2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ആസ്ത്മയും ചികിത്സയും

ഡോ.മധു കല്ലത്ത് എം.ബി.ബി.എസ്, എം.ഡി (ചെസ്റ്റ് ആന്റ് ടിബി), ഡി.എന്‍.ബി (റസ്പിറേറ്ററി ഡിസീസസ്) സീനിയര്‍ കണ്‍സള്‍ട്ടന്റ്- പള്‍മനോളജി മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്

 

ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളിയെ ബാധിക്കുന്ന ഒരസുഖമാണ് ആസ്ത്മ. ശ്വാസനാളത്തിലുണ്ടാകുന്ന നീര്‍ക്കെട്ടാണ് ആസ്ത് മയായി പരിണമിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 235 ദശലക്ഷം ആസ്ത് മാരോഗികളാണ് ലോകത്താകമാനമുള്ളത്. എല്ലാ വര്‍ഷവും മെയ് ആദ്യ ചൊവ്വാഴ്ച ലോക ആസ്ത് മാദിനമായി ആചരിക്കുന്നു. ഇത്തവണത്തെ ആസ്ത് മാ ദിന പ്രമേയം ആസ്ത് മാരോഗലക്ഷണങ്ങള്‍ ഏതു പ്രായത്തില്‍ വന്നാലും കൃത്യമായ പരിശോധനയിലൂടെ കണ്ടെത്തുകയും ചികിത്സിക്കുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്യുകയെന്നതാണ്.(nev-er too early nev-er too late it is always right time to address airway disease).

സാധാരണയായി കുട്ടിക്കാലം മുതല്‍ക്കേ ആസ്ത് മയുടെ ഉപദ്രവം തുടങ്ങുന്നതായി കാണാം. ആസ്ത് മാരോഗത്തിന്റെ മുഖ്യകാരണം ശ്വാസനാളികളിലെ വികാസം കുറയുന്നതും ശ്വാസനാളികളിലുണ്ടാകുന്ന നീര്‍ക്കെട്ടുമാണ്. ഈ രണ്ടു ഘടകങ്ങളും ചികിത്സാവിധേയമാക്കിയാല്‍ മാത്രമേ രോഗം പൂര്‍ണമായും വരുതിയിലാക്കുവാന്‍ സാധിക്കുകയുള്ളൂ. കൃത്യമായ ചികിത്സയിലൂടെ ആസ്ത് മാരോഗത്തെ പൂര്‍ണമായും നിയന്ത്രിക്കുവാനും രോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കുവാനും സാധിക്കും.

 

കാരണങ്ങള്‍

ജനിതക ഘടകങ്ങളാണ് ഒരു വ്യക്തിയില്‍ ആസ്ത് മാരോഗം ഉണ്ടാകുന്നതിനുള്ള കാരണം. നല്ലൊരു ശതമാനം രോഗികളിലും പാരമ്പര്യമായി ആസ്ത് മ കാണപ്പെടുന്നു. പ്രേരക ഘടകങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. പൊടി, പുക, തണുപ്പ്, വൈറല്‍ അണുബാധ, അന്തരീക്ഷ മലിനീകരണം, മാനസിക പിരിമുറുക്കം, വ്യായാമം, ചില ഭക്ഷണ പദാര്‍ഥങ്ങള്‍, ചില ഗുളികകള്‍ ഇവ പ്രേരകഘടകങ്ങളായി വര്‍ത്തിക്കാം. കൃത്യമായ അവലോകനത്തിലൂടെ പ്രേരകഘടകങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. ചില രോഗികളില്‍ അലര്‍ജി പരിശോധന വഴിയും പ്രേരകഘടകങ്ങളെ കണ്ടെത്താന്‍ കഴിയും.

 

ലക്ഷണങ്ങള്‍

ആസ്ത്മാരോഗത്തിന്റെ മുഖ്യമായ ലക്ഷണം ശ്വാസംമുട്ടല്‍ ആണ്. നിര്‍ത്താതെയുള്ള ചുമ, നെഞ്ചിലെ വിങ്ങല്‍ ഇവയും ലക്ഷണങ്ങളാണ്. മിക്കവരിലും രോഗലക്ഷണങ്ങള്‍ രാത്രികാലങ്ങളിലും പുലര്‍ച്ചെയുമാണ് കൂടുതലായി കാണുന്നത്. ആസ്ത് മാരോഗ നിര്‍ണയം കൃത്യമായ ചോദ്യാവലിയോടെയാണ് നടത്തുന്നത്. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനക്ഷമത അളക്കുന്ന സ്‌പൈറോമെട്രിയും പീക്ക് ഫ്‌ളോ മീറ്റര്‍ പരിശോധകളും രോഗത്തിന്റെ തീവ്രത അറിയുവാനും ഉപകരിക്കുന്നു. കൂടാതെ മറ്റുരോഗങ്ങളില്‍ നിന്ന് ആസ്ത് മാരോഗത്തെ തിരിച്ചറിയുവാനും സാധിക്കുന്നു.

 

ചികിത്സകള്‍

ആസ്ത് മാ രോഗം ഫലപ്രദമായ ചികിത്സയിലൂടെ പൂര്‍ണമായും നിയന്ത്രിക്കാവുന്നതാണ്. ആസ്ത് മാ രോഗത്തിന്റെ ചികിത്സയില്‍ മുഖ്യമായത് പ്രേരകഘടകങ്ങളെ കഴിയുന്നതും ഒഴിവാക്കുക എന്നതാണ.് രോഗത്തിന്റെ രണ്ടു ഘടകങ്ങളെയും ചികിത്സിക്കേണ്ടത് ആസ്ത് മാ നിയന്ത്രണവിധേയമാക്കാന്‍ അത്യാവശ്യമാണ്. ശ്വാസനാളികള്‍ വികസിക്കാനുള്ള മരുന്നുകളായ ബ്രോങ്കോഡൈലേറ്റേഴ്‌സ് രോഗലക്ഷണങ്ങള്‍ പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്നു.
ഇതിന്റെ കൂടെത്തന്നെ ശ്വാസനാളികളിലെ നീര്‍ക്കെട്ട് കുറക്കാനാവശ്യമായ മരുന്നുകളും ഉപയോഗിച്ചാല്‍ മാത്രമേ രോഗം നിയന്ത്രണവിധേയമാക്കാന്‍ സാധിക്കൂ. ഇതില്‍ മുഖ്യമായിട്ടുള്ളത് ഇന്‍ഹൈല്‍ഡ് സ്റ്റിറോയിഡ് മരുന്നുകളാണ്. ഇവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ വളരെ കുറവാണ്. ഇവ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാത്രമേ രോഗം പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കൂ.
ആസ്ത് മാരോഗത്തിന്റെ ചികിത്സയില്‍ ഇവയ്ക്ക് പ്രധാന പങ്കുണ്ട്. 90 ശതമാനം ആസ്ത് മാരോഗികളുടെയും രോഗം നിയന്ത്രിക്കുവാന്‍ ഇന്‍ഹേല്‍ഡ് കോട്ടിക്കോസ്റ്റീറോയ്ഡ് മരുന്നുകള്‍ക്കാകും. ഇവയ്ക്ക് പുറമേ മോന്‍ടിലുകാസ്റ്റ് പോലുള്ള ഗുളികകളും രോഗം നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കും. ഇന്‍ഹേലര്‍ മരുന്നുകള്‍ ഗര്‍ഭകാലത്തും മുലയൂട്ടുമ്പോഴും കുട്ടികളിലും പൂര്‍ണമായും സുരക്ഷിതമാണെന്ന് പഠനത്തിലൂടെ തെളിയിക്കപ്പെട്ടതാണ്.

വിദഗ്ധ പരിശോധന

ഏകദേശം 5-10 ശതമാനം രോഗികളില്‍ നിലവിലുള്ള ചികിത്സാരീതികള്‍ കൊണ്ട് ഫലമില്ലാതെ വന്നേക്കാം. ഇവരില്‍ വിദഗ്ധപരിശോധന ആവശ്യമായിവന്നേക്കാം. ചിലര്‍ക്ക് ആസ്ത് മാരോഗത്തിന് കാരണമായ കണികാഘടകങ്ങളിലുള്ള വ്യത്യാസങ്ങളായിരിക്കും രോഗം നിയന്ത്രണവിധേയമാകാതിരിക്കാന്‍ കാരണം.
പുതിയ മരുന്നുകളായ ഒമാലിസുമാബ്, മേപൊലിസുമാബ്, റെസ്‌ലിസുമാബ് എന്നിവ ആസ്ത് മാരോഗികളില്‍ ചിലര്‍ക്ക് ഉപയോഗപ്രദവുമായേക്കാം. ഇവയില്‍ ഒമാലിസുമാബ് ഇന്ത്യയില്‍ ലഭ്യമാണ്. ഇവ കൂടാതെ വളരെ കുറഞ്ഞ ശതമാനം ആള്‍ക്കാരില്‍ ബ്രോങ്കിയല്‍ തെര്‍മോപ്ലാസ്റ്റിയെന്ന ചികിത്സാരീതി പരീക്ഷിക്കുന്നു. ഇത് ശ്വാസകോശനാളികളിലെ മസിലുകളുടെ കട്ടികുറയ്ക്കാനായി ബ്രോങ്കോസ്‌കോപി വഴിയുള്ള ഒരു സര്‍ജിക്കല്‍ രീതിയാണിത്.
മറ്റു ചികിത്സാമാര്‍ഗങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ ചെറിയൊരു ശതമാനം ആള്‍ക്കാരില്‍ ഇത്തരം രീതികള്‍ അവലംബിക്കേണ്ടിവന്നേക്കാം. ഇന്ന്് ആസ്ത് മാരോഗം കൃത്യമായ രോഗനിര്‍ണയത്തിലൂടെയും ചികിത്സയിലൂടെയും ഏതുപ്രായത്തിലും ചികിത്സിച്ച് നിയന്ത്രണവിധേയമാക്കാവുന്നതാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.