2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

130 കിലോമീറ്റര്‍ ഓടുന്ന കാറിന്റെ ഓട്ടോ കണ്‍ട്രോള്‍ സിസ്റ്റം തകരാറായി; അബുദാബി പോലിസ് ചീറിപ്പായുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയത് ഇങ്ങനെ

റിയാദ്: മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ഹൈവേയിലൂടെ കുതിച്ചു പായുന്ന കാര്‍, ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനമുള്ള കാറിന്റെ സകല നിയന്ത്രണങ്ങളും നഷ്ടമായി. ഓട്ടോമാറ്റിക് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതോടെ കുതിച്ചു പായുന്ന കാര്‍ അതി സാഹസികമായി പോലിസ് നിര്‍ത്തുന്നു. യാതൊരു അപകടവും കൂടാതെ കാര്‍ ഹൈവേയില്‍ വെച്ച് തന്നെ ഇടിപ്പിച്ചു നിര്‍ത്തിച്ചതിനു ശേഷമാണ് പൊലീസിന് ശ്വാസം നേരെ വീണത്. സിനിമകളില്‍ കാണുന്ന രംഗമാണ് ഇതെന്ന് തെറ്റിദ്ധരിക്കേണ്ട. കഴിഞ്ഞ ദിവസം അബുദാബി നിരത്തിലുണ്ടായ സംഭവമാണ്.

അബുദാബി അല്‍ ഐന്‍ റോഡിലാണ് സംഭവം. ക്രൂയിസ് സംവിധാനമുള്ള ഫോര്‍ വീല്‍ ഡ്രൈവിങ് സൗകര്യമുള്ള എസ്.യു.വി കാര്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കൊണ്ടിരിക്കെ വേഗത കുറക്കാന്‍ ശ്രമിച്ചപ്പോഴാണ് വാഹനത്തിന്റെ കണ്‍ട്രോള്‍ നഷ്ടമായതായി ഡ്രൈവര്‍ മനസ്സിലാക്കിയത്. ബ്രേക്കില്‍ കാല്‍ അമര്‍ത്തിയപ്പോള്‍ നിയന്ത്രണം വഹിച്ചിരുന്ന കണ്‍ട്രോള്‍ സിസ്റ്റം തകരാറിലായതോടെ ബ്രേക്ക് കിട്ടാതെയാവുകയായിരുന്നു. ഗിയര്‍ മാറ്റാനുള്ള ശ്രമമവും പരാജയപ്പെട്ടു. ഉടന്‍ തന്നെ യാതൊരു രക്ഷയുമില്ലാതെ മരണത്തെ മുഖാമുഖം കണ്ടു വാഹനം ചീറിപ്പായുന്നതിനിടയിലാണ് അവസാന പരിശ്രമമെന്ന നിലയില്‍ അല്‍ ഐനില്‍ വസിക്കുന്ന യുവാവ് പോലിസിനെ ബന്ധപ്പെട്ടത്.

സംഭവമറിഞ്ഞ പോലിസ് ആദ്യം ഇദ്ദേഹത്തിന് ആത്മ ധൈര്യം പകരുകയാണ് ചെയ്തത്. ഞൊടിയിടയില്‍ തന്നെ വേണ്ട നിര്‍ദേശങ്ങളും കൈമാറി. ഇതേ സമയം 15 പോലിസ് പെട്രോളിംഗ് സംഘവും സംഭവ സ്ഥലം നടക്കുന്ന ഹൈവേയിലൂടെ കുതിച്ചു പാഞ്ഞു. അതേസമയത്ത് തന്നെ പാതയിലെ വാഹനങ്ങള്‍ മാറ്റുകയും കുതിച്ചു പാഞ്ഞു വരുന്ന കാറിനു ഹൈവേയുടെ നടുവിലൂടെ തന്നെ ചീറിപ്പായാന്‍ അവസരമൊരുക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു പോലിസ് വാഹനം കുതിച്ചു പായുന്ന കാറിന്റെ മുന്നില്‍ കയറി അല്‍പ്പാല്‍പ്പം സ്പീഡ് കുറച്ചു തകരാറിലായ കാറിന്റെ മുന്‍ഭാഗത്ത് ഓടുന്ന സമയത്ത് തന്നെ ഇടിപ്പിച്ചു സാഹസികമായി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സ്പീഡ് പതിയെ കുറച്ച് പോലിസ് വാഹനം നിര്‍ത്തിയതോടെ അതില്‍ ഇടിച്ചു നിന്ന കാറും നിന്നു.

അതിസാഹസികമായ ഈ ദൗത്യനിര്‍വഹണത്തിന് പോലിസ് സേനയിലെ ഓപ്പറേഷന്‍ വിഭാഗവും, ട്രാഫിക് പെട്രോളിങ് പോലിസും ആംബുലന്‍സ്, റെസ്‌ക്യൂ വിഭാഗങ്ങളും ഞൊടിയിടയിലെ പ്രവര്‍ത്തനത്തിന് സഹായികളായെന്നു അബുദാബി പോലിസ് ട്രാഫിക് ഡയറക്റ്റര്‍ ബ്രിഗ്രേഡിയര്‍ സാലിം അബ്ദുല്ലാഹ് ബിന്‍ ബറാക് അല്‍ ദാഹിരി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.