2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

കെ.എ.എസ്: ആസൂത്രിത സംവരണ അട്ടിമറി

കെ. കുട്ടി അഹമദ് കുട്ടി#

 

സംവരണം എന്നത് ആരും പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് ഔദാര്യമായി നല്‍കിയതല്ല. നിരന്തരമായ സമരങ്ങളിലൂടെ അവര്‍ നേടിയെടുത്തതാണ്. കേരളത്തില്‍ മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍, നിവര്‍ത്തന പ്രക്ഷോപം തുടങ്ങിയവയിലൂടെയാണ് സംവരണ ആനുകൂല്യങ്ങള്‍ പിന്നാക്ക വിഭാഗങ്ങള്‍ നേടിയെടുത്തത്. മഹാത്മ അയ്യങ്കാളി, പണ്ഡിറ്റ് കറപ്പന്‍ തുടങ്ങിയവരുടെ സമരങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ദലിത് വിഭാഗങ്ങള്‍ക്ക് സ്‌കൂള്‍ പ്രവേശനം, സര്‍വിസില്‍ പ്രവേശനം എന്നിവ സാധ്യമായത്. അംബേദ്കറുടെ ശ്രമഫലമായി ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ സംവരണം വിവിധ വകുപ്പുകളില്‍ പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കും പിന്നാക്കകാര്‍ക്കും വ്യവസ്ഥ ചെയ്യപ്പെട്ടു.
ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മുസ്‌ലിംകള്‍ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം വ്യവസ്ഥ ചെയ്യാന്‍ ഭരണഘടന നിര്‍മാണ സഭയില്‍ പോരാട്ടം നടത്തിയിട്ടുണ്ട്. ഇക്കാര്യം സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭരണഘടന പറയുന്നത് പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കും, വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നാക്കം നില്‍ക്കുന്ന – സര്‍വിസില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത പിന്നാക്ക വിഭാഗങ്ങള്‍ക്കുമാണ് സംവരണം എന്നാണ്.
എന്നാല്‍, 1957ല്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച ഭരണ പരിഷ്‌കാര കമ്മിഷന്‍ സാമ്പത്തിക മാനദണ്ഡ അടിസ്ഥാനത്തിലാണ് സംവരണം എന്ന് ശുപാര്‍ശ ചെയ്യുകയുണ്ടായി. കാര്യക്ഷമത പരിഗണിക്കപ്പെടണമെന്നുള്ള ആ റിപ്പോര്‍ട്ട് കമ്മിഷന്റെ ചെയര്‍മാനായ ഇ.എം.എസ് നമ്പൂതിരിപ്പാട് നടപ്പാക്കാന്‍ മുന്നോട്ട് വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ അതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് പിന്‍വാങ്ങിയ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതിനെതിരേ ഇ.എം.എസിനെ വേദിയിലിരുത്തിക്കൊണ്ട് പത്രാധിപര്‍ സുകുമാരന്‍ നടത്തിയ പ്രസംഗം വളരെ പ്രസിദ്ധവുമാണ്.
ജി.ഒ (എം.എസ്) 1-2017 പ്രകാരം കെ.എ.എസ് രൂപീകരിക്കുന്നതിന്റെ ആവശ്യത്തിലേക്കായി ഒരു കമ്മിറ്റി രൂപീകരിക്കുകയും സ്‌പെഷല്‍ റൂള്‍സ് ഉണ്ടാക്കേണ്ടതിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കെ.എ.എസിന്റെ ഘടന എങ്ങനെ ആയിരിക്കണമെന്നും സ്ട്രീം ഒന്ന്, രണ്ട്, മൂന്ന് എന്നിവയിലേക്കുള്ള നിയമന രീതി ഏതായിരിക്കണമെന്നും ഈ ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവില്‍ സ്ട്രീം 1 നും 11നും നേരിട്ടുള്ള നിയമനം ആണ് നിര്‍ദേശിച്ചിരുന്നത്. സ്ട്രീം മൂന്ന് മാത്രമാണ് തസ്തികമാറ്റനിയമനം നിര്‍ദേശിച്ചിരുന്നത്. ഇപ്രകാരം തന്നെ സ്‌പെഷല്‍ റൂളിന്റെ കരട്‌രേഖ തയാറാക്കുകയും ചെയ്തു. എന്നാല്‍ അന്തിമമായി ചട്ടങ്ങള്‍ രൂപീകരിച്ചപ്പോള്‍ സ്ട്രീം രണ്ടിന്റെയും നേരിട്ടുള്ള നിയമനം ഒഴിവാക്കി. മൂന്നാം സ്ട്രീമിനെ തസ്തികമാറ്റം എന്നാക്കി മാറ്റി.
സംവരണത്തില്‍ ദൂരവ്യാപകമായ വിപരീതഫലം സൃഷ്ടിക്കുന്ന ഈ മാറ്റം ഒരു തലത്തിലും ചര്‍ച്ചക്ക് വിധേയമാക്കുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ല. പിന്നാക്കക്കാര്‍ക്ക് ഭരണഘടനാപരമായി നല്‍കിയിരുന്ന ഒരവകാശം ഒരു ഗുമസ്തന്റെ പേന വരയിലൂടെ ഇല്ലാതാക്കുകയാണ് ഇവിടെ ചെയ്തത്. ഒരു ജനാധിപത്യ ഗവണ്‍മെന്റിന് ഒരിക്കലും ഭൂഷണമല്ലാത്ത ഒരു നടപടിയാണിത്. ഭരണഘടനയോട് കൂറ് പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായ നടപടിക്ക് മുതിരുന്നത് ഒരിക്കലും ആശാസ്യമല്ല.
സംവരണം നിഷേധിക്കുന്നതിന് കാരണമായി നിരത്തുന്ന ന്യായങ്ങള്‍ നില നില്‍ക്കുന്നതല്ല. അപഹാസ്യവും അസംബന്ധവുമാണ്. പിന്നാക്ക പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്കും സംവരണം നിഷേധിക്കുവാനുള്ള ദുരുദ്ദേശ്യപരമായ നീക്കം ഈ ന്യായീകരണങ്ങളില്‍നിന്ന് വ്യക്തമാകുകയാണ്. തസ്തികമാറ്റ നിയമനമായതിനാലാണ് സംവരണം ഇല്ലാത്തത് എന്നാണ് സര്‍ക്കാരിന്റെ വാദം. കെ.എസ് ആന്‍ഡ് എസ്.എസ്.ആര്‍ (2) 12, 13 ല്‍ തസ്തികമാറ്റനിയമനം ഏതാണെന്ന് വ്യക്തമാക്കുന്നുണ്ട്. സീനിയോറിറ്റിയും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും പരിഗണിച്ച് സെലക്ട് ലിസ്റ്റില്‍ നിന്നുള്ള നിയമനമാണിത്. എന്നാല്‍ കെ.എ.എസിലേത് സീനിയോറിറ്റി പരിഗണിച്ചുള്ള നിയമനമാണ്. സ്ട്രീം രണ്ടില്‍ പ്യൂണ്‍ മുതല്‍ മുകളിലേക്കുള്ളതും 40 വയസ് തികയാത്ത ബിരുദധാരിയുമായ ഏതൊരുദ്യോഗസ്ഥനും പി.എസ്.സി പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടി കെ.എ.എസില്‍ നിയമനം നേടും. ഇത് ഒരിക്കലും തസ്തിക മാറ്റ നിയമനമല്ല. പകരം ഉദ്യോഗസ്ഥരില്‍ നിന്നുള്ള നേരിട്ടുള്ള നിയമനം ആണ്. ഇതിന് സംവരണം അനുവദിച്ചേ തീരൂ.
തസ്തിക മാറ്റ നിയമനങ്ങള്‍ക്ക് സംവരണം നല്‍കാന്‍ പാടില്ലെന്ന് ഒരിക്കലും നിയമമില്ല. മാത്രമല്ല, ഏറെ വിചിത്രമായ സംഗതി സംവരണം നിഷേധിക്കാനായി കെ.എ.എസിന്റെ സ്‌പെഷല്‍ റൂളില്‍ കടന്ന് കൂടിയ തസ്തിക മാറ്റ നിയമനം എന്ന പദം കെ.എസ് ആന്‍ഡ് എസ്.എസ്.ആറിലോ മറ്റ് നിയമങ്ങളിലോ നിര്‍വചിച്ചിട്ടില്ല എന്നതാണ്. എന്താണ് തസ്തിക മാറ്റ നിയമനം എന്നതിന് ഒരു നിയമത്തിലും നിര്‍വചനങ്ങളില്ല.
സമാനരീതിയില്‍ പി.എസ്.സി നിയമനം നടത്തുന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ തസ്തികക്ക് സംവരണം നല്‍കുന്നുണ്ട്. നിയമസഭയില്‍ അഹമദ് കബീര്‍ എം.എല്‍.എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ കെ.എ.എസില്‍ സംവരണ സമുദായത്തിന് പ്രാതിനിധ്യം കുറഞ്ഞാല്‍ പിന്നീട് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തി പരിഹരിക്കാമെന്നാണ് പറഞ്ഞത്. ഐ.എ.എസിന്റെ ഫീഡര്‍ കാറ്റഗറിയിലാണ് കെ.എ.എസ്. ഇതില്‍ പ്രാതിനിധ്യം കുറഞ്ഞാല്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ പരിഹരിക്കാം. എന്നാല്‍ ഐ.എ.എസില്‍ പ്രാതിനിധ്യം കുറഞ്ഞാല്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ പരിഹരിക്കാന്‍ കഴിയില്ല. ഐ.എ.എസിന്റെ വാതിലുകള്‍ സംവരണ വിഭാഗങ്ങള്‍ക്ക് എന്നന്നേക്കുമായി കൊട്ടിയടക്കുകയാണ്.
നരേന്ദ്ര മോദി പോലും കൈവയ്ക്കാന്‍ ഭയപ്പെടുന്നതാണ് സംവരണ പ്രശ്‌നം. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പിന്നാക്കക്കാരന്റെ സംവരണം അട്ടിമറിച്ച് സംഘ്പരിവാര്‍ നയം മോദിയേക്കാള്‍ ഒരുപടി മുന്നേ നടപ്പാക്കുകയാണ്. ഇനി ഒരിക്കലും കെ.എ.എസില്‍നിന്ന് പിന്നാക്കക്കാരനും ദലിതനുമായ ഒരു ഐ.എ.എസുകാരന്‍ ഉണ്ടാകില്ല. പിന്നാക്ക സമുദായങ്ങളും ദലിത് വിഭാഗങ്ങളും ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.