2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

പുരുഷ പീഡനത്തിനു ശിക്ഷയില്ലത്രേ

അരലക്ഷത്തിന്റെ കണ്ണടവച്ചാലേ കണ്ണുകാണൂവെന്നു പറയുന്ന വി.ഐ.പികളാണ് നമുക്കു മുന്നിലുള്ളത്. ഇത്രയില്ലെങ്കിലും തൊട്ടടുത്തുള്ള ശൈലജ ടീച്ചര്‍ പറഞ്ഞത് താന്‍ എളിയജീവിതം നയിക്കുന്ന ആളാണെന്നാണ്. ശതകോടീശ്വരനായ തോമസ് ചാണ്ടിക്കു ചികിത്സയ്ക്കുവേണ്ടി രണ്ടു കോടി രൂപ നല്‍കാന്‍ സംസ്ഥാന ഖജനാവിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍, അഞ്ചുമാസമായി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കൊടുക്കാതെ സമരരംഗത്തു വന്നു ബുദ്ധിമുട്ടിയവരുടെ കഥ നമ്മളാരും മറന്നിട്ടില്ല.

പിണങ്ങോട് അബൂബക്കര്‍ 9847700450

ലോകത്തിലെ വലിയ ഭരണഘടനയായ ഇന്ത്യന്‍ ഭരണഘടനയില്‍ ബലാല്‍സംഗത്തിനും വകഭേദം. സ്ത്രീകള്‍ പുരുഷനെ പീഡിപ്പിച്ചാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും പാര്‍ലമെന്റ് നിയമമുണ്ടാക്കണമെന്നും സുപ്രിംകോടതി. സാധാരണ പീഡകര്‍ പുരുഷനും പീഡിതര്‍ സ്ത്രീയുമായിരിക്കും.
എന്നാല്‍, മറിച്ചു സംഭവിക്കുന്നത് അസാധാരണമല്ലെന്നാണു കോടതിവിധിയിലൂടെ മനസിലാകുന്നത്. ഇത്തരം സംഭവങ്ങളില്‍ ശിക്ഷ അനിവാര്യമാണ്. എന്നാല്‍, ഇവിടെ അതിനു വഴി കാണാനാവാതെ ന്യായാധിപന്മാര്‍ പരുങ്ങുന്നതാണു നീതിന്യായവ്യവസ്ഥയെ തളര്‍ത്തുന്ന വിഷയം.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞത് കേന്ദ്രത്തില്‍ 10 മാസം കൊണ്ട് 68 ലക്ഷം രൂപയുടെ ചായസല്‍ക്കാരം നടത്തിയെന്നാണ്. കിലോക്ക് 32,000 രൂപ വിലയുള്ള ചായപ്പൊടി ഡാര്‍ജിലിങ്ങില്‍നിന്നു കൊണ്ടുവന്നതിനാലാണ് ഇത്രയും പണം ചെലവായതത്രെ. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി രണ്ടുകോടി രൂപയുടെ ചായസല്‍ക്കാരം നടത്തിയെന്നാണ് ഇതിനുള്ള മറുപടിയായി പറഞ്ഞത്.

അര ലക്ഷത്തിന്റെ കണ്ണടവച്ചാലേ കണ്ണുകാണൂവെന്നു പറയുന്ന വി.ഐ.പികളാണു നമുക്കു മുന്നിലുള്ളത്. ഇത്രയില്ലെങ്കിലും തൊട്ടടുത്തുള്ള ശൈലജ ടീച്ചര്‍ പറഞ്ഞത് താന്‍ എളിയജീവിതം നയിക്കുന്ന ആളാണെന്നാണ്. ശതകോടീശ്വരനായ തോമസ് ചാണ്ടിക്കു ചികിത്സയ്ക്കുവേണ്ടി രണ്ടു കോടി രൂപ നല്‍കാന്‍ സംസ്ഥാന ഖജനാവിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍, അഞ്ചുമാസമായി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കൊടുക്കാതെ സമരരംഗത്തു വന്നവര്‍ ബുദ്ധിമുട്ടിയ കഥ നമ്മളാരും മറന്നിട്ടില്ല.
നമ്മുടെ രാജ്യത്തിന്റെ ദയനീയാവസ്ഥയുടെ മുഖമാണിതൊക്കെ സൂചിപ്പിക്കുന്നത്. ബര്‍ത്ത് കിട്ടാതെ ബാലകൃഷ്ണപ്പിള്ളയും ഐ.എന്‍.എലും ഇടതുവാതിലില്‍ കാത്തുകെട്ടിക്കിടക്കുമ്പോള്‍ വീരനെ അകത്തെടുക്കാന്‍ നടത്തുന്ന നീക്കം പിള്ളയെ വല്ലാതെ പൊള്ളിക്കുന്നുണ്ടെന്നാണ് അന്ത്യശാസന മട്ടില്‍ വന്ന റിപ്പോര്‍ട്ട്. മര്‍സൂഖിയും 13 കോടിയും പിന്നെ ദേശീയരംഗത്തു രൂപപ്പെട്ട വിഭാഗീയ വിഭ്രാന്തിയിലും പെട്ടുഴലുന്ന സി.പി.എമ്മിനു പിള്ളകളിക്കു സമയമില്ലെന്നാണു മൗനം നല്‍കുന്ന പാഠം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ല തൂത്തുവാരിയത് തന്റെ അക്കൗണ്ടിലാണ് വരവുവയ്‌ക്കേണ്ടതെന്നാണു ബാലകൃഷ്ണപ്പിള്ളയുടെ രാഷ്ട്രീയന്യായവാദം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു കൊല്ലത്തു ജയിക്കാന്‍ കൊട്ടാരക്കര അച്ഛന്റെയും മകന്റെയും സഹായം വേണമെന്നു സി.പി.എമ്മിന് ഓര്‍മയുണ്ടാകാനിടയില്ല.
യു.ഡി.എഫ് യോഗത്തിലേക്കു താന്‍ കസേരയുമായി പോകേണ്ടി വന്നുവെന്ന വീരേന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുള്ളി ഒരു കസേര ആരാധകനാണെന്നു വരുത്തുന്നുണ്ട്. നല്ല കസേരയുള്ള ഇടം തേടി നടന്നുനടന്ന് എങ്ങുമെത്താത്ത ഒരാളായി വീരന്‍ മാറിയതു മറക്കാന്‍ കഴിയുന്ന കാര്യമല്ല.

യു.ഡി.എഫ് മീറ്റിങ്ങില്‍ നേരത്തെ വന്നില്ലെങ്കില്‍ തെന്നല ബാലകൃഷ്ണപ്പിള്ളയ്ക്കുപോലും കസേര കിട്ടില്ല. ഈ അപ്പൂപ്പന്‍ ഇരിക്കേണ്ടിടത്തു പുതിയ യുവജന നേതാക്കളാരെങ്കിലും ഇരുന്നു കാണും. കുറുപ്പയ്യ മൂപ്പനാര്‍, കെ. കരുണാകരന്‍, സാങ്മ തുടങ്ങിയ നേതാക്കളെ പൊരിവെയിലില്‍ നിര്‍ത്താന്‍ കരുത്തുകാണിച്ച പാര്‍ട്ടിയാണു കോണ്‍ഗ്രസ്. യു.ഡി.എഫിലെ ഘടകകക്ഷികള്‍ തങ്ങള്‍ക്കൊരു സ്റ്റൂളോ ബെഞ്ചോ കിട്ടിയാല്‍ മതിയാകുമെന്ന പ്രാര്‍ഥനയോടെയാണു യോഗത്തില്‍ പോകാറുള്ളത്.
ഇരിക്കാന്‍ കസേര കിട്ടാതെ മുന്നണിവിട്ട വീരനും ഭരിക്കാന്‍ വകുപ്പു കിട്ടാതെ വിടാന്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ബി, ഐ.എന്‍.എല്‍ കക്ഷികളും ഫലത്തില്‍ കസേര ആരാധകരായി ചരിത്രം രേഖപ്പെടുത്താതിരിക്കില്ല.

കാലാകാലങ്ങളായി കേന്ദ്ര – കേരളാ ഗവണ്‍മെന്റുകള്‍ നടപ്പാക്കുന്ന ധനകാര്യവികസന പരിപാടി അഥവാ ബജറ്റ് മിക്കവാറും മുതലാളിമാര്‍ക്കു വേണ്ടിയാണ് സംഭവിക്കാറുള്ളതെന്നാണ് ഇന്ത്യയുടെ പിറകോട്ടു നടത്തം സൂചിപ്പിക്കുന്നത്. ധനകാര്യമന്ത്രിമാരുടെ ബജറ്റ് അവതരണം മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത് വരികള്‍ക്കിടയില്‍ അവതരിപ്പിക്കപ്പെട്ട കവിതകളും ചില നാടന്‍ശീലുകളും ഒക്കെയാണ്. അടിസ്ഥാനപരമായി വരവുകളും ചെലവുകളും അവര്‍ കാണിക്കും. പൗരന്മാര്‍ക്കുമേല്‍ കുറേ നികുതിഭാരം കെട്ടിവച്ച് ഉള്ളത് വര്‍ധിപ്പിച്ച് ഇല്ലാത്തതു കൂട്ടിച്ചേര്‍ത്ത് വരുമാന കോളം പൂരിപ്പിക്കുകയും ചെലവിനത്തിലേക്ക് അവ കൊള്ളാതെ വരികയും ചെയ്യും.

ഭരണത്തിനു വേണ്ടി കുറേ പണം വകയിരുത്തും. പോരാത്തതിനു ലോകബാങ്കില്‍ നിന്നോ ധനകാര്യ സ്ഥാപനത്തില്‍ നിന്നോ കടംവാങ്ങും. ഇങ്ങനെ നമ്മുടെ രാജ്യം പിറകോട്ടുതന്നെ സഞ്ചരിക്കുകയാണ്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇന്ത്യയില്‍ എത്ര ശതമാനം മുതലാളിമാര്‍ വളര്‍ന്നു, എത്ര ശതമാനം പാവങ്ങള്‍ വളര്‍ന്നുവെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്. ശരാശരി ഒരു ഇന്ത്യന്‍ പൗരന്റെ ദിവസവരുമാനം 65 രൂപയില്‍ താഴെയാണ്.

ഇത് ഏകദേശം 70 ശതമാനം ആളുകളുടെ ദയനീയാവസ്ഥയാണ്. വളരെ വലിയ തോതിലുള്ള സാമ്പത്തികസൗകര്യങ്ങള്‍ക്ക് വേണ്ടിയിട്ടുള്ള വളരെ വലിയ വികസനങ്ങള്‍ നടന്നിട്ടുള്ള വമ്പിച്ച ആസ്തി സമ്പാദിച്ചിട്ടുള്ള മുതലാളിമാര്‍ ദിവസേന വളരുകയാണ്. ഇതിന് അടിയന്തര മാറ്റം അനിവാര്യമാണെന്നു പറയാതിരുന്നുകൂടാ.
മാലദ്വീപില്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് അബ്ദുല്ല സഹീദ് ജഡ്ജി അലി ഹമീദ് ഉള്‍പ്പെടെ പ്രതിഷേധക്കാരടക്കമുള്ളവരെ മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനി അകത്താക്കി. മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് ഇന്ത്യന്‍ സഹായം തേടിയിട്ടുണ്ട്. പിന്നീട് ഇന്ത്യന്‍ സഹായം വേണ്ടെന്നു വച്ചു. അധികാരം തലയ്ക്കു പിടിച്ചാല്‍ മോദിയും അമിത് ഷായും മാത്രമല്ല യമീനിയും ആകുമെന്നാണ് ഈ കഥ നല്‍കുന്ന പാഠം. ലോകം മുന്നോട്ടു തന്നെയല്ല, പിറകോട്ടു തന്നെയാണെന്ന് ഈ കഥകളൊക്കെ പറഞ്ഞുതരുന്നു.
നമ്മുടെ രാജ്യത്തിന്റെ പൊതു അവസ്ഥ മനസിലാക്കി അവയില്‍ ഇടപെടാനുതകുന്ന ദൈവഗുണമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ സാന്നിധ്യങ്ങള്‍ കുറഞ്ഞുവരുന്നു.
നാട്ടില്‍ നടക്കുന്ന പൗരന്മാരുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും സജീവമായി ഇടപെടാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സമയമില്ല. സേവനമെന്നത് വിപണി വസ്തുവായി മാറുകയും അധികാരം മത്തായി രൂപാന്തരപ്പെടുകയും ചെയ്തപ്പോള്‍ നാട് അരാജകത്വത്തിലേക്കാണ് നീങ്ങുന്നത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.