2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

പോളണ്ടിനെപ്പറ്റി മിണ്ടാതെ സൈദ്ധാന്തിക ചര്‍ച്ച

വി. അബ്ദുല്‍ മജീദ്

ത്രിപുരയിലെ തോല്‍വിയുടെ ജാള്യത മാറ്റാന്‍ ഇടതുപക്ഷത്തിനു കിട്ടിയ കച്ചിത്തുരുമ്പാണു മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ച്. സഭയില്‍ സി.പി.എം അംഗങ്ങള്‍ അതു ശരിക്കും എടുത്തു പ്രയോഗിച്ചു. മാര്‍ച്ചിനെക്കുറിച്ചു പറഞ്ഞ് ആവേശം മൂത്തപ്പോള്‍ അവര്‍ വിപ്ലവത്തിലും മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങളിലുമൊക്കെ എത്തി.
കൂട്ടത്തില്‍ ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതിലുള്ള രോഷവും അണപൊട്ടിയൊഴുകി. എന്നാല്‍, മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങളില്‍ അവരെക്കാളൊക്കെ അറിവുള്ളയാളാണല്ലോ പ്രതിപക്ഷത്തെ കെ.എന്‍.എ ഖാദര്‍. അദ്ദേഹം അതില്‍ക്കയറിപ്പിടിച്ചപ്പോള്‍ സഭയില്‍ സൈദ്ധാന്തികചര്‍ച്ചയുടെ പൊടിപൂരം.
ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം അംഗങ്ങളില്‍ ഐ.ബി സതീഷാണു കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തക്കുറിച്ചും മാര്‍ക്‌സിയന്‍ വിപ്ലവ കാഴ്ചപ്പാടിനെക്കുറിച്ചും ആവേശത്തോടെ സംസാരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതു തെരഞ്ഞെടുപ്പു വിജയത്തിനല്ലെന്നും സാമൂഹ്യമാറ്റത്തിനാണെന്നും സതീഷ്. സി.പി.എം വോട്ടു നേടാനുള്ള യന്ത്രമല്ല. സാമൂഹ്യയാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പാര്‍ട്ടി ചൂളിപ്പോവാറില്ല. അതുകൊണ്ടു തെരഞ്ഞടുപ്പ് പരാജയം പ്രശ്‌നമല്ല.
1972ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38,000 വോട്ടിനു തോറ്റ ജ്യോതിബസു പിന്നീടു ദീര്‍ഘകാലം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന കാര്യം സതീഷ് ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെയുള്ള ബസുവിനു പ്രധാനമന്ത്രിയാവാനുള്ള അവസരമുണ്ടായപ്പോള്‍ നിങ്ങളെന്തിനു തടഞ്ഞുവെന്നു പി.സി ജോര്‍ജിന്റെ ചോദ്യം. ജോര്‍ജിന്റെ ചോദ്യം അധികാരമോഹത്തില്‍ നിന്നുണ്ടായതാണെന്നും കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരമോഹമില്ലെന്നും പാര്‍ട്ടിക്കു നിര്‍ണായകസ്വാധീനമില്ലാത്ത സര്‍ക്കാരില്‍ പങ്കെടുക്കില്ലെന്നും ഇ.പി ജയരാജന്റെ വിശദീകരണം.
ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതില്‍ സഭയില്‍ രോഷംകൊള്ളുന്നവര്‍ ലെനിനെ നേരിട്ടു കാണാത്തവരാണെന്നും താന്‍ കണ്ടിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടാണു കെ.എന്‍.എ ഖാദര്‍ ഭരണപക്ഷത്തിനെതിരായ ആക്രമണത്തിനു തുടക്കമിട്ടത്. റഷ്യയില്‍ സൂക്ഷിച്ചുവച്ച ലെനിന്റെ ഭൗതികശരീരം കാണുക മാത്രമല്ല അതില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിട്ടുണ്ട്. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും നിഷേധത്തിന്റെ നിഷേധവുമൊക്കെ നന്നായി പഠിച്ചിട്ടുമുണ്ട്.
മാര്‍ക്‌സും ലെനിനുമൊന്നും പറഞ്ഞ തരത്തിലുള്ള കമ്യൂണിസമല്ല ഇപ്പോഴത്തെ ലോകത്തുള്ളത്. കമ്യൂണിസ്റ്റ് രാജ്യങ്ങളിലെല്ലാം ഏകാധിപത്യഭരണവും കുടുംബാധിപത്യവുമാണ്. ചൈനയില്‍ ഷി ജിന്‍പിങിനു മരണംവരെ ഭരണത്തിലിരിക്കാനാണു ഭരണഘടനയില്‍ മാറ്റം വരുത്തിയത്.
ക്യൂബയില്‍ ദീര്‍ഘകാലം ഭരിച്ച ഫിദല്‍ കാസ്‌ട്രോയ്ക്ക് അസുഖമായശേഷം സഹോദരനെ ഭരണമേല്‍പിക്കുകയാണു ചെയ്തത്. ഉത്തരകൊറിയയില്‍ ഒരു കിം മരിക്കുമ്പോള്‍ മകന്‍ കിം എന്ന നിലയില്‍ കുടുംബാധിപത്യം തുടരുകയാണ്. പോളണ്ടിനെപ്പറ്റി മിണ്ടാന്‍ പാടില്ലാത്തതുകൊണ്ട് ഒന്നും പറയുന്നില്ലെന്നും ഖാദറിന്റെ പരിഹാസം.
ഇത്രയുമായപ്പോള്‍ വലിയ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായ മന്ത്രി ജി. സുധാകരന്‍ ഇടപെട്ടു. നിഷേധത്തിന്റ നിഷേധം ഖാദര്‍ പറഞ്ഞതുപോലെയല്ലെന്നും നെഗറ്റീവും നെഗറ്റീവും ചേരുമ്പോള്‍ അട്രാക്ഷന്‍ ഉണ്ടാകുമെന്നാണു മാര്‍ക്‌സിയന്‍ കണ്ടെത്തലെന്നും സുധാകരന്‍.
മാര്‍ക്‌സ് ഒന്നും കണ്ടെത്തിയിട്ടില്ലെന്നു മാര്‍ക്‌സ് തന്നെ പറഞ്ഞിട്ടുണ്ടെന്നും ഹെഗലിന്റെ സിദ്ധാന്തങ്ങളുടെ തുടര്‍ച്ചയാണു മാര്‍ക്‌സിയന്‍ ദര്‍ശനമെന്നും ഖാദര്‍. സി.പി.എമ്മുകാര്‍ മാര്‍ക്‌സിന്റെയും ലെനിന്റെയും ഗ്രന്ഥങ്ങള്‍ ശരിക്കു വായിക്കണമെന്നു ഖാദറിന്റെ ഉപദേശം. ഖാദര്‍ ഇതൊന്നും വായിച്ചിട്ടില്ലെന്നും അധികാരത്തിനുവേണ്ടിയാണു സി.പി.ഐ വിട്ടു മുസ്‌ലിംലീഗില്‍ ചേര്‍ന്നതെന്നും എം. സ്വരാജ്.
എം.എം അക്ബറിനെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്യുന്ന സര്‍ക്കാര്‍ അതേ കുറ്റം ആരോപിക്കപ്പെടുന്ന ശശികലയ്‌ക്കെതിരേ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണമുയരുന്നുണ്ടെന്നും അതിനൊരു കാരണമുണ്ടെന്നും പി.വി അന്‍വര്‍. ശശികലയെ അറസ്റ്റ് ചെയ്താല്‍ ആര്‍.എസ്.എസുകാര്‍ വിപ്ലവമുണ്ടാക്കും. അതു മതന്യൂനപക്ഷങ്ങള്‍ക്കു ദോഷമുണ്ടാക്കും.
മതന്യൂനപക്ഷങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കേണ്ടെന്നു കരുതിയാണു ശശികലയെയും നിയമം ലംഘിച്ചു ദേശീയപതാക ഉയര്‍ത്തിയ മോഹന്‍ഭാഗവതിനെയും സര്‍ക്കാര്‍ വെറുതെവിട്ടതെന്ന് അന്‍വര്‍. അന്‍വറിന്റെ വിശദീകരണത്തോടെ ഇക്കാര്യത്തിലുണ്ടായിരുന്ന സംശയം തീര്‍ന്നെന്ന് എ.പി അനില്‍കുമാറിന്റെ പരിഹാസം.
ന്യൂനപക്ഷസംരക്ഷകരാണെന്ന സി.പി.എമ്മിന്റെ അവകാശവാദം കോഴിയെ കുറുക്കന്‍ സംരക്ഷിക്കുന്നുവെന്ന അവകാശവാദം പോലെയാണെന്നു പി.ടി തോമസ്.
ശരീഅത്തിനെതിരായ പ്രചാരണമാരംഭിച്ചത് ഇ.എം.എസ് ആയിരുന്നു, നരേന്ദ്രമോദി ആയിരുന്നില്ല. ശരീഅത്തിനെതിരേ ഇ.എം.എസും സി.പി.എമ്മും നടത്തിയ പ്രചാരണമാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കു കാരണം.
തലശ്ശേരി കലാപവേളയില്‍ മുസ്‌ലിം പള്ളി സംരക്ഷിക്കുന്നതിനിടയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കുഞ്ഞിരാമന്‍ രക്തസാക്ഷിയായി എന്ന അവകാശവാദം കള്ളമാണ്. കലാപം കെട്ടടങ്ങി ദിവസങ്ങള്‍ കഴിഞ്ഞാണു കുഞ്ഞിരാമന്‍ മരിച്ചത്.
പള്ളി സംരക്ഷിക്കുന്നതിനിടയിലല്ല, കള്ളുഷാപ്പിലുണ്ടായ സംഘട്ടനത്തിലാണു കുഞ്ഞിരാമന്‍ മരിച്ചതെന്നു തോമസ് പറഞ്ഞപ്പോള്‍ സ്.പി.എം അംഗങ്ങള്‍ എഴുന്നേറ്റു ബഹളം തുടങ്ങി.
കുഞ്ഞിരാമന്‍ കള്ളുകുടിച്ചെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും കള്ളുഷാപ്പിലെ സംഘട്ടനത്തില്‍ മരിച്ചുവെന്നാണു പറഞ്ഞതെന്നും തോമസ്. സി.പി.എം എന്ന പാര്‍ട്ടി മാത്രമുള്ള സ്ഥലത്താണു 18 പള്ളികള്‍ ആക്രമിക്കപ്പെട്ടതെന്നും കലാപത്തില്‍ സി.പി.എമ്മിനും പങ്കുണ്ടെന്നും ഭരണപക്ഷ അംഗങ്ങളുടെ ബഹളത്തിനിടയില്‍ തോമസ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.