2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

നിരീശ്വരവാദത്തിന്റെ തകര്‍ച്ച

#എ.വി ഫിര്‍ദൗസ്

ധുനികതയും അതിന്റെ ഉല്‍പ്പന്നമായ നവോത്ഥാനവും മനുഷ്യരാശിയില്‍ രൂപപ്പെടുത്തിയ ധാര്‍ഷ്ട്യമാണ് ദൈവരഹിതമായി ജീവിക്കാന്‍ കഴിയുമെന്ന തോന്നല്‍. ശാസ്ത്രം മനുഷ്യനെ പുതിയ ദിശാവേഗങ്ങളോടെ നയിക്കുമെന്നും ഭൗതികാതീതമായ ഒന്നിലും അവലംബം വേണ്ടതില്ലെന്നുമാണ് നവോത്ഥാനം പഠിപ്പിക്കാന്‍ ശ്രമിച്ചത്. അവിശ്വാസത്തിനു താത്വികമാനങ്ങള്‍ നല്‍കി അത്. അങ്ങനെയാണ് അവിശ്വാസത്തിനു നാസ്തികതയെന്ന സൈദ്ധാന്തിക മുഖച്ഛായ ലഭിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചു നിരീശ്വരവാദം ഒരു പരിധിവരെ പ്രാചീനമായ ആശയമാണ്. ഷഡ്ദര്‍ശനങ്ങളില്‍ മിക്കതും നിരീശ്വരവാദപരമാണെന്നാണു കണക്കാക്കിയിട്ടുള്ളത്. ചാര്‍വാക – സാംഖ്യ ദര്‍ശനങ്ങള്‍ നിരീശ്വരവാദ പരമാണെന്നു വിശ്വസിക്കപ്പെട്ടു. അതേസമയം, അതേ ഇന്ത്യയില്‍ തന്നെയാണ് മഹാഭൂരിപക്ഷം ജനങ്ങളും എക്കാലവും കടുത്ത വിശ്വാസികളായി നിലനിന്നത്. മുപ്പത്തിമുക്കോടി ദേവതാസങ്കല്‍പ്പങ്ങളും കല്ല്, മുള്ള്, മൂര്‍ഖന്‍പാമ്പ് ആരാധനകളുമെല്ലാം ഇതിനു തെളിവാണ്.

ചാര്‍വാകന്റെയും ബുദ്ധന്റെയും കപിലന്റെയും കണാതന്റെയും നാടായ ഇന്ത്യ ആ അര്‍ഥത്തില്‍ പരിപൂര്‍ണ നാസ്തിക-നിരീശ്വര സമൂഹമായി മാറേണ്ടതായിരുന്നുവെങ്കിലും അതിനു വിപരീതമായാണു സംഭവിച്ചതെന്നത് വിശ്വാസത്തിന്റെ ചരിത്രം പഠിച്ച ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്ന കൗതുകകരമായ യാഥാര്‍ഥ്യമാണ്. വിശ്വാസത്തിന്റെയും മനുഷ്യമനസിന്റെയും പ്രവര്‍ത്തനങ്ങളെയും പ്രവണതകളെയും കുറിച്ചുള്ള പഠനങ്ങളില്‍ ഇത്തരം കൗതുകങ്ങള്‍ പതിവാണ്.
നിരീശ്വരവാദത്തിന് ഒരു കാലത്തും ജനതയെ അടക്കിഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. അവിശ്വാസികളായ രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഭരണസ്വാധീനമുപയോഗിച്ചു നാസ്തികചിന്ത രാഷ്ട്രത്തിന്റെ പൊതുചിന്താഗതിയാക്കി മാറ്റാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. മനുഷ്യന്റെ സഹജവും സ്വാഭാവികവുമായ ഉള്‍ബോധത്തില്‍ നിന്നാണ് അതീതശക്തിയിലുള്ള വിശ്വാസവും ശരണബോധവും രൂപപ്പെടുന്നത്. സാമൂഹ്യസമ്പര്‍ക്കങ്ങളുടെയും സഹവാസ ജീവിതത്തിന്റെയും സ്വാധീനത്തിലൂടെയാണ് വിശ്വാസം വ്യക്തി മനസുകളിലേയ്ക്കു കൈമാറ്റപ്പെടുന്നതെന്നത് അയുക്തികമാണ്. ആള്‍ഡസ് ഹക്‌സലിയെപ്പോലുള്ളവര്‍ അത്തരം വീക്ഷണത്തെ നിരാകരിച്ചിട്ടുണ്ട്.
വിശ്വാസവും അവിശ്വാസവുമെല്ലാം ജീവിതത്തിന്റെ ഉല്‍പന്നങ്ങളാണെന്ന നിരീക്ഷണങ്ങളെ നിഷ്പ്രഭമാക്കുന്ന പഠന-ഗവേഷണങ്ങള്‍ ധാരാളമുണ്ട്. ഒരാള്‍ വിശ്വാസിയായി മാറാന്‍ മറ്റൊരാള്‍ വിശ്വാസം പകര്‍ന്നെടുക്കേണ്ടതില്ല. മനസ്, ബുദ്ധി, ചിന്ത, ഉള്‍ക്കൊള്ളല്‍, ചോദ്യങ്ങള്‍, സംശയങ്ങള്‍ എന്നിങ്ങനെ ധിഷണയും ആലോചനയും ആശയരൂപീകരണവുമൊക്കെയായി ബന്ധപ്പെട്ട മനുഷ്യനിലെ സഹജചോദനകളും ജൈവതലങ്ങളും ഭൗതികാതീതമായ ഒരു നിര്‍ണായക ശക്തിയെയും പ്രതിഭാസത്തെയും തന്റെ ജീവിതത്തെയും ഈ പ്രപഞ്ച സംവിധാനത്തെ തന്നെയും നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അതീതത്വത്തെയും കുറിച്ചുള്ള തോന്നലുകള്‍ അവനില്‍ സൃഷ്ടിക്കുകയും ആ തോന്നലുകള്‍ ക്രമേണ വികസിച്ച് വിശ്വാസവും അവബോധവുമായി മാറുകയും ചെയ്യുകയാണ്.

സൂക്ഷ്മതലത്തില്‍ വിശ്വാസവും അവിശ്വാസവും രണ്ട് ആശയങ്ങളല്ല. അവ രണ്ട് ചോദനകളും വികാരങ്ങളും മാനസികാവസ്ഥകളുമാണ്. വ്യവഹാരികവും വിനിമയപരവുമായ സൗകര്യ-സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള ഒരു നയത്തിന്റെ ഭാഗമായിട്ടാണ് വിശ്വാസ- അവിശ്വാസങ്ങളെ രണ്ടു ഭിന്ന ആശയങ്ങളായി പരിഗണിച്ചു തുടങ്ങിയത്. നാസ്തിക-ആസ്തിക ചര്‍ച്ചകളെയും സംവിധങ്ങളെയും മുന്നോട്ടു കൊണ്ടു പോകാന്‍ ഇതു സഹായകമായിത്തീരുകയും ചെയ്തു. മനുഷ്യ വ്യവഹാരങ്ങളിലെയും അവന്റെ ആന്തരിക വിനിമയങ്ങളിലെയും ഓരോന്നിനെയായി ആശയവല്‍ക്കരിക്കുകയും വൈജ്ഞാനിക ഉപാധികള്‍ക്കൊത്തു കൃത്യതപ്പെടുത്തുകയും ചെയ്യുന്നത് ആധുനികതയുടെ ശീലമായിത്തീര്‍ന്നു.
പി.ബി.ഷെല്ലിയുടെ ‘വൈ അയാം ആന്‍ എത്തിസ്റ്റ് ‘ പോലെയുള്ള വിശ്വാസ-അവിശ്വാസങ്ങളുടെ കാര്യകാരണയുക്തികള്‍ മറ്റുള്ളവരെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്ന ചെറുതും വലുതുമായ എല്ലാ കൃതികളും സത്യത്തില്‍ വലിയ പരാജയങ്ങളായിരുന്നു. പറയാന്‍ വ്യഗ്രതപ്പെടുന്ന കാര്യങ്ങള്‍ മുഴുവനായി പറഞ്ഞു തീര്‍ക്കാന്‍ കഴിയാതെ വരുന്നതിന്റെ പരിമിതികള്‍ ഇത്തരം കൃതികളിലെല്ലാം കാണാമായിരുന്നു. മനുഷ്യ മനഃശാസ്ത്രത്തെയും അവന്റെ ശാരീരിക -സാമൂഹിക പരിണാമങ്ങളെയും കുറിച്ചുള്ള ബൃഹത്തായ പഠന- ഗവേഷണങ്ങളെപ്പോലെ മനുഷ്യനിലെ വിശ്വാസ-അവിശ്വാസ മനോഭാവങ്ങളെ കുറിച്ചു മാത്രമുള്ള പഠന ഗവേഷണങ്ങള്‍ക്കു വികസിക്കാനായില്ല.
ആധുനിക നവോത്ഥാനം മതങ്ങള്‍ക്കെതിരായി ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു പ്രധാന പ്രശ്‌നവശം വിശ്വാസത്തിന്റെ പേരില്‍ മതങ്ങള്‍ മനുഷ്യരെ അടിമകളാക്കുകയും ആ അടിമത്തം പൗരോഹിത്യ ചൂഷണം ഉള്‍പ്പെടെയുള്ള തിന്മകള്‍ക്കു പശ്ചാത്തലമായിത്തീരുകയും ചെയ്യുന്നുവെന്നതാണ്. മനുഷ്യനെ അവന്‍ അനുഭവിക്കുന്ന ചൂഷണങ്ങളില്‍ നിന്നും അടിമത്തങ്ങളില്‍ നിന്നും വിമോചിപ്പിക്കുവാന്‍ അവന്റെ മനസിനെ ദൈവബോധത്തില്‍ നിന്ന് അറുത്തു മുറിച്ചുമാറ്റുക എന്ന ഉപാധിയാണ് സ്വതന്ത്രചിന്ത നിര്‍ദ്ദേശിച്ചത്.

ക്രൈസ്തവ പൗരോഹിത്യത്തിനെതിരായി ഉയര്‍ന്നു വന്ന മതനവീകരണ പ്രസ്ഥാനങ്ങളും പാശ്ചാത്യ യുക്തിവാദവും തമ്മില്‍ ആശയ സംഘര്‍ഷങ്ങള്‍ ഉണ്ടായി. മതത്തിനുമേല്‍ മതനിഷേധികള്‍ കെട്ടിച്ചുമത്തിയ ആരോപണങ്ങളെ തുടച്ചുമാറ്റാനാണ് മതനവീകരണവാദികള്‍ പണിയെടുത്തത്. മതങ്ങളുടെ ആധുനികവല്‍ക്കരണമാണ് മതനവീകരണ പ്രസ്ഥാനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന ഭാഷ്യമുണ്ടായി. മതനവീകരണ പ്രസ്ഥാനങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന മതങ്ങളുടെ മൗലിക തത്വങ്ങളെ യുക്തിയുടെയും ശാസ്ത്രത്തിന്റെയും ചോദ്യങ്ങള്‍ ഉപയോഗിച്ച് തുരന്നു ശിഥിലമാക്കാമെന്നാണ് സ്വതന്ത്ര ചിന്തകരും ഭൗതികനിരീശ്വരവാദികളും യുക്തിവാദികളും ചിന്തിക്കയും കണക്കുകൂട്ടുകയും ചെയ്തിരുന്നത്.
ആധുനികത അതിന്റെ അടിസ്ഥാനമായി അവിശ്വാസത്തെ അംഗീകരിക്കുകയോ സ്വീകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തതായി ഒരു രേഖയോ പ്രമാണമോ അവകാശവാദമോ ഒന്നും നിലനില്‍ക്കുന്നില്ല. എന്നാല്‍ ഭൗതികവാദത്തിന്റെയും മതനിരാകരണ-യുക്തിവാദത്തിന്റെയും വക്താക്കള്‍ അത്തരം ഒരു ചിന്താഗതിയും അവകാശവാദവും ആധുനികതയുടെ മേല്‍ ചുമത്തുകയും ആരോപിക്കുകയുമാണു ചെയ്തുകൊണ്ടിരുന്നത്. അതിനാല്‍ത്തന്നെ മതനവീകരണ പ്രസ്ഥാനങ്ങള്‍ക്ക് ഭൗതിക ചിന്താധാരകളുമായുള്ള സാമ്യത സംശയിക്കപ്പെടുകയുണ്ടായി.
ദാര്‍ശനിക വല്‍ക്കരണമാണ് നിരീശ്വര-നാസ്തിക വാദത്തിന് സ്വീകാര്യത വരുത്തുവാന്‍ മതനിഷേധികള്‍ കണ്ടെത്തിയ ഒരുപാധി. തോമസ് പൈനിന്റെ ഏയ്ജ് ഓഫ് റീസണ്‍ മുതല്‍ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ നാസ്തികനായ ദൈവം വരെയുള്ള കൃതികള്‍ ഉപയോഗിക്കപ്പെട്ടത് ഈ ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ ‘ദാര്‍ശനികത’ എന്നതിനെക്കുറിച്ചു മനുഷ്യരാശിക്ക് പൊതുവായുള്ള വീക്ഷണങ്ങളില്‍ മുന്‍തൂക്കം ആലങ്കാരികതയും ഭാവനയും കാല്‍പനികതയുമായൊക്കെ ഒരു തരം ലയത്തില്‍ വര്‍ത്തിക്കുന്ന ആശയസമുച്ചയങ്ങളും ബൗദ്ധിക ഉപാധികളുമായിരിക്കണം ദാര്‍ശനികതയെന്നതാണ്.
യുക്തിവാദം, നിരീശ്വരവാദം, സ്വതന്ത്രജീവിതം എന്നിവയിലെല്ലാം ഒരുതരം വരള്‍ച്ചയും നിരാര്‍ദ്രതയുമാണ് ചിന്തിക്കുന്ന മനുഷ്യര്‍ക്ക് എക്കാലത്തും കാണാന്‍ കഴിഞ്ഞത്. അതുകൊണ്ട് യുക്തിവാദിയെയോ നിരീശ്വരവാദിയെയോ ദാര്‍ശനികനായോ ദാര്‍ശനിക ഗരിമയുള്ള വ്യക്തിയായോ വിശ്വാസി സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കുകയുണ്ടായിട്ടില്ല. പത്തൊന്‍പതാംനൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തിപ്പെട്ട നാസ്തക-നിരീശ്വരവാദ പ്രബോധനങ്ങളും ആശയ പ്രചാരണങ്ങളും മനുഷ്യരാശിയെ സംബന്ധിച്ച് ശ്രേഷ്ഠ ജീവിത വീക്ഷണവും ആദര്‍ശവും നിര്‍മതത്വവും നിരീശ്വര-നാസ്തിക ചിന്തകളുമാണ് എന്ന വാദഗതി ഉയര്‍ത്തിപ്പിടിച്ചവയായിരുന്നു.

വികസിക്കുന്ന ശാസ്ത്ര – സാങ്കേതികതകള്‍ ദൈവാശയത്തെ അതിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും തൂത്തെറിയുമെന്ന് നിരീശ്വരവാദികള്‍ അഹങ്കരിക്കുകയും അവകാശപ്പെടുകയും ചെയ്തു. എന്നാല്‍ ഒരു ഘട്ടംവരെയും പതിയെ സ്വീകാര്യത നേടിവന്ന ഈ നാസ്തിക പ്രബോധനങ്ങള്‍ പിന്നീട് അസ്വീകാര്യങ്ങളായിത്തീരുകയും നാസ്തിക ചിന്തയില്‍ ആകര്‍ഷിക്കപ്പെട്ടവര്‍ പോലും പതുക്കെപ്പതുക്കെ അതിന്റെ സ്വാധീനത്തില്‍ നിന്ന് പിറകോട്ടു സഞ്ചരിക്കുകയും ചെയ്തു. എക്കാലത്തും നാസ്തികതക്ക് ഇത്തരം ഏറ്റക്കുറച്ചിലുകളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്ന സമാശ്വാസ യുക്തിക്ക് അപ്പുറത്താണ് ആധുനികാനന്തര ഘട്ടത്തില്‍ അതിനു നേരിടേണ്ടി വന്ന തകര്‍ച്ചയും അധഃപതനവും.
ശാസ്ത്രം പിച്ചവെച്ചു തുടങ്ങിയ നാളുകളില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയും കുതിപ്പുകളും പരിപൂര്‍ണമായും മതരഹിത-വിശ്വാസ രഹിതമായ ഒരു മാനവരാശിയെ സൃഷ്ടിക്കുമെന്ന തോന്നലാണ് മതവിരുദ്ധര്‍ക്ക് ഉണ്ടായിരുന്നതെങ്കില്‍, ശാസ്ത്രം പുതിയ ചുവടുകള്‍ വെച്ച് വളര്‍ന്നു മുന്നേറവേ ആ തോന്നലില്‍ നിന്നവര്‍ക്ക് പതുക്കെ പിറകോട്ട് പോകണ്ടിവന്നു. വികസിക്കുന്ന ശാസ്ത്രവും സാങ്കേതികതയും കൂടുതല്‍ വിശ്വാസികളും അലൗകിക മാനങ്ങളിലേക്ക് കൂടുതല്‍ ഉറ്റു നോക്കുന്നവരുമായ മനുഷ്യരെ സൃഷ്ടിക്കുകയാണു ചെയ്തത്. കേവല മനുഷ്യര്‍ക്കിടയിലേക്ക് ഏതാണ്ട് രണ്ടു രണ്ടര നൂറ്റാണ്ടിന്റെ നേരിയ ഒരിടവേളക്കുശേഷം വിശ്വാസവും ആസ്തികബോധവും പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നുകൊണ്ടിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമായി ജീവിതം പകുത്തു ജീവിക്കേണ്ടിവന്ന ആഗോളശാസ്ത്ര പ്രതിഭകളില്‍ വലിയൊരു ശതമാനം അവരുടെ ജീവിതത്തിന്റെ ആദ്യഘട്ടം നിരീശ്വരവാദികളും നിര്‍മതരുമായി ആരംഭിക്കുകയും രണ്ടാം ഘട്ടത്തില്‍ കടുത്ത വിശ്വാസികളും മതാത്മക ബോധങ്ങളില്‍ ജീവിക്കുന്നവരുമായി പരിണമിക്കുകയും ചെയ്ത ഒട്ടനവധി അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

1920 – മുതല്‍ 2010 വരെയുള്ള തൊണ്ണൂറുവര്‍ഷങ്ങള്‍ക്കിടയില്‍ ആഗോളതലത്തില്‍ തന്നെ നിരീശ്വരവാദത്തിന് സൈദ്ധാന്തികവും പ്രയോഗപരവുമായ നിരവധി തകര്‍ച്ചകള്‍ നേരിടുകയുണ്ടായി. ഒരാശയം എന്ന നിലയില്‍ ഇടക്കാലത്ത് അതിനു ചാര്‍ത്തപ്പെട്ട വ്യാവഹാരിക വിശേഷണത്തില്‍ നിന്നതു ശിഥിലമാക്കപ്പെട്ടു. വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും മുന്നോട്ടുള്ള ഗമനത്തില്‍ അവലംബിക്കാവുന്ന ഒരു മാനസികാടിത്തറയല്ല അതെന്ന് കൂടിയ തോതില്‍ തിരിച്ചറിയപ്പെട്ടു. തീര്‍ച്ചയായും ആധുനികാനന്തര കാലം വിശ്വാസത്തിന്റെ, ആസ്തികാബോധത്തിന്റെ, മനുഷ്യ ധാര്‍ഷ്ട്യത്തിന്റെ കീഴടങ്ങലിന്റെ, കാലം തന്നെയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.