2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ആതുരാലയങ്ങള്‍ ആര്‍ക്കുവേണ്ടി?

അമീര്‍അലി, കൊപ്പം

മെഡിക്കല്‍  രംഗത്തെ തട്ടിപ്പിന്റെ കഥകള്‍ ദിനംപ്രതി വാര്‍ത്തയാവുമ്പോഴും അധികാരിവര്‍ഗം സ്വീകരിക്കുന്ന അപക്വവും  അപകടകരവുമായ  മൗനം ഖേദകരം തന്നെ. കൂണുകള്‍ പോലെ മുളച്ച് പൊന്തുന്ന ആതുരാലയങ്ങള്‍ വ്യവസായ ശാലകളായിത്തീര്‍ന്നിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലൂടെയാണ് നിരാലംബരായ ജനത ഏറ്റവും കൂടുതല്‍ ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്.
വില കല്‍പിക്കപ്പെടുന്ന ഓരോ ജീവനും വേണ്ടി എന്തും ത്യജിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാണ് എന്ന ബോധ്യം ആരോഗ്യരംഗത്തെ മാഫിയകള്‍ക്കുണ്ട് എന്നതുകൊണ്ട് തന്നെ ചൂഷകര്‍ വിഹരിക്കുന്ന മേഖലയായി ഇത് അധപ്പതിച്ചിരിക്കുന്നു.
 മെഡിസിന്‍ പഠനത്തിന് വേണ്ടി വൈമനസ്യമില്ലാതെ ലക്ഷങ്ങള്‍ ചെലവഴിക്കുന്ന പലരുടെയും ഉള്ളിലിരിപ്പ് സര്‍വീസ് കാലഘട്ടത്തെ ‘കൊയ്ത്തുകാലമാക്കാമെന്ന’വ്യാമോഹം തന്നെയാണ്.
ക്രൂശിക്കപ്പെടുന്ന പാവപ്പെട്ട രോഗികള്‍ ചികിത്സക്കായി കിടപ്പാടം വരെ വിലക്ക് നല്‍കി മാറ്റിവക്കുന്ന ഓരോ തുട്ടുകളും കേവലം ടെസ്റ്റുകളുടെയും മരുന്നുകളുടെയും പേരുപറഞ്ഞ് നിര്‍ദാക്ഷിണ്യം അപഹരിച്ച് കൊണ്ടിരിക്കുകയാണ്.
മരണം ഉറപ്പ് വരുത്തിയതിന് ശേഷം മണിക്കൂറുകളോളം വെന്റിലേറ്ററില്‍ കിടത്തി പണം കവര്‍ന്ന അത്യാര്‍ഥിയുടെ വാര്‍ത്തകള്‍ക്ക് പോലും നാം മൂകസാക്ഷികളാകേണ്ടി വരുന്നു.
 മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ‘കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ’ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ ലാബുകളും മറ്റും നടത്തുന്ന ഈ പകല്‍കൊള്ള കാണാതെ പോകരുത്.
ചികിത്സാ നിരക്കുകള്‍ ഏകീകരിക്കുക വഴി ആരോഗ്യരംഗത്തെ തട്ടിപ്പുകള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍’ നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിക്കുന്നു എന്നത് പ്രതീക്ഷക്ക് വക നല്‍കുന്ന വാര്‍ത്തയാണ്.
ചികിത്സാ ചെലവുകള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുക, രോഗവിവരം രേഖാമൂലം രോഗികള്‍ക്ക് ലഭ്യമാക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ ഉള്‍കൊള്ളുന്ന ഈ ബില്ലിന്റെ പരിധിയില്‍ സര്‍ക്കാര്‍ ആശുപത്രികളും ഫാര്‍മസികളും മറ്റും ഉള്‍പ്പെടുന്നുണ്ട്.
 എന്നാല്‍, നാലു വര്‍ഷം മുമ്പ് ഇതേ ബില്ല്  ‘കേന്ദ്ര ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്’ നിയമത്തിന്റെ ചുവടുപിടിച്ച് തയ്യാറാക്കിയിരുന്നെങ്കിലും നിയമസഭയിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. സ്വകാര്യ ലോബികളുടെ സമ്മര്‍ദ്ദങ്ങളാണ് ബില്‍ മരവിപ്പിക്കാന്‍ കാരണമായതെന്ന ആരോപണമുയര്‍ന്നിരുന്നു.
വാഗ്ദാനങ്ങള്‍ നിറവേറ്റി നിയമങ്ങള്‍ പ്രയോഗവല്‍ക്കരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍ കൈയെടുക്കേണ്ടതുണ്ട്. മുമ്പും ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, എന്നിരുന്നാലും ഉചിതമായ നടപടികള്‍ കാണാത്ത സാഹചര്യത്തിലാണിത് കുറിക്കുന്നത്.
ആശുപത്രികള്‍ സാധരണക്കാരനുപയുക്തമാകും വിധം സംവിധാനിച്ചില്ലായെങ്കില്‍ നിര്‍ധനന്റെ ദയനീയ രോദനങ്ങള്‍ ഇനിയും നമ്മുടെ    കര്‍ണപടങ്ങളില്‍ അലോസരം സൃഷ്ടിച്ച് കൊണ്ടേയിരിക്കും.
                      


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.