2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

നിങ്ങള്‍ അടിമയാണോ? അറിയാം

നിങ്ങള്‍ ഒരു മൊബൈല്‍ അടിമയാണോ? എങ്ങിനെ അറിയാം?

സ്വയം പരിശോധിച്ചു മനസിലാക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ മനഃശാസ്ത്ര വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ചിലത് കാണുക. ഈ സ്വഭാവങ്ങള്‍ നിങ്ങള്‍ക്കുമുണ്ടോ?
നേരം വെളുത്താലുടന്‍ നിങ്ങള്‍ ആദ്യം ചെയ്യുന്നതും രാത്രി അവസാനം ചെയ്യുന്നതും മൊബൈല്‍ ഫോണ്‍ അത്യാകാംക്ഷയോടെ പരതുകയാണോ? 24 മണിക്കൂറും ഫോണ്‍ നിങ്ങളുടെ കൈപ്പിടിയിലോ അല്ലെങ്കില്‍ വളരെ അടുത്തോ ആണോ? പത്ത് മിനുട്ട് സമയം പോലും ഫോണില്ലാതെ കഴിയുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പറ്റുന്നില്ലേ? ഫോണ്‍ നഷ്ടപ്പെട്ടാലോ എന്നതിനെക്കുറിച്ച് ഇടക്കിടെ അമിത ഭയമുണ്ടാവാറുണ്ടോ.? ഫോണ്‍ നഷ്ടമായതായി അറിയാതെ ചിന്തിച്ചു പോവാറുണ്ടോ?. സ്വപ്‌നത്തില്‍ അത്തരം ദൃശ്യങ്ങള്‍ കാണാറുണ്ടോ?
ബാത്‌റൂമിലേക്ക് മൊബൈല്‍ കൊണ്ടുപോവുമോ? വിവാഹം, യോഗം, സെമിനാര്‍ തുടങ്ങിയ പൊതു വേദികളിലും ആള്‍ക്കൂട്ടത്തിനിടയിലും നിങ്ങളുടെ ശ്രദ്ധ മൊബൈലിലാണോ? മൊബൈലില്‍ സംസാരിച്ചും മെസേജുകള്‍ തിരഞ്ഞും റോഡ് മുറിച്ചുകടക്കുമോ?
പ്രാര്‍ഥനക്കിടയിലും മൊബൈല്‍ഫോണിനെക്കുറിച്ച് ആലോചിച്ചുപോവുന്നുണ്ടോ? ഒരു കാരണവുമില്ലാതെ ഇടക്കിടെ വെറുതെ മെസേജുകള്‍ക്കായി തെരഞ്ഞുകൊണ്ടിരിക്കുകയും നിങ്ങളുടെ ജോലിയിലുള്ള കാര്യക്ഷമതയെ അത് കുറച്ചെങ്കിലും ബാധിക്കുകയും ചെയ്യാറുണ്ടോ? ഉറക്കം വരുമ്പോഴും, കിടക്കയില്‍ കിടന്നും, ഫോണ്‍ നോക്കുമോ? അവധിദിവസങ്ങളിലെ മുഖ്യ ഇനം മൊബൈല്‍ ആണോ? മക്കളോടോ രക്ഷിതാക്കളോടോ കാണിക്കേണ്ട ശ്രദ്ധയുടെ സമയം മൊബൈല്‍ അപഹരിക്കുന്നുണ്ടോ? പോക്കറ്റിലോ ബാഗിലോ വയ്ക്കുന്നതിന് പകരം മൊബൈല്‍ സദാസമയവും കൈയില്‍ത്തന്നെയാണോ? മെസേജ് നോക്കാനുള്ള അദമ്യമായ അഭിവാഞ്ഛ ഡ്രൈവിങിനിടയില്‍പ്പോലും ഉണ്ടാവാറുണ്ടോ? അത്യാവശ്യമായി പുറത്തിറങ്ങാന്‍ പോവുമ്പോഴും വീണ്ടും വീണ്ടും മെസേജുകള്‍ തിരഞ്ഞ് നേരം നഷ്ടപ്പെടുത്താറുണ്ടോ? ടി.വി കാണുമ്പോഴും ഭക്ഷണ സമയത്തും ശ്രദ്ധ മൊബൈലിലാണോ? ഫോണ്‍ കാരണം ജോലികള്‍ മാറ്റിവയ്ക്കാനും മുടങ്ങാനും ഇടയാവുന്നുണ്ടോ? വീട്ടില്‍ത്തന്നെ എവിടെയങ്കിലുംവച്ച ഫോണ്‍ ഒരു മിനുട്ട് കാണാതാവുമ്പോഴേക്കും ആകെ ടെന്‍ഷനടിക്കാറുണ്ടോ? ഫോണില്‍ മുഴുകുമ്പോള്‍ സമയബോധം നഷ്ടപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് കിട്ടുന്ന ഉത്തരങ്ങളില്‍ പാതിയെങ്കിലും നിങ്ങള്‍ക്ക് ബാധകമാണോ? എങ്കില്‍ മൊബൈല്‍ ഭ്രാന്ത് നിങ്ങള്‍ക്കും പിടിപെട്ടിരിക്കുന്നു എന്ന് സാമാന്യമായി പറയാം. (തന്റെ തൊഴിലുമായി ബന്ധപ്പെട്ട് വര്‍ധിച്ച തോതില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗപ്പെടുത്തേണ്ടി വരുന്ന ഉദ്യോഗസ്ഥരുടെയും ബിസിനസുകാരുടേയും കാര്യമല്ല ഈ പറയുന്നത് എന്നോര്‍ക്കുക) മൊബൈല്‍ ഉള്‍പ്പെടെ എല്ലാ നവീന സാങ്കേതിക വിദ്യകളും ഏറ്റവും പോസിറ്റീവായി ഉപയോഗപ്പെടുത്തേണ്ടവയാണ്. അതിലൂടെ വലിയ നേട്ടങ്ങളും കൈവരിക്കാം. പക്ഷെ അങ്ങിനെയല്ലാത്തവരാണ് ദശലക്ഷക്കണക്കിനാളുകള്‍.
ഇനി ഫോണ്‍ഭ്രമത്തില്‍നിന്നുള്ള മോചനത്തെക്കുറിച്ച് ഈ രംഗത്തെ വിദഗ്ധര്‍ എന്ത് പറയുന്നു എന്ന് നോക്കാം. ദിവസത്തിന്റെ ആദ്യമണിക്കൂറില്‍ മൊബൈല്‍ വേണ്ടെന്ന്‌വയ്ക്കാം. മൊബൈല്‍ മുഖ്യമായും വിനോദോപാധിയായവര്‍ ആദ്യത്തെ രണ്ടോ മൂന്നോ മണിക്കൂര്‍ സമയം തന്നെ വേണ്ടെന്ന്‌വയ്ക്കാം. ഫോണ്‍ഫ്രീ സമയമേഖല സൃഷ്ടിക്കുക.
കാറില്‍ കയറുമ്പള്‍ ഫോണ്‍ ഓഫാക്കുക. അതിന് കഴിയാത്ത പക്ഷം സൈലന്റ് മോഡിലാക്കുക. കാള്‍ വന്നാല്‍ അറ്റന്റ് ചെയ്യുന്നതിന് കൂടെയുള്ളവരോടാവശ്യപ്പെടുക. അടിയന്തരമാണെങ്കില്‍ മാത്രം വണ്ടി നിര്‍ത്തി അറ്റന്റ് ചെയ്യുക. ജീവനുള്ള മനുഷ്യര്‍ മുന്നിലിരിക്കെ അവരെ അവഗണിച്ചുകൊണ്ട് ഫോണിലെ സങ്കല്‍പ്പലോകത്തില്‍ മുഴുകുന്നത് അവരെ വിഷമിപ്പിക്കലോ അപമാനിക്കലോ ആയി കണക്കാക്കുക. ആളുകളെ മുന്നില്‍ നിര്‍ത്തി മൊബൈലിലേക്ക്തന്നെ നോക്കിയിരിക്കുന്നത,് അവര്‍ പ്രാധാന്യമുള്ളവരല്ലെന്ന സന്ദേശമാണല്ലോ നല്‍കുന്നത്.
എന്റെ ഉറക്കം ഫോണിനായി കളയില്ല എന്ന് ഉറച്ച തീരുമാനമെടുക്കുക. ഇരിക്കുന്ന സ്ഥലത്ത്‌നിന്ന് ഫോണ്‍ മാറ്റിവയ്ക്കുക.
ഇടക്കൊക്കെ സെല്‍ഫോണ്‍ ഹോളിഡേ പ്രഖ്യാപിക്കുക. ഫോണ്‍ സെറ്റിങ്‌സ് മാറ്റുക. ഫേസ്ബുക്, വാട്‌സ്ആപ്പ് മെസേജ് അലര്‍ട് എന്നിവ വേണ്ട. ബാത്‌റൂമില്‍ ഫോണ്‍ കയറ്റാതിരിക്കുക.
മൊബൈല്‍ചിന്ത മാറിപ്പോവുന്ന വിധം പകരം മാര്‍ഗങ്ങള്‍ തേടുക. കളികള്‍, വ്യായാമം തുടങ്ങിയവ..
ക്രിയാത്മകമായ എന്തെങ്കിലും കാര്യങ്ങളിലേക്ക് ചിന്തയെ മാറ്റുക. ഞാന്‍ എന്റെ ജീവിതത്തിലെ എത്ര സമയം ഒരു ദിവസം ഈ വസ്തുവിനായി വിനിയോഗിക്കുന്നു എന്ന കണക്ക് എടുത്തുനോക്കൂ. മൂന്നോ നാലോ അതിലധികമോ മണിക്കൂറുകള്‍ പല തവണകളായി ഓരോ ദിനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന വലിയ തിരിച്ചറിവ് അപ്പോഴുണ്ടാവും. ചിലപ്പോള്‍ അതിലേറെയും. പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തേണ്ടവ തന്നെ. പക്ഷെ മിതത്വം ആവശ്യമെന്ന് മാത്രം. വിശ്വവിഖ്യാത ചലച്ചിത്ര ഇതിഹാസം സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് പറയുന്നത് കാണുക.

Technology can be our best friend, and technology can also be the biggest patry pooper of our lives. It interrupts our own story, interrupts our abiltiy to have a thought or a daydream, to imagine something wonderful because we’re too bsuy bridging the walk from the cafeteria back to the office on the cell phone.’

Steven Spielberg


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.