2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

അറഫ ശുഭ്ര സാഗരം; ആത്മ നിര്‍വൃതിയില്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍

ഹാജിമാര്‍ മുസ്ദലിഫയിലേക്ക് പ്രയാണം ആരംഭിച്ചു

അബ്ദുസ്സലാം കൂടരഞ്ഞി

അറഫ: ആഗോള സാഹോദര്യത്തിന്റെ വിളബരവുമായി തീര്‍ത്ഥാടക ലക്ഷങ്ങള്‍ അറഫയില്‍ സമ്മേളിച്ചു. വര്‍ണ്ണ, ദേശ, ഭാഷാ, വ്യത്യാസമില്ലാതെ അല്ലാഹുവിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ഉജ്ജ്വല സന്ദേശം ലോകത്തിനു സമ്മാനിച്ചാണ് അറഫ മഹാസംഗമം സമാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 18 ലക്ഷം ഹാജിമാരും സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ രണ്ടര ലക്ഷത്തിലധികം വരുന്ന ഹാജിമാരുമായി ഇരുപത്തു ലക്ഷത്തിലധികം ഹാജിമാരാണ് അറഫയില്‍ സമ്മേളിച്ചത്.

മിനായില്‍ നിന്നു ഞായറാഴ്ച രാത്രി തന്നെ അറഫ മൈതാനിയെ ലക്ഷ്യമാക്കി ഹാജിമാര്‍ പുറപ്പെട്ടു തുടങ്ങിയിരുന്നു. തിങ്കളാഴ്ച ഏകദേശം ഉച്ചയോടെ ഹാജിമാരെല്ലാം അറഫയില്‍ എത്തിച്ചേര്‍ന്നു അറഫാ സംഗമത്തിന് സജ്ജമായി.

ദുഹ്ര്‍ നിസ്‌കാരത്തോടെ ആരംഭിച്ച അറഫ സംഗമ ചടങ്ങുകള്‍ വൈകീട്ട് സൂര്യാസ്തമനത്തോടെയാണ് സമാപിച്ചത്. ദുഹ്ര്‍ ബാങ്കിന് ശേഷം ആരംഭിച്ച അറഫ സംഗമത്തിന് നമിറ മസ്ജിദില്‍ മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ: ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് ചരിത്ര പ്രസംഗത്തെ അനുസ്മരിച്ചു ഖുതുബ നിര്‍വ്വഹിച്ചു.

 

പ്രവാചകന്‍ അറഫയില്‍ നടത്തിയ പ്രസംഗത്തിലെ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ഖുതുബ നിര്‍വ്വഹിച്ചത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേശകനും മക്ക ഗവര്‍ണറും സഊദി സുപ്രിം ഹജ്ജ് കൗണ്‍സില്‍ ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍, സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ ശൈഖ്, വിവിധ ലോക രാജ്യങ്ങളിലെ ഭരണാധികാരികളും അറഫയില്‍ എത്തിയിരുന്നു.

അറഫയില്‍ നിന്ന് സൂര്യാസ്തമനത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാര്‍ ഇവിടെ നിന്നും കല്ലേറ് കര്‍മ്മങ്ങള്‍ക്ക് ആവശ്യമായ കല്ലുകള്‍ ശേഖരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മിനായിലേക്ക് നീങ്ങുന്ന ഹാജിമാര്‍ പിശാചിന്റെ സ്തൂപമായ ജംറതുല്‍ അഖബയില്‍ കല്ലേറ് പൂര്‍ത്തിയാക്കി തല മുണ്ഡനം ചെയ്തു ഹജ്ജ് വസ്ത്രമായ ഇഹ്‌റാം വസ്ത്രം അഴിച്ചുവച്ച് സാധാരണ വസ്ത്രത്തിലേക്ക് മാറും.

തുടര്‍ന്ന് ത്വവാഫ് ചെയ്യാനായി മക്കയിലേക്ക് നീങ്ങും. മക്കയില്‍ ത്വവാഫിന് ശേഷം നേരത്തെ ഖുദൂമിന്റെ തവാഫിന് ശേഷം സഅയ് ചെയ്യാത്ത ഹാജിമാര്‍ അതു പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും മിനയിലേക്ക് തന്നെ തിരിച്ചു പോകും. തുടര്‍ന്ന് മിനായില്‍ രാപാര്‍ക്കുകയും അയ്യാമുത്തശ്‌രീഖിന്റെ മൂന്നു ദിവസങ്ങളില്‍ ഏഴ് വീതം കല്ലെറിയുകയും ചെയ്യുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയാകും.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.