2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അതിര്‍ത്തികളില്‍ പ്രകോപനവുമായി ചൈന

1954ല്‍ നടന്ന തിബത്തന്‍ വിപ്ലവവും മതാചാര്യനായ ദലൈ ലാമക്ക് ഇന്ത്യ അഭയം നല്‍കിയതും ചൈനയെ ചൊടിപ്പിച്ചുവെന്നതു നേര്. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അരുണാചല്‍ സന്ദര്‍ശിക്കുന്നതിനെ ചൈന എതിര്‍ത്തു. കഴിഞ്ഞ മാര്‍ച്ചില്‍ ബിഹാറിലെ നളന്ദയില്‍ കേന്ദ്രസാംസ്‌കാരികവകുപ്പ് സംഘടിപ്പിച്ച ബഹുമത കണ്‍വന്‍ഷനില്‍ ലാമയെ പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെയും എതിര്‍ത്തു. ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് 16 യുദ്ധക്കപ്പലുകളെയും 95 ഫൈറ്റര്‍ ജെറ്റുകളെയും വിന്യസിച്ച് അറബിക്കടലില്‍ നടത്തിയ മലബാര്‍ ഡ്രില്‍ എന്ന സൈനികപരിപാടിയും ചൈനയെ ചൊടിപ്പിച്ചു.

എന്‍. അബു

കടന്നാക്രമണങ്ങള്‍ക്ക് അവധി നല്‍കാതെ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ കശ്മിര്‍ അതിര്‍ത്തിയില്‍ നരനായാട്ടു തുടരുകയാണ്. പാക് പിന്തുണയോടെ അതിര്‍ത്തി കടന്നെത്തുന്നവര്‍ നമ്മുടെ സൈനികര്‍ക്കെതിരേ മാത്രമല്ല, നാട്ടുകാര്‍ക്കെതിരേയും നിറയൊഴിക്കുന്നു.

പാകിസ്താന്റെ ഈ ക്രൂരനടപടിയെ അപലപിക്കാന്‍ നമ്മുടെ മറ്റൊരു അയല്‍രാജ്യമായ ചൈന ഇതുവരെ തയാറായിട്ടില്ല. അമേരിക്കന്‍ സഹായം നഷ്ടപ്പെട്ട പാകിസ്താനെ ചൈന കാര്യമായി സഹായിക്കുന്നുണ്ടെന്നാണു സൂചന. ചൈനയുടെ ഈ നിലപാടിനെയും നീക്കങ്ങളെയും ഇന്ത്യ നിസ്സാരവല്‍ക്കരിക്കുകയാണോ എന്ന് സംശയം തോന്നുന്നു.
നമ്മുടെ അതിര്‍ത്തിക്കരികെ ചൈന ബങ്കറുകള്‍ കുഴിക്കുകയും കെട്ടിടങ്ങള്‍ പണിയുകയും ചെയ്യുന്നതു നാട്ടുകാര്‍ പറഞ്ഞപ്പോഴാണു സൈനികാധികൃതര്‍പോലും അറിഞ്ഞത്. ഇന്ത്യന്‍ കരസേനാതാവളങ്ങള്‍ക്കു കേവലം പത്തു കിലോമീറ്റര്‍ അകലെപ്പോലും ടാങ്കുകളുടെ പാര്‍ക്കിങ്ങിനു സൗകര്യവും ഇരട്ടനിലയുള്ള നിരീക്ഷണ ടവറുകളും ചൈനീസ് പട്ടാളം നിര്‍മിച്ചതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജിവാല ആരോപിക്കുന്നു.
ഗൗരവതരമായ കാര്യം അതല്ല. ചൈനീസ് കുതന്ത്രങ്ങളെ ഇന്ത്യന്‍ ഭരണകൂടവും ജനങ്ങളും ഒരുമിച്ചു നേരിടേണ്ട ഘട്ടത്തിലാണ് ഇവിടത്തെ പ്രധാനകക്ഷികളിലൊന്നായ സി.പി.എം ചൈനയ്ക്ക് അനുകൂലമായ നിലപാടെടുക്കുന്നത്. ‘ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’ എന്ന മുദ്രാവാക്യം മുഴക്കേണ്ട അവസരത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണമാണു ചൈനയില്‍ നടക്കുന്നതെന്നതു കൊണ്ടാവണം സി.പി.എം അവര്‍ക്കു ‘ഗുഡ് സര്‍വീസ് എന്‍ട്രി’ നല്‍കുകയാണ്.
‘മഴയങ്ങും കുടയിങ്ങും’ എന്ന ചൊല്ലിന് ഏറെ പ്രചാരം കിട്ടിയത് അറുപതുകളിലാണ്. അതിര്‍ത്തിയില്‍ ചൈന നടത്തിയ കൈയേറ്റശ്രമം ഇന്ത്യന്‍സേന ശക്തമായി തിരിച്ചടിച്ചു കൊണ്ടിരുന്ന കാലം. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ നടന്ന ആ യുദ്ധത്തില്‍ ഭാരതീയര്‍ ഒന്നിച്ചുനിന്നു മുദ്രാവാക്യം ഉയര്‍ത്തി. അക്കാലത്താണു ചരിത്രത്തിലാദ്യമായി ബാലറ്റ്‌പെട്ടിയിലൂടെ കേരളത്തില്‍ അധികാരമേറിയ സി.പി.എമ്മിന്റെ താത്വികാചാര്യനായ ഇ.എം.എസ് ഒരു പ്രസ്താവന നടത്തിയത്. ‘ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന സ്ഥലത്തിനു വേണ്ടിയുള്ള പോരാട്ടം’ എന്നാണ് അദ്ദേഹം ആ യുദ്ധത്തെ വിശേഷിപ്പിച്ചത്.
അരനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷം ഉരുണ്ടുകൂടുമ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്, ‘മുതലാളിത്ത രാഷ്ട്രങ്ങളെ കൂട്ടുപിടിച്ചു ചൈനയെ ഇന്ത്യ തടങ്കലിലാക്കുകയാണ് ‘എന്നാണ്.
കോടിയേരി കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയാണ്. വി.എസ് അച്യുതാനന്ദന്‍ നിയമസഭാ പാര്‍ട്ടി ലീഡറായിരുന്നപ്പോള്‍ ഉപനേതാവായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് ഭരണകാലത്തു പ്രതിപക്ഷത്തായിരുന്ന കോടിയേരി, തലശ്ശേരി പൊലിസ്‌സ്റ്റേഷനു മുന്നില്‍ സി.പി.എം ധര്‍ണ ഉദ്ഘാടനം ചെയ്തത് ഓര്‍മവരുന്നു. ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാര്‍ട്ടിപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ. അന്നു കോടിയേരി പ്രസംഗിച്ചത് പൊലിസ് സ്റ്റേഷനുള്ളിലും വേണ്ടിവന്നാല്‍ ബോംബുണ്ടാക്കുമെന്നായിരുന്നു.
ഇന്നു പറയത്തക്ക കാരണമൊന്നുമില്ലാതെയാണു കേരളത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ചൈനയ്ക്ക് ഓശാന പാടുന്നത്. സോഷ്യലിസ്റ്റ് പാതയില്‍ ദാരിദ്ര്യം തുടച്ചുനീക്കാന്‍ ശ്രമിക്കുന്ന ചൈനയെ തകര്‍ക്കാന്‍ ജപ്പാനെയും ഓസ്‌ട്രേലിയയെയും കൂട്ടുപിടിച്ച് അമേരിക്ക രൂപപ്പെടുത്തിയെടുക്കുന്ന അച്ചുതണ്ടിന്റെ ഭാഗമായി ഇന്ത്യയും പ്രവര്‍ത്തിക്കുന്നുവത്രേ.
തീര്‍ച്ചയായും ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങള്‍ നല്ല അയല്‍പക്കബന്ധമാണ് ആഗ്രഹിക്കുന്നത്. ‘ഹിന്ദി-ചീനി ഭായി ഭായി’. ഐക്യരാഷ്ട്രസഭയില്‍ ചൈനയ്ക്ക് അംഗത്വം നല്‍കണമെന്ന് ആദ്യമായി വാദിച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. പ്രധാനമന്ത്രിമാരായ ചൗ എന്‍ ലായിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ചേര്‍ന്നു 1954ല്‍ ഒപ്പിട്ട പഞ്ചശീല്‍ എന്ന അഞ്ചിന സമാധാന ഉടമ്പടി തന്നെ അതിനുദാഹരണമാണ്.
ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന സഹവര്‍ത്തിത്വത്തിന്റെ ആ സന്ധിക്ക് 1962ല്‍ തന്നെ നിഴല്‍ വീണു. ചൈനീസ് പട്ടാളം അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്നായിരുന്നു അത്. ലഡാക്ക് അതിര്‍ത്തിയിലെ അക്‌സായി ചിന്‍ നമ്മുടെ പ്രദേശമാണെന്ന അവകാശവാദം ചൈന അംഗീകരിച്ചില്ല. മക്‌മോഹന്‍ എന്ന അതിര്‍ത്തിരേഖയും ചൈന അംഗീകരിച്ചില്ല. സൈനികോദ്യോഗസ്ഥരുടെ ഉപദേശം നിരാകരിച്ചു രാജ്യരക്ഷാമന്ത്രി വി.കെ കൃഷ്ണമേനോന്‍ തന്നെ ചൈനീസ് അക്രമകാരികളെ തുരത്താനായി ബലം പ്രയോഗിക്കാന്‍ ഉത്തരവാകുകയായിരുന്നു.
1962-ലെ യുദ്ധം ഒരു മാസക്കാലമാണു നീണ്ടുനിന്നത്. പിന്നീട് പല ചര്‍ച്ചകളും പല സന്ദര്‍ശനങ്ങളും നടന്നു. 1988-ല്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി നടത്തിയ പര്യടനം കലാ,സാംസ്‌കാരിക രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുപ്പത്തിനു കാരണമായി. വെസ്റ്റ് ഹെവന്‍സ് എന്ന സംഘടന ഷാങ്ഹായിയില്‍ നടത്തിയ പരിപാടിയില്‍ പരമ്പരാഗതമായ സംഗീതപരിപാടികളുണ്ടായി. ന്യൂയോര്‍ക്കില്‍ പോലും ഇന്ത്യ-ചൈന ഇന്‍സ്റ്റിറ്റ്യൂട്ട് എന്നൊരു സ്ഥാപനം നിലവില്‍ വന്നു.
ആണവശാസ്ത്ര രംഗത്തെ കുലപതിയായിരുന്ന ഡോ. ഹോമിഭാഭ ശക്തിയായി ശുപാര്‍ശ ചെയ്തിട്ടും അണുബോംബ് നിര്‍മാണത്തെ ശക്തിയായി എതിര്‍ത്ത ശാന്തിദൂതനായിരുന്നു നെഹ്‌റു. അതേസമയം 1964-ന്റെ മധ്യത്തില്‍ ചൈന അണ്വായുധ പരീക്ഷണം നടത്തി. ഇന്നിപ്പോള്‍ ഇന്ത്യയോട് അടുപ്പം കാണിക്കുന്ന അമേരിക്ക ഭീകരതയുടെ പേരു പറഞ്ഞു പാകിസ്താനോട് അകലം പാലിച്ചുകൊണ്ടിരിക്കുന്നതു ചൈന ശ്രദ്ധിക്കുന്നുണ്ട്. ഭീകരസംഘടനകളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം പാകിസ്താനെന്ന രാജ്യത്തിനുമേല്‍ മാത്രം അടിച്ചേല്‍പ്പിക്കരുതെന്ന ചൈനീസ് വിദേശകാര്യ വക്താവ് ലുകാങ്ങ് പറഞ്ഞത് ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്.
ഡിസംബര്‍ 28നു ട്യുട്ടിങ്ങില്‍ കടന്നുകയറി റോഡ് നിര്‍മിക്കാനെത്തിച്ച മണ്ണുമാന്തല്‍ സംവിധാനം രണ്ടും ഇന്ത്യ തിരിച്ചു നല്‍കി. അതിക്രമിച്ചു കയറിയത് അബദ്ധവശാലാണെന്ന് അരുണാചലില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ചൈനീസ് അധികൃതര്‍ സമ്മതിച്ചതിന്റെ വെളിച്ചത്തിലായിരുന്നു ഇത്. ദോക്‌ലാമില്‍ 73 ദിവസം മുഖത്തോടുമുഖം നിന്ന ശേഷം ഇരു സൈന്യവും പിന്‍വലിഞ്ഞു.
എന്നാല്‍, അഞ്ചുലക്ഷത്തോളമുള്ള ഇന്ത്യന്‍സൈനികരുടെ ആവശ്യത്തിന് അടിയന്തരമായി വേണ്ട 3457 കോടി രൂപയുടെ സാധനസാമഗ്രികള്‍ വാങ്ങാന്‍ ഇന്ത്യാ ഗവണ്‍മെന്റ് സമ്മതം മൂളിയത് ആറു മാസങ്ങള്‍ക്കു ശേഷമാണ്. അതാകട്ടെ 13 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഉന്നയിക്കപ്പെട്ട ആവശ്യവും. ആഴത്തിലിറങ്ങി കുഴിച്ചിട്ട ബോംബുകള്‍ കണ്ടെത്താന്‍ കഴിവുള്ള പ്രത്യേക യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാനാവശ്യമായ 32,000 കോടി രൂപയുടെ പദ്ധതി ഇന്ത്യ ഉപേക്ഷിച്ചതായാണ് ‘ഹിന്ദു’ പത്രം റിപ്പോര്‍ട്ട് ചെയ്തത്.
കശ്മിരില്‍ കലാപമുണ്ടാക്കാനുള്ള തീവ്രവാദസംഘടനകള്‍ക്കെതിരായ നീക്കത്തില്‍നിന്ന് ഒളിച്ചോടിപ്പോവുന്ന പാകിസ്താനെ സഹായിക്കുകയാണു ചൈന ചെയ്യുന്നതെന്നു കശ്മിര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കുറ്റപ്പെടുത്തുകയുണ്ടായി. ദോക്‌ലാം ചൈനയുടെ ഭാഗമാണെന്നും അവിടെ തങ്ങള്‍ എന്തെങ്കിലും പണിയുന്നുണ്ടെങ്കില്‍ അതേക്കുറിച്ചു സംസാരിക്കാന്‍ ഇന്ത്യക്കവകാശമില്ലെന്നുമാണു ചൈനീസ് നിലപാട്. സിക്കിം-ഭൂട്ടാന്‍-തിബത്ത് മുക്കവലയില്‍ സര്‍വകാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡ് നിര്‍മാണത്തില്‍നിന്നു ചൈനയെ പിന്മാറ്റിയെന്നതു നേര്. എന്നാല്‍, മഞ്ഞുവീഴ്ച അവസാനിക്കുന്നതോടെ ചൈനീസ് ഭടന്മാര്‍ കൂടുതലായി എത്തുന്നതിന്റെ സാധ്യത ഇന്ത്യന്‍ അധികൃതര്‍ തള്ളിക്കളയുന്നില്ല.
1954-ല്‍ നടന്ന തിബത്തന്‍ വിപ്ലവവും മതാചാര്യനായ ദലൈ ലാമക്ക് ഇന്ത്യ അഭയം നല്‍കിയതും ചൈനയെ ചൊടിപ്പിച്ചുവെന്നതു നേര്. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അരുണാചല്‍ സന്ദര്‍ശിക്കുന്നതിനെ ചൈന എതിര്‍ത്തു. കഴിഞ്ഞ മാര്‍ച്ചില്‍ ബിഹാറിലെ നളന്ദയില്‍ കേന്ദ്രസാംസ്‌കാരികവകുപ്പു സംഘടിപ്പിച്ച ബഹുമത കണ്‍വന്‍ഷനില്‍ ലാമയെ പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെയും എതിര്‍ത്തു. ഇന്ത്യയും അമേരിക്കയും ചേര്‍ന്നു 16 യുദ്ധക്കപ്പലുകളെയും 95 ഫൈറ്റര്‍ ജെറ്റുകളെയും വിന്യസിച്ച് അറബിക്കടലില്‍ നടത്തിയ മലബാര്‍ ഡ്രില്‍ എന്ന സൈനികപരിപാടിയും ചൈനയെ ചൊടിപ്പിച്ചു.
1600-ഓളം ചൈനീസ് പട്ടാളക്കാര്‍ ദോക്‌ലാം ഏരിയയില്‍ ഹെലിപാഡും റോഡും താവളങ്ങളും നിര്‍മിക്കുന്നതായ വര്‍ത്ത വന്നിരുന്നു. എന്നാല്‍, അത് അവരുടെ വടക്കന്‍ ഭാഗത്താണെന്നും അമ്പതു കിലോമീറ്റര്‍ അകലെ നടക്കുന്ന ആ പ്രവൃത്തിയെ തടയാന്‍ നമുക്ക് അവകാശമില്ലെന്നുമാണ് ഇന്ത്യന്‍ നിലപാട്. ഇന്ത്യന്‍ താവളമായ ജംഫേരി റിന്ധജ് വളരെ ഉയരത്തില്‍ അനുകൂലമായ നിലയിലുമാണ്. ധാരണ പ്രകാരം കഴിഞ്ഞ ഓഗസ്റ്റില്‍ വിവാദസ്ഥലത്തുനിന്ന് ഇരു സൈനികരും പിന്‍വാങ്ങിയ നിലയിലാണെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.
കൊളോണിയല്‍ ഭരണകാലം മുതല്‍ തന്നെ ദോക്‌ലാം പ്ലാറ്റ് തര്‍ക്ക വിഷയമാണ്. ഹിമാലയന്‍ നിരകളില്‍ പാറയും ഹിമവും ചേര്‍ന്നു നിന്നു ജുഗല്‍ബന്ദി നടത്തുന്ന ഈ പ്രദേശത്തെച്ചൊല്ലി ബ്രിട്ടനും ചൈനയും ഭൂട്ടാനും തര്‍ക്കിച്ചു നിന്നിരുന്നു. ഭൂട്ടാന്റെ ഭാഗമായ ഈ പ്രദേശത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ഇന്ത്യയുമായി ഭൂട്ടാന്‍ 2007ല്‍ ഉടമ്പടി ഒപ്പുവച്ചിരുന്നു.അരുണാചല്‍പ്രദേശ് എന്ന ഇന്ത്യന്‍ സംസ്ഥാനത്തെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന നിലപാടിലാണു ചൈന. ദോക്‌ലാമില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ തുരത്താന്‍ രണ്ടാഴ്ചയ്ക്കകം സൈനികനടപടി ആരംഭിക്കുമെന്നു ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് പത്രം ഭിഷണിപ്പെടുത്തി.
ഇന്ത്യന്‍ സൈന്യത്തെ 1962-ല്‍ ചൈന തോല്‍പ്പിച്ച കാര്യം മറക്കേണ്ടെന്ന അഹന്തയും പത്രത്തിന്റെ മുഖപ്രസംഗത്തിലുണ്ടായിരുന്നു. അതിന് 1962 അല്ല 2017 എന്ന ചുട്ട മറുപടി ഇന്ത്യ നല്‍കുകയും ചെയ്തു. ജൂലൈയില്‍ ഉത്തരാഖണ്ഡിലെ ബരാഹാതിയില്‍ കടന്നുകയറിയ ചൈനീസ് സംഘം വടക്കന്‍ അരുണാചലിലെ അപ്പര്‍ സിയാങ് ജില്ലയില്‍ ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറി സിയാങ് നദീതീരം വരെ എത്തുകയുണ്ടായി.
ചൈനീസ് സംഘത്തെ ബിഷിങ് ഗ്രാമത്തിനു സമീപം തടഞ്ഞു ഇന്ത്യന്‍ സേന തിരിച്ചടിച്ചതും ചൈനയുടെ രണ്ടു ബുള്‍ഡോസറുകള്‍, ടാങ്കര്‍ലോറി എന്നിവ പിടിച്ചെടുത്തതും തുടര്‍ന്നു നടന്ന സംഭവങ്ങളാണ്.
എന്നാല്‍, ദോക്‌ലാമില്‍ ചൈന റോഡ് പണിയുന്നതു കഴിഞ്ഞ ജൂണിലാണ് വാര്‍ത്തയായി വന്നത്. അവിടെ ഭൂട്ടാന്റെ രക്ഷയ്ക്കായി ഇന്ത്യ ഉയര്‍ത്തിയ ചില ബങ്കറുകള്‍ നശിപ്പിച്ചുകൊണ്ടായിരുന്നു റോഡ് നിര്‍മാണം. 400 സൈനികരെ വിന്യസിച്ച് ഇന്ത്യ ആ നിര്‍മാണം തടഞ്ഞു. ഇന്ത്യന്‍ പ്രദേശമായ സിലിഗുരിയിലേക്ക് ഏത് കാലാവസ്ഥയിലും കടക്കാന്‍ അമ്പതു കിലോമീറ്റര്‍ കുറച്ചുകിട്ടാന്‍ പാകത്തിലായിരുന്നു റോഡ്. ഇന്ത്യയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനാ സ്‌റ്റേറ്റ് കൗണ്‍സിലര്‍ യാങ്ങ് ജിയച്ചിയുമായി ഇരുപതു തവണ ചര്‍ച്ച നടത്തിയിട്ടും എല്ലാം ദോക്‌ലാമില്‍ തട്ടി തകരുകയായിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുന്‍ വിദേശകാര്യ സെക്രട്ടറിമാരായ എസ്. ജയശങ്കര്‍, ശിവശങ്കര്‍ മേനോന്‍, ശ്യാംസരണ്‍ എന്നിവര്‍ തുടങ്ങിവച്ച സമാധാനശ്രമങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിവുള്ള ആളാണ് അടുത്ത രണ്ടുവര്‍ഷത്തേയ്ക്കു നമ്മുടെ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ വിജയഗോഖലെ. 1981 ബാച്ചിലെ സിവില്‍ സര്‍വീസ് ഓഫീസറായ ഇദ്ദേഹത്തിനു ചൈനീസ് ഭാഷയായ മന്ദാരിനും നന്നായി അറിയുമെന്ന മെച്ചമുണ്ട്.ചൈനയെ പോലെ തന്നെ 100 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയും ജയിക്കണമെങ്കില്‍ പുലരേണ്ടത് സമാധാനമാണ്. അതേസമയം യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിനു നേരെ കണ്ണടച്ചാല്‍ ഇരു രാഷ്ട്രങ്ങളും വന്‍ ദുരന്തത്തിലാണവസാനിക്കുക.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.