2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മോദി സര്‍ക്കാരിനെ വെളുപ്പിച്ചെടുക്കാന്‍ ജെയ്റ്റ്‌ലി ഇനിയില്ല; 11 മണിക്ക് മൃതദേഹം ബി.ജെ.പി ആസ്ഥാനത്ത്; ഉച്ചയോടെ സംസ്‌കാരം

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ (66) സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം ഡല്‍ഹി നിഗംബോധ് ഘട്ടില്‍ വച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷത്തെ നേതാക്കള്‍ തുടങ്ങിയ പ്രമുഖരുടെ നിര തന്നെ ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കും.

നിലവില്‍ കൈലാഷ് കോളനിയിലുള്ള ജെയ്റ്റ്‌ലിയുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹം രാവിലെ 11 മണിയോടെ ബി.ജെ.പി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ട് മണി വരെ അവിടെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമയം ഉണ്ടാകുമെന്ന് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അറിയിച്ചു.

ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ച് ഇന്നലെയായിരുന്നു ജെയ്റ്റ്‌ലിയുടെ അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാകുകയും ശ്വാസതടസം നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്‍പതാം തീയതിയാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമ്പോള്‍ നയങ്ങളെ ന്യായീകരിച്ച് രക്ഷിക്കാന്‍ അരുണ്‍ജയ്റ്റ്‌ലി ഇല്ലെന്നത് നരേന്ദ്രമോദി സര്‍ക്കാറിന്റെ വലിയ കുറവ് തന്നെയാവും. എന്‍.ഡി.എ പ്രതിപക്ഷത്തിരിക്കുമ്പോഴും അധികാരത്തിലിരിക്കുമ്പോഴും പാര്‍ട്ടിയിലും സര്‍ക്കാറിലും മോദിക്കും അമിത് ഷാക്കും പിന്നാലെ മൂന്നാമനായിരുന്നു ജയ്റ്റ്‌ലി. അതുകൊണ്ട് തന്നെ മോദിക്കാലത്ത് മാത്രമല്ല മോദിക്ക് മുമ്പും പാര്‍ട്ടിവിളമ്പുന്നതിന്റെ നടുക്കണ്ടം തന്നെ ജയ്‌ലിക്ക കിട്ടിയിട്ടുണ്ട്. എല്‍.കെ അദ്വാനിയും രാജ്‌നാഥ് സിങ്ങുമെല്ലാം പാര്‍ട്ടി അധ്യക്ഷരായിരുന്ന കാലത്തും പാര്‍ട്ടിയില്‍ പ്രബലനായിരുന്നു ജയ്റ്റ്‌ലി. പാര്‍ട്ടിക്കുള്ളിലെ തമ്മിലടിക്ക് പിന്നാലെ ആര്‍.എസ്.എസ്സിന്റെ സഹായത്തോടെ മഹാരാഷ്ട്ര ലോബി പാര്‍ട്ടി പിടിച്ചെടുക്കുകയും നിതിന്‍ ഗദ്കരി അധ്യക്ഷനാവുകയും ചെയ്തപ്പോഴും അധ്യക്ഷക്കസേരയുടെ വലതുവശത്ത് ജയ്റ്റ്‌ലിയുണ്ടായിരുന്നു.
ഒരേ സമയം വാജ്‌പേയിയുടെയും അദ്വാനിയുടെയും പിന്നാലെ മോദിയുടെയും ആളായിരുന്നു ജയ്റ്റ്‌ലി. മോദിയുടെ വരവോടെ ഗുജറാത്തി ലോബിക്കായി ബി.ജെ.പിയുടെ നിയന്ത്രണം. അമിത്ഷാ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് വന്നതോടെ ജയ്റ്റ്‌ലി ഒരടി പിന്നാക്കമായെങ്കിലും മുന്നില്‍ത്തന്നെയുണ്ടായിരുന്നു. അദ്വാനിയെയും അരുണ്‍ഷൂരിയെയും യശ്വന്ത് സിന്‍ഹയെയും ജസ്വന്ത് സിങിനെയും പുറന്തള്ളിയ മോദി അരുണ്‍ ജയ്റ്റിലെ ചേര്‍ത്തു തന്നെ നിര്‍ത്തി. പിന്നീടങ്ങോട്ട് നോട്ട് നിരോധനമായാലും ജി.എസ്.ടിയായിലും പാര്‍ട്ടിയെ സഭയിലും പുറത്തും സര്‍ക്കാറിനെ ന്യായീകരിക്കാന്‍ ജയ്റ്റ്‌ലി മാത്രമേയുണ്ടായിരുന്നുള്ളൂ. രാജ്യസഭയില്‍ ഭൂമിപക്ഷമില്ലാതിരുന്ന ഒന്നാം മോദി സര്‍ക്കാറിനെ രാജ്യസഭയില്‍ പ്രതിപക്ഷത്തോട് പൊരുതി നില്‍ക്കാന്‍ ജയ്റ്റ്‌ലിയായിരുന്നു മുന്നില്‍. അഭിഭാഷകനായിരുന്ന ജയ്റ്റി കോടതി മുറിയിലെന്ന പോലെയായിരുന്നു പാര്‍ലമെന്റിലും. ജയിച്ച് നില്‍ക്കുമ്പോള്‍ ആഞ്ഞടിക്കാനും പ്രതിരോധത്തിലാവുമ്പോള്‍ പിടിച്ചുനില്‍ക്കാനും ജയ്റ്റ്‌ലി വാദങ്ങളും വാക്കുകളും കണ്ടെത്തി.

ഒന്നാം യു.പി.എ സര്‍ക്കാറില്‍ പ്രണബ് മുഖര്‍ജിയുടെ റോളെന്ന പോലെയായിരുന്നു ഒന്നാം മോദി സര്‍ക്കാറില്‍ ജയ്റ്റ്‌ലി. പ്രതിപക്ഷത്തിന്റെ പിന്തുണവേണ്ട ഘട്ടങ്ങളില്‍ അനുരജ്ഞനത്തിനായി തുനിഞ്ഞിറങ്ങാനും മടിച്ചിരുന്നില്ല. ജി.എസ്.ടി കൗണ്‍സില്‍ യോഗങ്ങളില്‍ തികഞ്ഞ ജനാധിപത്യ സ്വഭാവത്തോടെ പെരുമാറാന്‍ ജയ്റ്റി ഒരു മടിയും കാട്ടിയില്ല. മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ജയ്റ്റ്‌ലിക്ക് മടിയുണ്ടായിരുന്നില്ല. സാമ്പത്തിക നയങ്ങള്‍ എതിര്‍ക്കപ്പെട്ടുവെങ്കിലും വിവാദങ്ങള്‍ തിരിഞ്ഞുകടിക്കാത്ത രാഷ്ട്രീയജീവിതമായിരുന്നു ജയ്റ്റ്‌ലിയുടെത്. എങ്കിലും ജയ്റ്റ്‌ലിയുമായി ബന്ധപ്പെട്ട എല്ലാം ശരിയായിരുന്നു എന്ന് പറയാന്‍ കഴിയില്ല. ബി.ജെ.പിയുടെ വര്‍ഗീയതയും തീവ്രവര്‍ഗീയവാദവുമെല്ലാം ജയ്റ്റിക്ക് ഗുണമായേ വന്നിട്ടുള്ളൂ. നോട്ട് അസാധുവാക്കല്‍ ഉള്‍പ്പടെയുള്ള ഹിമാലയന്‍ അബദ്ധങ്ങളില്‍ ജയ്റ്റ്‌ലിക്ക് പങ്കുണ്ടായിരുന്നോ എന്നത് ഇപ്പോഴും അവ്യക്തമാണ്.

 

എന്നാലും ധനമന്ത്രിയെന്ന നിലയില്‍ നേരിട്ട് ഉത്തരവാദിത്തമില്ലാത്തെ നോട്ട് നിരോധനത്തിലും പിന്നാലെ ഒരു പങ്കുമില്ലാത്ത റാഫേല്‍ കരാര്‍ അഴിമതിയിലും ന്യായീകരണവുമായി ചാടിയിറങ്ങാന്‍ ജയറ്റ്‌ലിക്ക് മടിയുണ്ടായിരുന്നില്ല. ജി.എസ്.ടി യു.പി.എ സര്‍ക്കാര്‍ ആശയമായിരുന്നെങ്കിലും നടപ്പാക്കാന്‍ നിയോഗം ജയ്റ്റിലിക്കായിരുന്നു. നികുതി ഘടന നിശ്ചയിച്ച രീതി തുടക്കത്തില്‍ ചെറുകിട വ്യവസായങ്ങളുടെയും പിന്നാലെ വന്‍കിടക്കാരുടെയും നടുവൊടിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് രാജ്യം വീണത് ജി.എസ്.ടി നടപ്പാക്കിയ രീതിയിലെ വൈകല്യം മൂലമായിരുന്നു. സര്‍ക്കാര്‍ എണ്ണിപ്പറഞ്ഞ അതിന്റെ ഗുണങ്ങളാകട്ടെ ഇതുവരെ കാണാന്‍ സാധിച്ചതുമില്ല.

സംഘപരിവാറിലെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഭരണഘടനയെയും പാര്‍ലമെന്റിനെയും പ്രതിപക്ഷത്തെയും അംഗീകരിച്ചിരുന്ന നേതാവായിരുന്നു ജയ്റ്റ്‌ലി. രാഷ്ട്രീയത്തിലായാലും വ്യക്തിജീവിതത്തിലായാലും ഏറ്റവും മികച്ചത് വാശിയോടെ നേടിയെടുത്തയാളായിരുന്നു. വില കൂടിയ വിദേശവസ്ത്രങ്ങളോടും കാറുകളോടും ജയ്റ്റ്‌ലിക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. തികഞ്ഞ ആര്‍.എസ്.എസ് പശ്ചാത്തലം ജയ്റ്റ്‌ലിക്കുണ്ടായിരുന്നില്ല. സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണന്റെ അടുത്ത ശിഷ്യനായി അറിയപ്പെട്ടിരുന്ന ജെയ്റ്റ്‌ലി പിന്നീട് എ.ബി.വി.പിയിലൂടെ ജനസംഘത്തിലും ബി.ജെ.പിയിലും എത്തിയതാണ്. 1974ല്‍ ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരാജയമായിരുന്നു ജയ്റ്റ്‌ലി. 1990കളുടെ അവസാനം മുതല്‍ രാജ്യസഭയിലൂടെയാണ് പാര്‍ലമെന്റില്‍ എത്തിയത്. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ മോദി തരംഗത്തിനിടയിലും അമൃത്‌സറില്‍ കോണ്‍ഗ്രസിന്റെ അമരീന്ദര്‍സിങ്ങിനോട് തോറ്റു.
എന്നിട്ടും മോദി ജയ്റ്റ്‌ലിയെ മന്ത്രിസഭാംഗമാക്കി. ധനവകുപ്പിന്റെ സുപ്രധാന ചുമതലയും നല്‍കി. രണ്ടാം മോദിസര്‍ക്കാര്‍ 2019ല്‍ ചുമതലയേറ്റപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹം സ്വയം പിന്‍വാങ്ങുകയായിരുന്നു.

arun jaitley funeral live updates


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News