2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

അരങ്ങൊഴിഞ്ഞ ഗീതാനന്ദം

കഴിഞ്ഞയാഴ്ച അന്തരിച്ച ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദനെ കുറിച്ച്‌

രഞ്ജിത്ത് തൃക്കുറ്റിശ്ശേരി

മനുഷ്യ മനസിന്റെ ആനന്ദമാണ് കലകളിലൂടെ വെളിവാകുന്നത്. കലാകാരനും പ്രേക്ഷകനും ഒരേസമയം ആനന്ദത്തിന്റെ വിവിധ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണു കലാ അവതരണങ്ങള്‍ പൂര്‍ണതയിലെത്തുന്നത്. പേര് കൊണ്ടും പ്രവര്‍ത്തികൊണ്ടും അതു സാധ്യമാക്കിയ കലാകാരനാണ് കലാമണ്ഡലം ഗീതാനന്ദന്‍. ഓട്ടന്‍തുള്ളലിനോടുള്ള അടങ്ങാത്ത അഭിനിവേശം കുഞ്ഞുപ്രായത്തില്‍ തന്നെ പ്രകടിപ്പിച്ച അദ്ദേഹം സ്വന്തം പിതാവിന്റെ പാതയിലേക്ക് എത്തിപ്പെട്ടതു സ്വാഭാവികം. പക്ഷേ പിതാവ് പ്രശസ്ത തുള്ളല്‍ കലാകാരനായ കേശവന്‍ നമ്പീശന് മകനെ ഈ വഴിക്ക് വിടാന്‍ താല്‍പര്യമില്ലായിരുന്നു. അക്കാലത്തെ ദാരിദ്ര്യമാണ് ആ കലാകാരനെ മകന്റെ കാര്യത്തില്‍ പിന്നോട്ടടിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. മറ്റു ജോലി തേടി വീടുവിട്ടിറങ്ങിയ കേശവന്‍ നമ്പീശന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തുള്ളല്‍പാട്ട് പരിശീലിക്കുന്ന മകനെ കണ്ടതോടെ, മകനു കലയോടുള്ള താല്‍പര്യം അറിഞ്ഞു മനസില്ലാമനസോടെ തുള്ളല്‍ പഠിക്കാന്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ക്കുകയായിരുന്നു.

1974ലാണ് ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ തുള്ളല്‍ വിദ്യാര്‍ഥിയായി ചേരുന്നത്. ഒന്‍പതാം വയസില്‍ തുള്ളലില്‍ അരങ്ങേറി അച്ഛന്‍ കേശവന്‍ നമ്പീശന്റെയും ജ്യേഷ്ഠന്റെയും ഒപ്പം അരങ്ങില്‍ സജീവമായതിനുശേഷമാണ് ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ എത്തുന്നത്. 1983ല്‍ കലാമണ്ഡലത്തില്‍ തുള്ളല്‍ അധ്യാപകനായി. അവിടെ തുടങ്ങുന്നു ഗീതാനന്ദന്റെ കലാജീവിതത്തിന്റെ പ്രയാണം. കാല്‍നൂറ്റാണ്ടു കാലത്തോളം അവിടെ തുള്ളല്‍ വിഭാഗം മേധാവിയുമായി.
പിന്‍ഗാമികളായ കലാകാരന്മാരില്‍നിന്നു തികച്ചും വിഭിന്നനായിരുന്നു അദ്ദേഹം. താന്‍ പഠിക്കുന്ന കല വിട്ടുവീഴ്ചയില്ലാത്ത ആത്മാര്‍പ്പണം നടത്തി സ്വായത്തമാക്കാന്‍ ഗീതാനന്ദന്‍ കാണിച്ച ആര്‍ജവമാണ് അദ്ദേഹത്തെ പില്‍ക്കാലത്ത് പ്രസിദ്ധനാക്കിയത്. ചിലങ്കയണിഞ്ഞ് കിരീടം വച്ച് 1969ല്‍ ആമക്കാവ് ദേവീക്ഷേത്ര തിരുമുറ്റത്തായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പിന്നീടങ്ങോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഓട്ടന്‍തുള്ളലെന്ന കലാരൂപത്തെ ജനകീയമാക്കുന്നതില്‍ ഗീതാനന്ദനോളം ശ്രമം നടത്തിയ ഒരു കലാകാരന്‍ ഇല്ല എന്നു പറയാം. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഓട്ടന്‍തുള്ളലിന്റെ ക്ലാസിക്ക് ചട്ടക്കൂടില്‍നിന്ന് ഒരിക്കലും പുറത്തുകടക്കാതെ തന്നെ അതിനു പുതുഭാഷ്യം നല്‍കി. തന്റെ ഉള്ളിലെ പാട്ടുകാരനെയും അഭിനേതാവിനെയും ഒരേസമയം നവീകരിച്ചെടുത്ത അദ്ദേഹം അതിന്റെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്യാന്‍ കാണിച്ച ധൈര്യമാണ് ആ കലാരൂപത്തിന്റെ ഇന്നത്തെ ജനകീയതയുടെ അടിത്തറ. കര്‍ണാടക സംഗീത കച്ചേരി, കഥകളി പദ കച്ചേരി പോലെ തുള്ളല്‍ പദങ്ങളുടെ കച്ചേരി അവതരിപ്പിച്ചും ഗീതാനന്ദന്‍ പുതിയൊരു കലാപരീക്ഷണം കേരളീയ കലാസമൂഹത്തിനു മുന്നില്‍ സമര്‍പ്പിച്ചു.
കഥകളിപ്പദക്കച്ചേരിയെ ഓര്‍മിപ്പിക്കുന്ന രീതിയിലായിരുന്നു ചരിത്രത്തിലാദ്യമായി തുള്ളല്‍പ്പദക്കച്ചേരി അവതരിപ്പിച്ച് അദ്ദേഹം വ്യത്യസ്തനായത്. കുഞ്ചന്‍നമ്പ്യാര്‍ക്കുള്ള ഗാനാഞ്ജലിയായാണ് അദ്ദേഹം അത് അവതരിപ്പിച്ചത്. പാരിസില്‍ ആദ്യമായി തുള്ളല്‍ അവതരിപ്പിച്ചതിന്റെ അംഗീകാരവും ഗീതാനന്ദനു മാത്രം അവകാശപ്പെട്ടതാണ്. 1984ല്‍ ഫ്രാന്‍സില്‍ 10 വേദികളില്‍ തുള്ളല്‍ അവതരിപ്പിച്ചാണ് ഗീതാനന്ദന്‍ ശ്രദ്ധേയനായത്. അദ്ദേഹം അവതരിപ്പിച്ച ‘കല്യാണസൗഗന്ധികം’ ഏറെ പ്രശംസയും പിടിച്ചുപറ്റി. മസ്‌ക്കത്ത്, ഖത്തര്‍, യു.എ.ഇ (ദുബൈ, അബൂദബി, ഷാര്‍ജ, അല്‍ഐന്‍, റാസല്‍ഖൈമ), ബഹ്‌റൈന്‍ എന്നീ വിദേശരാജ്യങ്ങളിലും നാട്ടില്‍ അയ്യായിരത്തിലധികം വേദികളിലും തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്.
പാട്ടും അഭിനയവും നൃത്തവും ഒരേസമയം നിര്‍വഹിക്കേണ്ട ശാരീരിക ബുദ്ധിമുട്ടുകള്‍ ഏറെയുള്ള കലയാണ് ഓട്ടന്‍തുള്ളല്‍. അതിന്റെ വഴക്കങ്ങളെ അനായാസമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചത് ആ കലാകാരന്റെ ഉള്ളിലെ നൈസര്‍ഗിക വാസനയുടെ ആത്മബലമാണ്. മറ്റു തുള്ളല്‍ കലാകാരന്മാരില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി നിര്‍ത്തിയതു മുഖാഭിനയത്തില്‍ ഗീതാനന്ദന്‍ പ്രദര്‍ശിപ്പിച്ച അനുപമമായ ഔന്നത്യമായിരുന്നു. ഈ മികവാണ് അദ്ദേഹത്തെ വെള്ളിത്തിരയില്‍ എത്തിച്ചത്. മലയാള ചലച്ചിത്ര ലോകത്ത് ചെറിയ ചെറിയ വേഷങ്ങളിലൂടെയാണെങ്കില്‍ പോലും തന്റെ സ്ഥാനം നിര്‍ണയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു.
കേരളത്തിലുടനീളം നിരവധി ശിഷ്യസമ്പത്തിനുടമയായിരുന്നു ഗീതാനന്ദന്‍. ഏതാണ്ട് 33 വര്‍ഷക്കാലം കേരള കലാമണ്ഡലത്തില്‍ അധ്യാപകനായി, വകുപ്പു മേധാവിയായി വിരമിച്ച അദ്ദേഹം അവിടെ നിരവധി ശിഷ്യരുടെ പ്രിയ ഗുരുനാഥനുമായി. യുവജനോത്സവ വേദികളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. നീനാപ്രസാദ്, കാവ്യാമാധവന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എല്ലാ വര്‍ഷവും ഗീതാനന്ദന്റെ ശിഷ്യരാണ് ഏറെയും എത്താറുള്ളത്. തുള്ളലിനെ ജനകീയമാക്കുന്നതിലും ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം.
അദ്ദേഹത്തെ നിരവധി അംഗീകാരങ്ങളും തേടിയെത്തി. വീരശൃംഖലയും തുള്ളല്‍ കലാനിധി പുരസ്‌കാരവും അതില്‍ ചിലതു മാത്രം. കേരള സംഗീത നാടക അക്കാദമിയും കേരള കലാമണ്ഡലവും, ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌കാരം ഉള്‍പ്പെടെ മികവിന്റെ പുരസ്‌കാരങ്ങള്‍ ഒരുപാട് അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ‘കമലദളം’ ഉള്‍പ്പെടെ മുപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മക്കളായ സനല്‍കുമാറും ശ്രീലക്ഷ്മിയും തുള്ളല്‍കലാരംഗത്തുണ്ട്. ചലച്ചിത്ര നൃത്തസംവിധായിക ശോഭനയാണ് ഭാര്യ.
ഒരു കലാകാരന്‍ സ്വപ്നം കാണുന്നതു താന്‍ പ്രവര്‍ത്തിക്കുന്ന കലാരൂപം അരങ്ങില്‍ അവതരിപ്പിച്ച് ജീവിതത്തോടു വിടപറയുക എന്നതാണ്. കലാമണ്ഡലം ഗീതാനന്ദന്‍ എന്ന ആ വലിയ കലാകാരന്‍ ജീവിതത്തിന്റെ അരങ്ങില്‍നിന്നു വിടപറഞ്ഞതും കാലം അദ്ദേഹത്തെ അതിനു തിരഞ്ഞെടുത്തതും കാവ്യനീതി. മഹാനായ ആ കാലാകാരനു മുന്നില്‍ ആത്മപ്രണാമം.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.