2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

അറഫയുടെ ആത്മാവ്

അറഫയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് വിശ്വാസികള്‍ ദുല്‍ഹിജ്ജ ഒന്‍പതിന് നോമ്പ് അനുഷ്ഠിക്കുന്നു. അറഫാ ദിനത്തില്‍, ഹജ്ജിനെത്തിയവരല്ലാത്ത എല്ലാവര്‍ക്കും നോമ്പ് സുന്നത്താണ്. സുന്നത്തായ നോമ്പുകളില്‍ ഏറെ ശ്രേഷ്ഠമായതാണ് അറഫാ നോമ്പ്. മുന്‍പുള്ള ഒരു വര്‍ഷത്തെയും ശേഷമുള്ള ഒരു വര്‍ഷത്തെയും ദോഷങ്ങള്‍ പൊറുക്കാന്‍ അറഫാ നോമ്പ് കാരണമാവുമെന്ന് ഹദീസുകളില്‍ വന്നതായി കാണാം. ഓരോ നാട്ടിലും അവിടങ്ങളിലെ പിറവിയാണ് മാനദണ്ഡം. അറഫാ ദിവസം പരിഗണിക്കപ്പെടുന്നതും അതതു നാടുകളിലെ പിറവി അടിസ്ഥാനമാക്കിയാണ്, മക്കയിലെ ദുല്‍ഹജ്ജ് ദിവസപ്രകാരമല്ല.

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

പ്രവാചകശ്രേഷ്ഠനായ ഇബ്‌റാഹീം നബി(അ)മിലൂടെ അല്ലാഹു നടത്തിയ വിളിക്കുത്തരം ചെയ്ത്, ലബ്ബൈക്കയുടെ മന്ത്രോച്ചാരണങ്ങളുരുവിട്ട് ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കുകയാണ്. ശരീരം കൊണ്ട് അറഫയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും, ലോകത്തിന്റെ വിവിധ കോണുകളിലുള്ള സത്യവിശ്വാസികളും മനസു കൊണ്ടും ആത്മാവു കൊണ്ടും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്. ചരിത്രത്തില്‍ ഇല്ലാത്ത വിധം ദുരിതമനുഭവിക്കുമ്പോഴും കേരളത്തിലെ വിശ്വാസികളും അറഫാസംഗമത്തിന്റെ ഭക്തിസാന്ദ്രത അനുഭവിക്കുന്നു. 

അറഫയെന്നാല്‍ അറിയുക എന്നാണ്. മനുഷ്യന്‍ അവന്റെ സ്രഷ്ടാവിനെ തിരിച്ചറിയേണ്ടതിനെയാണ് ആത്യന്തികമായി ഇത് സൂചിപ്പിക്കുന്നത്. മനുഷ്യന്റെ ജീവിത ലക്ഷ്യം അല്ലാഹുവിനെ അറിയുക എന്നതാണ്. ആ തിരിച്ചറിവിലേക്കാണ് അറഫ നമ്മെ ക്ഷണിക്കുന്നത്. അറഫയില്‍ ഒരുമിച്ച് കൂടിയ പരലക്ഷം ഹാജിമാര്‍ ഒരേ വേഷത്തില്‍, ഒരേ സ്വരത്തില്‍ അല്ലാഹുവിന്റെ മഹത്വം പ്രഘോഷണം ചെയ്ത് ഒന്നിക്കുമ്പോള്‍ ഇലാഹീ പ്രീതിയല്ലാതെ മറ്റൊരു ലക്ഷ്യവും അവരുടെ മനതാരില്‍ ഇല്ല. ഇലാഹീ കല്‍പനകള്‍ അക്ഷരം പ്രതി അനുസരിച്ച ഇബ്‌റാഹീം നബിയും മകന്‍ ഇസ്്മാഈലുമാണ് അവരുടെ മനസിലുള്ളത്.
ഏറെ പുണ്യമുള്ള ദിനമാണ് അറഫ. അല്ലാഹു അവന്റെ തിരുദൂതരിലൂടെ മാനവരാശിയുടെ മോചനത്തിനായി അവതരിപ്പിച്ച വിശുദ്ധ ദീനിനെ പൂര്‍ണമാക്കിയതും അവന്റെ അനുഗ്രഹത്തിന്റെ സമ്പൂര്‍ത്തീകരണം നടന്നതും അറഫയിലാണ്. തിരുമേനി (സ) ഹജ്ജതുല്‍ വിദാഇല്‍ അറഫയില്‍ നില്‍ക്കുമ്പോഴാണ് ‘ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീനിനെ പൂര്‍ണമാക്കുകയും എന്റെ അനുഗ്രഹത്തെ നിങ്ങളുടെ മേല്‍ സമ്പൂര്‍ണമാക്കുകയും ഇസ്‌ലാമിനെ നിങ്ങള്‍ക്കു മതമായി ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു’ (അല്‍മാഇദ) എന്ന ആയത്ത് അവതരിച്ചത്. ഈ ആയത്ത് അവതരിച്ച അറഫാദിനം വിശ്വാസികള്‍ക്ക് ആഘോഷത്തിന്റെ ദിനമാണ്. നബി(സ) പറഞ്ഞു: ‘അറഫാ ദിനവും അറവിന്റെ ദിനവും തശ്‌റീഖിന്റെ നാളുകളും ഇസ്‌ലാമിക സമൂഹമേ, നമ്മുടെ ഈദാണ്. തീറ്റയുടെയും കുടിയുടെയും നാളുകളാണവ’.
പാപമോചനത്തിന്റെയും നരകമുക്തിയുടെയും ദിനമാണ് അറഫാദിനം. നബി(സ) പറയുന്നു: ‘അറഫാദിനത്തിലേതിനെക്കാള്‍ കൂടുതലായി അല്ലാഹു അവന്റെ അടിമകളെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല. ‘ നബിതിരുമേനി ഹജ്ജതുല്‍ വിദാഇല്‍ അറഫയില്‍ നില്‍ക്കുമ്പോള്‍ ബിലാല്‍ (റ)വിനോട് പറഞ്ഞു ബിലാല്‍ എനിക്കു വേണ്ടി ജനങ്ങളെയൊന്ന് നിശബ്ദരാക്കൂ. എല്ലാവരും നിശബ്ദരായപ്പോള്‍ നബി(സ) പറഞ്ഞു: ‘ജനങ്ങളേ, അല്ലാഹുവിന്റെ സലാം പറയാനായി ജിബ്‌രീല്‍ (അ) ഇപ്പോള്‍ എന്റെ അടുത്ത് വന്നു. എന്നിട്ട് പറഞ്ഞു, അറഫയിലെയും മശ്അറിലെയും ജനങ്ങള്‍ക്ക് അല്ലാഹു പാപമോചനം നല്‍കിയിരിക്കുന്നു. ‘ഇതു കേട്ട ഉമര്‍ (റ) ചോദിച്ചു, ഇത് ഞങ്ങള്‍ക്ക് മാത്രമാണോ. നബി(സ) പറഞ്ഞു, നിങ്ങള്‍ക്കും നിങ്ങള്‍ക്ക് ശേഷം ഖിയാമത്ത് നാളു വരെ വരുന്നവര്‍ക്കും.
ഈ ദിനത്തില്‍ അറഫയില്‍ സംഗമിച്ച തന്റെ അടിമകളെ കാണിച്ച് അല്ലാഹു അവന്റെ മലക്കുകളോട് അഭിമാനത്തോടെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് സംസാരിക്കുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. നബി(സ) പറഞ്ഞു, അല്ലാഹുവിന്റെ അടുത്ത് അറഫാ ദിനത്തെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു ദിനമില്ല. അന്ന് അല്ലാഹു ഭൂമിയുടെ ആകാശത്തേക്കിറങ്ങിവന്ന് ഭൂമിയിലുള്ളവരെക്കുറിച്ച് ആകാശത്തുള്ളവരോട് അഭിമാനത്തോടെ എടുത്തു പറയും ‘എന്റെ അടിമകളെ നോക്കൂ, എല്ലാ വിദൂര സ്ഥലങ്ങളില്‍ നിന്നും ജടകുത്തി, പൊടി പിടിച്ച് ബലി സമര്‍പ്പിച്ച് അവര്‍ വന്നിരിക്കുന്നു’.
തിരുനബി (സ) അറഫയില്‍ വച്ച് നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഇന്നും ചരിത്രത്തില്‍ സുവര്‍ണതാളുകളില്‍ ഇടം പിടിച്ചതാണ്: മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരുടെയും പിതാവും ഏകന്‍ തന്നെ. നിങ്ങളെല്ലാവരും ആദമില്‍ നിന്നും ജനിച്ചു. ആദം മണ്ണില്‍ നിന്നും. നിങ്ങളില്‍ വച്ച് ജീവിതത്തില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ ഏറ്റവും മാന്യന്‍. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ. നിങ്ങള്‍ ഖുര്‍ആന്‍ അടിസ്ഥാനമാക്കിക്കൊണ്ട് ജീവിക്കുന്ന കാലമത്രയും നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമത്രെ അത്.
ജനങ്ങളെ, സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്റെ സംതൃപ്തിയോടുകൂടിയല്ലാതെ അവന്റെ ധനം കരസ്ഥമാക്കുവാന്‍ ഒരാള്‍ക്കും പാടില്ല. അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ആ ഇനത്തില്‍ ഒന്നാമതായി ഞാന്‍ ദുര്‍ബലപ്പെടുത്തുന്നത് എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയാണ്. ഇന്നും ലോകം വിറങ്ങലിച്ചു നില്‍ക്കുന്ന സര്‍വ വിഷയങ്ങളിലേക്കും കടന്നുചെന്നായിരുന്നു അറഫാപ്രഭാഷണം. ലോകത്ത് ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമായി ഇത് ചരിത്രത്തില്‍ ഇടംപിടിക്കാന്‍ കാരണവും മറ്റൊന്നല്ല.
അറഫയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് വിശ്വാസികള്‍ ദുല്‍ഹിജ്ജ ഒന്‍പതിന് നോമ്പ് അനുഷ്ഠിക്കുന്നു. അറഫാ ദിനത്തില്‍, ഹജ്ജിനെത്തിയവരല്ലാത്ത എല്ലാവര്‍ക്കും നോമ്പ് സുന്നത്താണ്. സുന്നത്തായ നോമ്പുകളില്‍ ഏറെ ശ്രേഷ്ഠമായതാണ് അറഫാ നോമ്പ്. മുന്‍പുള്ള ഒരു വര്‍ഷത്തെയും ശേഷമുള്ള ഒരു വര്‍ഷത്തെയും ദോഷങ്ങള്‍ പൊറുക്കാന്‍ അറഫാ നോമ്പ് കാരണമാവുമെന്ന് ഹദീസുകളില്‍ വന്നതായി കാണാം. ഓരോ നാട്ടിലും അവിടങ്ങളിലെ പിറവിയാണ് മാനദണ്ഡം. അറഫാ ദിവസം പരിഗണിക്കപ്പെടുന്നതും അതതു നാടുകളിലെ പിറവി അടിസ്ഥാനമാക്കിയാണ്, മക്കയിലെ ദുല്‍ഹജ്ജ് ദിവസപ്രകാരമല്ല.
നോമ്പ്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിക ആരാധനകളിലൊക്കെ ദിവസവും മാസവും നിര്‍ണയിക്കുന്നത് ചന്ദ്രപ്പിറവിയെ അടിസ്ഥാനമാക്കിയാണ്. പിറവി വ്യത്യസ്തമാവുന്നതിനാല്‍ ഇത്തരം വ്യത്യാസങ്ങള്‍ വരാമെന്ന് പണ്ഡിതര്‍ തന്നെ അവരുടെ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പുണ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ സമയം ഉള്ഹിയ്യത്ത് അടക്കമുള്ള കര്‍മങ്ങള്‍ക്ക് സജ്ജരായി ആരാധനകളില്‍ പരമാവധി ശ്രദ്ധ കാണിക്കാന്‍ നമുക്ക് സാധിക്കണം.
നിരന്തര പരീക്ഷണങ്ങളുടെ ഇടയിലൂടെയാണ് നാം കടന്നു പോകുന്നത്. പരീക്ഷണങ്ങള്‍ നല്‍കിയിട്ടും അവര്‍ എന്ത് കൊണ്ട് വിനയാന്വിതരാകുന്നില്ലെന്നാണ് അല്ലാഹു ചോദിക്കുന്നത്: അങ്ങനെ അവര്‍ക്ക് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ് താഴ്മയുള്ളവരാകാതിരുന്നത്? എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയാണുണ്ടായത്. അവര്‍ ചെയ്ത് കൊണ്ടിരുന്നത് പിശാച് അവര്‍ക്ക് ഭംഗിയായി തോന്നിക്കുകയും ചെയ്തു (അന്‍ആം 43). വിനയാന്വിതരായി അല്ലാഹുവിലേക്ക് മടങ്ങാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറിയാണ് ലേഖകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.