2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ലോകത്തെ ഏറ്റവും ലാഭമുണ്ടാക്കുന്ന കമ്പനിയായി സഊദി അരാംകോ

 

 

 

 

4,640 കോടി ഡോളര്‍ ലാഭ വിഹിതമാണ് ഈ വര്‍ഷം കമ്പനി കൊടുത്തു തീര്‍ത്തത്

റിയാദ്: ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനി എന്ന പദവി നിലനിര്‍ത്തി സഊദി അറേബ്യയുടെ എണ്ണക്കമ്പനിയായ അരാംകോ. ആഗോളതലത്തില്‍ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോഴും സഊദി അരാംകോയ്ക്ക് കോട്ടം തട്ടിയിരുന്നില്ല. കഴിഞ്ഞ ആറ് മാസത്തെ ഓഹരി വിഹിതം കമ്പനി കൊടുത്തുതീര്‍ത്തെന്ന് അധികൃതര്‍ അറിയിച്ചു. 4,640 കോടി ഡോളര്‍ ലാഭവിഹിതമാണ് ഈ വര്‍ഷം കമ്പനി കൊടുത്തുതീര്‍ത്തത്. കമ്പനിയുടെ മൊത്തം ലാഭവിഹിതത്തില്‍ 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കെയാണിത്.
കമ്പനി ഉടമകളായ സഊദി ഭരണകൂടത്തിന് മാത്രം 2,000 കോടി ഡോളര്‍ നല്‍കി. കഴിഞ്ഞവര്‍ഷം കമ്പനി സഊദി ഭരണകൂടത്തിന് നല്‍കിയത് 600 കോടി ഡോളര്‍ മാത്രമായിരുന്നു. എണ്ണവില കുറയുന്നത് തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും അരാംകോയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്നും സഊദി അരാംകോ ധനകാര്യ വൈസ് പ്രസിഡന്റ് ഖാലിദ് അല്‍ ദബ്ബാഗ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ലോകത്തെ വന്‍കിട കമ്പനികളായ ആപ്പിള്‍, ആമസോണ്‍ എന്നിവയെ എല്ലാം പിന്നിലാക്കിയാണ് സഊദി അരാംകോ ഒന്നാംസ്ഥാനത്ത് തുടരുന്നത്. മിക്ക കമ്പനികളും നഷ്ടഭയം കാരണം പുതിയ നിക്ഷേപങ്ങള്‍ക്ക് മുതിരാത്ത സാഹചര്യത്തിലാണ് സഊദി അരാംകോ മുകേഷ് അംബാനിയുടെ റിലയന്‍സില്‍ വന്‍ നിക്ഷേപം നടത്തിയത്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാലകള്‍ക്ക് അരാംകോ ദിവസവും അഞ്ചുലക്ഷം ബാരല്‍ എണ്ണ നല്‍കും. 1,500 കോടി ഡോളറിനാണ് കമ്പനിയുടെ 20 ശതമാനം ഓഹരി അരാംകോയ്ക്ക് വിറ്റിരിക്കുന്നത്.
ഇന്ത്യയിലെ വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സും സഊദിയിലെ വമ്പന്‍ കമ്പനിയായ അരാംകോയും ഒന്നിക്കുന്നതോടെ ഇരു കമ്പനികള്‍ക്കും വന്‍ ലാഭം കൊയ്യാമെന്നാണ് ഉടമകള്‍ കരുതുന്നത്. റിലയന്‍സിന്റെ ഓഹരി വാങ്ങുന്നതിലൂടെ പുതിയ വിപണികള്‍ കണ്ടെത്താനുള്ള ശ്രമം അരാംകോ ഊര്‍ജിതമാക്കും. വരും വര്‍ഷങ്ങളില്‍ അതിവേഗ വളര്‍ച്ചാ സാധ്യത ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ്. ഇതു മുന്‍കൂട്ടി കണ്ടാണ് അരാംകോ റിലയന്‍സ് ഓഹരി വാങ്ങുന്നത്. സമാനമായ രീതിയില്‍ യൂറോപ്പിലും ആഫ്രിക്കയിലും ഓഹരികള്‍ വാങ്ങാന്‍ അരാംകോയ്ക്ക് ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണവില കുറയുകയും മിക്ക കമ്പനികളും നഷ്ടം നേരിടുകയും ചെയ്യവെയാണ് സഊദി അരാംകോ റിലയന്‍സ് ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ടത്. റിലയന്‍സിന്റെ 20 ശതമാനം ഓഹരികള്‍ അരാംകോയ്ക്ക് വില്‍ക്കുന്ന കാര്യം റിലയന്‍സ് ചെയന്‍മാര്‍ മുകേഷ് അംബാനിയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
അരാംകോയുടെ ഓഹരി ആഗോള വിപണിയില്‍ വില്‍ക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. അടുത്ത വര്‍ഷമോ 2021ലോ ആയിരിക്കും ഇത്. അഞ്ച് ശതമാനം ഓഹരി വിറ്റ് 100 കോടി ഡോളര്‍ നേടാനാണ് ഉദ്ദേശ്യം. ഇങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ആകുമിത്. മൂന്നു വര്‍ഷം മുമ്പാണ് ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച് കമ്പനി ആദ്യ പ്രഖ്യാപനം നടത്തിയത്. കമ്പനിക്ക് രണ്ടു ലക്ഷം കോടി മൂല്യമുണ്ടെന്നാണ് സഊദി ഭരണകൂടം പറയുന്നത്. നഷ്ടം വരില്ലെന്ന് നിക്ഷേപകര്‍ക്ക് വിശ്വാസം പകരാനാണ് സഊദി ഭരണകൂടത്തിന് വന്‍ ലാഭവിഹിതം നല്‍കിയത്.
അരാംകോയുടെ ക്രൂഡ് ഓയില്‍ ബാരലിന് 66 ഡോളറാണ് വില. മാസങ്ങള്‍ക്ക് മുമ്പ് 69 ഡോളറായിരുന്നു. ഇപ്പോള്‍ വില കുറയുകയാണ്. എന്നാല്‍ മാസങ്ങളായി കമ്പനി ദിനംപ്രതി ഉല്‍പ്പാദിപ്പിക്കുന്നത് ഒരു കോടി ബാരല്‍ എണ്ണയാണ്. വില കുറഞ്ഞെങ്കിലും ഉല്‍പ്പാദന അളവില്‍ മാറ്റംവരുത്തിയിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം സഊദിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.