2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നും ദുരൂഹം; ആള്‍ക്കൂട്ടക്കൊലയും ഇ.വി.എം അട്ടിമറിയും നടത്തിയാണ് ബി.ജെ.പി വളരുന്നതെന്നും മമത

കൊല്‍ക്കത്ത: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ഇപ്പോഴും ദുരൂഹമാണെന്നും ആള്‍ക്കൂട്ടക്കൊലകളും ഇ.വി.എം ട്ടിമറിയും നടത്തിയാണ് ബി.ജെ.പി വളരുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കൊല്‍ക്കത്തയിലെ ധര്‍മതലയില്‍ തൃണമൂല്‍ സംഘടിപ്പിച്ച കൂറ്റന്‍ റാലിയെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു മമത.

 

ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ എല്ലായിടത്തും ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണ്. കര്‍ണാടകയിലും ഗോവയിലും രാജസ്ഥാനിലും മധ്യപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും അവര്‍ സര്‍ക്കാരുകളെ അട്ടമറിച്ചുകൊണ്ടിരിക്കുകയാണ്. എല്ലായിടത്തും ഇങ്ങനെ കുതിരക്കച്ചവടം നടത്തുന്നതാണ് നിങ്ങളുടെ ശൈലിയെങ്കില്‍ ഒരിക്കല്‍ ഇതിന് നിങ്ങള്‍ തിരിച്ചടി നേരിടും. ഒരിക്കല്‍ നിങ്ങളുടെ പിന്തുണ തകരും. പിന്നീടൊരിക്കലും നിങ്ങള്‍ക്ക് തിരിച്ചുവരാന്‍ കഴിയില്ല- മമത മുന്നറിയിപ്പ് നല്‍കി.

 

ഈയുത്ത് ബി.ജെ.പിയുമായി അടുത്ത ഒരു എം.എല്‍.എയുമായി ഞാന്‍ സംസാരിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ പെട്രോള്‍ പമ്പും രണ്ടുകോടി രൂപയും ലഭിക്കുമെന്ന് വാഗ്ദാനമുണ്ടെന്നാണ് ആ എം.എല്‍.എ പറഞ്ഞത്. കേന്ദ്രത്തിലെ പല സര്‍ക്കാരുകളെ കണ്ടിട്ടുണ്ട്, അത് രാജീവ്ഗാന്ധിയുടെതാവട്ടെ ദേവഗൗഡയുടെതാവട്ടെ അടല്‍ബിഹാരി വാജ്‌പേയിയുടെതാവട്ടെ… ഇതുപോലൊരു സര്‍ക്കാരിനെ ഇതുവരെ കണ്ടിട്ടില്ല. ഉറക്കത്തിന്റെ മറവില്‍ ബില്ലുകള്‍ കൊണ്ടുവരുന്നു. എന്നിട്ട് നേരം വെളുക്കുമ്പോഴേക്കും അത് പാര്‍ലമെന്റില്‍ വയ്ക്കുന്നു. ഒരാളുമായും കൂടിയാലോചനയോ ചര്‍ച്ചയോ ഇല്ല. ഫെഡറല്‍ സംവിധാനം ആകെ താറുമാറായി. ഇപ്പോള്‍ പാര്‍ലമെന്റ് നടന്നുപോവുന്നതിന്റെ ക്രെഡിറ്റ് പ്രതിപക്ഷത്തിന് അവകാശപ്പെട്ടതാണെന്നും മമത പറഞ്ഞു.

 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ പാചകവാതകവിലയും ഇന്ധനവിലയും കൂടി. രാജ്യത്തുടനീളം ദലിതുകളും മുസ്‌ലിംകളും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ഹിന്ദുക്കള്‍ പോലും കൊല്ലപ്പെടുന്നു. ജനങ്ങളെ വിഭജിക്കുന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ദലിതുകള്‍ കൊല്ലപ്പെട്ടു. അവിടെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാഗാന്ധിയെ പ്രദേശത്തേക്ക് കടത്തിവിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘം പോയെങ്കിലും അവരെയും തടഞ്ഞു. ഹിന്ദു സഹോദരീ സഹോദരന്‍മാരേ ഞങ്ങളില്‍ വിശ്വാസം അര്‍പ്പിക്കണം. മുസ്‌ലിം സഹോദരങ്ങളേ നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കണം. ക്രിസ്തുമത, ബുദ്ധമത വിശ്വാസികളേ ആരും ഭയപ്പെടേണ്ടതില്ല. എല്ലാം മറക്കണം, ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ സാധിക്കണം. തെരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ ഒരു കലാപവും ഇവിടെ ഉണ്ടാക്കരുത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം സംശയകരമാണെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി ബാലറ്റ് പേപ്പറുകള്‍ തിരികെകൊണ്ടുവരണമെന്ന് ഇപ്പോഴും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലെല്ലാം എന്തുകൊണ്ടാണ് വോട്ടിങ് യന്ത്രങ്ങള്‍ ഇല്ലാത്തത്.?- അവര്‍ ചോദിച്ചു.

At Martyrs’ Day rally, Mamata accuses BJP of EVM tampering, horse-trading, lynchings


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News