2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ബക്കളത്ത് മുസ്‌ലിം ലീഗ് ഓഫിസിന് നേരെ ബോംബേറ്

തളിപ്പറമ്പ്(കണ്ണൂര്‍) : ആന്തൂര്‍ ബക്കളത്ത്  മുസ്‌ലിം ലീഗ് ഓഫിസിന് നേരെ ബോംബേറ്. ബക്കളം പുന്നക്കുളങ്ങരയിലെ ലീഗ് ഓഫിസായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന് നേരെയാണ് ബോംബേറ് നടന്നത്. തൊട്ടു താഴെ പ്രവര്‍ത്തിക്കുന്ന ഇറച്ചി കോഴി കടക്കും ബോംബേറില്‍ കേടുപാടുകള്‍ സംഭവിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ബോംബേറില്‍ ഓഫിസിന്റെ ചുമരിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.  തൊട്ടുതാഴെയുള്ള ഇറച്ചി കോഴിക്കടയുടെ മേല്‍ക്കൂര തകര്‍ന്നു. ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കടമ്പേരിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ അഷ്‌റഫിന്റെതാണ് കട.
 
സംഭവത്തിന് പിറകില്‍ സിപിഎമ്മാണെന്ന് മുസ് ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. കോഴി കടക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു. കടകള്‍ക്ക് നേരെയുള്ള അക്രമം അംഗീകരിക്കാനാവില്ലെന്ന് വ്യാപാരി വ്യവസായി നേതാക്കള്‍ പറഞ്ഞു. എസ്‌ഐ കെ കെ പ്രശോഭിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.   മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി മഹമൂദ് അള്ളാംകുളം, സി.പി.വി അബ്ദുല്ല, പി മുഹമ്മദ് ഇഖ്ബാല്‍, സമദ് കടമ്പേരി, കോണ്‍ഗ്രസ് നേതാക്കളായ പി എം പ്രേംകുമാര്‍, വത്സന്‍ കടമ്പേരി തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
 
മുസ് ലിം ലീഗിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകരെ സി പി എം വേട്ടയാടുകയാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി പറഞ്ഞു. ജില്ലയില്‍ സമാധാനം ഉറപ്പ് വരുത്താനും സംരക്ഷിക്കാനുമുള്ള ബാധ്യത പൊലീസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
ഭയപ്പെടുത്തി മുസ്‌ലിം ലീഗ് പ്രവര്‍ത്തനം നിഷ്‌ക്രിയമാക്കാമെന്ന സി പി എം വ്യാമോഹിക്കേണ്ടെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. പൊതുസമൂഹത്തിലെ പലരും ലീഗിലേക്ക് കടന്നു വരുന്നുണ്ട്. അതിലുള്ള അസഹിഷ്ണുതയാണ് സിപിഎം അക്രമത്തിന് പിറകിലെന്നും കരീം ചേലേരി കുറ്റപ്പെടുത്തി.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.