2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

Editorial

അച്ചടക്കമെന്നാല്‍ അടിമത്വമല്ല


അച്ചടക്കം പാലിക്കാന്‍ ആവശ്യപ്പെടുന്നവര്‍ ഇക്കാലത്ത് ഏകാധിപതികളായി ചിത്രീകരിക്കപ്പെടുന്നു എന്ന് പരിഭവം പറഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഒരു പുസ്തകം പ്രകാശനം ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം. ജനാധിപത്യവും പൗരാവകാശങ്ങളുമൊക്കെ കടുത്ത വെല്ലുവിളികള്‍ നേരിടുന്ന രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മോദിയുടെ പരാമര്‍ശത്തിന് ഏറെ പ്രാധാന്യമുണ്ട്.
ആര് ആരെ ഏകാധിപതിയായി ചിത്രീകരിക്കുന്നു എന്നൊന്നും മോദി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പണ്ട് ‘എന്നെക്കണ്ടാല്‍ കിണ്ണം കട്ടവനാണെന്നു തോന്നുമോ’ എന്ന് ചോദിച്ചയാളുടെ മാനസികാവസ്ഥ ഈ പരാമര്‍ശത്തിനു പിന്നിലുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഏകാധിപത്യ ശൈലിയിലൂടെ തന്നെയാണ് മോദിയുടെ ഭരണം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും ഒഴികെയുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. ആ തിരിച്ചറിവില്‍ നിന്നുകൊണ്ട് സ്വയം ന്യായീകരിക്കാന്‍ തന്നെയാണ് മോദി ഇങ്ങനെയൊക്കെ പറഞ്ഞതെന്നു വ്യക്തമാണ്.
ജനാധിപത്യ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടാണ് ബി.ജെ.പി ഭരണം മുന്നേറുന്നത്. കേന്ദ്രത്തില്‍ മാത്രമല്ല ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലും അതാണു സ്ഥിതി. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ കാതലാണ്. എന്നാല്‍ വിയോജിപ്പുകളെയെല്ലാം അടിച്ചമര്‍ത്തുന്ന സമീപനമാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി ഭരണകൂടങ്ങള്‍ സ്വീകരിച്ചുപോരുന്നത്. നീതിക്കു വേണ്ടി ദരിദ്ര, പിന്നാക്ക ജനവിഭാഗങ്ങള്‍ നടത്തുന്ന സമരങ്ങളെ നിഷ്ഠൂരമായാണ് അവര്‍ നേരിടുന്നത്. ഇത്തരം സമരങ്ങളെ സഹായിക്കുന്നവരെ രാജ്യദ്രോഹികളെന്നും മാവോയിസ്റ്റുകളെന്നുമൊക്കെ മുദ്രയടിച്ച് അറസ്റ്റ് ചെയ്തു പീഡിപ്പിക്കുന്നത് രാജ്യത്തു നിത്യസംഭവമായി മാറിയിട്ടുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വിഭാഗങ്ങളില്‍പെടുന്നവരെ പട്ടാപ്പകല്‍ തല്ലിക്കൊല്ലുന്ന സംഘ്പരിവാര്‍ ക്രിമിനലുകള്‍ക്ക് ഭരണകൂട സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.
പ്രതിപക്ഷ ശബ്ദങ്ങള്‍ക്കു ചെവികൊടുക്കാന്‍ വിസമ്മതിക്കുന്ന മോദി സ്വന്തം പാര്‍ട്ടിയെപ്പോലും അപ്രസക്തമാക്കിക്കൊണ്ടാണ് ഭരണം നടത്തുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ നയപരിപാടികള്‍ തീരുമാനിക്കുന്നതില്‍ ഭരണകക്ഷിക്കുള്ള റോള്‍ ഇപ്പോള്‍ ബി.ജെ.പിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. മോദി തീരുമാനിക്കുന്ന കാര്യങ്ങള്‍ തലകുലുക്കി സമ്മതിക്കുന്നവര്‍ മാത്രമായി മാറിയിരിക്കുകയാണ് പാര്‍ട്ടിയിലെ ചെറുതും വലുതുമായ നേതാക്കള്‍. അങ്ങനെ ഭരണത്തില്‍ മാത്രമല്ല പാര്‍ട്ടിയില്‍ പോലും മോദി എന്ന ഒരു വ്യക്തിയുടെ സമഗ്രാധിപത്യമാണ് നിലനില്‍ക്കുന്നത്.
ഏകാധിപത്യത്തെ നീതീകരിക്കാന്‍ ഏകാധിപതികള്‍ എടുത്തു പ്രയോഗിക്കുന്ന ഏറ്റവും മികച്ച ആയുധമാണ് അച്ചടക്കം. തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം മറുത്തൊന്നും പറയാതെ ജനത അംഗീകരിക്കുക എന്നതാണ് ഏകാധിപതികളുടെ നിഘണ്ടുവില്‍ അച്ചടക്കം എന്ന വാക്കിന്റെ വ്യംഗ്യാര്‍ഥം. അതേ അര്‍ഥത്തില്‍ തന്നെയാണ് മോദിയും ഇപ്പോള്‍ ആ വാക്കെടുത്തു പ്രയോഗിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് തന്റെ ഏകാധിപത്യ വാഴ്ചയെ ഉറപ്പിച്ചു നിര്‍ത്താന്‍ ഇന്ദിരാഗാന്ധി ആശ്രയിച്ചതും അച്ചടക്കത്തെ തന്നെയായിരുന്നു. അടിയന്തരാവസ്ഥയിലെ പൗരാവകാശ ധ്വംസനങ്ങളെ ചോദ്യംചെയ്തവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും കസ്റ്റഡിയില്‍ പീഡിപ്പിക്കുകയും കൊല്ലുകയുമൊക്കെ ചെയ്ത ഇന്ദിരാ ഭരണകൂടം ‘നാവടക്കൂ പണിയെടുക്കൂ’ എന്നൊരു മുദ്രാവാക്യം തന്നെ സൃഷ്ടിക്കുകയും ചെയ്തു. അച്ചടക്കമെന്ന പേരില്‍ ഭരണകൂടത്തെ മിണ്ടാതെ അനുസരിക്കാന്‍ ജനതയെ ശീലിപ്പിക്കാന്‍ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയ ഇന്ദിരാഗാന്ധിക്ക് ജയപ്രകാശ് നാരായണ്‍ നല്‍കിയ മറുപടി അച്ചടക്കമെന്നാല്‍ അടിമത്വമല്ല എന്നായിരുന്നു.
ഇന്ദിരാഗാന്ധി ഒരു ഉത്തരവിലൂടെയാണ് അടിയന്തരാവസ്ഥ കൊണ്ടുവന്നതെങ്കില്‍ അടിയന്തരാവസ്ഥയ്ക്ക് ഉത്തരവിന്റെ പോലും ആവശ്യമില്ലെന്നു തെളിയിക്കുകയാണ് മോദി. പ്രഖ്യാപനമില്ലാതെ തന്നെ അടിയന്തരാവസ്ഥയ്ക്കു തുല്യമായ രാഷ്ട്രീയാന്തരീക്ഷത്തിലൂടെയാണ് രാജ്യമിപ്പോള്‍ കടന്നുപോകുന്നത്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തലും പൗരാവകാശ ധ്വംസനങ്ങളുമൊക്കെ ഏറെക്കുറെ അന്നത്തെ അളവില്‍ തന്നെ ഇപ്പോഴും രാജ്യത്തു നടക്കുന്നുണ്ട്. അതു ജനങ്ങള്‍ തിരിച്ചറിയുന്നു എന്നു മനസിലാക്കിയാണ് മോദി അച്ചടക്കവാദവുമായി രംഗത്തു വന്നിരിക്കുന്നതെന്നു വ്യക്തം. എന്നാല്‍, മോദി ഉദ്ദേശിക്കുന്നതുപോലെ ഭരണകൂടത്തിന്റെ ജനവിരുദ്ധതയെല്ലാം കണ്ടും കേട്ടും മിണ്ടാതെ അനുസരിക്കുന്ന അച്ചടക്കം പാലിക്കാന്‍ തയാറല്ലെന്നു തന്നെയാണ് ജനാധിപത്യ വിശ്വാസികള്‍ക്ക് അദ്ദേഹത്തോട് പറയാനുള്ളത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.