2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

‘അര്‍ശസ്സ് ‘ ഒരവലോകനം

കാലുകളിലെ അശുദ്ധരക്തക്കുഴലുകളിലെ വാല്‍വുകളുടെ ക്ഷമത തകരാറുമൂലം ധമനിവീക്കം ഉണ്ടാകുകയും അതു പൊട്ടി രക്തസ്രാവമുണ്ടാകുമെന്നും കേട്ടിട്ടുണ്ടാകുമല്ലോ? അതുപോലെതന്നെ മലാശയക്കുഴലിന്റെ അഗ്രഭാഗഭിത്തിയിലെ ധമനി വീക്കം തന്നെയാണ് അര്‍ശസ്സ് അഥവാ 'ഹെമറോയ്ഡ്‌സ്' എന്ന സാധാരണക്കാരന്റെ ഭാഷയിലെ 'പൈല്‍സ്'

 

 

നവംബര്‍ 20 ലോക പൈല്‍സ് ദിനമായിരുന്നു. ആധുനിക യുഗത്തില്‍ പൈല്‍സ് അഥവാ അര്‍ശസ്സ് എന്തോ മോശപ്പെട്ടതോ താണതരത്തിലോ ഉള്ളഅസുഖമായും ഹൃദ്രോഗം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവ സ്റ്റാറ്റസ് ഉയര്‍ത്തുന്ന രോഗമായുമൊക്ക ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട് . ലോകജനസംഖ്യയില്‍ 60% പേരെങ്കിലും ജീവിതത്തില്‍ എപ്പോഴെങ്കിലും അര്‍ശസ്സ് രോഗലക്ഷണങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുള്ളവരാണ്. 50 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് ഏതെങ്കിലും സ്റ്റേജിലെ പൈല്‍സ് ഉണ്ടായിരിക്കാനുള്ള സാദ്ധ്യത 50% ശതമാനം ആണ്. ഈ അടുത്ത ഊഴങ്ങളിലെ എട്ട് അമേരിക്കന്‍ പ്രസിഡന്റുമാരില്‍ രണ്ടുപേര്‍ക്കു(ജിമ്മി കാര്‍ട്ടര്‍ക്കും, ജെറാള്‍ഡ് ഫോര്‍ഡിനും ) പൈല്‍സിന് ചികിത്സ തേടി പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും അവധി എടുക്കേണ്ടിവന്നിട്ടുണ്ട്. ഇതു പലരുടേയും പ്രവൃത്തിക്ഷമതയെയും പെരുമാറ്റരീതിയെപ്പോലും ഗണ്യമായി ബാധിയ്ക്കുന്നുമുണ്ട്.
ശങ്ക കാരണം ഇത് ഡോക്ടറോട് തുറന്നു പറയാതെയും പരിശോധിപ്പിയ്ക്കാതെയും സ്വയം ചികിത്സയും മറ്റും നടത്തി വിലപ്പെട്ട ചികിത്സാസമയം പാഴാക്കാറുമുണ്ട് പലരും. ഭയപ്പെടുത്താതെ പൊതുസമൂഹത്തെ ഉണര്‍ത്തേണ്ട മറ്റൊരു പ്രധാന വസ്തുത, അവിചാരിതമായി അര്‍ശസ്സ് ലക്ഷണമായ മലത്തിലെ രക്തസ്രാവം ചെറുപ്പക്കാരില്‍ പോലും മലാശയ ക്യാന്‍സര്‍ (പൂര്‍ണമായി ശാസ്ത്രീയ ചികിത്സ കൊണ്ട് ഇതിനു രോഗവിമുക്തിയുള്ളതാണ് ) ലക്ഷണമായും പ്രകടമാകാം എന്നതാണ്.
അതിനാല്‍ ഈ ലക്ഷണമുളള ആരും തുടക്കത്തില്‍ത്തന്നെ ഒരുസര്‍ജനെത്തന്നെകണ്ട് ‘ഏനോസകോ പ്പി /പ്രോക്‌ടോസ്‌കോപ്പി’ എന്ന അഞ്ചു മിനിറ്റില്‍ താഴെ മാത്രം സമയമെടുക്കുന്ന, ഒ.പി.യില്‍തന്നെ നടത്താവുന്ന, ഒരു ‘സുഷിരാന്തര്‍ പരിശോധന’ നടത്തിച്ച് അസുഖം അര്‍ശസ്സ് തന്നെ എന്നും ക്യാന്‍സര്‍ അല്ല എന്നും ഉറപ്പുവരുത്തിയിരിക്കണം. ചുരുക്കം ചിലരിലെങ്കിലും വന്‍കുടല്‍ പരിശോധനയായ ‘കൊളോണോസ്‌കോപ്പി’ കൂടി ചെയ്യിച്ചു രോഗസ്ഥിരീകരണം നടത്തേണ്ടിയും വരാറുണ്ട്.

എന്താണ് അര്‍ശസ്സ് ?
കാലുകളിലെ അശുദ്ധരക്തക്കുഴലുകളിലെ (‘വെയിന്‍സ്’) വാല്‍വുകളുടെ ക്ഷമത തകരാറുമൂലം ധമനിവീക്കം (‘വെരിക്കോസ് വെയ്ന്‍’) ഉണ്ടാകുകയും അതു പൊട്ടി രക്തസ്രാവമുണ്ടാകുമെന്നും കേട്ടിട്ടുണ്ടാകുമല്ലോ? അതുപോലെതന്നെ മലാശയക്കുഴലിന്റെ അഗ്രഭാഗഭിത്തിയിലെ വെരിക്കോസിറ്റി (ധമനി വീക്കം) തന്നെയാണ് അര്‍ശസ്സ് അഥവാ ‘ഹെമറോയ്ഡ്‌സ്’ എന്ന സാധാരണക്കാരന്റെ ഭാഷയിലെ ‘പൈല്‍സ്’. ഇതു കുഴല്‍ഭിത്തിയില്‍ മാത്രം കാണുന്നതിനെ ‘ആന്തരിക അര്‍ശസ്സ്’ എന്നും അതിനുതാഴെ ത്വക്കിന് അടിയില്‍കാണുന്നതിനെ ‘ബാഹ്യ അര്‍ശസ് ‘എന്നും ഇവ രണ്ടുംകൂടി ഒരുമിച്ചുള്ളവയെ ‘ബാഹ്യാന്തര അര്‍ശസ്’ എന്നും വിഭാഗീകരിക്കാം.
ബാഹ്യ അര്‍ശസ് പലപ്പോഴും ഇരുന്നുള്ള ദീര്‍ഘ യാത്രയ്ക്കുശേഷവും പെട്ടെന്നുള്ള മലബന്ധത്തിനു ശേഷവും ഒക്കെ ഉണ്ടാകാവുന്ന താല്കാലികരോഗമായതിനാല്‍ ബഹുഭൂരിപക്ഷവും ശസ്ത്രക്രിയ വേണ്ടാത്തതും മരുന്നും വിശ്രമവും കൊണ്ടു പൂര്‍ണസുഖം പ്രാപിയ്ക്കുന്നതുമാണ്. ചുരുക്കംചിലതിനുമാത്രം മൈനര്‍ ശസ്ത്രക്രിയ (‘ക്‌ളോട്ട് ഇവാക്വേഷന്‍’) വേണ്ടിവന്നേക്കാം.

രോഗലക്ഷണങ്ങള്‍
മലാശയ സുഷിരത്തിന് ചുറ്റും അകത്തും പ്രകടമാകുന്ന എല്ലാ ബുദ്ധിമുട്ടുകളും അര്‍ശസ്സ് കൊണ്ടുമാത്രം ഉണ്ടാകാവുന്നതാണെന്നോ, ഈ ബുദ്ധിമുട്ടുകളില്‍ ഏതെങ്കിലും ഒന്ന് അര്‍ശസ്സ് കൊണ്ടുമാത്രമേ ഉണ്ടാകുകയുള്ളൂ എന്നോ പറയാന്‍ കഴിയില്ല.
എന്നാല്‍ ഇവയില്‍ പലതും അര്‍ശസ്സ് രോഗത്തിന്റെ ലക്ഷണങ്ങളാണുതാനും. ശോധന സമയത്തോ കൂടെക്കുടെയോ അനുഭവപ്പെടുന്ന വേദന, അസഹ്യമായ ചൊറിച്ചില്‍, നീറ്റല്‍ , സുഷിരത്തിനുള്ളില്‍ കൃമി ഇഴയുന്നതുപോലെതോന്നല്‍, രക്തസ്രാവം , സുഷിരത്തിലൂടെ സ്രവങ്ങള്‍ പ്രതീക്ഷിയ്ക്കാതെ പുറത്തുവരല്‍, മാംസതുല്യ വസ്തു സുഷിരത്തിലൂടെ പുറത്തേക്കു തള്ളിവരല്‍, അസ്ഥിസംബന്ധമായ കാരണങ്ങള്‍ കൂടാതെയുള്ള നടുവേദന തുടങ്ങിയവ അര്‍ശസ്സ് രോഗലക്ഷണങ്ങളില്‍പെട്ടവയാണ് . സുഷിരത്തിനുചുറ്റുമുള്ള ചര്‍മ്മമുഴകളായ ‘സ്‌കിന്റ്റാഗ്‌സ് ‘ നിരുപദ്രവകാരികളാണെങ്കിലും പലപ്പോഴും ആന്തരിക അര്‍ശസ്സ് ഉള്ളവരില്‍ ഇവയില്‍ തൊടുമ്പോള്‍ അസഹനീയ വേദന ഉണ്ടാക്കാറുണ്ടെന്നതിനാല്‍ ഇതാണ് പൈല്‍സ് എന്ന് തെറ്റിദ്ധരിച്ച് സര്‍ജനെ കണ്‍സള്‍ട്ട്‌ചെയ്യുന്നവരുമുണ്ട് . ഇതിനായി പ്രത്യേക ശസ്ത്രക്രിയ ആവശ്യമില്ലെങ്കിലും പൈല്‍സ് ഓപ്പറേഷന്‍ നടത്തുമ്പോള്‍ ഇതുകൂടി ആവശ്യമെന്നുകണ്ടാല്‍ നീക്കം ചെയ്യാറുമുണ്ട്.
അശാസ്ത്രീയ ചികിത്സാ സമ്പ്രദായത്തില്‍, യഥാര്‍ഥ കുറ്റവാളിയായ ആന്തരികാര്‍ശസ്സിനെ ഒന്നുംചെയ്യാതെ ഈനിരുപദ്രവകാരികളെ ‘കെട്ടിട്ടു ശ്വാസം മുട്ടിച്ച് കൊന്നുള്ള നീക്കം ചെയ്യല്‍’ മാത്രം നടത്തി യഥാര്‍ഥ പ്രതിയായ ആന്തരികാര്‍ശസ്സിന് പിന്നീട് ശാസ്ത്രീയ ശസ്ത്രക്രിയ വേണ്ടരീതിയില്‍ രോഗികള്‍ ബുദ്ധിമുട്ടേണ്ട അവസ്ഥകളും നമ്മുടെ നാട്ടില്‍ കാണാറുണ്ട് .

ചികിത്സയുടെ ആവശ്യകത ?
പൈല്‍സിന്റെ ഏറ്റവും വലിയ വിന രക്തസ്രാവം തന്നെയാണ്. സ്ത്രീകളിലും മുതിര്‍ന്ന പ്രായക്കാരിലും ഇതു നിരന്തരം ആയാല്‍ വിളര്‍ച്ചയും അതിന്റെ ഭവിഷ്യത്തുകളും എളുപ്പം പ്രകടമാകുന്നു. അണുബാധ, അതോടനുബന്ധിച്ചുള്ള രോഗാണുക്കള്‍ നിറഞ്ഞ രക്തക്കട്ട കരളില്‍ കയറി ശരീരം മുഴുവന്‍ വ്യാപിക്കാവുന്ന, വളരെ സാധാരണമല്ലെങ്കിലും അസാധാരണമല്ലാത്ത ‘പൈലിഫ്‌ലിബൈറ്റിസ് ‘എന്ന മാരകമായേക്കാവുന്ന അവസ്ഥ (ഇതും സമയത്തുള്ള ശാസ്ത്രീയ ചികിത്സകൊണ്ടു സുഖം പ്രാപിക്കാവുന്നതുതന്നെയാണ്) മുതലായവ അര്‍ശസ്‌കൊണ്ടുള്ള പരിണിതഭവിഷ്യത്തുകളില്‍ ചിലതാണ് .
മറ്റുഭവിഷ്യത്തുകള്‍ സ്ഥലപരിമിധിപരിഗണിച്ച് വിശദീകരിക്കുന്നില്ല. ഭവിഷ്യത്തുകള്‍ രോഗിയുടെ സുരക്ഷയെ ഗണ്യമായി ബാധിക്കുകയും കഷ്ടപ്പാടുകളും വേദനയും കൂട്ടുകയും ചെയ്യുമെന്നതിനാല്‍, അവ ഒഴിവാക്കി, അവ ഉണ്ടാകുന്നതിനു മുന്‍പ് തന്നെ രോഗനിര്‍ണയവും ചികിത്സയും നടത്തി പൈല്‍സില്‍ നിന്നും പൂര്‍ണ മുക്തി നേടലാകണം ചികിത്സയുടെ ലക്ഷ്യം. കേരളത്തില്‍ ഈയിടെ മലാശയ ക്യാന്‍സര്‍ യുവാക്കളില്‍പോലും കൂടുതലാണെന്നു ചില ആര്‍.സി.സി. പഠനങ്ങള്‍ വെളിവാക്കുന്നു. ഇതും പരിശോധന ഇല്ലാതെ പൈല്‍സ് എന്നു തെറ്റിദ്ധരിച്ചു , സ്വയംചികിത്‌സയും അശാസ്ത്രീയ ചികിത്‌സയും നടത്തി, ക്യാന്‍സര്‍ചികിത്സ നീണ്ടുപോകാനും ജീവാപായംസംഭവിക്കാനും സാധ്യത കൂടുതലാണ്.

കാരണങ്ങള്‍
ധമനിവീക്കം കാരണം ഉണ്ടാകുന്ന ഈ അസുഖം നാല്‍ക്കാലികളില്‍ ഇല്ല. ഇരുകാലി ജീവിതത്തിന്റെ പരിണിതഫലം (‘പെനാല്‍റ്റി’) എന്നൊരു വര്‍ണ്ണന തന്നെ പൈല്‍സിന് ജനിതകസ്വത്വമായി കിട്ടിയിട്ടുണ്ട്! ജനിതക ഘടക ബന്ധം (‘ഹെറിഡിറ്റി’), മലബന്ധം, ദിനചര്യ, ജീവിത ശൈലീ വ്യതിയാനങ്ങള്‍, മാനസിക പിരിമുറുക്കം, ഭക്ഷണക്രമവും ശീലങ്ങളും ഇവയൊക്കെ പൈല്‍സുമായി നന്നായി ബന്ധം ഉള്ളവതന്നെയാണ്. ജീവിതചര്യാ വ്യതിയാനങ്ങള്‍ ചിട്ടപ്പെടുത്തി ഭക്ഷണഘടകങ്ങള്‍ നിഷ്‌കര്‍ഷിച്ചും നാരുള്ള ഭക്ഷണത്തിനു പ്രാധാന്യം നല്‍കിയും നമ്മുടെ മഹത്തായ പാരമ്പര്യചികിത്സാഭിഷഗ്വരന്മാര്‍ പലപ്പോഴും തുടക്കഡിഗ്രികളിലെ അര്‍ശസ്സിനു വിരാമം കണ്ടെത്തി ശസ്ത്രക്രിയയുടെ ആവശ്യം നന്നേ കുറയ്ക്കാന്‍ സഹായകരമായ ചികിത്സാവിധികള്‍ നിര്‍ണയിച്ചു ഫലപ്രദമാക്കിയിട്ടുമുണ്ട്. പൈല്‍സ്‌കാരണം മാനസികപിരിമുറുക്കം ചിലരില്‍ പ്രകടമാകാം എന്നതിനാല്‍, പിരിമുറുക്കം പെരുമാറ്റത്തില്‍ കൂടുതല്‍ കാണിക്കുന്നവരെ ‘പൈലികള്‍’ എന്നുസ്വകാര്യമായി സംബോധനചെയ്യല്‍ മെഡിക്കല്‍ പ്രൊഫഷന്‍ അംഗങ്ങളിലെ ഒരു സ്വകാര്യ തമാശാപദമാണ്.

ചികിത്സാ രീതികള്‍
ധമനി വീക്കം ആണ് പൈല്‍സ് എന്ന കാര്യം ഓര്‍ത്താല്‍ ചികിത്സാ രീതികളും എളുപ്പം മനസ്സിലാകും. മലാശയത്തിലെ ഉയര്‍ന്ന സമ്മര്‍ദ്ദഹേതുവായ മലബന്ധ നിവാരണവും ജീവിതശൈലീവ്യതിയാനങ്ങള്‍ ക്രമീകരിക്കലും മാനസികപിരിമുറുക്കനിയന്ത്രണങ്ങളുമൊക്ക എല്ലാ ചികിത്സാരീതിയിലുംഅടിവരയിട്ട് പ്രാധാന്യം നല്‍കിപാലിയ്‌ക്കേണ്ട തത്വങ്ങളായിഅംഗീകരിച്ചു നടപ്പാക്കിവരുന്നു .ഇതുകൂടാതെ പൈല്‍സ് എന്ന ധമനിവീക്കത്തിന്റെ ചികിത്സാവിധികളെ മൂന്നായി വിഭാഗീകരിക്കാം.ആദ്യ വിഭാഗം ശസ്ത്ര ക്രിയ കൂടാതെ ഭക്ഷണ /ദിനചര്യാ /ജീവിതശൈലീ വ്യതിയാനങ്ങളും ചില മരുന്നുകളും മാത്രം ഉപയോഗിച്ചുള്ളവയാണ്. എന്നാല്‍ ഇവ തുടക്കത്തിലെ രണ്ടു സ്റ്റേജുകള്‍ക്കുമാത്രമേ പൂര്‍ണഫലപ്രദമാകാറുള്ളൂ. എന്നാല്‍ ഈ സ്റ്റേജുകളില്‍ പലരിലും ഇവ പൂര്‍ണ ഫലപ്രദവും ശസ്ത്രക്രിയ ഒഴിവാക്കാന്‍ സഹായകരവുമാണ് .
ഇതു ഉയര്‍ന്ന സ്റ്റേജുകളില്‍ ശസ്ത്രക്രിയ പ്ലാന്‍ ചെയ്യുമ്പോള്‍ അതിനുമുന്‍പ് രോഗത്തിന്റെ ബുദ്ധിമുട്ട് കുറച്ചുശമിപ്പിക്കാനും സഹായകരമാണ്. ധമനികളുടെ ടോണ്‍ ബലപ്പെടുത്തുന്ന വെരിക്കോസ് വെയ്ന്‍ ചികിത്സയ്ക്കുമുപയോഗിക്കുന്ന മരുന്നായ ‘ഫ്‌ലാവനോയ്ഡ്‌സ്’ ഗ്രുപ്പിലെ ആല്‍ക്കലോയ്ഡ് ആയ ‘ഡാഫ്‌ലോണ്‍’, ‘ഡയോസ്മിന്‍’,ഇവയൊക്കെ രോഗിക്ക് ഗണ്യമായ ആശ്വാസം നല്‍കുന്നവയാണ്.
പരമ്പരാഗത ശാസ്ത്ര വിധി പ്രകാരമുള്ള ‘ഹരിദ്ര’,’പൈല്‍സ് അനുബദ്ധ നാമമരുന്നുകള്‍’ പലതും മേല്പറഞ്ഞ ആല്‍ക്കലോയ്ഡ്‌സിന്റെ ഘടനയുമായി ബന്ധപ്പെട്ടവയാണെന്ന് പറയപ്പെടുന്നുവെങ്കിലും, ഫലസിദ്ധി നന്നായി ഉണ്ടെങ്കിലും, അതിന്റെ സുരക്ഷിത ഉപയോഗപഠന നിഗമനങ്ങള്‍ ശാസ്ത്രീയമായി അന്താരാഷ്ട്ര ശാസ്ത്രീയ പബ്ലിക്കേഷനുകളില്‍ ഇടം കണ്ടെത്തിയശേഷമേ നമുക്കു അവയുടെ സുരക്ഷിത മാനദണ്ഡം ആയിക്കഴിഞ്ഞു എന്ന നിലയില്‍ ശുപാര്‍ശ ചെയ്യാന്‍ കഴിയുന്നുള്ളൂ.
രണ്ടാമത്തെ വിഭാഗം ചികിത്‌സാ രീതി ‘ശസ്ത്രക്രിയേതര പ്രക്രിയകള്‍’ അഥവാ ‘ഇന്റര്‍വെന്‍ഷന്‍സ് ‘ആണ്. ഇതു വേദന ഉളവാക്കുന്ന പുറത്തു മുറിവുള്ള ഓപ്പണ്‍ ശസ്ത്രക്രിയ മാത്രം ലോകത്തുണ്ടായിരുന്ന കാലഘട്ടത്തില്‍ കൂടുതല്‍ പ്രസിദ്ധമായവയാണ്. ധമനിവീക്കത്തിലെ പ്രധാന ധമനികളില്‍ നിര്‍വീക്കമുണ്ടാക്കിയോ, ബാന്റ് ഇട്ടോ, പൈല്‍സിലെ രക്ത ചംക്രമണം തടസപ്പെടുത്തി അവയെ നിരുപദ്രവകാരി ആക്കാന്‍ ശ്രമിക്കുന്നു.
അതിനാല്‍ത്തന്നെ തുടക്ക സ്റ്റേജുകള്‍ക്കു മാത്രം ഇവ അഭികാമ്യം എന്നേ പറയാന്‍ പറ്റുന്നുള്ളൂ. ഇവയുടെ മഹിമ സര്‍ജറിയും ഗണ്യമായ അനസ്തീഷ്യയും ഒഴിവാക്കി ഒ.പി. യായോ, ഡേകേസ് ആയോ ചികിത്സിക്കാം എന്നതാണെങ്കിലും , ഉയര്‍ന്ന സ്റ്റേജുകളിലെ പൈല്‍സിന് ഇതു പര്യാപ്തമല്ല. മാത്രവുമല്ല പലപ്പോഴും ഈ ചികിത്സ അപൂര്‍ണമാകാന്‍ സാധ്യത കൂടുതല്‍ ആയതിനാല്‍ കുറച്ചുകാലങ്ങള്‍ക്കു ശേഷം വീണ്ടും ഇതോ, ശസ്ത്രക്രിയയോ രോഗിക്കുവേണ്ടിവരാറുമുണ്ട്. ലേസര്‍, ക്രയോ, ആര്‍.എഫ്.എ. ചികിത്സാ രീതികളൊക്കെ ഈ വിഭാഗത്തില്‍ പെടുന്നു. ലേസര്‍ സര്‍ജറി, ക്രയോ സര്‍ജറി മുതലായ പദങ്ങള്‍ സുപരിചിതമാണെങ്കിലും, യഥാര്‍ഥത്തില്‍ ഇതൊരു ശസ്ത്രക്രിയ അല്ല. സര്‍ജന്‍ തന്നെ ചെയ്യുന്ന ഒരു ശസ്ത്രക്രിയേതര പ്രക്രിയ ആണ്.
മൂന്നാമത്തെ ചികിത്സാരീതി ശസ്ത്രക്രിയ തന്നെയാണ്. പൊതുവേ ശസ്ത്രക്രിയാ ഭയം രോഗികള്‍ ദുസ്വപ്‌നം പോലെ സൂ ക്ഷിക്കുന്നവരായതിനാലും വര്‍ഷങ്ങളായി ഈ രംഗത്ത് നിലനിന്നിരുന്ന ‘മിലിഗന്‍ /മോര്‍ഗന്‍’ എന്നപുറമേ മുറിവുള്ള ശസ്ത്രക്രിയ, മുറിവ് ഉണങ്ങുന്നതുവരെ ചില രോഗികളിലെങ്കിലും വേദനയും നീറ്റലും കുറച്ചുദിവസങ്ങള്‍ ദുസ്സഹമാക്കാറുള്ളതിനാലും ശസ്ത്രക്രിയാഭയം തന്നെയായിരുന്നു രോഗികള്‍ ഈ മാര്‍ഗത്തോട് വിമുഖത കാട്ടാനും ലേസര്‍ പോലുള്ള അമിതപരസ്യചികിത്സാ രീതിയിലേക്ക് ആകൃഷ്ടരാകാനും കാരണം.
എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഞങ്ങള്‍ പുതുതായിവന്ന, പുറത്തു മുറിവുകളില്ലാത്ത, വേദന രഹിത സ്റ്റേപ്ലര്‍ ശസ്ത്രക്രിയയാണ് ശസ്ത്രക്രിയകളില്‍ അഭികാമ്യമായ ഒന്നാം നമ്പര്‍ ചോയിസ് ആയി തിരഞ്ഞെടുത്തിട്ടുള്ളതും, ശസ്ത്രക്രിയ വേണ്ട 95%നു മേല്‍ രോഗികളിലും ചെയ്യാറുള്ളതും. ഇത് ഈ രംഗത്തെ മറ്റു ശസ്ത്രക്രിയകളേക്കാള്‍ അല്പം ചിലവ് കൂടിയതാണെങ്കിലും (ഡിസ്‌പോസബിള്‍ യൂണിറ്റ് ഓരോ രോഗിക്കും പ്രത്യേകം വേണ്ടതിനാല്‍), വളരെയധികം രോഗീസൗഹൃദകരമാണ്. വേദന ഉളവാക്കുന്ന ഭാഗത്തിനുമുകളില്‍ഉള്ളില്‍ ഉള്ള ശസ്ത്രക്രിയ ആയതിനാല്‍ഇതു കഴിഞ്ഞുരോഗിക്കു ഒരുദിവസത്തെ വിശ്രമശേഷം ആശുപത്രി വിടാം. പുറത്തു മുറിവില്ലാത്ത ഈ ശസ്ത്രക്രിയ ആദ്യമൊക്കെ ആദ്യ രണ്ടു സ്റ്റേജിലെ പൈല്‍സിനേ പറ്റുകയുള്ളൂ എന്ന നിഗമനവും ഇന്നുമാറിക്കഴിഞ്ഞു .
എത്രലേറ്റ്‌സ്റ്റേജ്ആയാലും(പുറത്ത്തള്ളിക്കിടക്കാവുന്നവവരെ), ഇന്ന് അള്‍ട്രാസൗണ്ട് നൈഫ് ആയ ഹാര്‍മോണിക് നൈഫ് ഉപയോഗിച്ച് പുറത്തുമുറിവുണ്ടാക്കാതെ പൂര്‍ണ്ണമായി നീക്കം ചെയ്തശേഷം ഉള്ളിലെ നീക്കം ചെയ്തഭാഗത്തെ മുറിവിനെ സ്റ്റേപ്ലര്‍ ശസ്ത്രക്രിയകൊണ്ടു അടുപ്പിച്ചു മുറിവില്ലാതാക്കി ഒരുദിവസത്തെ ആശുപത്രി വിശ്രമത്തിനു ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്. നിരന്തരം രോഗിയെ ബുദ്ധിമുട്ടിച്ചിരുന്ന, വര്‍ഷങ്ങളായിപാടുപെട്ടിരുന്ന, ചില ലേറ്റ് സ്റ്റേജ് പൈല്‍സ് രോഗികളില്‍ ശസ്ത്രക്രിയ ചെയ്ത ശേഷം കാണാന്‍ കഴിഞ്ഞ സംതൃപ്തി പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണ് . പുതുതായി ഈ രംഗത്തു വന്നതും ചിലവ്കുറഞ്ഞതും പുറത്ത് മുറിവില്ലാത്തതുമായ മറ്റൊരു ശസ്ത്രക്രിയയായ’ഹാല്‍റാര്‍’പൈല്‍സിന്റെ ഫീഡര്‍ ധമനിയെ കെട്ടി അതിന്റെ രക്തചംക്രമണം തടയുകയാണ് ചെയ്യുന്നത് . എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇതിന്റെ സ്വീകാര്യതയും ഫല സിദ്ധിയും ഇതുവരെ എല്ലായിടത്തും അംഗീകരിച്ചു കഴിഞ്ഞിട്ടില്ല .
വിവിധസ്റ്റേജുകളില്‍ ഓരോരോഗി യുടെ ശാരീരിക, മാനസിക നിലവാരവും ജീവിതശൈലീ വ്യത്യസ്തതകളും കണക്കില്‍ എടുത്തു ഓരോ രോഗിക്കും ഏതാണ്പറ്റിയചികിത്സഎന്നുപ്രായോഗിക പരിചയം വേണ്ടുവോളം ഉള്ള ഒരു സര്‍ജന്റെ തീരുമാനത്തിനു വിട്ട് അതു വഴി ഈ രോഗം പൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാം.അല്ലാതെ എന്തിനും ഏതിനും ‘അന്താരാഷ്ട്ര നിലവാരമുള്ള ലേസര്‍ …’ എന്നതല്ല ശാസ്ത്രീയ ചികിത്സാ മാനദണ്ഡം.

 

ഡോ. മുഹമ്മദ് സലീം. ജെ
സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജന്‍,
കിംസ്, തിരുവനന്തപുരം.
പ്രൊഫസര്‍ (സര്‍ജറി തലവന്‍),
എസ്.ആര്‍ മെഡി. കോളജ്,
വര്‍ക്കല.
ഫോണ്‍: 9447051030


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.