2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

അട്ടിമറിക്കപ്പെടുന്ന ക്ഷേമപെന്‍ഷന്‍ പദ്ധതി

തദ്ദേശ സ്ഥാപനങ്ങള്‍ പെന്‍ഷന്‍ പാസാക്കിയവരും സോഫ്റ്റ് വെയര്‍ അടച്ചത് മൂലം പെന്‍ഷന്‍ തുക ലഭിക്കാതിരിക്കുകയും ചെയ്തവരെ പുതിയ മാനദണ്ഡ പ്രകാരമുള്ള പുനഃപരിശോധനയില്‍ നിന്നൊഴിവാക്കി പെന്‍ഷന്‍ തുക അനുവദിക്കണം. താമസിക്കുന്ന വീടുകളുടെ വിസ്തൃതി എന്ന മാനദണ്ഡം ഒഴിവാക്കുന്നതിനും നടപടി വേണം. ആദ്യ പെന്‍ഷന്റെ അര്‍ഹതാ തിയതി പഴയ പോലെ അപേക്ഷാ തിയതി തന്നെയാക്കി പുനഃ സ്ഥാപിക്കുകയും വേണം. അല്ലാത്ത പക്ഷം ഏറ്റവും വലിയ ക്ഷേമപെന്‍ഷന്‍ അട്ടിമറിക്കാകും സംസ്ഥാനം സാക്ഷിയാവുക. സര്‍ക്കാര്‍ സമീപനത്തില്‍ മാറ്റം വരുത്താത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിംലീഗ് നേതൃത്വം നല്‍കും. പ്രക്ഷോഭത്തിന്റെ ആദ്യപടിയായി ഇന്ന് പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളില്‍ സായാഹ്ന ധര്‍ണ നടക്കും.

കെ.പി.എ മജീദ്‌

ക്ഷേമപെന്‍ഷന്‍ ലിസ്റ്റ് ശുദ്ധീകരണം എന്ന പേരില്‍ ഇടതുസര്‍ക്കാര്‍ ആരംഭിച്ച വെട്ടിനിരത്തല്‍ പ്രളയാനന്തരകാലത്തെ പുതിയ ദുരന്തമായി മാറുകയാണ്. ജീവിച്ചിരിക്കുന്നവരെ കൂട്ടത്തോടെ മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയും സൈക്കിള്‍ പോലും സ്വന്തമായില്ലാത്തവനെ നാലുചക്ര വാഹന ഉടമയാക്കിയും സര്‍ക്കാര്‍ പുറത്തിറക്കിയ അനര്‍ഹരുടെ പ്രാഥമിക പട്ടിക പതിനായിരക്കണക്കിന് പേര്‍ക്കാണ് അപ്രതീക്ഷിതമായി ആശ്വാസ ധനം നഷ്ടപ്പെടുത്തിയത്. 

ഇതിനുപുറമെ പുതിയ അര്‍ഹതാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് നിലവില്‍ പെന്‍ഷന്‍ വാങ്ങി വരുന്നവരെയും ഒന്നര വര്‍ഷമായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെയും പുനഃപരിശോധനക്ക് വിധേയമാക്കി കൂട്ടത്തോടെ വെട്ടിനിരത്താനുള്ള നീക്കവും പുരോഗമിക്കുകയാണ്. ആദ്യ പെന്‍ഷന്‍ അനുവദിക്കുന്ന തിയതിയില്‍ മാറ്റം വരുത്തുകവഴി കുടിശ്ശിക തുക നല്‍കുന്നതില്‍നിന്ന് സര്‍ക്കാര്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയും ചെയ്തു. എത്രവലിയ സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പിലും ക്ഷേമപെന്‍ഷന്‍ പദ്ധതി കാര്യക്ഷമമായി നടത്തി വന്ന സംസ്ഥാനമാണ് കേരളം. ബാര്‍ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും അര്‍ഹതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിനാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്.
വര്‍ഷങ്ങളായി ക്ഷേമപെന്‍ഷന്‍ ലഭിച്ചിരുന്ന പലര്‍ക്കും ഇക്കഴിഞ്ഞ ഓണത്തിന് പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. ഓരോ തദ്ദേശ സ്ഥാപനത്തിലും നൂറുക്കണക്കിന് പേര്‍ക്കാണ് ഇത്തരത്തില്‍ പെന്‍ഷന്‍ നഷ്ടമായത്. പെന്‍ഷന്‍ തടയപ്പെടാനുള്ള കാരണം വിശദീകരിക്കാന്‍ ആദ്യം തദ്ദേശ സ്ഥാപനങ്ങള്‍ക്കും സാധിച്ചില്ല. അനര്‍ഹരെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പരിശോധന നടന്നുവരുന്നേ ഉണ്ടായിരുന്നുള്ളു. അതിനിടക്കുള്ള വെട്ടിനിരത്തല്‍ അപ്രതീക്ഷിതമായിരുന്നു. മരിച്ചവരെയും നാല് ചക്ര വാഹനം സ്വന്തമായുള്ളവരെയും ഡി.ബി.ടി സെല്‍ നേരിട്ട് ലിസ്റ്റില്‍നിന്ന് ഒഴിവാക്കി എന്നുള്ള വിശദീകരണമാണ് പിന്നീട് വന്നത്. ഓരോരുത്തരുടെയും കാരണം വ്യക്തമാക്കിയുള്ള ലിസ്റ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറുകയും ചെയ്തു. അനര്‍ഹരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന നടത്തുന്നതിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് നിലനില്‍ക്കെയാണ് അവര്‍ പോലുമറിയാതെ ഒരു പരിശോധനയും നടത്താതെ ഡി.ബി.ടി സെല്ലിനെ ഉപയോഗിച്ച് ധനവകുപ്പ് നേരിട്ട് കൂട്ടത്തോടെ വെട്ടിനിരത്തല്‍ ആരംഭിച്ചത്.
ഇപ്പോള്‍ പെന്‍ഷന്‍ തടയപ്പെട്ടവരെ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് സര്‍ക്കാരിന് ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല. മറ്റൊരു ഏജന്‍സിയെ സര്‍ക്കാര്‍ പരിശോധനക്കായി നിയോഗിക്കുകയോ അവരുടെ റിപ്പോര്‍ട്ട് സ്വീകരിക്കുകയോ ചെയ്തിട്ടുമില്ല. മോട്ടോര്‍ വാഹന രജിസ്‌ട്രേഷന്‍ സോഫ്റ്റ് വെയര്‍, മരണ രജിസ്‌ട്രേഷന്‍ സോഫ്റ്റ് വെയര്‍ എന്നിവയുമായി ക്ഷേമ പെന്‍ഷന്‍ സോഫ്റ്റ് വെയറിനെ ലിങ്ക് ചെയ്താണ് ഇപ്പോഴത്തെ വെട്ടിനിരത്തല്‍ നടത്തിയത്. പേര് മാത്രമാണ് ഈ പരിശോധനക്ക് ആധാരമാക്കിയത് എന്നാണ് അറിയുന്നത്. തന്മൂലം പേരില്‍ സാമ്യമുള്ളവരെയെല്ലാം കൂട്ടത്തോടെ ലിസ്റ്റിന് പുറത്താക്കുന്ന സ്ഥിതിവന്നു.
തദ്ദേശ സ്ഥാപനങ്ങളെ മുന്‍കൂട്ടി അറിയിക്കാതെയും ഇതുസംബന്ധിച്ച് നടക്കുന്ന പരിശോധനാറിപ്പോര്‍ട്ടിന് കാത്തിരിക്കാതെയും ധൃതിപ്പെട്ട് വെട്ടിനിരത്തല്‍ നടത്തിയതിന് പിന്നിലെ താല്‍പര്യം ദുരൂഹമാണ്. ഏത് സാമ്പത്തിക ഉപദേഷ്ടാവാണ് ഇതിന് പിന്നിലെന്ന് സര്‍ക്കാര്‍ തുറന്ന് പറയേണ്ടതുണ്ട്. പെന്‍ഷന്‍ തടയുന്നതിന് മുന്‍പായി ഇത്തരത്തില്‍ ലഭ്യമായ ലിസ്റ്റിന്റെ ഒരു സാമ്പിള്‍ പരിശോധന കേരളത്തിലെ ഏതെങ്കിലും ഒരു തദ്ദേശ സ്ഥാപനത്തിലെങ്കിലും നടത്താന്‍ സര്‍ക്കാര്‍ തയാറാകണമായിരുന്നു. എങ്കില്‍ ഈ വലിയ അബദ്ധത്തിലേക്ക് നീങ്ങേണ്ടി വരുമായിരുന്നില്ല. ഓണത്തിന് ക്ഷേമപെന്‍ഷന്‍ അനുവദിക്കുന്നു എന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്നവര്‍ക്ക് വിചിത്രമായ ഓണസമ്മാനമാണ് ഇതിലൂടെ ലഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളോട് ഈ ലിസ്റ്റ് പരിശോധിച്ച് അവയില്‍ അപാകതയുണ്ടെങ്കില്‍ പെന്‍ഷന്‍ പുനഃസ്ഥാപിക്കും എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയത്. പക്ഷേ ഒരു കാരണവും കൂടാതെ ഇവര്‍ക്ക് പെന്‍ഷന്‍ വൈകിപ്പിച്ചതിനും മരണപ്പെട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനും ആര് മറുപടി പറയും.
മുകളില്‍ വിവരിച്ചത് ലിസ്റ്റ് ശുദ്ധീകരണത്തിന് സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിന്റെ ഗുരുതരമായ പാളിച്ചയാണ്. അത് മാത്രമല്ല പ്രശ്‌നം, സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധന നടത്തി തദ്ദേശ സ്ഥാപനങ്ങള്‍ പാസാക്കിയ അപേക്ഷകരെ പുനഃപരിശോധനക്ക് വിധേയമാക്കുന്നതും കേരളത്തില്‍ ഇതാദ്യമായാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പ്രാദേശിക സര്‍ക്കാരുകള്‍ പാസാക്കിയ മൂന്നര ലക്ഷത്തോളം ഗുണഭോക്താക്കളെയാണ് പുതിയ മാനദണ്ഡമുപയോഗിച്ച് ഇപ്പോള്‍ പുനഃപരിശോധിക്കുന്നത്. 2017 മെയ് 31ന് അടച്ചിട്ട ക്ഷേമപെന്‍ഷന്‍ സോഫ്റ്റ് വെയര്‍ ഈയിടെ മാത്രമാണ് തുറന്നത്. 14 മാസം സോഫ്റ്റ് വെയറില്‍ പുതുതായി ഒരാളുടെ വിവരങ്ങള്‍ പോലും ഡാറ്റാഎന്‍ട്രി നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ പുതുതായി പെന്‍ഷന്‍ ലഭിക്കുന്ന സാഹചര്യവുമുണ്ടായില്ല.
എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി തദ്ദേശ സ്ഥാപന ഭരണ സമിതി പെന്‍ഷന്‍ അനുവദിക്കാന്‍ തീരുമാനമെടുത്ത മൂന്നര ലക്ഷത്തോളം അപേക്ഷകളാണ് ഡാറ്റാ എന്‍ട്രി നടത്താന്‍ സാധിക്കാതെ പോയത്. ഇപ്പോള്‍ സോഫ്റ്റ് വെയര്‍ തുറന്നെങ്കിലും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഡാറ്റാ എന്‍ട്രി നടത്തുന്നതിന് മുമ്പ് പുതിയ അര്‍ഹതാ മാനദണ്ഡങ്ങള്‍ പ്രകാരം പുനഃപരിശോധന നടത്തണമെന്നാണ് ഉത്തരവ്. ഒരു ലക്ഷത്തില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ക്ഷേമപെന്‍ഷന് അര്‍ഹതയുണ്ടായിരുന്നത്. വില്ലേജ് ഓഫിസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സാമ്പത്തിക മാനദണ്ഡ രേഖയായി പരിഗണിച്ചിരുന്നത്. ഇതിന് പുറമെ സാമ്പത്തിക മാനദണ്ഡം പരിശോധിക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ കൊണ്ടുവന്നാണ് നിലവില്‍ പാസായവരെ വെട്ടിച്ചുരുക്കാന്‍ ശ്രമിക്കുന്നത്. കേരളീയരുടെ ജീവിത നിലവാരത്തില്‍ വന്ന മാറ്റത്തെ കാണാതെയുള്ളതാണ് ഈ മാനദണ്ഡങ്ങള്‍. 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളില്‍ താമസിക്കുന്നവര്‍, 1000 സി.സി എന്‍ജിന്‍ ക്ഷമതയുള്ള ടാക്‌സി ഒഴികെയുള്ള വാഹനങ്ങളോ, ലോറി, ബസ്, ടെംബോ, ട്രാവലര്‍ എന്നിവയോ സ്വന്തമായുള്ളവര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് വിരമിച്ചവര്‍ എന്നിവരെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കുന്നതിനാണ് പുതിയ നിര്‍ദേശം.
ഇതില്‍ വീടിന്റെ വിസ്തീര്‍ണം മാനദണ്ഡമാക്കിയത് അര്‍ഹരായവരെ ലിസ്റ്റിന് പുറത്തേക്ക് നയിക്കും. 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകള്‍ സ്വന്തമായുള്ളവരെയും അത്തരം വീടുകളില്‍ താമസിക്കുന്നവരെയും പെന്‍ഷന് പരിഗണിക്കേണ്ടതില്ലെന്നാണ് ഉത്തരവ്. സ്വന്തമായി വീടു പോലുമില്ലാത്ത വിധവകളും മറ്റു അവശവിഭാഗങ്ങളും ബന്ധുഭവനങ്ങളിലോ മറ്റോ താമസിക്കുന്നവരാണ്. മറ്റൊരു വരുമാനമാര്‍ഗവുമില്ലാതെ ബന്ധുക്കളെ ആശ്രയിച്ചു കഴിയുന്ന ഇവര്‍ക്ക് സ്വന്തമായുള്ള ഏക വരുമാനമാണ് ക്ഷേമ പെന്‍ഷന്‍. ഇവര്‍ താമസിക്കുന്ന വീടിന്റെ വിസ്തൃതിയുടെ പേരില്‍ നിലക്കാന്‍ പോകുന്നത് ഈ വരുമാനമാണ്.
നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പെന്‍ഷന്‍ പാസാക്കിയ മൂന്നര ലക്ഷം അപേക്ഷകള്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പുനഃപരിശോധനയില്‍ പാതിയായി ചുരുങ്ങുമെന്നതില്‍ തര്‍ക്കമില്ല. ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവരത്രയും യഥാര്‍ഥത്തില്‍ അര്‍ഹരാണ് എന്ന വസ്തുതയാണ് സര്‍ക്കാര്‍ കാണാതെ പോകുന്നത്. ഇതിന് ശേഷം നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 42 ലക്ഷത്തോളം പേരെയും പുതിയ അര്‍ഹതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധനക്ക് വിധേയമാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. തന്മൂലം കാലങ്ങളായി ക്ഷേമപെന്‍ഷനെ ആശ്രയിച്ചു പോന്നിരുന്ന പലര്‍ക്കും ഇവ നഷ്ടമാവും.

 

(മുസ്‌ലിംലീഗ് സംസ്ഥാന
ജന.സെക്രട്ടറിയാണ് ലേഖകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.