2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ജി.എസ്.ടി; വന്‍ കമ്പനികള്‍ ലാഭം കൊയ്യും, ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വില കുറയും

സ്വാതന്ത്ര്യത്തിനു ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കരണത്തിന് അന്തിമ രൂപമായി. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഇന്നലെയും ഇന്നുമായി ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് നികുതി സ്ലാബുകള്‍ സംബന്ധിച്ച നിര്‍ണയം നടത്തിയത്. രണ്ടാം ദിനം ഒരു കാര്യം വ്യക്തമായി, രാജ്യത്തെ സ്റ്റീല്‍ നിര്‍മാതാക്കള്‍ക്കും സാനിറ്ററിവെയര്‍, എയര്‍കണ്ടീഷന്‍ നിര്‍മാതാക്കള്‍ക്കും ഏറെ ഗുണം ചെയ്യുന്ന രൂപത്തിലാണ് നികുതി പരിഷ്‌കരണം.

സ്റ്റീല്‍ നിര്‍മാതാക്കള്‍ക്ക് ഇരുമ്പയിര്, കല്‍ക്കരി എന്നിവ അഞ്ചു ശതമാനം നികുതി കുറച്ചുനല്‍കും. ജെ.എസ്.ഡബ്യു സ്റ്റീല്‍, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ എന്നീ കമ്പനികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. സിമന്റിനും വില കൂടാന്‍ സാധ്യതയുണ്ട്.

പാല്‍, പഴയങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, പഞ്ചസാര, ചായപ്പൊടി, കാപ്പി, ഭക്ഷ്യ എണ്ണ, മധുരം തുടങ്ങിയവയ്ക്ക് ഏറ്റവും ചെറിയ നികുതി സ്ലാബായ അഞ്ചു ശതമാനമായിരിക്കും ഈടാക്കുക. 12, 18, 28 ശതമാനം എന്നിവയാണ് മറ്റു മൂന്നു സ്ലാബുകള്‍.

കാറുകള്‍ക്ക് പരമാവധി നികുതി

ലക്ഷുറി കാറുകള്‍ക്ക് 28 ശതമാനം ലെവിയും 15 ശതമാനം സെസ്സും പിടിക്കും. അതേസമയം, പെട്രോള്‍ ചെറുകാറുകള്‍ക്ക് 28 ശതമാനം നികുതിയും ഒരു ശതമാനം സെസ്സും പിടിക്കും. ഡീസല്‍ ചെറുകാറുകള്‍ക്ക് 28 ശതമാനം നികുതിയും മൂന്നു ശതമാനം സെസ്സും നല്‍കേണ്ടി വരും.

ജൂലൈ ഒന്നു മുതലാണ് രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തില്‍ വരിക. ജി.എസ്.ടി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്ന കമ്മിറ്റിയാണ് ജി.എസ്.ടി കൗണ്‍സില്‍. രണ്ടു ദിനത്തെ യോഗത്തിന്റെ ആദ്യ ദിനത്തിലാണ് നികുതി സ്ലാബുകള്‍ സംബന്ധിച്ച് തീരുമാനമായത്.

അധിക സാധനങ്ങള്‍ക്കും 18 ശതമാനം

ജി.എസ്.ടിക്കു കീഴില്‍ 81 ശതമാനം സാധനങ്ങള്‍ക്കും നികുതി നിര്‍ണയിച്ചിരിക്കുന്നത് 18 ശതമാനമാനം എന്ന സ്ലാബിലാണ്. പട്ടിക തയ്യാറാക്കിയ 1211 സാധനങ്ങളില്‍ 14 ശതമാനത്തിന് അഞ്ചു ശതമാനം നികുതിയും 17 ശതമാനത്തിന് 12 ശതമാനം നികുതിയും പിടിക്കും. 43 ശതമാനം സാധനങ്ങള്‍ക്ക് 18 ശതമാനം നികുതിയും 19 ശതമാനത്തിന് 28 ശതമാനം നികുതിയും ഈടാക്കും. എല്ലാ രാസ വസ്തുക്കള്‍ക്കും 18 ശതമാനമാണ് നികുതി.

സ്വര്‍ണത്തിന്റെ കാര്യത്തില്‍ തീരുമാനം വെള്ളിയാഴ്ച

എല്ലാ വിഭാഗങ്ങളിലും നികുതി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. സ്വര്‍ണം, തുണിത്തരങ്ങള്‍, ബയോ ഡീസല്‍ തുടങ്ങിയവയ്ക്ക് വെള്ളിയാഴ് നികുതി നിര്‍ണയിക്കും. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ സ്വര്‍ണത്തിന് അഞ്ചു ശതമാനം നികുതി മാത്രമേ പിടിക്കാവൂയെന്നും ഉയര്‍ന്ന നിരക്കില്‍ ആഢംബര നികുതി ഈടാക്കാമെന്നും ആവശ്യപ്പെട്ടിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.