2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

യൂറോപ്യന്‍ ഉഗ്രവാദിയുടെ ഇസ്‌ലാമാശ്ലേഷണം

#ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി vc@dhiu.in

 

ഇസ്‌ലാം വിരുദ്ധതക്ക് യൂറോപ്പില്‍ ശക്തമായ വേരോട്ടമുണ്ടെന്നാണ് പൊതുവിലയിരുത്തല്‍. ഇസ്‌ലാം, മുസ്‌ലിം, മസ്ജിദ് എന്നീ സംജ്ഞകള്‍ ഒട്ടുമിക്കയാളുകളിലും ഭീതിയും വിദ്വേഷവുമുളവാക്കുന്നുണ്ടെന്നാണ് വാര്‍ത്തകളും. രാഷ്ട്രീയ നേതാക്കളും ചിന്തകരും എഴുത്തുകാരുമെല്ലാം ഇസ്‌ലാമിനെയും മതാനുയായികളെയും പരിചയപ്പെടുത്തുന്നതും ഈയൊരു രീതിയിലാണ്. ഇസ്‌ലാം വിരുദ്ധതയിലൂടെ ഏതു മേഖലയിലും രാഷ്ട്രീയവിജയം സാധ്യമാകുമെന്നാണ് യൂറോപ്പിലെ മിക്ക പാര്‍ട്ടികളുടെയും സാമാന്യധാരണ. ജനങ്ങള്‍ക്കിടയില്‍ ഇസ്‌ലാംഭീതിയുണ്ടാക്കാനും മുസ്‌ലിം വിരുദ്ധത കുത്തിനിറയ്ക്കാനും മത ചിഹ്‌നങ്ങളെ പൈശാചിക വത്കരിക്കാനും ഭരണകൂടങ്ങളും മാധ്യമങ്ങളും കിണഞ്ഞുപ്രവര്‍ത്തിക്കുമ്പോഴും സമൂഹത്തില്‍ സംഭവിക്കുന്നത് വിപരീത ഫലങ്ങളാണെന്നതാണ് വസ്തുത.

ഇസ്‌ലാമോഫോബിയയുടെ പേരില്‍ സര്‍വ ഭീകരാക്രണങ്ങളുടെയും ഉത്തരവാദിത്വം മുസ്‌ലിംകളുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങളാണ് ഒട്ടുമിക്കയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. ഏത് ആക്രമണങ്ങളുടെയും തീവ്രത വിശദീകരിക്കാന്‍ മുസ്‌ലിം ഭീകര സംഘടനകളോട് ഉപമിക്കുകയും എന്നാല്‍ കാലങ്ങളായി ഫലസ്തീന്‍ മണ്ണില്‍ ക്രൂര ചെയ്തികള്‍ നടത്തുന്ന ജൂതലോബികളെ സംബന്ധിച്ച് കണ്ണടക്കുകയും അവരുടെ ക്രൂരതകളെ പ്രതിപാദിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് ലോകത്ത് നിലനില്‍ക്കുന്നത്. എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ലെന്ന് പറയുമ്പോഴും തീവ്രവാദികളില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണെന്ന ധാരണ പൊതുവെ സമൂഹത്തില്‍ നിലനില്‍ക്കുന്നുമുണ്ട്. മുസ്‌ലിം സമൂഹം ഒന്നാകെ ഏകശിലാഖണ്ഡമാംവിധം മാറ്റമില്ലാത്തവരും അപരിഷ്‌കൃതരും ആധുനിക വിരുദ്ധരും പുരുഷാധിപത്യമുള്ളവരും സ്ത്രീ വിരുദ്ധരുമൊക്കെയാണെന്ന് മുദ്രകുത്താനാണ് പലരുടെയും ശ്രമങ്ങള്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇസ്‌ലാമിനെതിരേ ശക്തമായി രംഗത്തുവന്നവര്‍ മതത്തെ കൂടുതല്‍ പഠനവിധേയമാക്കിയപ്പോള്‍ ഇസ്‌ലാമാണ് സത്യമതമെന്ന് മനസിലാക്കി മതം മാറിയ സംഭവങ്ങള്‍ ലോക ചരിത്രത്തില്‍ നിരവിധിയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും പാശ്ചാത്യനാടുകളിലുമൊക്കെ ഇസ്‌ലാമിന്റെ സ്വീകാര്യത വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഡച്ച് എം.പിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ നേതാവുമായ ജെറോം വാന്‍ ക്ലാവറിന്റെ ഇസ്‌ലാം ആശ്ലേഷണം.

നെതര്‍ലാന്‍ഡ്‌സ് പാര്‍ലമെന്റില്‍ ഇസ്‌ലാം വിരുദ്ധ കാംപയിനിനു നേതൃത്വം നല്‍കിയ ഇയാള്‍ തീവ്രവലതു പക്ഷ രാഷ്ട്രീയ നേതാവായിരുന്ന ഗിറ്റ് വൈല്‍ഡേസ് രൂപം നല്‍കിയ ഫ്രീഡം പാര്‍ട്ടിയുടെ (പി.വി.വി) എം.പി കൂടിയായിരുന്നു. വര്‍ഷങ്ങളായി ഇസ്‌ലാമിനെതിരായ വിദ്വേഷ പ്രചാരണത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ക്ലാവറിന്‍ ഇസ്‌ലാമിനെതിരെയുള്ള പുസ്തകമെഴുത്ത് പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇസ്‌ലാം സ്വീകരിച്ചത്. അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനോടുള്ള എതിര്‍പ്പുകള്‍ വിശദീകരിക്കുന്ന ഗ്രന്ഥരചനയുടെ വിവര ശേഖരണാര്‍ഥമാണ് ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ വായനയും പഠനവും നടത്താന്‍ ക്ലാവറിന്‍ തീരുമാനിച്ചത്.


യാഥാസ്ഥിക ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലത്തില്‍ ജീവിച്ച ജെറോം വിശ്വാസം കൊണ്ടും ആശയം കൊണ്ടും കടുത്ത ഇസ്‌ലാം വിരോധിയായിരുന്നു. 2014 ല്‍ പി.വി.വി നേതാവ് വൈല്‍ഡേഴ്‌സുമായി തെറ്റിപ്പിരിയാനുള്ള കാരണം നെതര്‍ലാന്‍ഡ്‌സില്‍ എത്ര മോറോക്കോക്കാര്‍ വേണമെന്ന വൈല്‍ഡേഴ്‌സിന്റെ ചോദ്യമായിരുന്നു. മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ഖ നിരോധിക്കണമെന്നും പള്ളികള്‍ പൊളിക്കണമെന്നും ജെറോം ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാമിനെ നിരോധിക്കാന്‍ തെരുവിലിറങ്ങിയ ക്ലാവറിന്റെ മനംമാറ്റം ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത അത്ഭുതമായിരിക്കുകയാണ്.
അദ്ദേഹത്തിനെതിരേ പല രാഷ്ട്രീയ നേതാക്കളും ശക്തമായി പ്രതികരിക്കുകയും ചെയ്തു. തന്റെ ഭാവി രാഷ്ട്രീയം സുരക്ഷിതമാക്കുന്നതിനു വേണ്ടിയുള്ള തന്ത്രമാണിതെന്നാണ് ചിലര്‍ പ്രസ്താവനയിറക്കിയത്. എന്നാല്‍ ഇസ്‌ലാമിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പുസ്തകമെഴുത്ത് പകുതിയായപ്പോഴേക്കും തന്റെ മനസിനു നാടകീയ മാറ്റമുണ്ടാവുകയും അതുകൊണ്ട് മതം മാറാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നാണ് നാല്‍പതുകാരനായ ജെറോമിന്റെ വിശദീകരണം. തന്റെ മുന്‍ധാരണകള്‍ തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടുവെന്നും ഇതുവരെ ഇസ്‌ലാമിനെ അധിക്ഷേപിച്ചതിന് മുസ്‌ലിംകളോടും പൊതു സമൂഹത്തോടും മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ഇതിനു മുന്‍പ് ഫ്രീഡം പാര്‍ട്ടിയുടെ നേതാവ് അര്‍ണോഡ് വാന്‍ ഡൂണും ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഇസ്‌ലാം വിരുദ്ധത പരസ്യമായി പ്രഖ്യാപിച്ച പലരും പിന്നീട് ഇസ്‌ലാം ആശ്ലേഷിച്ചതിനു നിരവധി ചരിത്ര സാക്ഷ്യങ്ങളുണ്ട്. രണ്ടാം ഖലീഫ ഉമറും അബൂ സുഫ്‌യാനും (റ) മറ്റും ഇസ്‌ലാം സ്വീകരിച്ച സംഭവം പ്രസിദ്ധമാണല്ലോ.

വിമര്‍ശനങ്ങളും ആക്രമണങ്ങളും നെയ്തുവിടുന്നവരൊക്കെ ഇസ്‌ലാമിന്റെ ചരിത്രവും ആദര്‍ശവും മനസിലാക്കിയാല്‍ യാഥാര്‍ഥ്യത്തിലേക്ക് മടങ്ങിവരുമെന്ന കാര്യം നിസംശയമാണ്. യൂറോപ്പില്‍ ഇസ്‌ലാം വിരുദ്ധരുടെ മതപരിവര്‍ത്തനത്തിന്റെ പ്രധാന കാരണം ഇസ്‌ലാമിന്റെ അന്തഃസത്ത തിരിച്ചറിഞ്ഞു എന്നതു മാത്രമാണ്.

ഇസ്‌ലാമിക ലേബലില്‍ ലോകത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കുറിച്ച് നിരന്തരം എഴുതുകയും ചര്‍ച്ചകളും വാര്‍ത്തകളും തയാറാക്കുകയും ചെയ്യുന്ന രാജ്യാന്തര മാധ്യമങ്ങള്‍ എന്ത് കൊണ്ട് യൂറോപ്പിലും പാശ്ചാത്യനാടുകളിലും വര്‍ധിച്ചുവരുന്ന ഇസ്‌ലാം സ്‌നേഹത്തെ പഠനവിധേയമാക്കുകയോ വാര്‍ത്തയാക്കുകയോ ചെയ്യുന്നില്ല എന്നത് ഉത്തരം തേടുന്ന പ്രസക്ത ചോദ്യമാണ്. നിലവില്‍ ഇസ്‌ലാമിനെതിരേയുള്ള ആരോപണങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയും മുഴുവന്‍ ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്. ഇതിനു പന്തുണ നല്‍കാന്‍ ചില മുസ്‌ലിം ഭരണകൂടവും ഉണ്ടെന്നുള്ളതാണ് വസ്തുത.

എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പരോക്ഷമായി പിന്തുണ നല്‍കുന്നതില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുകയാണ് വേണ്ടത്. ഇസ്‌ലാമിനെതിരേ ആശയ സംഘട്ടനം നടത്താന്‍ സാധിക്കാത്തതുകൊണ്ടാണ് തികച്ചും ബുദ്ധിശൂന്യമായ നിലപാടുകളും നിരര്‍ഥക ആശയങ്ങളുമായി അവര്‍ രംഗത്തുവരുന്നത്. ‘തങ്ങളുടെ വായ കൊണ്ട് അല്ലാഹുവിന്റെ തേജസ് കെടുത്തിക്കളയാനാണ് അവരുടെ ഉദ്ദേശ്യം. എന്നാല്‍ സത്യനിഷേധികള്‍ അനിഷ്ടപ്പെട്ടാലും തന്റെ പ്രകാശം അല്ലാഹു സമ്പൂര്‍ണമാക്കുക തന്നെ ചെയ്യും.’ (വി.ഖുര്‍ആന്‍ 61:8).

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.