ് നമ്മുടെ കല്യാണങ്ങളും മറ്റും നടന്നിരുന്നത്. നേരത്തെ സൂചിപ്പിച്ച വന്‍മതിലുകളേക്കാള്‍ കടുത്ത കരിങ്കല്‍ ഭിത്തികളാണ് പലരുടെയും ഹൃദയങ്ങളില്‍ രൂപം കൊണ്ടിരിക്കുന്നത്.

വഴിമുടക്കിയും കല്യാണം മുടക്കിയും എങ്ങനെയെല്ലാം ഒരാളെ ഉപദ്രവിക്കാന്‍ കഴിയുമെന്നതാണ് പലരുടെയും മുഖ്യചിന്ത തന്നെ. തൊട്ടപ്പുറത്ത് നടക്കുന്ന കൊലപാതകങ്ങള്‍ വരെ പൊലീസ് വന്ന് ചോദിക്കുമ്പോഴാണ് പല അയല്‍വാസികളും അറിയുന്നത്. നാലു ഭാഗത്തും താമസിക്കുന്നതാരെന്ന് പോലും അറിയാത്ത അവസ്ഥ നമ്മുടെ ഗ്രാമങ്ങളില്‍ പോലും സംജാതമായിരിക്കുന്നു. നമ്മുടെ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകളെല്ലാം ഇക്കാര്യത്തില്‍ അല്‍പം ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണ്. അപരിചിതരാണെന്നതിനാല്‍ തന്നെ പരസ്പര സുരക്ഷയും ഭീഷണിയിലാണിന്ന്. തൊട്ടയല്‍പക്കത്തുള്ള ഫോണ്‍ നമ്പറുകള്‍ പോലും പലര്‍ക്കും അജ്ഞാതമാണ്. നിഷ്‌കളങ്കരായ കൊച്ചുമക്കള്‍ അയല്‍വീടുകളില്‍ ചെന്ന് കളിക്കുക മാത്രമല്ല, അവിടങ്ങളില്‍ നിന്നു തന്നെ ഭക്ഷണം കഴിക്കുകയും അവിടെ തന്നെ അന്തിയുറങ്ങുകയും ചെയ്തിരുന്ന അവസ്ഥയാണ് നേരത്തെ ഉണ്ടായിരുന്നത്. സാമ്പത്തികരംഗത്ത് വന്നുചേര്‍ന്ന ഏറ്റക്കുറച്ചിലുകള്‍ തന്നെയാണ് ബന്ധങ്ങളിലെ ഊഷ്മളതക്ക് മങ്ങലേല്‍പിച്ചത് എന്ന് പറയാവുന്നതാണ്.

സ്വന്തം കാര്യം മറന്നുകൊണ്ട് അപരനെ കുളത്തിലിറക്കാന്‍ എന്താണ് മാര്‍ഗം എന്നാണ് പലരുടെയും ചിന്ത. നമ്മുടെ നാട്ടില്‍ ഇന്ന് കുടുംബ കൂട്ടായ്മകള്‍ നിരവധി നിലവില്‍ വന്ന് കൊണ്ടിരിക്കുകയാണ്. പലയിടത്തും ചിതറിക്കിടക്കുന്ന വലിയ കുടുംബങ്ങളെ തമ്മിലടുപ്പിക്കാനും പരസ്പരം സഹായിക്കാനും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇവ മൂലം സാധിക്കുന്നുണ്ട്.
ഇതര കുടുംബങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയായി ഇവ മാറാതിരുന്നാല്‍ മതി. ഈ കുടുംബസംഗമങ്ങള്‍ പോലെ അയല്‍പക്ക കൂട്ടായ്മകളും നിലവില്‍ വരേണ്ട കാര്യമാണ്. വളരെ നിസാരമായ തെറ്റിദ്ധാരണകളില്‍ നിന്നും തുടങ്ങി നീറിപ്പിടിച്ച പകയുമായി കഴിയുന്ന നിരവധി അയല്‍വാസികളെ നമുക്ക് ചുറ്റും കാണാം. ശാസ്ത്രീയമായ ഒരു സംവിധാനമുണ്ടെങ്കില്‍ ഇതിനൊക്കെ മാറ്റം വരുത്താന്‍ സാധിക്കും.
ഇതൊരു നിര്‍ദേശം മാത്രമാണ്. നമുക്ക് പരീക്ഷിക്കാവുന്നതാണ്. നിശ്ചിത പരിധികള്‍ നിശ്ചയിച്ച് അയല്‍പക്ക കൂട്ടായ്മകള്‍ രൂപീകരിക്കാവുന്നതാണ്. അയല്‍പക്ക ബന്ധങ്ങളെ പരാമര്‍ശിക്കുന്ന ഉപദേശങ്ങളും സംഘടിപ്പിക്കാവുന്നതാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.