2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ശ്രുതിമനോഹരം ഈ കാവ്യാത്മകഭാഷ

അസ്‌ലം അറയ്ക്കല്‍#

 

‘സാരേ ജഹാന്‍സെ അച്ഛാ… ഹിന്ദുസ്ഥാന്‍ ഹമാര… ഹമാരാ…’
ഈ ഗാനം കേള്‍ക്കുമ്പോള്‍ ഇന്ത്യയില്‍ ജനിച്ച ആരും രോമാഞ്ചം കൊള്ളാതിരിക്കില്ല. ദേശസ്‌നേഹവും ദേശാഭിമാനവും വഴിഞ്ഞൊഴുകുന്ന അനശ്വരഗാനമാണ്. ഏതു ഭാഷയിലാണ് എഴുതപ്പെട്ടതെന്നുപോലും അറിയാതെ ഓരോ ഇന്ത്യക്കാരനും ആ ഗാനം നെഞ്ചേറ്റുന്നു. അപ്പോഴൊക്കെ നാം അറിയാതെ ഹൃദയത്തിലേയ്ക്ക് ആവാഹിക്കുന്നത് അതിമനോഹരമായ, കാവ്യാത്മകമായ ആ ഭാഷയെക്കൂടിയാണ്, ഉര്‍ദു ഭാഷയെ.
രാഷ്ട്രപിതാവിന് ഏറെ പ്രിയപ്പെട്ട ഭാഷയായിരുന്നു ഉര്‍ദു. സാഹിത്യസമ്പുഷ്ടവും സംഗീതാത്മകതമാണത്. ലോകത്തെ പ്രധാനപ്പെട്ട വ്യവഹാരഭാഷകളിലൊന്നാണ്. ബ്രിട്ടന്‍, അമേരിക്ക, കാനഡ, ചൈന, ഗള്‍ഫ് നാടുകള്‍ എന്നീ രാജ്യങ്ങളില്‍ ഉര്‍ദു മുശായീറകള്‍ നടന്നുവരുന്നുണ്ട്. ബ്രിട്ടനിലെ അഖ്ബാറെ വതന്‍, ഔസാഫ് എന്നീ പത്രങ്ങളുടെ കൂട്ടത്തില്‍ ഔസാഫ് ഏറെ പ്രചാരമുള്ള പത്രമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ലക്ഷത്തിലേറെ കോപ്പികളുള്ള ‘അല്‍ മദീന ഉര്‍ദു’ സഊദി അറേബ്യയില്‍ നിന്നും ഖത്തറില്‍ നിന്നുമുള്ള ഗള്‍ഫ് ടൈംസ് , കുവൈത്തിലെ കുവൈത്ത് ടൈംസ് എന്നിവ വിവിധ രാജ്യങ്ങളിലെ ഉര്‍ദു പ്രസിദ്ധീകരണങ്ങളാണ്.
പ്രക്ഷേപണരംഗത്തും ഉര്‍ദുവിന്റെ ആഗോളസാന്നിധ്യം ഏവരും നുകരുന്നതാണ്. ലോകത്തെ ഏറ്റവും വലിയ പ്രക്ഷേപണ സ്ഥാപനമായ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ (ബി.ബി.സി) 1949 മുതല്‍ ഉര്‍ദു പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ശബ്‌നാമ, ശാഹേന്‍ ക്ലബ്, റോഷ്‌നീ കാ സഫര്‍, സിതാറോം കി മഹ്ഫില്‍, തുടങ്ങിയവ അവയില്‍പ്പെട്ടതാണ്്. ആ ഭാഷയുടെ പ്രചാരണത്തിനായാണ് നവംബര്‍ 9 ലോക ഉര്‍ദു ദിനമായി ആചരിക്കുന്നത്.
ലോകത്ത് സംസാരഭാഷയില്‍ മൂന്നാം സ്ഥാനം ഉര്‍ദുവിനുണ്ട്. സ്വാതന്ത്ര്യാനന്തരം ഉര്‍ദു നേരിട്ട അന്യവല്‍ക്കണത്തെ പ്രതിരോധിക്കാനായി ഫെബ്രുവരി 15 (ഗസല്‍ സാമ്രാട്ട് മീര്‍സാ ഗാലിബിന്റെ ചരമദിനം) ദേശീയ ഉര്‍ദു ദിനമായും അല്ലാമ ഇഖ്ബാലിന്റെ ജന്മദിനമായ നവംബര്‍ 9 അന്തര്‍ദേശീയ ഉര്‍ദു ദിനമായും ആചരിച്ചു വരികയാണ്. അന്യവല്‍ക്കരണത്തില്‍ നിന്ന് ആഗോളവല്‍ക്കരണത്തിലേയ്ക്കു വളര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണിപ്പോള്‍ ഉര്‍ദുഭാഷ.
1954 ഫെബ്രുവരി 15 നാണ് ഡോ. സാക്കിര്‍ ഹുസൈന്റെ നേതൃത്വത്തില്‍ യു.പിയിലെ പ്രാദേശിക ഭാഷ ഉര്‍ദുവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് 20 ലക്ഷത്തിലേറെയാളുകള്‍ ഒപ്പിട്ട നിവേദനം അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിനു നല്‍കിയത്. ആ നിവേദകസംഘത്തില്‍ ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമുണ്ടായിരുന്നു.
ഉര്‍ദുവിന്റെ പേരില്‍ അറിയപ്പെടുന്ന ഒട്ടേറെ സ്ഥലനാമങ്ങള്‍ ഇന്ത്യാമഹാരാജ്യത്തുണ്ട്. ഹൈദരാബാദ്, ഫൈസാബാദ്, ഇലഹാബാദ് എന്നിവ അവയില്‍പ്പെട്ടതാണ്. ഉര്‍ദുവിന്റെ ഈറ്റില്ലമായ ഉത്തര്‍പ്രദേശിലെ ഇലഹാബാദിന്റെ പേരു മാറ്റാന്‍ നീക്കം നടക്കുന്നുണ്ട്. രാഷ്ട്ര ശില്‍പികള്‍, രാഷ്ട്ര പിതാവ്, ദേശീയനേതാക്കളും വളര്‍ത്തിയതാണ് ഉര്‍ദു ഭാഷ. അതിന്റെ പേരില്‍ അറിയപ്പെടുന്ന സ്ഥലനാമങ്ങള്‍ മാറ്റിയതുകൊണ്ടൊന്നും ആ ഭാഷ ഇല്ലായ്മ ചെയ്യാനാവില്ല. 1919 നവംബര്‍ 24 നു നടന്ന അഖിലേന്ത്യാ ഖിലാഫത്ത് കോണ്‍ഫറന്‍സില്‍ ഉര്‍ദുഭാഷയില്‍ പ്രസംഗിക്കവേ ‘അക്രമരാഹിത്യ’മെന്ന സംസ്‌കൃതവാക്കിന്റെ ശരിയായ അര്‍ഥം പൊതുജനങ്ങള്‍ക്കു ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന ഉചിതപദം നിര്‍ദേശിക്കാന്‍ ഗാന്ധിജി മൗലാനാ ആസാദിനോട് ആവശ്യപ്പെട്ടു. ‘ബാ-അമന്‍’ എന്നാണ് ആസാദ് നിര്‍ദേശിച്ചത്. നിസഹകരണത്തിനു ‘തര്‍ക് – എ- മവാലാത്ത് ‘ എന്ന പദവും നിര്‍ദേശിച്ചു. ഗാന്ധിക്ക് അത് ഇഷ്ടപ്പെട്ടു.
ഇന്ത്യയെ ലോകപ്രശസ്തമാക്കിയ പല പേരുകളും അറിയപ്പെടുന്നത് ഉറുദുവാക്കിലാണ്. താജ്മഹല്‍ ഉദാഹരണം. ആം ആദ്മി പാര്‍ട്ടിയുടെ പേര് ഉര്‍ദുവാണ്. ഹിന്ദുക്കളെയും മുസ്‌ലിംകളെയും വേര്‍തിരിച്ചു നിര്‍ത്താന്‍ അയോധ്യ ആയുധമാക്കിയപോലെ ഇലഹാബാദിനു അയോധ്യയെന്നു പുനര്‍നാമകരണം ചെയ്തു മുസ്‌ലിംകളുടെ ഭാഷയുടെ പേരില്‍ ശ്രീരാമന്റെ ജന്മഭൂമി അറിയപ്പെടേണ്ടെന്നു ശഠിക്കുകയാണു ചിലര്‍. ഉര്‍ദു മുസ്‌ലിം ഭാഷയാണെന്നും അതിനാല്‍ അകറ്റി നിര്‍ത്തപ്പെടേണ്ടതാണെന്നും വരുത്തിതീര്‍ക്കുകയാണവര്‍.
പാകിസ്താന്റെ ദേശീയ ഭാഷ ഉര്‍ദുവായതുകൊണ്ട് അത് മുസ്‌ലിം ഭാഷയാണെന്നു കരുതുന്നതു മൗഢ്യമാണ്. തമിഴ്ഭാഷ ശ്രീലങ്കയുടെ ദേശീയഭാഷയാണ്. അതുകൊണ്ടു തമിഴരെ ദേശവിരുദ്ധരായി കാണാനാകുമോ. ദേശീയ ഗാനത്തില്‍ പറയുന്ന സിന്ധ് ഇന്നെവിടെയാണ്. ഉര്‍ദു ഉള്‍പ്പെടെ 22 ഭാഷകള്‍ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്. ജമ്മുകാശ്മിരിലെ ഔദ്യോഗിക ഭാഷ ഉര്‍ദുവാണ്. മറ്റു നാലു സംസ്ഥാനങ്ങളിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഭാഷയാണ് ഉര്‍ദു.
ഇന്ത്യയുടെ വിദേശബന്ധത്തിന്റെ പ്രധാനകണ്ണിയാണ് ഉര്‍ദു ഭാഷ. ലണ്ടനിലെ റൈനം സ്‌കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസായ ജീനയെപ്പോലെ ഉര്‍ദുവിന്റെ തനിമ പഠിക്കാനെത്തുന്ന വിദേശികള്‍ നിരവധിയാണ്. അവരുടെ വിദ്യാലയത്തിലെ കുട്ടികളില്‍ മിക്കവരും ഉര്‍ദു മാതൃഭാഷയായവരാണ്. ആ ഭാഷയുടെ മനോഹാരിത മനസിലാക്കിയാണ് അവര്‍ ഉര്‍ദു തനിമ തേടിയെത്തിയത്.
രാഷ്ട്രപിതാവിന്റെ ഉര്‍ദു ബന്ധം സുപ്രസിദ്ധമാണ്. ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാലയായ ദക്ഷിണാഫ്രിക്കയിലും ഉര്‍ദുവിന്റെ സാന്നിധ്യമാണ് ബാപ്പുജിക്ക് തുണയായത്. ആദ്യത്തെ സത്യാഗ്രഹവും പൊതു പ്രസംഗവും ഇവിടെ വെച്ചാണ് നടത്തിയത്. അതിനു ഗാന്ധിജിക്ക് തുണയായത് കേരളത്തിലടക്കം പേരുള്ള ഗുജറാത്തിലെ കച്ച്‌മേമന്‍ കുടുംബാംഗമായ തയ്യിബ് ഖാന്‍ മുഹമ്മദ് ഹാജിയാണ്.

(സംസ്ഥാന സര്‍ക്കാറിന്റെ ഉറുദു പാഠപുസ്തക രചനാ സമിതി അംഗമാണ് ലേഖകന്‍)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.