2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഹൈദരാബാദ് സര്‍വകലാശലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നീക്കം; എം.എസ്.എഫ് പ്രതിഷേധത്തിനിടെ സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് അധികൃതരുടെ കയ്യേറ്റം

ഹൈദരാബാദ്: പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ എം.എസ്.എഫ് യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ‘തഹ്രീര്‍’ പ്രതിഷേധ പരിപാടിക്ക് അനുമതി നിഷേധിച്ചും സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് പരിപാടി തടസ്സപെടുത്താനും ശ്രമിച്ച് സര്‍വകലാശാല അധികൃതര്‍. ആസാം പൗരത്വ രജിസ്റ്റര്‍ പ്രശ്‌നം,
മുസഫര്‍ നഗറിലെ ആത്മഹത്യാ കേസുകളില്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം, പെഹ്ലുഖാന്‍ കേസുകളിലടക്കമുള്ള നീതി നിഷേധം തുടങ്ങിയവ പ്രമേയമാക്കി ഗവേഷകരുടെ സംഭാഷണവും ഡോക്യുമെന്ററി പ്രദര്‍ശനവും ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടി വെള്ളിയാഴ്ച്ച വൈകീട്ട് വെളിവാടയില്‍ സംഘടിപ്പിച്ചപ്പോഴാണ് സംഭവം.

പരിപാടിയുടെ ഒരുക്കങ്ങളുമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുന്നതിനിടെ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ എം.എസ്.എഫ് നേതാക്കളെ ഫോണില്‍ ബന്ധപെടുകയും 2016 ലെ സര്‍ക്കുലര്‍ ചൂണ്ടികാട്ടി പൊതു സ്ഥലത്ത് പരിപാടി സംഘടിപ്പിക്കരുതെന്നും ഇന്‍ഡോര്‍ പരിപാടി ആയി നടത്താന്‍ മാത്രമേ അനുമതി തരൂ എന്നും ശഠിക്കുകയായിരുന്നു. എന്നാല്‍ ഇത് ക്യാമ്പസ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ കൂച്ച് വിലങ്ങിടാനുള്ള അധികൃതരുടെ ശ്രമമാണെന്നും തഹ്രീര്‍ പോലുള്ള പ്രതിഷേധ പരിപാടി ഇന്‍ഡോര്‍ ആയി യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടത്താന്‍ പറ്റുന്നതല്ലെന്നും എം.എസ്.എഫ് രജിസ്ട്രാര്‍ക്ക് മറുപടി നല്‍കി.

അതോടെ യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി വിഭാഗം തലവന്‍ സമ്മര്‍ദ്ദ തന്ത്രവുമായി മുന്നോട്ട് വരികയായിരുന്നു. എന്നാല്‍ രജിസ്ട്രാറുടെ മുന്‍പിലും മുന്‍ നിലപാടില്‍ എം.എസ്.എഫ് ഉറച്ച് നിന്നതോടെ പരിപാടി മുടക്കാനുള്ള ആ ശ്രമവും വിഫലമായി. തുടര്‍ന്ന് പരിപാടിയുടെ ഏതാനും മണിക്കൂറുകള്‍ മുന്‍പ് വി.സി യുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരിപാടിക്കുള്ള അനുമതി നിഷേധിക്കുന്നതായി എം.എസ്.എഫ് യൂണിറ്റ് പ്രസിന്‍ഡ് മുഹമ്മദ് ഷമീം പൂക്കോട്ടൂരിന് അയച്ച സര്‍ക്കുലരില്‍ രജിസ്ട്രാര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പരിപാടിക്കായി വെളിവാടയില്‍ ഒത്തു ചേര്‍ന്നപ്പോള്‍ യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി ജീവനക്കാര്‍ ബലം പ്രയോഗിക്കുകയും എന്നാല്‍ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് പരിപാടി നടത്താന്‍ അനുവദിക്കുകയും ചെയ്യുകയായിരന്നു.

കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ മോദി ഭരണകൂടത്തിനെതിരെ ആഗസ്റ്റ് 5ന് സര്‍വ്വകലാശാലയില്‍ എ.ബി.വി.പി ഒഴികെയുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകളുടെ സംയുക്ത പ്രതിഷേധ സംഗമത്തെ തുടര്‍ന്നാണ് ക്യാമ്പസിലെ പുതിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഈ പ്രതിഷേധ പരിപാടിക്ക് തടയിടുന്നതിനായി ക്യാമ്പസില്‍ സൈബരാബാദ് പോലീസ് കമ്മീഷണറുടെ പഴയ ഓര്‍ഡറിന്റെ മറവില്‍ നിരോധനാജ്‌ന പ്രഖ്യാപിക്കുകയും സൈബരാബാദ് പോലീസും സി.ആര്‍.പി.എഫും ക്യാമ്പസില്‍ കയറി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണം അഞ്ചോളം പരിപാടികള്‍ക്ക് അനുമതി നിഷേധിക്കുകയും ഏറ്റവുമൊടുവില്‍ പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ദ്ദന്റെ ബാബരി മസ്ജിദ് ധ്വംസനത്തെ കുറിച്ചുള്ള പ്രശസ്ത ഡോക്യുമെന്ററി ‘രാം കെ നാം’ ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസ കഴിഞ്ഞ ചൊവ്വാഴ്ച്ച പ്രദര്‍ശിച്ചപ്പോള്‍ പോലീസ് ക്യാമ്പസിലേക്ക് വീണ്ടും അതിക്രമിച്ച് കയറുകയും ഇതില്‍ പ്രതിഷേധിച്ച ആറ് ഐസ-എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവ പരമ്പരയിലെ അവസാനത്തേതാണ് കഴിഞ്ഞ ദിവസം എം.എസ്.എഫ് പ്രതിഷേധ പരിപാടിയില്‍ അരങ്ങേറിയത്. എം.എസ്.എഫിന്റെ പ്രതിഷേധ പരിപാടിക്ക് ആഷികു റസൂല്‍, ഷിബിലി, ഫസല്‍, മുഹമ്മദ് ആഷിഖ്, സല്‍മാന്‍ കെ.എച്ച്, അയൂബ് റഹ്മാന്‍, ഷിഹാബ് പൊഴുതന, നജ്ല, നുസ്റത്ത്, റിഷാദ്,സഫ്വാന്‍, ആസിഫ്,അര്‍ഷാദ്, എന്നിവര്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News