2018 June 22 Friday
എല്ലാ അറിവിന്റേയും ഉന്നമായിത്തീരേണ്ടത് ഗുണപൂര്‍ണമായ കര്‍മമായിരിക്കണം.
-ഫിലിപ് ഡിസ്‌നി

വിദ്യാഭ്യാസമുന്നേറ്റത്തെ തകര്‍ക്കുന്ന നയം

ഇപ്പോള്‍ അംഗീകാരമില്ലാത്തവ അടപ്പിക്കുകയും അടുത്തപടിയായി എന്തെങ്കിലും കാരണം കണ്ടെത്തി അംഗീകാരമുള്ളവയും അടച്ചുപൂട്ടിക്കുകയും ചെയ്ത് എയ്ഡഡ് മേഖലയിലും പിടിമുറുക്കി സ്വന്തം അധ്യാപകസംഘടനയുടെ സ്വാര്‍ഥതാല്‍പര്യത്തിനു വേണ്ടി കേരളത്തിലെ, വിശിഷ്യാ മുസ്‌ലിംസമുദായത്തിലെ വിദ്യാഭ്യാസമുന്നേറ്റത്തെ കുളം തോണ്ടിക്കുന്ന നയമാണ് ഇടതുപക്ഷ സര്‍ക്കാരിന്റേത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ (അസ്മി പ്രസിഡന്റ്)

കേരളത്തിലെ ആറായിരത്തോളം അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തോടെ പൂട്ടുവീഴുമെന്ന പത്രവാര്‍ത്ത ഏറെ ഉള്‍ക്കിടിലത്തോടെയാണു വായിക്കാനായത്. പ്രതിസന്ധി നേരിടുന്ന വിദ്യാലയങ്ങളില്‍ അധികവും മലബാര്‍മേഖലയിലും ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്കു കീഴിലുമാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
മലബാറിന്റെയും മുസ്‌ലിം ന്യൂനപക്ഷത്തിന്റെയും രണ്ടു പതിറ്റാണ്ടു മുമ്പത്തെ വിദ്യാഭ്യാസാവസ്ഥ ഏറെ ദയനീയവും പരിതാപകരവുമായിരുന്നു. മുതിര്‍ന്നവരിലേറെയും അക്ഷരജ്ഞാനമില്ലാത്തവരും ചെറുപ്പക്കാരില്‍ മുഖ്യപങ്കും പ്രാഥമികവിദ്യാഭ്യാസത്തിനപ്പുറം കടക്കാത്തവരുമായിരുന്നു. ആവശ്യത്തിനു വിദ്യാലയങ്ങളും കലാലയങ്ങളുമില്ലാത്തതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. ഉള്ള പൊതു വിദ്യാലയങ്ങള്‍ നിലവാരത്തകര്‍ച്ചയുടെ പടുകുഴിയിലായിരുന്നു.
സമൂഹം നല്ല വിദ്യാഭ്യാസത്തിനായി ദാഹിച്ചിരിക്കുകയും അതേസമയം, സാമ്പത്തികപരാധീനത പറഞ്ഞു പുതിയ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുകയും ചെയ്തു. ഈ ഘട്ടത്തില്‍ കാര്യഗൗരവം മനസ്സിലാക്കിയ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളില്‍ ചിലതും ചില വ്യക്തികളും കൂട്ടായ്മയിലൂടെ പണം കണ്ടെത്തി ശ്രമകരമായി സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിച്ചു പടുത്തുയര്‍ത്തിയതാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അധികവും.
ജനങ്ങള്‍ക്കു ജീവിതമാര്‍ഗം നല്‍കാന്‍ സര്‍ക്കാരിനു സാധിക്കാതായപ്പോള്‍ ഗള്‍ഫ് നാടുകളില്‍ ജോലി തേടിപ്പോവാന്‍ ജനം നിര്‍ബന്ധിതരായി. ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളുമുള്ള ജോലികള്‍ അവിടെയുണ്ടായിരുന്നു. അതു ലഭിക്കാന്‍ വിദ്യാഭ്യാസയോഗ്യത വേണമായിരുന്നു. അതില്ലാത്ത മലബാറില്‍നിന്നുള്ള പ്രവാസികള്‍ കുറഞ്ഞ ശമ്പളത്തില്‍ നിലവാരം കുറഞ്ഞ പണിയെടുക്കാന്‍ ബാധ്യസ്ഥരായി.
ആ അനുഭവപാഠം അവരെ ഇരുത്തിച്ചിന്തിപ്പിക്കുകയും തങ്ങള്‍ക്കു കിട്ടാതെ പോയ വിദ്യാഭ്യാസ സൗഭാഗ്യം മക്കള്‍ക്കെങ്കിലും ലഭിക്കണമെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്തു. അതിന്റെ ഫലം കൂടിയാണ് അണ്‍എയ്ഡഡ് സ്‌കൂളുകളുടെ വളര്‍ച്ചയ്ക്കു വഴിയായത്. തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ച് ഒരു ബദല്‍ വിദ്യാഭ്യാസമാര്‍ഗം അവര്‍ ഏര്‍പ്പെടുത്തി. അവരുടെ പരിശ്രമം സമൂഹത്തില്‍ വലിയ മാറ്റമുണ്ടാക്കി.
മലബാറിലെ ജനങ്ങള്‍, പ്രത്യേകിച്ചു മുസ്‌ലിം സമൂഹം വിദ്യാഭ്യാസത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കി. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളാണ് ഈ മുന്നേറ്റത്തിന് ഏറെ സഹായിച്ചത്. അതുകൊണ്ടുതന്നെ അത്തരം വിദ്യാലയങ്ങള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ മലബാറും മുസ്‌ലിംസമൂഹവും വീണ്ടും അധോഗതിയിലേക്കു പിന്തള്ളപ്പെടും.
സര്‍ക്കാരിനു സാമ്പത്തികബാധ്യതയില്ലാതെ ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്ന ഈ മഹത്തായ യജ്ഞത്തിനു പിന്തുണയും പ്രോത്സാഹനവുമാണു നല്‍കേണ്ടത്. പകരം എയ്ഡഡ് സ്‌കൂളുകള്‍ സ്ഥാപിച്ചത് പാപമായും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ വിദ്യാഭ്യാസക്കച്ചവടക്കാരായും പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നവരായും ചിത്രീകരിക്കുകയാണ്. സര്‍ക്കാരിനു സാധിക്കാത്തതു സ്വന്തം രീതിയില്‍ നേടുന്നതു തെറ്റാണെങ്കില്‍ തൊഴില്‍ തേടി ഗള്‍ഫില്‍ പോയതും തെറ്റാവേണ്ടതും നിരോധിക്കപ്പെടേണ്ടതുമായിരുന്നില്ലേ.വിദ്യാഭ്യാസനിലവാരത്തിലും സംസ്‌കാരസമ്പന്നതയിലും അണ്‍എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയ വിദ്യാര്‍ഥികളേക്കാള്‍ ഏറെ മുന്നിലാണ്. അതുകൊണ്ടാണു രക്ഷിതാക്കളില്‍ നല്ലൊരു പങ്കും മക്കളെ അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ചേര്‍ക്കുന്നത്. ഇതാണ് പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്നുവെന്ന ആരോപണത്തിനു കാരണം. ബീഫ് വിവാദ കാലത്തു രാജ്യത്തെ ഓരോ പൗരനും അവനവന് ഇഷ്ടമുള്ളതു ഭക്ഷിക്കാനും ഇഷ്ടമുള്ളതു വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ടെന്നു പെരുമ്പറയടിച്ചവര്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആ സ്വാതന്ത്ര്യം അനുവദിക്കാന്‍ തയാറാവുന്നില്ല.
ഒരുപറ്റം അധ്യാപകര്‍ക്കു ജോലി സ്ഥിരത ലഭിക്കാന്‍ കുട്ടികളുടെ ഭാവി ബലി നല്‍കണമെന്നു ശഠിക്കുന്നതും അതിനു വഴങ്ങാത്തവരെ തേജോവധം ചെയ്യുന്നതും നാണക്കേടാണ്. മഹായജ്ഞം നടത്തിയും കോടികള്‍ വാരിയെറിഞ്ഞും പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ട ഗതികേടുണ്ടായത് അതിന്റെ പോരായ്മ കാരണം ജനം നിരാകരിച്ചതാണെന്നതിനു തെളിവാണല്ലോ. എത്രയോ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥപ്രമുഖരും അധ്യാപകരും തങ്ങളുടെ സന്താനങ്ങളെ പഠിപ്പിക്കാന്‍ തെരഞ്ഞെടുത്തത് അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെയാണ്.
രക്ഷിതാവും തങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസപുരോഗതിക്കാണു മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുക. മറ്റുള്ളവരുടെ ജോലി സ്ഥിരതയ്ക്കാണു പ്രാധാന്യം നല്‍കേണ്ടതെന്ന് അവരോടു നിര്‍ദേശിക്കുന്നതു തെറ്റ്. നിയമക്കുരുക്കില്‍ പെടുത്തി അണ്‍എയ്ഡഡ് വിദ്യാലയങ്ങളെ പീഡിപ്പിക്കുന്നതും അടച്ചു പൂട്ടണമെന്ന് ഉത്തരവിടുന്നതും ജനതാല്‍പര്യത്തിനല്ല, സ്വാര്‍ഥലക്ഷ്യത്തോടെയാണ്. സ്വകാര്യസംരംഭത്തോടാണു വെറുപ്പെങ്കില്‍ അതു വിദ്യാഭ്യാസമേഖലയില്‍ മാത്രം ഒതുക്കുന്നതില്‍ എന്തു ന്യായം. കോടതി വിധി പ്രകാരം പൂട്ടിക്കിടക്കുന്ന മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തയാറാവുന്ന ഇടതുസര്‍ക്കാര്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിറക്കുന്നതിനെ എന്തു പേരിട്ടാണു വിളിക്കുക.
അംഗീകാരമില്ലെന്നതാണു അടച്ചുപൂട്ടാനുള്ള കാരണമായി പറയുന്നത്. സര്‍ക്കാര്‍ അംഗീകാരം നല്‍കാന്‍ തയ്യാറായിട്ടും മാനേജ്‌മെന്റുകള്‍ വഴങ്ങാത്തതാണെന്നാണു കേട്ടാല്‍ തോന്നുക. മാനദണ്ഡമെല്ലാം പാലിച്ച് അംഗീകാരത്തിനായി അപേക്ഷ നല്‍കി പല തവണ സര്‍ക്കാരിന്റെ വാതിലില്‍ മുട്ടിയിട്ടും വട്ടംകറക്കുകയാണു ചെയ്തത്. ഒരു കൂട്ടം അധ്യാപകരുടെ ജോലി സംരക്ഷിക്കാന്‍ ആയിരക്കണക്കിന് അണ്‍ എയ്ഡഡ് അധ്യാപകരെ വഴിയാധാരമാക്കുന്നതു നീതിയാണോ. ഇപ്പോള്‍ അംഗീകാരമില്ലാത്തവ അടപ്പിക്കുകയും അടുത്തപടിയായി എന്തെങ്കിലും കാരണം കണ്ടെത്തി അംഗീകാരമുള്ളവയും അടച്ചുപൂട്ടിക്കുകയും ചെയ്ത് എയ്ഡഡ് മേഖലയിലും പിടിമുറുക്കി സ്വന്തം അധ്യാപകസംഘടനയുടെ സ്വാര്‍ഥതാല്‍പര്യത്തിനു വേണ്ടി കേരളത്തിലെ, വിശിഷ്യാ മുസ്‌ലിംസമുദായത്തിലെ വിദ്യാഭ്യാസമുന്നേറ്റത്തെ കുളം തോണ്ടിക്കുന്ന നയമാണ് ഇടതുപക്ഷ സര്‍ക്കാരിന്റേത്.
ഈ തലതിരിഞ്ഞ വിദ്യാഭ്യാസനയം തിരുത്തണമെന്നാവശ്യപ്പെട്ടു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്‌കൂള്‍ കോ ഓര്‍ഡിനേഷന്‍ സമിതിയായ അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റീസ് ഇന്‍സ്റ്റിറ്റിയൂഷന്‍(ആസ്മി) മാര്‍ച്ച് പതിനാലിനു നടത്തുന്ന സെക്രട്ടേറിയറ്റ് ധര്‍ണ വന്‍ വിജയമാക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.