2018 May 15 Tuesday

മഴക്കാലത്തും ഡ്രൈവിങ് ആസ്വാദ്യകരമാക്കാം

നിങ്ങള്‍ വാഹനം ആസ്വദിച്ച് ഓടിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഏറ്റവും സൂക്ഷിക്കേണ്ടത് മഴക്കാലത്തെയാണ്. കാരണം, നമ്മുടെ നാട്ടില്‍ വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഴക്കാലത്താണ്. അതിനാല്‍ മഴക്കാല ഡ്രൈവിങ് ആസ്വദിക്കാന്‍ ചില മുന്‍കരുതലുകള്‍ നാം എടുക്കണം.

♦ ബ്രേക്ക്

abs

വാഹനങ്ങളുടെ സുരക്ഷയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്രേക്ക്. എത്ര പ്രവര്‍ത്തനക്ഷമതയുള്ള ബ്രേക്ക് ആണെങ്കിലും മഴക്കാലത്ത് വാഹനങ്ങളുടെ മറ്റു സുരക്ഷാസംവിധാനങ്ങളെ പോലെ ബ്രേക്കിന്റെ പ്രവര്‍ത്തനം പ്രവചനാതീതമാണ്. ചിലപ്പോള്‍ ബ്രേക്ക് അപ്ലൈ ചെയ്യുമ്പോള്‍ പ്രവര്‍ത്തിച്ചില്ലെന്നും വരാം. വെള്ളം കെട്ടിനില്‍ക്കുന്ന റോഡിലൂടെയുള്ള ഡ്രൈവിങ് ബ്രേക്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം. അതിനാല്‍ വാഹനം റോഡില്‍ ഇറക്കുന്നതിനു മുമ്പ് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുക.

എ.ബി.എസ് ബ്രേക്കുകളുടെ ഉപയോഗം ഏറ്റുവും കൂടുതല്‍ ഉപയോഗപ്പെടുന്നത് മഴക്കാലത്താണ്. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം സഡന്‍ ബ്രേക്കില്‍ നിര്‍ത്തുമ്പോളുള്ള നിയന്ത്രണം നഷ്ടമാവല്‍ തടയും. ബ്രേക്ക് ലൈനിലെ ഫ്‌ളൂയിഡ് മര്‍ദ്ദം വാല്‍വുകളില്‍ പ്രവര്‍ത്തിപ്പിച്ച് കണ്‍ട്രോള്‍ യൂണിറ്റ് ക്രമീകരിക്കുന്നതിനാല്‍ ടയര്‍ നിശ്ചലമായി വാഹനം നിരങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കും.

മഴക്കാലത്ത് വേഗത കുറച്ച് ഓടിക്കുക എന്നതാണ് വാഹനത്തിന്റെയും ഓടിക്കുന്ന വ്യക്തികളുടെയും ആരോഗ്യത്തിന് നല്ലത്. കാരണം, അമിത വേഗതയില്‍ ഓടിക്കുമ്പോള്‍ പെട്ടെന്ന് ബ്രേക്കിട്ടാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും അപകടത്തിനും കാരണമാവും. മഴക്കാലത്ത് വേഗത കുറയ്ക്കുകയും പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്‌സിലേറ്റര്‍ അയച്ച് വേഗം നിയന്ത്രിക്കുന്നതാണ് ഉത്തമം.

ടയര്‍

Tyres

വാഹനത്തിന്റെ ബ്രേക്കെല്ലാം തന്നെ പ്രവര്‍ത്തനത്തില്‍ പൂര്‍ണമാണെങ്കിലും അതെല്ലാം നിഷ്ഫലമാകുന്നത് ടയറുകള്‍ക്ക് മുന്നിലാണ്. കാരണം, മോശം ടയറുകണ്ടെങ്കില്‍ ബ്രേക്കുകളുടെ പ്രവര്‍ത്തനം പൂര്‍ണരീതിയില്‍ വാഹനത്തിന് ലഭിക്കില്ല. അതിനാല്‍ തേഞ്ഞ ടയറുകളാണെങ്കില്‍ എത്രയും പെട്ടെന്നു തന്നെ പുതിയവ വാങ്ങുക. കൂടാതെ ടയറുകളില്‍ വേണ്ടത്ര കാറ്റുണ്ടെന്നും ഉറപ്പാക്കുക. മഴക്കാലത്ത് റോഡുകളിലെ നനവും മറ്റ് വാഹനങ്ങള്‍ വീഴ്ത്തുന്ന എണ്ണപ്പാടുകളും അപകടകെണികളാകാറുണ്ട്.

♦ വൈപ്പറുകള്‍

Wiper

മഴക്കാലത്ത് ഡ്രൈവിങ്ങില്‍ വൈപ്പറുകളുടെ സ്വാധീനം വലുതാണ്. മഴയില്ലാത്തപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്നത് പോലെയല്ല വൈപ്പറുകള്‍ മഴക്കാലത്ത്. കനത്തമഴയില്‍ വൈപ്പറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലുള്ള ബുദ്ധിമുട്ട് പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലല്ലോ. അതിനാല്‍ വൈപ്പര്‍ ബ്ലേഡുകള്‍ തേഞ്ഞിട്ടുണ്ടെങ്കില്‍ മാറ്റാന്‍ താമസിക്കരുത്.

♦ ലൈറ്റുകള്‍

Lights

വാഹനത്തിന്റെ ലൈറ്റുകളെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.  ഹാന്‍ഡ് സിഗ്നലുകള്‍ മഴക്കാലത്ത് പൂര്‍ണമായും പ്രയോജനം ചെയ്യില്ല. അതിനാല്‍ ബ്രേക്ക് ലൈറ്റുകളും ഫോഗ് ലൈറ്റുകളും ഫ്യൂസ് ആയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. ഹെഡ്‌ലൈറ്റുകളും പരിശോധിക്കുക. ശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകള്‍ കത്തിക്കുന്നതാണ് നല്ലത്. ഹൈബീം ഉപയോഗിക്കരുത്. വാഹനത്തില്‍ ഫോഗ് ലൈറ്റുകളുണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നതാണ് ഉത്തമം. ദൂരയാത്രയക്ക് പോവുകയാണെങ്കില്‍ അത്യാവശ്യത്തിനുള്ള ഫ്യൂസുകളും ബള്‍ബുകളും കൈവശം കരുതുന്നത് നല്ലതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.