2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

പിന്നീടവര്‍ എഴുത്തുകാരെ തേടി വന്നു

ഫാസിസം ഭാഷയില്‍പോലും എരിയുന്ന തിന്മയായും സൗഹൃദങ്ങളെപ്പോലും അസാധ്യമാക്കുന്ന അല്‍പ്പത്തമായും
പതുങ്ങിനില്‍ക്കുന്ന കലുഷമായ കാലത്തിലാണു നാം ജീവിക്കുന്നത്. പൂക്കളങ്ങളെ ഫാസിസം കൊലക്കളങ്ങളാക്കും.
ഭൂമിയുടെ ആര്‍ദ്രതയിലും ആകാശനീലിമയിലും അതു ചെഞ്ചോരപുരട്ടും. 'കാറ്റിന്റെ കാലൊച്ച'കള്‍ക്കും
'കുഞ്ഞുങ്ങളുടെ അരുവിച്ചിരി'കള്‍ക്കുമിടയില്‍ നിന്നുപോലും അത് ത്രിശൂലങ്ങളുയര്‍ത്തും.' (കെ.ഇ.എന്‍, ഇരകളുടെ മാനിഫെസ്റ്റോ)

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി 9447 447 889

 

ഫാസിസ്റ്റ് ഇരകളില്‍ ആദ്യത്തേതിലൊന്നു മഹാത്മജിയായിരുന്നു. രാമജന്മഭൂമി മറ്റൊരു ഇരകോര്‍ത്ത ചൂണ്ടയായി. രഥയാത്ര ഇന്ത്യന്‍ മതേതരഹൃദയത്തെ കീറിമുറിച്ചു. ബാബരി മസ്ജിദിന്റെ മഹത്തായ മിനാരങ്ങള്‍ നിലംപൊത്തുന്നത് കണ്ടു ഫാസിസ്റ്റ് ഭീകരര്‍ ആര്‍ത്തുചിരിച്ചു. ‘ഹിന്ദു മുസ്‌ലിം’ പദങ്ങളുപയോഗിച്ചുള്ള ഭീകരരാഷ്ട്രീയസംജ്ഞകള്‍ പിറവിയെടുത്തു. സംഘ്പരിവാറിന്റെ രാഷ്ട്രീയമുഖമായ ബി.ജെ.പി അധികാരത്തിലേറി. രാമനും ക്ഷേത്രവും വിസ്മൃതിയിലായി. പുതിയ ഇരകളെ നിര്‍മിക്കുന്ന പ്രക്രിയ ഭംഗമില്ലാതെ തുടര്‍ന്നു. ലൗ ജിഹാദ് പോലുള്ള അശ്ലീല രാഷ്ട്രീയസമസ്യകളില്‍ മുസ്‌ലിം, ന്യൂനപക്ഷ യുവാക്കള്‍ നിരന്തരം വേട്ടയാടപ്പെട്ടു.
നരേന്ദ്രമോദിയെ മുന്‍നിര്‍ത്തി കോടാനുകോടികള്‍ മുടക്കി മാധ്യമങ്ങളെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെയും പി.ആര്‍ ഗിമ്മിക്കുകളെയും ഉപയോഗിച്ചു തെരഞ്ഞെടുപ്പിനെ നേരിടുകയും നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയുമാണ്. എന്നാല്‍, രാമക്ഷേത്രവും മോദിയുടെ സ്വപ്നവ്യാപാരങ്ങളുമെല്ലാം രാഷ്ട്രീയവിപണിയിലെ എടുക്കാച്ചരക്കായി മാറിയിരിക്കുന്നു. അമിത് ഷാ എന്നതു ജനാധിപത്യ യുദ്ധഭൂമികളില്‍ തുടര്‍ച്ചയായി തോല്‍ക്കുന്ന പടനായകന്റെ പേരാണ്.
അപ്പോഴും ഫാസിസത്തിന്റെ ഇരനിര്‍മാണം തുടര്‍ന്നു. കാലിമാംസം ഇന്ത്യയില്‍ പേടിസ്വപ്നമായി. ഈ നൂറ്റാണ്ടില്‍ ഏറ്റവും ശക്തമായ രാജ്യമാകാന്‍ പോകുന്ന രാഷ്ട്രത്തിലെ അശ്ലീല രാഷ്ട്രീയചര്‍ച്ചകളും രാഷ്ട്രീയപ്രയോഗങ്ങളുമായി മാറി ഗോമാതാവും ഗോമാംസവും. ഗോമാംസം സൂക്ഷിച്ചു, കഴിച്ചു, കാലികളെ കയറ്റിയ വാഹനത്തിന്റെ ഡ്രൈവറായി എന്നു തുടങ്ങിയ വ്യാജാരോപണങ്ങളള്‍ ഉന്നയിച്ചു സംഘ്പരിവാര്‍ മനുഷ്യരെ അടിച്ചും ഭേദ്യം ചെയ്തും കൊന്നുതള്ളി. എഴുത്തുകാരും ബുദ്ധിജീവികളും കൊല്ലപ്പെട്ടു.
ആ നൈരന്തര്യത്തില്‍ കേരളത്തില്‍നിന്നുള്ള ഒടുവിലത്തെ ഉദാഹരമാണു കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണം. ഫാസിസത്തിന്റെ പ്രലോഭനങ്ങളിലോ ഭീഷണികളിലോ അടിപതറാത്ത, നേരിനെ തന്റെ വരികളിലൂടെ ഉറക്കെപ്പറയുന്ന, ഭയമില്ലാതെ തെരുവുകളില്‍ കവിത ചൊല്ലുന്ന വിഭിന്ന വ്യക്തിത്വമാണു കുരീപ്പുഴ ശ്രീകുമാര്‍. അവാര്‍ഡുകളും അക്കാദമി അംഗത്വവും വിദേശയാത്രകളും മോഹിച്ച് ഒരു പ്രസ്ഥാനത്തിന്റെയും പിണിയാളായി രംഗപ്രവേശനം ചെയ്തിട്ടില്ല. കമ്പോളനിലവാരം നോക്കി സാഹിത്യരചന നടത്തിയിട്ടില്ല. അത്തരമൊരാള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ചില സന്ദേശങ്ങളുണ്ട്.
തങ്ങളുടെ അടുത്തലക്ഷ്യം കേരളഭരണം പിടിച്ചെടുക്കുകയാണെന്ന് അമിത്ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയുള്ള കലാകാരന്മാര്‍ക്കും അക്കാദമിക് ബുദ്ധിജീവികള്‍ക്കും വ്യവസായികള്‍ക്കും സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കും മറുകണ്ടം ചാടാന്‍ തയാറായി നില്‍ക്കുന്ന രാഷ്ട്രീയനേതാക്കള്‍ക്കുമെല്ലാമുള്ള മുന്നറിയിപ്പോ പ്രലോഭനമോ ആണ്. സുരേഷ്‌ഗോപി മുതല്‍ സുഗതകുമാരി ടീച്ചര്‍ വരെയുള്ള കലാ,സാംസ്‌കാരിക സമൂഹത്തില്‍ അതു ചലനമുണ്ടാക്കിയെന്നതു നേരാണ്.
കുരീപ്പുഴമാരും ഗൗരി ലങ്കേശുമാരും കല്‍ബുര്‍ഗിമാരും ഫാസിസ്റ്റ് ആസുരതയാല്‍ ആക്രമിക്കപ്പെടുമ്പോള്‍ നാം ജാഗ്രത്തായിരിക്കണമെന്നു കാലം ഓര്‍മപ്പെടുത്തുന്നു. ഫാസിസ്റ്റ് അക്രമങ്ങള്‍ക്കെതിരേ ശബ്ദിക്കാന്‍ ഇന്നു ചുരുക്കം ചിലരേയുള്ളു. അവര്‍ എഴുത്തിലൂടെയും പുരസ്‌കാര തിരസ്‌കാരത്തിലൂടെയും പ്രതിഷേധിക്കുന്നുണ്ട്. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. പല കലാകാരന്മാരും എഴുത്തുകാരും കുറ്റകരമായ മൗനത്തിലാണ്. സവര്‍ണപ്രത്യയശാസ്ത്രം ജനാധിപത്യത്തിന്റെ തലവെട്ടുന്നുവെന്ന തിരിച്ചറിവ് ഉണ്ടായേ തീരൂ. ജാതിപ്രത്യയശാസ്ത്രത്തിന്റെ മൂലഗ്രന്ഥമായ മനുസ്മൃതി പൂര്‍ണമായി കത്തിയെരിഞ്ഞിട്ടില്ല.
വടയമ്പാടി ദലിത് ഭൂസമരത്തെ പിന്തുണച്ചു ശ്രീകുമാര്‍ നടത്തിയ പ്രസംഗമാണു ഫാസിസ്റ്റുകളെ കോപാകുലരാക്കിയത്. ഗോഡ്‌സെക്കെതിരേ മുതല്‍ ഗുജറാത്തിലെ വംശഹത്യക്കെതിരേ വരെ പൊള്ളുന്ന അക്ഷരങ്ങള്‍കൊണ്ട് കവിതയെഴുതിയ ഫാസിസ്റ്റ് വിരുദ്ധകവിയാണു കുരീപ്പുഴ.
പ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോയുടെ നിര്‍വചനപ്രകാരം ഫാസിസത്തിനു 14 ലക്ഷണങ്ങളുണ്ട്. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെയും ഇറ്റലിയില്‍ മുസ്സോളിനിയുടെയും ഇന്തോനേഷ്യയില്‍ സുഹാര്‍ത്തോയുടെയും നേതൃത്വത്തില്‍ സംഭവങ്ങള്‍ ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദ്യലക്ഷണം അതിശക്തമായ ദേശീയതയാണ്. അത് ഭൂരിപക്ഷവര്‍ഗത്തിന്റെ ദേശീയതയാണ്. വര്‍ഗീയതയും ദേശീയതയും അങ്ങനെയാണ് ഒരേതലത്തില്‍ കൈകോര്‍ക്കുന്നത്.
രണ്ടാമത്തെ ലക്ഷണം മനുഷ്യാവകാശധ്വംസനമാണ്. ദേശീയസുരക്ഷയെന്ന താത്പര്യത്തിന് വേണ്ടി മനുഷ്യന്റെ ചെറുതും വലുതുമായ അധികാരങ്ങളും അവകാശങ്ങളും ഹനിക്കാമെന്നു ഫാസിസം കണക്കുകൂട്ടുന്നു. മൂന്നാമത്തേത് ശത്രുവിനെ നിര്‍വചിക്കുകയെന്നതാണ്. ശത്രു പൊതുവില്‍ ദുര്‍ബലനായിരിക്കും. ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കു നേരെയും ഒഡീഷയില്‍ ക്രിസ്ത്യാനികള്‍ക്കു നേരെയുമൊക്കെ ഉണ്ടായത് ഈ ശത്രുനിര്‍മിതിയാണ്. ഒഡിഷയിലെ ഗോത്ര വര്‍ഗങ്ങളെ എങ്ങനെയാണു ഫാസിസം അടിച്ചമര്‍ത്തിയതെന്നു നമുക്കറിയാം.
നാലാമത്തെ ലക്ഷണം അതു പുരുഷകേന്ദ്രീകൃതമാണെന്നതാണ്. ഹിന്ദുസ്ത്രീക്ക് അഞ്ചു കുട്ടികളുണ്ടാകണമെന്ന് ഇവിടത്തെ ഫാസിസ്റ്റുകള്‍ ശഠിക്കുന്നത് ഇതുകൊണ്ടാണ്. വാര്‍ത്താവിനിമയ മാധ്യമങ്ങളെ പൂര്‍ണമായി നിയന്ത്രിക്കുകയെന്നതാണ് അഞ്ചാമത്തെ ലക്ഷ്യം. ടി വി ചാനലുകള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് നല്‍കിയ നിര്‍ദേശങ്ങള്‍ പരിശോധിച്ചാല്‍ ഈ ലക്ഷ്യം ബോധ്യപ്പെടും. ക്രമേണ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ പറയുന്നത് മാത്രം റിപ്പോര്‍ട്ട് ചെയ്യണ്ട ഗതിയിലേക്ക് നമ്മുടെ മാധ്യമങ്ങള്‍ എത്തിച്ചേരാം. ദേശീയ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് ആറാമത്തേത്.
ഏഴാമത്തേത് മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തലാണ്. ഈ സര്‍ക്കാരിന്റെ വാര്‍ഷികമാഘോഷിച്ചപ്പോള്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ഓരോ മന്ത്രിമാരും മതപരമായ താല്‍പ്പര്യങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്നു വിലയിരുത്തിയത് ഓര്‍ക്കുക. കോര്‍പറേറ്റ് ശക്തികള്‍ ഭരണത്തിനു മുകളില്‍ പിടിമുറുക്കലാണ് എട്ടാമത്തെ ലക്ഷണം. പ്രധാനമന്ത്രിയുടെ വിദേശസഞ്ചാരത്തില്‍ ഒപ്പമുണ്ടായിരുന്നത് ചില കോര്‍പറേറ്റ് വ്യവസായികളായിരുന്നു.
ഒമ്പതാമത്തെ ലക്ഷണം ഫാസിസം തൊഴിലാളികളെ അടിച്ചമര്‍ത്തുന്നുവെന്നതാണ്. വ്യവസായികള്‍ ആഗ്രഹിക്കുന്നത് തൊഴില്‍ നിയമങ്ങളുടെ ഉദാരവല്‍ക്കരണമാണ്. തൊഴിലാളിവിരുദ്ധവും മുതലാളി പ്രീണനവും നിറഞ്ഞ അത്തരമൊരു തൊഴില്‍നിയമം നടപ്പാക്കാനാണു മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബുദ്ധിജീവികളോടുള്ള വിദ്വേഷമാണു പത്താമത്തെ ലക്ഷണം. ചിന്തിക്കുന്നവര്‍ ഫാസിസത്തോടു വിയോജിക്കും. അതിനാല്‍ അവരെ അകറ്റി നിര്‍ത്തണം. ചരിത്ര കൗണ്‍സില്‍ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നു ലോകമറിയപ്പെടുന്ന ചരിത്രകാരി റോമിലാ ഥാപ്പറിനെയൊക്കെ ഒഴിവാക്കി പകരം പ്രതിഷ്ഠിക്കുന്നതു സുദര്‍ശനനെയാണ്. സുദര്‍ശനനുള്ള യോഗ്യത, അദ്ദേഹം മഹാഭാരതവും പുരാണകഥകളും ചരിത്രവുമാണെന്നു വിശ്വസിക്കുന്നുവെന്നതാണ്.
പതിനൊന്നാമത്തെ ലക്ഷണം ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കലാണ്. ബി.ജെ.പി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോഴേ അവരതിനു ശ്രമിച്ചു. സ്മൃതി ഇറാനിയെന്ന അധികം യോഗ്യതകളില്ലാത്ത സ്ത്രീയെ വിദ്യാഭ്യാസമന്ത്രിയാക്കി. അബുല്‍ കലാം ആസാദും സക്കീര്‍ ഹുസൈനും പോലുള്ള പ്രഗല്ഭരായ വിദ്യാഭ്യാസവിചക്ഷണര്‍ ഇരുന്ന കസേരയാണ് അതെന്നോര്‍ക്കണം. നളന്ദ പോലുള്ള സര്‍വകലാശാലകള്‍ പല നിലയ്ക്കും തകരുന്നതു സ്മൃതി ഇറാനിയുടെ വരവിനുശേഷമാണ്. രോഹിത് വെമുലമാരുടെ വിരലുകളല്ല, ജീവന്‍തന്നെ ദക്ഷിണയായി ആവശ്യപ്പെടുന്ന ആസുരതയും കണ്ടു.
പതിനൊന്നാമത്തെ ലക്ഷണം ശിക്ഷാ നടപടി വര്‍ധിപ്പിക്കലാണ്. പെട്ടന്നു ശിക്ഷിക്കുക എന്നതാണു ഫാസിസ്റ്റ് രീതി. യാക്കൂബ് മേമന്റെ വധശിക്ഷ ഉദാഹരണം. ദയാഹരജി തള്ളിയാല്‍ പതിനഞ്ചു ദിവസം സമയം നല്‍കണമെന്നാണു സുപ്രിം കോടതി വിധി. അതു പരിഗണിച്ചില്ല. പന്ത്രണ്ടാമത്തെ ലക്ഷണം അഴിമതിയാണ്. ഇതിനെത്രയെങ്കിലും ഉദാഹരണങ്ങള്‍ ഇന്ത്യയിലെ ബി.ജെ.പി ഭരണത്തില്‍ കാണാനാകും.
ഫാസിസത്തിന്റെ പതിനാലു സവിശേഷതകളില്‍ രണ്ടെണ്ണം മാത്രമേ ഇന്ത്യയില്‍ നടപ്പാകാന്‍ ബാക്കിയുള്ളൂവെന്നായിരുന്നു ധാരണ. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുക, പട്ടാളത്തിന്റെ അധീശത്വവുമാണവ. എന്നാല്‍, കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിലുള്‍പ്പെടെ അതും കണ്ടു. ഫിലിം സെന്‍സര്‍ ബോര്‍ഡ് മുതല്‍ ഇലക്ഷന്‍ കമ്മിഷന്‍ അടക്കമുള്ള സ്ഥാപനങ്ങളെ ഫാസിസ്റ്റുകള്‍ കൈയിലൊതുക്കുന്നു. ജുഡീഷ്യറിയില്‍ നിന്നുപോലും ശുഭകരമായ വാര്‍ത്തകളല്ല വരുന്നതെന്നാണ് ജസ്റ്റിസ് ലോയ വധക്കേസും തുടര്‍ന്നുണ്ടായ സുപ്രിംകോടതിയിലെ അസാധാരണ സംഭവങ്ങളും വ്യക്തമാക്കുന്നത്..!
കേരളത്തിനു പുറത്തുള്ളപോലെ ഫാസിസം ഇവിടെയില്ലെന്നാണു നമ്മുടെ ധാരണ. ഇവിടെയും അവര്‍ പിടിമുറുക്കിയിരിക്കുന്നു. കുരീപ്പുഴ ആക്രമിക്കപ്പെട്ടത് ആദ്യത്തെ സംഭവമല്ല. രാമായണവ്യാഖ്യാനം എഴുതിയതിനു ഭാഷാപണ്ഡിതനായ ഡോ. എം.എം ബഷീറിനെ നിശ്ശബ്ദനാക്കി. കേരളത്തിലെ പൊതുസമൂഹവും മാധ്യമങ്ങളും ഇതിനെതിരേ പ്രതികരിച്ചില്ല. കേരളത്തിനു പുറത്തു സംഭവിക്കുന്നത് ഇവിടെ സംഭവിക്കില്ല എന്നു സമാധാനിക്കുമ്പോള്‍ ഇവിടെയും ഫാസിസം ഇരുള്‍ പരത്തുകയാണ്.
പതിറ്റാണ്ട് മുമ്പ് പ്രശസ്തനായ ഗുലിസ്ഥാനില്‍ സഅ്ദി എഴുതി: ‘വിപത്ത് ഒരവയവത്തെ ബാധിക്കുമ്പോള്‍ മറ്റവയവങ്ങള്‍ക്കു വെറുതെയിരിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ ദുരിതത്തില്‍ സഹാനുഭൂതിയില്ലെങ്കില്‍ നിങ്ങള്‍ മനുഷ്യനെന്ന പേരിന് അര്‍ഹനല്ല.’ ഈ വാക്കുകള്‍ ഈ കാലത്തിന്റെ കണ്ണാടിയാണ്. പക്ഷേ, നമ്മളിപ്പോഴും ഒന്നും സംഭവിക്കാത്ത മട്ടിലാണു പത്രത്താളുകളിലൂടെ കടന്നുപോവുന്നത്. നിശ്ശബ്ദതയാല്‍ നിരപരാധികളുടെ രക്തത്തില്‍ പങ്കു ചേര്‍ന്നവരില്‍ ഏതോ അര്‍ഥത്തില്‍ തങ്ങളും ഉള്‍പ്പെടുന്നുണ്ടോയെന്ന് ഇടതുപക്ഷവും സംഘ്പരിവാര്‍ കൂടാരത്തില്‍ കയറിയ സോഷ്യലിസ്റ്റുകളും സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫാസിസം വരച്ച വരയിലൂടെ മാത്രം നീങ്ങിയ സാഹിത്യകാരന്മാരും സാംസ്‌കാരികനായകന്മാരും ഉണ്ടെന്ന് ഈയിടെയുണ്ടായ പല വിവാദങ്ങളും തെളിയിച്ചു. ഭൂരിഭാഗം കല്‍ബുര്‍ഗി, ദഭോല്‍ക്കര്‍, പന്‍സാരെ , ഗൗരി ലങ്കേഷ്… ഇവരെല്ലാം രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത് അവര്‍ ചിന്തയെയും മനഃസാക്ഷിയെയും കൊലയ്ക്കു കൊടുക്കാതെ ജീവിച്ചതുകൊണ്ടാണ്. എഴുത്തു കേവലം കലയല്ല, പ്രതിരോധത്തിന്റെ തീക്കനലും അടയാളവുമാണ്. ഈ ഇരുണ്ട കാലത്തും വെളിച്ചത്തിന്റെ പ്രതീക്ഷയാകുന്നുണ്ട് കുരീപ്പുഴയും പ്രകാശ് രാജും കമല്‍ ഹാസനുമെല്ലാം എന്നത് ആഹ്ലാദകരമാണ്..!
ഓര്‍മകളുടെയും ചരിത്രത്തിന്റെയും കോശങ്ങളടക്കം കത്തിച്ചുകളഞ്ഞു ഭരണഘടന മുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്കുവരെ ഭീഷണിയായിരിക്കുന്നു ഹൈന്ദവഫാസിസം.
ഗാന്ധിവധത്തിലേയ്‌ക്കെത്തിച്ച വര്‍ഗീയധ്രുവീകരണത്തിന്റെയും കലാപങ്ങളുടെയും സൂത്രധാരന്മാരും നടത്തിപ്പുകാരുമായ ആര്‍.എസ്.എസ് തന്നെയാണു ഗാന്ധിയെ കൊന്നതിന് ഉത്തരവാദികളെന്നതു ചരിത്രമുള്ള കാലത്തോളം വായിക്കപ്പെടും. അത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തെ എത്തിക്കേണ്ട ചുമതലയാണ് എഴുത്തുകാരും കലാകാരന്മാരും ഫാസിസ്റ്റ് വിരുദ്ധമനസ്സുള്ള മതേതര രാഷ്ട്രീയക്കാരുമടങ്ങുന്ന ബഹുഭൂരിപക്ഷം ഇന്ത്യാക്കാര്‍ നിര്‍വഹിക്കേണ്ടത്.

എന്നെ വായിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ മനുഷ്യരോട്

സസ്യഭുക്കുകളും മാംസളശരീരത്തിന്റെ ഉടമകളുമായ കാട്ടുപോത്തുകള്‍ മാംസഭുക്കുകളായ സിംഹത്തിന്റെയും പുലിയുടെയും മറ്റും ഇരകളാണെന്നതിനാല്‍, സ്വയം പ്രതിരോധിക്കാന്‍ കൂട്ടത്തോടെയാണു സഞ്ചരിക്കുക.
ഒന്നിച്ചുനില്‍ക്കുന്ന കൂട്ടത്തില്‍നിന്ന് ഒരു കാട്ടുപോത്തിനെ ഒറ്റപ്പെടുത്താനാണു വേട്ടമൃഗം ശ്രമിക്കുക. അത് ശ്രദ്ധയില്‍പ്പെട്ടാല്‍ കൂട്ടത്തിലെ മുഴുവന്‍ കാട്ടുപോത്തുകളും ഒറ്റക്കെട്ടായിനിന്നു വേട്ടമൃഗത്തെ ചെറുത്തുതോല്‍പ്പിക്കും.
ഇതു നേരിടാന്‍ ഇരയെ ഒറ്റപ്പെടുത്തുകയും ചുറ്റമുള്ളവയെ ഭയപ്പെടുത്തുകയും ചെയ്യുകയെന്നതാണ് കാട്ടുപോത്തുവേട്ടയില്‍ സിംഹങ്ങള്‍ പ്രയോഗിക്കുന്ന തന്ത്രം. ഒറ്റപ്പെടുത്തപ്പെട്ട ഇരയെ ഒന്നോ രണ്ടോ സിംഹങ്ങള്‍ കീഴടക്കി കൊല്ലും. മറ്റു സിംഹങ്ങള്‍ കാട്ടുപോത്തുകൂട്ടത്തെ ഭയപ്പെടുത്തി ഓടിക്കും.
കാട്ടുപോത്തു കൂട്ടത്തിന്റെ ഐക്യം തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരയെ കീഴ്‌പ്പെടുത്താന്‍ സിംഹങ്ങള്‍ക്കു കഴിയില്ല.
എന്നാലിപ്പോള്‍, ഇന്ത്യയിലെ ഫാസിസ്റ്റ് സിംഹത്തിന് ഒരു ഇരയെ കിട്ടിയിരിക്കുന്നു! അതിന്റെ മാംസവും രക്തവും ആസ്വദിച്ചു ഭക്ഷിക്കുകയാണത്. ഒരു ഇരയെ ഫാസിസ്റ്റ് സിംഹം പിടിച്ചതിനാല്‍ തങ്ങളെല്ലാം രക്ഷപ്പെട്ടെന്നു കരുതി സമാധാനിക്കുന്നവര്‍ ശ്രദ്ധിക്കുക.
സിംഹത്തിന്റെ ദംഷ്ട്രകള്‍ക്കിടയില്‍ രക്തം വാര്‍ന്നൊഴുകിക്കൊണ്ടിരിക്കുന്ന ഇനിയും മരിച്ചിട്ടില്ലാത്ത് ആ സാധുമൃഗം വിളിച്ചുപറയുന്നുണ്ട്,
”ഇരകളേ ഇനിയെങ്കിലും ഒരുമിച്ചുനില്‍ക്കുക; ഇനിയാരെയും സിംഹത്തിനു വിട്ടുകൊടുക്കാതിരിക്കുക.!!’


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.