2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സിബാഖ് മൂല്യം തിരിച്ചുപിടിക്കുന്ന കലാമാമാങ്കം

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി 

#ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി 
(വി.സി, ദാറുല്‍ഹുദാ ഇസ്‌ലാമിക
സര്‍വകലാശാല)
vc@dhiu.in

 

ഇസ്‌ലാമിക വിജ്ഞാനീയങ്ങളും കലകളും ബഹുഭാഷാ വൈഭവവും കര്‍മശേഷിയുടെ അനാവരണങ്ങളും സര്‍ഗവിസ്മയം തീര്‍ക്കുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ സിബാഖ് ദേശീയ കലോത്സവത്തിന് ഇന്നു മുതല്‍ അരങ്ങുണരുകയാണ്. സാഹിത്യത്തെയും സര്‍ഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാമിക പാരമ്പര്യത്തിന്റെ പുനരുജ്ജീവനമാണ് സിബാഖിലൂടെ, അതായത് കലാമത്സരങ്ങളിലൂടെ ദാറുല്‍ഹുദാ ലക്ഷ്യമാക്കുന്നത്.
വിദ്യാഭ്യാസത്തിനു പുതിയ മാനങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന കാലമാണിത്. കേവലം അറിവു പകരുക എന്നതിനപ്പുറം വിദ്യാര്‍ഥികളുടെ നൈസര്‍ഗിക കഴിവുകള്‍ പരിപോഷിപ്പിക്കുക എന്നതും പ്രധാനമാണ്. വിവരസാങ്കേതിക വിദ്യകള്‍ ദിനംപ്രതി പുരോഗമിക്കുമ്പോള്‍ പുതിയ തലമുറ നേടിയെടുക്കേണ്ടത് തിരിച്ചറിവുകളാണ്. അതിനവസരമൊരുക്കുകയാണ് ഓരോ സിബാഖും.

കലകളിലൂടെയുള്ള സര്‍ഗാത്മകമായ ഇടപെടലുകള്‍ ഇസ്‌ലാം എന്നും പ്രോത്സാഹിപ്പിക്കുന്നുണ്ട്. മതത്തിന്റെ മഹദ്‌സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ അത്തരം വ്യത്യസ്ത കഴിവുകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. നിങ്ങള്‍ നന്മകളിലേക്ക് മുന്നേറുക എന്ന ഖുര്‍ആനിക വചനം ദ്യോതിപ്പിക്കുന്നത് ഈയൊരാശയമാണ്. എന്നാല്‍, ധാര്‍മികതയുടെ സീമകള്‍ ലംഘിക്കുകയും അശ്ലീലങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ കലകളുടെ മൂല്യങ്ങള്‍ക്കു ശോഷണം സംഭവിക്കുകയും അവ മതത്തിന്റെ പടിക്കുപുറത്താവുകയും ചെയ്യുന്നു. കലകളിലെ ഇത്തരം സ്വീകാര്യതയുടെയും തിരസ്‌കാരത്തിന്റെയും കാഴ്ചപ്പാടുകളും സാക്ഷ്യങ്ങളും ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രാരംഭം മുതലുണ്ട്. ചിന്തകളുടെ ഉള്ളറകള്‍ തൊട്ടുണര്‍ത്തി, ആശയങ്ങളുടെ അര്‍ഥതലങ്ങളെ ഉള്‍ക്കൊണ്ട ഉമയ്യതുബ്‌നു അബിസ്‌സ്വല്‍ഥിന്റെ കവിതകളെന്ന പോലെ മികവാര്‍ന്ന സാഹിത്യശൈലിയും മാനവിക മൂല്യങ്ങളും സംഗ്രഹിച്ചിരുന്ന ഖുസ്സുബ്‌നുസാഇദയുടെ പ്രഭാഷണങ്ങളും തിരുനബിക്ക് ഏറെ പ്രിയങ്കരമായിരുന്നു. ശത്രുവിന്റെ ആക്ഷേപ ശരങ്ങള്‍ക്ക് സര്‍ഗാത്മകമായി മറുപടി നല്‍കാനും ഇസ്‌ലാമിക പാഠങ്ങളെ സുന്ദരമായ കവിതാശകലങ്ങളിലൂടെ പുനരാവിഷ്‌കരിക്കാനും പ്രവാചകന്‍(സ്വ) ഹസ്സാനുബ്‌നു സാബിത്തി(റ)നെ നിയോഗിച്ചതും ലോകപ്രശസ്തി നേടിയ ‘ബാനത്ത് സുആദ്’ എന്ന കവിത ചൊല്ലിയ കഅ്ബുബ്‌നു സുഹൈറിന് തിരുനബി പ്രോത്സാഹന വചനങ്ങള്‍ ചൊരിഞ്ഞ് അഭിനന്ദിച്ചതും പാരിതോഷികം നല്‍കിയതുമെല്ലാം ചരിത്രസാക്ഷ്യങ്ങളാണ്. സര്‍ഗ-സാഹിത്യ-കലാ രീതികള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനവും അവ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാഥമിക പാഠങ്ങളും ഉപര്യുക്ത ഉദാഹരണങ്ങളിലുണ്ട്.
ഇസ്‌ലാമിക ചൈതന്യവും അടയാളങ്ങളും പ്രചരിപ്പിക്കുന്നതിലും സാംസ്‌കാരിക- നാഗരികാഭിവൃദ്ധി കൈവരിക്കുന്നതിലും കലകളും സാഹിത്യങ്ങളും അനല്‍പമായ പങ്കു വഹിച്ചിട്ടുണ്ട്. പൂര്‍വകാല മുസ്‌ലിംകള്‍ സൗന്ദര്യാത്മകവും സര്‍ഗാത്മകവുമായ വെല്ലുവിളികള്‍ ഏറ്റെടുത്ത് തങ്ങള്‍ക്ക് പരിമിതമായിരുന്ന സെമിറ്റിക്, ബൈസന്റിയന്‍, സാസാനിയന്‍ തുടങ്ങിയ മുന്‍ഗാമികളുടെ കലകളും പ്രമേയങ്ങളും പഠിച്ച് തങ്ങളുടെ പരിധിയിലാക്കാന്‍ ശ്രമിക്കുകയും നൂതനമായ പ്രമേയങ്ങളും സമ്പ്രദായങ്ങളും സ്വന്തമായി വികസിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. അമവിയ്യ, അബ്ബാസിയ്യ, ഉസ്മാനിയ്യ ഭരണകാലയളവില്‍ ഇസ്‌ലാമിക കല, വിദ്യാഭ്യാസം, ശാസ്ത്ര പഠനങ്ങള്‍ എന്നിവയെല്ലാം സര്‍വത്ര പുരോഗതി നേടിയിരുന്നുവെന്നാണ് ചരിത്രം. ഇസ്‌ലാമിക കലകളും വൈജ്ഞാനിക ശാഖകളും വികസിപ്പിച്ചെടുത്ത അബ്ബാസി ഭരണകാലത്തിന് ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണഘട്ടം എന്ന വിശേഷണം നല്‍കപ്പെട്ടതും ഈയൊരര്‍ഥത്തിലായിരുന്നു. വ്യത്യസ്തമായ ജ്ഞാനശാലകളില്‍ ഗഹനമായ വൈജ്ഞാനിക സംഭാവനകളര്‍പ്പിച്ച പണ്ഡിത പ്രതിഭകളുടെയും അവര്‍ക്കു സര്‍വാത്മനാ പ്രചോദനങ്ങള്‍ നല്‍കിയ ഭരണാധികാരികളുടെയും പൊതുസമൂഹത്തിന്റെയും സമ്മിശ്ര ചരിത്രമാണ് ഇസ്‌ലാമിന്റേത്. ഒരര്‍ഥത്തില്‍ സിബാഖ് കലോത്സവത്തിലൂടെ ലക്ഷ്യമാക്കുന്നത് പഴയകാല പ്രതാപത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ ശ്രമങ്ങള്‍ കൂടിയാണ്.
കലയുടെ ഉദ്ദിഷ്ട ലക്ഷ്യത്തെ സംബന്ധിച്ച സംവാദങ്ങള്‍ ഉത്തരമില്ലാതെ തുടരുകയും ആസ്വാദനത്തിന്റെയും ആഭാസത്തിന്റെയും പ്രയോക്താക്കളായി പുതുതലമുറ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാലമാണിത്. സിനിമ, നാടകം, സംഗീതം തുടങ്ങിയവയുടെ ദുഃസ്വാധീനം മുസ്‌ലിം നൈതിക പരിസരങ്ങളെ മലിനമാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അത്തരം കലാരീതികളിലൂടെയുണ്ടായിത്തീര്‍ന്ന സാംസ്‌കാരികാധിനിവേശത്തിനെതിരേ പ്രതിസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കലകളുടെ പവിത്രവല്‍ക്കരണത്തിലൂടെ നമുക്കു സാധിക്കേണ്ടതുണ്ട്. കലകളിലേര്‍പ്പെടുക എന്നത് ആവിഷ്‌കാരം മാത്രമല്ല. മറിച്ച്, പുതിയകാലത്ത് പ്രതിരോധ പ്രവര്‍ത്തനം കൂടിയാണത്. സര്‍ഗശേഷിയില്‍ അത്യുന്നതമായ പാരമ്പര്യത്തിന്റെ ശക്തമായ അടിത്തറയുള്ള മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം അതനിവാര്യവുമാണ്. സിബാഖ് കലോത്സവം മുന്നോട്ടുവയ്ക്കുന്നത് ധര്‍മനിഷ്ഠമായ കലകളെ ഉദാത്തവല്‍ക്കരിക്കുകയും അവ സമൂഹത്തിന് ഉപകാരപ്രദമാക്കി മാറ്റുകയും ചെയ്യുക എന്ന പവിത്രദര്‍ശനമാണ്. പ്രതിഭാധനരായ വിദ്യാര്‍ഥി തലമുറയുടെ നൈസര്‍ഗിക സ്പര്‍ശങ്ങളെ നിരന്തര പരിശീലനങ്ങളിലൂടെയും ആത്മാര്‍ഥമായ പ്രോത്സാഹനങ്ങളിലൂടെയും തേച്ചുമിനുക്കിയെടുത്ത് സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തുന്നതിനുള്ള കളരി സൃഷ്ടിക്കുകയാണ് ഓരോ സിബാഖും. ഇസ്‌ലാമിക പ്രബോധനം, സാമൂഹിക ശാക്തീകരണം എന്നിവയ്ക്കു സഹായകമാകുന്ന, വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ മത്സര പരിപാടികളാണ് സിബാഖ് ആവിഷ്‌കരിച്ചിട്ടുള്ളത്. അറബി, ഉര്‍ദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ വിവിധ മത്സരയിനങ്ങള്‍ എന്നതിനപ്പുറം ആഗോളതലത്തില്‍ തന്നെ ഏറെ പ്രചാരം നേടിയ വിവിധ ഭാഷാ സംവാദങ്ങളും രചനാ മത്സരങ്ങളും സിബാഖില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ 23 സഹസ്ഥാപനങ്ങളിലെയും പശ്ചിമ ബംഗാള്‍, അസം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കാംപസുകളിലെയും രണ്ടായിരത്തിലധികം മത്സരാര്‍ഥികള്‍ 260 മത്സരയിനങ്ങളില്‍ മാറ്റുരയ്ക്കുമ്പോള്‍, ദേശാതിര്‍ത്തികളെ മറികടന്നുള്ള കലാ ആവിഷ്‌കാരങ്ങളുടെ മനോഹര ദൃശ്യങ്ങള്‍ക്കാണ് ദാറുല്‍ഹുദായില്‍ അരങ്ങൊരുങ്ങുക. ഇന്നു മുതല്‍ നാലു ദിവസങ്ങളിലായി നടക്കുന്ന വര്‍ണാഭമായ സിബാഖ് കലാമാമാങ്കം വീക്ഷിക്കാനും വിലയിരുത്താനും സാംസ്‌കാരിക കേരളത്തിലെ കലാസ്വാദകര്‍ കൂടെയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.