2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

മെഡലാണോ വേണ്ടത് ഇംഗ്ലീഷാണോ? ഹിമ ദാസിന് ഇംഗ്ലീഷ് അറിയില്ലെന്ന ഫെഡറേഷന്‍ ട്വീറ്റ് വിവാദമാവുന്നു

  • ട്വീറ്റ് നല്‍കിയിരിക്കുന്നത് ഇംഗ്ലീഷ് തെറ്റിച്ച്
  • ശശി തരൂരിനെ അയച്ചാല്‍ പോരെയെന്ന് സോഷ്യല്‍മീഡിയ

 

അണ്ടര്‍ 20 400 മീറ്റര്‍ ലോക അത്‌ലിറ്റിക് ചാംപ്യന്‍ഷിപ്പില്‍ ചരിത്രയോട്ടം നടത്തിയ ഹിമ ദാസിനെ അപകീര്‍ത്തിപ്പെടുത്തി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ട്വീറ്റ്. ചാംപ്യന്‍ഷിപ്പ് നേടിയ ഉടനെ മാധ്യമങ്ങളെ കാണുന്നതിന്റെ വീഡിയോ പങ്കുവച്ച് ഫെഡറേഷന്‍ കുറിച്ച വാക്കുകളാണ് വിവാദമാവുന്നത്.

ഇംഗ്ലീഷില്‍ ഹിമാ ദാസിന് വാക്ചാതുര്യം ഇല്ലെന്നും എന്നാലും അവള്‍ പരമാവധി ശ്രമിച്ചെന്നുമാണ് ഫെഡറേഷന്‍ ട്വീറ്റ്.

എന്നാല്‍ അത്‌ലറ്റുകള്‍ക്കു വേണ്ടത് മെഡല്‍ നേട്ടമാണോ അതോ ഇംഗ്ലീഷിലെ വാക്ചാതുര്യമാണോ എന്നു ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. ട്വീറ്റിന്റെ താഴെ തന്നെ നിരവധി പേര്‍ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പോര്‍ട്‌സില്‍ ഇംഗ്ലീഷിനെന്താണ് പ്രധാന്യമെന്നും ചോദിക്കുന്നുണ്ട്.

ശക്തമായ വിയോജിപ്പുകളെ ട്രോളുകളെന്ന രീതിയിലാണ് ഫെഡറേഷന്‍ കാണുന്നതും. ഒന്നുകൂടി വായിക്കൂ, ട്രോള്‍ ചെയ്യുന്നത് നിര്‍ത്തൂയെന്നാണ് ഫെഡറേഷന്റെ വാദം. എന്നാല്‍ ട്വീറ്റ് തിരുത്താനോ മാപ്പു പറയാനോ തയ്യാറായിട്ടുമില്ല.

ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മാത്രമേ ഒരു അത്‌ലറ്റിന് ലോക ചാംപ്യന്‍ ആവാന്‍ സാധിക്കൂ എന്നും ചോദിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ സ്ഥലത്തേക്ക് ശശി തരൂരിനെ അയച്ചാല്‍ പോരേയെന്നും ഒരാള്‍ ചോദിക്കുന്നു.

ഇംഗ്ലീഷില്‍ പ്രാഗല്‍ഭ്യം വേണമെന്ന് ഉപദേശിക്കുന്ന ട്വീറ്റിലാവട്ടേ, മാരകമായ തെറ്റും വരുത്തിവച്ചിട്ടുണ്ട്. സ്പീക്കിങ് എന്നതിന്റെ അക്ഷരങ്ങള്‍ തെറ്റിച്ചാണ് കൊടുത്തിരിക്കുന്നത്.

ഫിന്‍ലന്‍ഡില്‍ നടന്ന ചാംപ്യന്‍ഷിപ്പിലാണ് ചരിത്രംകുറിച്ച് ഹിമാ ദാസ് സ്വര്‍ണ മെഡല്‍ നേടിയത്. അന്താരാഷ്ട്ര തലത്തില്‍ ട്രാക്കിനങ്ങളില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ മെഡലാണിത്. അസം നാഗോണ്‍ ജില്ലയിലെ ധിങ് ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷക കുടുംബാംഗമാണ് ഹിമാ ദാസ്.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.