2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ഹരിമുരളീരവം ഇനി മുഴങ്ങില്ല

അന്തരിച്ച പ്രശസ്ത തബലവാദകന്‍ ഹരി നാരായണനെ അനുസ്മരിക്കുന്നു

 

പി.എ.എം ഹനീഫ്

തബല എന്ന താളവാദ്യത്തിന് കേരളീയ സംഗീതചര്യകളിലൊരിടത്തും ഒരു വ്യത്യസ്ത ഘരാനയുടെ പേരില്‍ ഇടമില്ല. ‘ധാ… ധിന്‍… ധിന്ന…’ എന്നിങ്ങനെ കേരളീയ മാതൃകയില്‍ തബലവാദനം അഭ്യസിക്കുന്നവര്‍ സക്കീര്‍ ഹുസൈന്‍ ഘരാന ശീലിക്കാത്തവരാകാം. കോഴിക്കോട് നടുവട്ടം ഓം ശക്തിവീട്ടില്‍ ഹരിനാരായണനെ നാടറിയുന്നത് ഇരു ഘരാനകളിലെ വിദഗ്ധ താളവിദഗ്ധനായാണ്.

എന്റെ ഒരു നാടകത്തിനു പശ്ചാത്തല സംഗീതമൊരുക്കുമ്പോള്‍ ഹരി സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥനോട് പ്രത്യേകം ഉണര്‍ത്തി; എന്റെ തബലയല്ല, മൃദംഗമാണു താങ്കളുടെ സംഗീതത്തിന് അനുയോജ്യം. വിശ്വന്‍ വിസമ്മതം പ്രകടിപ്പിച്ചില്ല. ‘പുനര്‍ജനി’ നാടകത്തില്‍ ഹരിയുടെ താളവൈദഗ്ധ്യം അത്രമേല്‍ കര്‍ശനമായി പരിപാലിക്കപ്പെട്ടു.
ബാല്യം മുതല്‍ക്കേ ഒരു അരാജക പരിവേഷം ജീവിതത്തിലുടനീളം വിന്യസിച്ച കലാകാരനായിട്ടാണ് ഞാന്‍ ഹരിയെ അടുത്തറിയുന്നത്. കലാമണ്ഡലത്തില്‍ മൃദംഗം പഠിക്കാന്‍ ചേര്‍ന്നെങ്കിലും ‘ചെറുതുരുത്തി സ്‌കൂള്‍’ വാദ്യസംസ്‌കാരം എന്തുകൊണ്ടോ ഹരിക്ക് വശംവദമായില്ല. ബാബുരാജിന്റെ കല്യാണ പാട്ടുമേളകളില്‍ നന്നെ ബാല്യത്തില്‍ തന്നെ ഹരി തബല വായിച്ചു.
ഇടയ്ക്കു ചില മാപ്പിളപ്പാട്ട് സംഘങ്ങളില്‍ തബല വായിക്കാന്‍ ക്ഷണമുണ്ടായി. ഒറിജിനല്‍ മാപ്പിളപ്പാട്ടെന്നത് സംഗീതോപകരണങ്ങളുടെ മനംമടുപ്പിക്കുന്ന ശബ്ദപ്രളയമല്ലാത്തതിനാല്‍ ഹരിക്ക് അവിടെയും ക്ലച്ച് പിടിക്കാനായില്ല. ഇന്നത്തെ മാപ്പിളപ്പാട്ടിന്റെ ശബ്ദഘോഷങ്ങളെ ഹരിനാരായണന്‍ എന്ന താളവിദഗ്ധന്‍ എന്നും എതിര്‍ത്തു. ഏറ്റവുമൊടുവില്‍ നേരില്‍ കണ്ടപ്പോഴും വിമര്‍ശനരൂപേണ അദ്ദേഹം ഉപദേശിച്ചു: ”തനിക്കൊന്ന് ഇവന്മാരെ ഉപദേശിച്ചുകൂടേ!” ഞാന്‍ അകന്നുമാറി. കാരണം, മോയിന്‍കുട്ടി വൈദ്യരും നല്ലളം ബീരാനും ആലപ്പുഴ റംല ബീഗവും മറ്റും പാടി സത്യസംസ്‌കാരങ്ങളുടെ മലര്‍ക്കാവുകള്‍ തുറന്ന മാപ്പിളപ്പാട്ടിനെ ഇന്ന് അപശ്രുതിയുടെ അകമ്പടിയോടെ ‘മാപ്പില്ലാപ്പാട്ട് ‘ ആയി അധഃപതിപ്പിച്ച ആസ്ഥാന കുലപതികളെ ഹരിനാരായണന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
യേശുദാസിന്റെ ഗാനമേള ട്രൂപ്പുകളില്‍ ഏറെനാള്‍ ഹരി തബലയും ട്രിപ്പിള്‍ ഡ്രമ്മും മറ്റും വായിച്ചെങ്കിലും സംഗീതത്തിന്റെ കച്ചവടവല്‍ക്കരണം അദ്ദേഹത്തെ മുഷിപ്പിച്ചു. മഹാഗായകനാണ് യേശുദാസ് എന്ന അവസ്ഥ ഉണ്ടായിട്ടും ഹരിയ്‌ക്കെന്തോ ചില വിമ്മിഷ്ടങ്ങള്‍ ആ ഗാനമേള സംസ്‌കാരത്തോട് ഉണ്ടായിരുന്നു. ഇക്കാലം അതു ശരിവയ്ക്കുകയും ചെയ്യുന്നു. ചില ടി.വി സംഗീത ഷോകളില്‍ ക്ഷണിക്കപ്പെട്ടെങ്കിലും ഹരി ഒഴിഞ്ഞുമാറുകയായിരുന്നു. പാടുന്ന കുട്ടികളെക്കാള്‍ ജന്മസിദ്ധി സംഗീതത്തില്‍ ഇല്ലാത്ത ചില വിദ്വാന്മാരാണ് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താക്കളായുള്ളതെന്നതു കൊണ്ടു തന്നെയാണ് അദ്ദേഹം അതില്‍നിന്നൊക്കെ മാറിനിന്നത്. താളവാദ്യ വൈദഗ്ധ്യം കാശു വാരാനുള്ള എളുപ്പവഴിയായി ഹരി കണ്ടില്ല.
യാദൃശ്ചികമായാണ് ഹരി ജോണ്‍ എബ്രഹാമിന്റെ ദൃഷ്ടിയില്‍പെടുന്നത്. ജനകീയ സാംസ്‌കാരിക പ്രവര്‍ത്തകരോട് മാനസികമായി ഹരിക്ക് അടുപ്പമുണ്ടായിരുന്നു. 77-80കളില്‍ സാംസ്‌കാരിക വേദിയുടെ ചില നാടകപ്രവര്‍ത്തനങ്ങളില്‍ ഹരി സജീവമായി ഉണ്ടായിരുന്നു. ചിറകുമുളച്ചെങ്കിലും പറക്കാനാവാതെ സാംസ്‌കാരികവേദി കുഴഞ്ഞുവീണപ്പോള്‍ മനംനൊന്തവരില്‍ ഒരാളായിരുന്നു ഹരി നാരായണന്‍. പക്ഷെ, ജോണ്‍ ഹരിയെ വിട്ടില്ല. ഹമീദ് മണ്ണിശ്ശേരി, ജോയ് മാത്യു എന്നിവരുടെ സമ്പര്‍ക്കം ഹരിയെ ജോണിന്റെ ‘അമ്മ അറിയാന്‍’ ചിത്രത്തിലെത്തിച്ചു. അവിടെയും ജോണുമായി കലഹിക്കുകയായിരുന്നു ഹരി. പക്ഷെ, എത്രമേല്‍ ഹരി അകലാന്‍ ശ്രമിച്ചുവോ അതിലുമിരട്ടിയായി ജോണിനെ അദ്ദേഹം ഉള്ളാല്‍ ഇഷ്ടപ്പെട്ടു. ജോണ്‍ കോഴിക്കോട്ട് ഒരു പണിപൂര്‍ത്തിയാകാത്ത മട്ടുപാവിലേക്ക് ജീവിതവും തന്റെ സര്‍ഗാത്മകതകളും ഇട്ട് ഉടയ്ക്കാന്‍ ഇറങ്ങിയതു തന്നെ ഹരിക്കൊരു ദീര്‍ഘചുംബനം നല്‍കിയായിരുന്നു.
അലസകാമുകരായി അലഞ്ഞുനാടന്ന മഹാകവി പി. അയ്യപ്പന്‍ അടക്കമുള്ള കവികളിലൂടെ ഹരി നാരായണന്‍ ഒരു പുതുവരവിനു വഴിവെട്ടിയെങ്കിലും ഇന്നത്തെ കോലാഹല സംഗീതപ്പെരുമഴ, നിലാവും നിഴലും കൈകോര്‍ത്ത ഹരിയുടെ താളവൈദഗ്ധ്യത്തിന് അന്യമായിത്തോന്നി. സിത്താര്‍വാദകന്‍ വിനോദ് ശങ്കറുമായി ചേര്‍ന്ന് ഹരി ഒരുക്കിയ ജുഗല്‍ബന്ദികള്‍ സംഗീതാസ്വാദകരെ ഏറെ ഭ്രമിപ്പിച്ചു. കോഴിക്കോട് ടൗണ്‍ഹാളിലും മാവൂര്‍ റോഡ് ശ്മശാനത്തിലും സംഗീതപ്രേമികള്‍ ഏറെ ഒത്തുകൂടി അവസാനമായി ഉന്തിത്തള്ളി വിടുമ്പോഴും ശക്തമായ മഴയുടെ താളപ്പെരുക്കങ്ങള്‍ ഹരിയുടെ കത്തുന്ന ശരീരം ശ്രവിച്ചിട്ടുണ്ടാകണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.