2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വാഹനവിപണിയിലെ പ്രതിസന്ധിയില്‍ പൂട്ട് വീണത് 300 സ്ഥാപനങ്ങള്‍ക്ക്, ജോലി നഷ്ടമായി വഴിയാധാരമായത് രണ്ടരലക്ഷത്തോളം പേര്‍; വ്യവസായ ലോകം കടുത്ത അസംതൃപ്തിയില്‍

 

മുംബൈ: കഴിഞ്ഞ കുറച്ചു നാളുകളായി വാഹന വിപണി അഭിമുഖീകരിക്കുന്ന കടുത്ത മാന്ദ്യം കാരണം താഴ് വീണത് മുന്നൂറോളം സ്ഥാപനങ്ങള്‍ക്ക്. ഒന്നര വര്‍ഷത്തിനിടെ വില്‍പന കുറഞ്ഞതിനെ തുടര്‍ന്നാണ് 300 ഡീലര്‍മാര്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്. പൂട്ട് വീണ സ്ഥാപനങ്ങളില്‍ മാത്രം പതിനായിരങ്ങളാണ് തൊഴില്‍ ചെയ്തിരുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വാഹനവിപണി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് വ്യവസായ ലോകം കടന്നുപോവുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ കഴിഞ്ഞ ജൂലൈയിലെ കണക്ക് പ്രകാരം 19 ശതമാനമാണ് ഇടിവുണ്ടായത്. ആതായത് 18,25,148 യൂനിറ്റിന്റെ കുറവ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓടോടോ മൊബൈല്‍ മാനുഫാക്‌ചേഴ്‌സി (സിയാം)ന്റെ കണക്കാണിത്. ജൂണില്‍ കാറുകളുടെ വില്‍പന 24.97 ശതമാനം കുറഞ്ഞതായി സിയാം വ്യക്തമാക്കി. കഴിഞ്ഞ മാസം 139,628 കാറുകളാണ് വിറ്റത്. 2018 ജൂണില്‍ ഇത് 183,885 ആയിരുന്നു. വാഹനങ്ങളുടെ വില്‍പന ജൂണ്‍ മാസത്തിലും വന്‍ തോതില്‍ ഇടിഞ്ഞിരുന്നു. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ മാസമാണ് വില്‍പന താഴോട്ട് പോകുന്നത്. കാര്‍ ഡീലര്‍മാരാണ് അടച്ചുപൂട്ടിയവയില്‍ ഏറെയും. 84 സ്ഥാപനങ്ങള്‍ക്ക് ഷട്ടര്‍ വീണ മഹാരാഷ്ട്രയാണ് ഇക്കാര്യത്തില്‍ മുന്നിലുള്ള സംസ്ഥാനം. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്തുമാണ്.

വാഹനവിപണിയിലെ പ്രതിസന്ധി സ്റ്റീല്‍ മേഖല ഉള്‍പ്പെടെയുള്ള മറ്റുരംഗങ്ങളെയും ബാധിച്ചിട്ടുണ്ട്. സ്റ്റീല്‍മേഖലയിലെ മുപ്പതോളം കമ്പനികളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സംരംഭങ്ങളില്‍ ടാറ്റ സ്റ്റീലും ഉള്‍പ്പെടും. ബാങ്കിങ് ഇതര ധനകാര്യ മേഖലയിലെ സാമ്പത്തിക ഞെരുക്കമാണ് വാഹനവിപണിയിലെ മാന്ദ്യത്തിന് കാരണമായത്. വാഹനവിപണിയിലെ മാന്ദ്യം സ്റ്റീല്‍ വ്യവസായത്തെയാണ് ഏറ്റവുമധികം ബാധിച്ചത്. വാഹന വിപണിയില്‍നിന്നുള്ള ആവശ്യകത കുറഞ്ഞതോടെ സ്റ്റീല്‍ കമ്പനികളില്‍ ഉല്‍പ്പാദനവും കുറഞ്ഞു. ഇതോടെ പതിനായരിങ്ങള്‍ക്കാവും ജോലി നഷ്ടമാവുക. കഴിഞ്ഞ രണ്ടു മാസമായി 15 ദിവസം മാത്രമാണ് കമ്പനിയില്‍ ഉല്‍പ്പാദനം നടക്കുന്നത്.

പ്രതിസന്ധി ഉണ്ടായതോടെ വാഹനവിപണി മേഖലയില്‍ ആകെ രണ്ടരലക്ഷത്തോളം ജോലിയാണ് ഇല്ലാതായതെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ നിഷ്ണു മാത്തൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിസന്ധി ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ വ്യവസായ മേഖലയ്ക്ക് വന്‍തിരിച്ചടിയാകുമെന്നും 10 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്നും രാജ്യത്തെ വാഹന ഘടക നിര്‍മാതാക്കളുടെ അസോസിയേഷന്‍ (എ.സി.എ.എ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Auto sector crisis: 2.30 lakh jobs lost as industry faces worst crisis in 20 years


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.