2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

നമുക്കു നഷ്ടപ്പെട്ട സുകൃതം

ദൈവത്തിന്റെ ഇഷ്ടദാസന്മാര്‍ക്കു മുന്നില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും മനസ് കീഴടങ്ങും. ശൈഖ് മുഹ്‌യിദ്ദീനെ അറിയുന്ന ദേശങ്ങളിലെല്ലാം ജാതി-മത ഭേദമന്യേ ജനങ്ങള്‍ ആദരിക്കുകയും അദ്ദേഹത്തിന്റെ സാമീപ്യത്തില്‍ സമാധാനം കണ്ടെത്തുകയും ചെയ്തിരുന്നു. ഇത്ര വലിയ ഒരു വ്യക്തിത്വത്തിന്റെ സാന്നിധ്യവും സാമീപ്യവുമാണു നമുക്കു നഷ്ടമായിരിക്കുന്നത്. അവര്‍ ഭൂമിയുടെ സുകൃതങ്ങളാണ്. ആകാശവും ഭൂമിയുമെല്ലാം അവരുടെ സാന്നിധ്യം എപ്പോഴും കൊതിക്കും. അവരുടെ വിയോഗം അവയെ കണ്ണീരിലാഴ്ത്തുകയും ചെയ്യും.

 

ശൈഖ് അമ്മാര്‍ സഅ്ദ് മുറാദ്#

രമസാത്വികനായി ജീവിക്കുകയും അനേകായിരങ്ങള്‍ക്ക് ആത്മീയ വെളിച്ചം പകരുകയും ചെയ്ത സൂഫിയും പണ്ഡിതനും ശാദിലീ-ഖാദിരീ സൂഫി സരണികളിലെ ആത്മീയശ്രേഷ്ഠനുമായിരുന്നു ഈയിടെ അന്തരിച്ച അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍.
ജീവിതവിശുദ്ധിയിലൂടെ മാലോകരെ പരിവര്‍ത്തിപ്പിക്കുകയും പരലോകത്ത് ദൈവദര്‍ശനത്തിനു പ്രാപ്തരാക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളെ ഇക്കാലത്ത് അത്യപൂര്‍വമായേ കാണാന്‍ കഴിയൂ. നമ്മെ അനാഥമാക്കിയുള്ള അദ്ദേഹത്തിന്റെ വിയോഗം ഏറെ മനഃപ്രയാസമുണ്ടാക്കുന്നു. ഐഹികജീവിതം നശ്വരവും മരണം യാഥാര്‍ഥ്യവുമാണല്ലോ. ഇമാം ശാഫിഈ പറഞ്ഞതുപോലെ ‘കാലം ഇങ്ങനെയൊക്കെത്തന്നെയാണ്. പ്രിയപ്പെട്ടവരുടെ വിരഹവും ധനനഷ്ടവും പ്രപഞ്ചത്തിലെ സ്വാഭാവിക പ്രക്രിയകളാണ്. അതിനാല്‍ ഇത്തരം ഘട്ടങ്ങളില്‍ അക്ഷമ കാണിക്കാതെ സഹനം കൈകൊള്ളുകയാണു വേണ്ടത്.’
ആപത്ഘട്ടങ്ങളില്‍ ക്ഷമ മുറുകെപ്പിടിക്കുകയും അതിനു നന്ദി കാണിക്കുകയും ചെയ്യുന്നവര്‍ നാളെ പരലോകത്ത് നിര്‍ഭയരായിരിക്കുമെന്ന് തിരുനബി പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു തിരുനബിയോട് പറഞ്ഞു:’നിശ്ചയം താങ്കള്‍ മരണത്തിനു വിധേയമാകും; അവരും മരിച്ചുപോവുക തന്നെ ചെയ്യുന്നതാണ് ‘(സൂറത്തുസ്സുമര്‍ 30). അഥവാ താങ്കള്‍ സൃഷ്ടിക്കപ്പെട്ടത് പരലോകത്തെ ശാശ്വതജീവിതത്തിനു വേണ്ടിയാണ്. അത് യാഥാര്‍ഥ്യമാകണമെങ്കില്‍ ഇഹലോകം വെടിയുക തന്നെ വേണം.
ആരും ഭൂമിയില്‍ സ്ഥിരതാമസമാക്കില്ല. നബിമാരും അനുചരന്മാരും സൂഫികളും സജ്ജനങ്ങളുമെല്ലാം കാലങ്ങളായി ഇഹലോകം വെടിഞ്ഞവരാണ്. ഐഹികജീവിതം ശാശ്വതമായിരുന്നെങ്കില്‍ അവരാരും മരിക്കില്ലായിരുന്നു. ലോകത്ത് ആര്‍ക്കെങ്കിലും ചിരഞ്ജീവിതം അല്ലാഹു വിധിച്ചിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ റസൂല്‍ ജീവിച്ചിരിക്കുമായിരുന്നു. എന്നാല്‍ ആ പ്രവാചകനും പുണ്യപുരുഷന്മാരുമൊക്കെയും നാഥന്റെ പൊരുത്തത്തിലേക്കും പരലോക സൗഖ്യത്തിലേക്കും നീങ്ങി. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖയ്യൂമും (ഈ നാമധേയത്തിലാണ് അത്തിപ്പറ്റ ഉസ്താദ് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്നത്) അവിടെയെത്തി. ഇനി നാം ചെയ്യേണ്ടത് അദ്ദേഹം ദര്‍ശനം ചെയ്ത പാത അണുകിട വ്യതിചലിക്കാതെ പിന്തുടര്‍ന്നു ജീവിക്കുക എന്നതാണ്.
ദൈവസ്മരണയില്‍ ഏറെ മുന്നേറിയ അദ്ദേഹത്തിനു നിരവധി കറാമത്തുകളുണ്ടായിരുന്നു. പക്ഷേ തന്റെ ലാളിത്യവും വിനയവും പരമമായ സൂക്ഷ്മതയും കാരണം അത്തരം കറാമത്തുകള്‍ ചുറ്റുമുള്ളവര്‍ അറിയാതിരിക്കാന്‍ അദ്ദേഹം പരമാവധി ശ്രദ്ധിച്ചു. ലോക പ്രശസ്ത സൂഫി മാര്‍ഗദര്‍ശിയും ശാദിലി സൂഫി സരണിയുടെ ആചാര്യശ്രേഷ്ഠനുമായിരുന്ന ശൈഖ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ ഈസായില്‍നിന്ന് മദീനയില്‍ വച്ച് ബൈഅത്ത് സ്വീകരിക്കുകയും ശൈഖ് സഅ്ദുദ്ദീന്‍ മുറാദ് എന്ന സൂഫീശ്രേഷ്ഠനില്‍നിന്ന് യു.എ.ഇയില്‍ വച്ച് പ്രസ്തുത സരണിയുടെ തുടര്‍ച്ച വാങ്ങുകയും ചെയ്ത ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖയ്യൂം തന്റെ ജീവിതം കൊണ്ടു പ്രവാചകമാതൃക തീര്‍ത്ത മഹാമനീഷിയായിരുന്നു. അദ്ദേഹത്തിന്റെ യു.എ.ഇയിലെ സംഭവബഹുലമായ പ്രവാസജീവിതം വിവിധ രാജ്യങ്ങളിലെ ധാരാളം വിശ്വാസികളെ ആത്മീയതീരത്തേക്കു വഴിനടത്തി. വിജ്ഞാനപ്രസരണത്തിനായി ഒരു സ്ഥാപനം തന്നെ അദ്ദേഹം അവിടെ പടുത്തുയര്‍ത്തി. വര്‍ഷങ്ങളായി ആയിരക്കണക്കിനാളുകള്‍ അതിലൂടെ വിദ്യനേടി. ശാദിലി-ഖാദിരി സരണികളിലെ ആധ്യാത്മിക ഗുരുവും എന്റെ അഭിവന്ദ്യ പിതാവും വഴികാട്ടിയുമായിരുന്ന ശൈഖ് സഅ്ദുദ്ദീന്‍ മുറാദ് ഇടയ്ക്കിടെ യു.എ.ഇയില്‍ ചെന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ മഹത്വവും ശ്രേഷ്ഠതയുമാണു ബോധ്യപ്പെടുത്തുന്നത്.
ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖയ്യൂമിന്റെ പ്രത്യേക ക്ഷണപ്രകാരം 2015ല്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ കേരളത്തിലേക്കു പോയിരുന്നു. ആ നാടിന്റെ ആത്മീയ നേതൃത്വം അദ്ദേഹത്തിന്റെ കരങ്ങളിലാണെന്ന് ആ സന്ദര്‍ശനം എന്നെ ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഫത്ഹുല്‍ ഫത്താഹും ഗ്രെയ്‌സ് വാലി വിദ്യാഭ്യാസ സമുച്ഛയവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മതസംഘടനയുടെ കീഴിലുള്ള നിരവധി മതസ്ഥാപനങ്ങളും സന്ദര്‍ശിക്കാന്‍ എനിക്ക് അവസരമുണ്ടായി. ഓരോ സ്ഥാപനത്തിലും പരശ്ശതം വിദ്യാര്‍ഥികളാണ് ശാഫിഈ കര്‍മശാസ്ത്രധാരയില്‍നിന്നുകൊണ്ട് അവിടങ്ങളില്‍ മതം പഠിക്കുന്നത്. ഏതു സ്ഥാപനത്തില്‍ ചെന്നാലും അവിടെയുള്ള അധ്യാപകരും വിദ്യാര്‍ഥികളും ശൈഖ് മുഹ്‌യിദ്ദീനെ ബഹുമാനിക്കുന്നവരും അംഗീകരിക്കുന്നവരും അദ്ദേഹത്തിന്റെ സാന്നിധ്യം കൊതിക്കുന്നവരുമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.
ശൈഖ് മുഹ്‌യിദ്ദീന്റെ ഗുരുശ്രേഷ്ഠന്‍ കൂടിയായ എന്റെ അഭിവന്ദ്യ പിതാവ് ശൈഖ് സഅ്ദുദ്ദീന്‍ മുറാദിന്റെ ആ വര്‍ഷത്തെ ഉറൂസ് അദ്ദേഹത്തിന്റെ ഫത്ഹുല്‍ ഫത്താഹില്‍ നടക്കുകയും അതില്‍ ഞാന്‍ സംബന്ധിക്കുകയും ചെയ്തു. മുവ്വായിരത്തിലധികം പേര്‍ അതില്‍ പങ്കെടുത്തിട്ടുണ്ടാകുമെന്നാണ് എന്റെ ഓര്‍മ. പണ്ഡിതരും വിദ്യാര്‍ഥികളും സാധാരണക്കാരായ വിശ്വാസികളും മാത്രമല്ല ഇതരവിശ്വാസികള്‍ വരെ അളവറ്റ സന്തോഷത്തോടെയും നിറഭക്തിയോടെയും ആ ചടങ്ങുകളിലെല്ലാം പങ്കെടുത്തത് എന്റെ ശ്രദ്ധയിപ്പെട്ടു. അത് അങ്ങനെയാണ്. ദൈവത്തിന്റെ ഇഷ്ടദാസന്മാര്‍ക്കു മുന്നില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും മനസ് കീഴടങ്ങും. ശൈഖ് മുഹ്‌യിദ്ദീനെ അറിയുന്ന ദേശങ്ങളിലെല്ലാം ജാതി-മത ഭേദമന്യേ ജനങ്ങള്‍ ആദരിക്കുകയും അദ്ദേഹത്തിന്റെ സാമീപ്യത്തില്‍ സമാധാനം കണ്ടെത്തുകയും ചെയ്തിരുന്നു.
ഇത്ര വലിയ ഒരു വ്യക്തിത്വത്തിന്റെ സാന്നിധ്യവും സാമീപ്യവുമാണു നമുക്കു നഷ്ടമായിരിക്കുന്നത്. അവര്‍ ഭൂമിയുടെ സുകൃതങ്ങളാണ്. ആകാശവും ഭൂമിയുമെല്ലാം അവരുടെ സാന്നിധ്യം എപ്പോഴും കൊതിക്കും. അവരുടെ വിയോഗം അവയെ കണ്ണീരിലാഴ്ത്തുകയും ചെയ്യും. ഇക്കാര്യം പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവും സ്വഹാബി പ്രമുഖനുമായ അബ്ദുല്ലാഹിബ്‌നു അബ്ബാസ് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. പുണ്യപുരുഷന്മാരുടെ മരണത്തിലൂടെയാണു പലപ്പോഴും അവരുടെ മഹത്വം ലോകം അനുഭവിച്ചത്. എന്നാല്‍ ശൈഖ് മുഹ്‌യിദ്ദീന്റെ മഹത്വം ജീവിതകാലത്ത് തന്നെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം മരണപ്പെട്ട ദിവസം കാണപ്പെട്ട ജനത്തിരക്കും ജനങ്ങള്‍ പ്രകടിപ്പിച്ച മനോവിഷമവും അറുപതിലധികം തവണ നടത്തിയ മയ്യിത്ത് നിസ്‌കാരവുമൊക്കെ അതാണു സൂചിപ്പിക്കുന്നത്. മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട ധാരാളം ചിത്രങ്ങളും വിഡിയോകളും എനിക്കു ലഭിച്ചിരുന്നു. അതൊക്കെ ഇതിന്റെ നേര്‍സാക്ഷ്യങ്ങളാണ്.
അനുകരണീയനായ ആ മഹാന്റെ ജീവിതം നാം പകര്‍ത്തണം. കാരണം അദ്ദേഹം സത്യവാനായിരുന്നു. സത്യസന്ധരില്‍നിന്നാണ് സത്യപാത പിന്തുടരേണ്ടത്. സദാ ദൈവസ്മരണ നിലനിര്‍ത്തിയവരില്‍നിന്നാണ് ദിക്‌റ് സ്വീകരിക്കേണ്ടത്. അറിവ് ഉപകാരപ്പെട്ട പണ്ഡിതരില്‍നിന്നാണ് അറിവ് നേടേണ്ടത്. കാരണം ആധ്യാത്മികധാരകളുടെ സൂക്ഷ്മവഴികളിലൂടെ സഞ്ചരിച്ച് ശരീഅത്തും ഹഖീഖത്തും മുറുകെപ്പിടിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് തിരുനബിയുടെ യഥാര്‍ഥ അനന്തരാവകാശികള്‍. അവര്‍ക്കു മാത്രമാണ് ദൈവമാര്‍ഗത്തില്‍ പ്രവേശിക്കുന്നവരുടെ വഴികള്‍ക്കു പ്രകാശം പരത്താനും മതം പകര്‍ന്നുനല്‍കാനും അവകാശമുള്ളൂ.

(ജിദ്ദയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ നടത്തിയ പ്രസംഗം മൊഴിമാറ്റം നടത്തിയിരിക്കുന്നത് നജ്മുദ്ദീന്‍ ഹുദവി)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.