2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

മലയാളികളെ നാണംകെട്ടവരെന്ന് വിളിച്ച അര്‍ണബ് ഗോസ്വാമിക്ക് പണികിട്ടി; കണ്ണൂര്‍ കോടതി കേസെടുത്തു

  • ജൂണ്‍ 20 ന് ഹാജരാവാന്‍ സമന്‍സ്

കണ്ണൂര്‍: ടി.വി ചര്‍ച്ചയ്ക്കിടെ മലയാളികളെ മൊത്തം നാണംകെട്ടവരെന്ന് വിളിച്ച് അധിക്ഷേപിച്ച റിപ്പബ്ലിക്ക് ടി.വി എം.ഡിയും എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്. കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) യാണ് കേസെടുത്തത്. ജൂണ്‍ 20ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കാനും ഉത്തരവായി. കണ്ണൂര്‍ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. പി ശശി സമര്‍പ്പിച്ച മാനനഷ്ട ഹര്‍ജിയിലാണ് നടപടി.

2018 ഓഗസ്റ്റ് 24നാണ് കേരളീയരെ ഒന്നടങ്കം അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വിവാദ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയത്. കേരളം പ്രളയത്തില്‍പ്പെട്ട സമയത്ത് യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപ വാങ്ങുമെന്ന കേരളത്തിന്റെ നിലപാടിനെ ചോദ്യംചെയ്ത റിപബ്ലിക് ടി.വി ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ഈ ചര്‍ച്ചയ്ക്കിടെയാണ് അവതാരകനായ അര്‍ണബ് ഗോസ്വാമി മലയാളികളെ അപമാനിച്ചത്.

‘നാണംകെട്ടവരാണ് കേരളീയര്‍; ഇന്ത്യയില്‍ ഞാന്‍ കണ്ട ഏറ്റവും നാണംകെട്ട കൂട്ടര്‍’- എന്നായിരുന്നു പരാമര്‍ശം. ലോകത്തെങ്ങുമുള്ള മലയാളികളെ ആക്ഷേപിക്കുന്ന, അത്യന്തം അപകീര്‍ത്തികരമായ പരാമര്‍ശമാണിതെന്നു കാണിച്ച് പി. ശശി ആദ്യം അര്‍ണബ് ഗോസ്വാമിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഏഴുദിവസത്തിനകം മലയാളി സമൂഹത്തോട് നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം പത്തുകോടി രൂപ നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 500, ക്രിമിനല്‍ നടപടിച്ചട്ടം 190 പ്രകാരം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.

പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ടെത്തി മജിസ്‌ട്രേറ്റ് എം.സി ആന്റണിയാണ് ഹരജി ഫയലില്‍ സ്വീകരിച്ചത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. വി ജയകൃഷ്ണന്‍ കോടതിയില്‍ ഹാജരായി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.