2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

അറഫ: മാനവികതയുടെ മഹാസംഗമം

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒരു കേന്ദ്രത്തില്‍ ഒരുമിച്ചഎല്ലാവര്‍ക്കും ഒരേലക്ഷ്യം മാത്രം. എല്ലാവരുടേയും നാവില്‍നിന്ന് ഉയരുന്നത് ഒരേ മന്ത്രം. ഒരേ വേഷം. വലിയവനെന്നും ചെറിയവനെന്നും പണക്കാരനെന്നും പാവപ്പെട്ടവനെന്നുമെല്ലാമുള്ള വേര്‍തിരിവുകള്‍ മറന്ന് മാനവികതയുടെ ഉത്തമപ്രതീകമായി അറഫ. പരലോകത്തെ മഹ്ശറയെക്കൂടി ഓര്‍മിപ്പിക്കുന്നു അറഫാസംഗമം. പ്രപഞ്ചനാഥന്റെ തിരുസമക്ഷം ഭക്തിയോടെ നില്‍ക്കാനേ ഇന്നും അന്നും വിശ്വാസികള്‍ക്കാവൂ. അറഫ തിരിച്ചറിവിന്റേതാണ്. ഹജ്ജിന്റെ പരമ പ്രധാനമായ കര്‍മമാണു അറഫാസംഗമം. ഇബ്ര്‌റാഹിം നബിയുടെ വിളിക്കുത്തരം നല്‍കിയാണ് ലോക മുസ്‌ലിംകള്‍ വിശുദ്ധ അറഫയില്‍ സമ്മേളിക്കുന്നത്.

അല്ലാഹു മനുഷ്യരെ ചൂണ്ടി അഭിമാനം കൊള്ളുന്ന ദിനമാണത്. അറഫാ ദിനത്തില്‍ അല്ലാഹു ഏറ്റവും താഴ്ന്ന ആകാശത്തിലേക്ക് ഇറങ്ങിവരും. ജനങ്ങളെ ചൂണ്ടി മലക്കുകളോട് പറയും: ”വിവിധ വഴികളില്‍നിന്ന് എന്റെ അനുഗ്രഹവും കാരുണ്യവും പ്രതീക്ഷിച്ചു വന്ന എന്റെ അടിമകളാണിവര്‍. മണല്‍തരികളുടെ എണ്ണത്തോളം ദോഷങ്ങളുണ്ടെങ്കില്‍പോലും എന്റെ അടിമകള്‍ക്ക് ഞാന്‍ പൊറുത്തു കൊടുക്കും.”
പിശാച് ഏറ്റവും കൂടുതല്‍ അസ്വസ്ഥനാകുന്ന ദിനം കൂടിയാണ് അറഫാദിനം. നബിതിരുമേനി പറഞ്ഞു: അറഫ ദിവസത്തെക്കാള്‍ പിശാച് നീചനും നിസാരനും നിന്ദ്യനുമാകുന്ന മറ്റൊരു ദിനമില്ല. അറഫയില്‍ സംഗമിക്കുന്നവര്‍ക്കുള്ള പ്രപഞ്ചനാഥന്റെ അനുഗ്രഹ വര്‍ഷവും പാപമോക്ഷം നല്‍കിയുള്ള അവന്റെ കടാക്ഷവും കാണുമ്പോള്‍ സഹിക്കവയ്യാത്തതുകൊണ്ടാണത്.

മുആദുബ്‌നു ജബല്‍ (റ) നിവേദനം ചെയ്യുന്നു: അഞ്ചു രാവുകളെ ജീവിപ്പിച്ചവര്‍ക്ക് (സുകൃതങ്ങള്‍ കൊണ്ട്) സ്വര്‍ഗം നിര്‍ബന്ധമായി . ലൈലതു തര്‍വിയത്ത് (ദുല്‍ഹിജ്ജ 8) ലൈലതു അറഫ (ദുല്‍ഹിജ്ജ 9) ലൈലതു നഹ്‌റ് (ബലി പെരുന്നാള്‍ ) ലൈലതുല്‍ ഫിത്വറ് (ചെറിയ പെരുന്നാള്‍) ശഅ്ബാന്‍ 15 ന്റെ രാവ് എന്നിവയാണിത്.
അറഫാദിനം അല്ലാഹു ആദരിച്ച ദിനമാണ്. അന്ന് പ്രാര്‍ഥനയ്ക്ക് ഉത്തരം കിട്ടും. ദോഷങ്ങള്‍ എത്രതന്നെയുണ്ടായാലും എത്ര ഭീകരമായിരുന്നാലും അല്ലാഹുവിന്റെ കാരുണ്യത്താല്‍ അന്ന് പൊറുക്കപ്പെടുന്നു. തിര്‍മുദിയുടെ നിവേദനത്തില്‍ നബി(സ) പറയുന്നു: ‘പ്രാര്‍ഥനകളില്‍ ഏറ്റവും നല്ലത് അറഫാദിനത്തിലെ പ്രാര്‍ഥനയാണ്. ഞാനും മുന്‍കാല പ്രവാചകരും പറഞ്ഞതില്‍ ഏറ്റവും നല്ലത് അല്ലാഹു ഏകനാണ്, അവനു പങ്കുകാരനില്ല, അവനാണ് സ്തുതി, അവന്‍ സര്‍വശക്തനാണ്’ എന്നതാണ്.”
അറഫാദിനത്തിലും ജനങ്ങള്‍ക്കുമുന്നില്‍ കൈനീട്ടി നടക്കുന്ന ഒരു യാചകനെ കണ്ടപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉമറുബ്‌നു ഖത്താബ് പറഞ്ഞത്രെ: ‘ഏ മനുഷ്യാ…. ഇന്ന് നീ അല്ലാഹുവിനോടല്ലാതെ ജനങ്ങളോടാണോ യാചിക്കുന്നത്?! കഷ്ടം.’

അറഫാ മണലാരിണ്യത്തിലെ ഹാജി മാത്രമല്ല, എല്ലാ ദേശങ്ങളിലേയും വിശ്വാസികള്‍ അവരവരുടെ ദുല്‍ഹിജ്ജ് ഒന്‍പതിന് അറഫാദിനമായി പരിഗണിച്ച് വ്രതമനുഷ്ഠിക്കുന്നു. അറഫയില്‍ പങ്കെടുക്കാന്‍ കഴിയാത്തവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കലാണത്. അറഫയുടെ പകലില്‍ ഹാജിമാരല്ലാത്തവര്‍ക്ക് ശക്തിയായ സുന്നത്താണ് നോമ്പനുഷ്ഠിക്കല്‍. ഉദയാസ്തമയ വ്യത്യാസമുള്ള പ്രദേശങ്ങളില്‍ മാസപ്പിറവി ദൃശ്യമാകുന്നതില്‍ വരുന്ന വ്യത്യാസം സ്വാഭാവികമാണ്. ഇതു പ്രകാരം മക്കയിലും മദീനയിലും ദുല്‍ഹിജ്ജ 9 (അറഫ ദിനം) നാളെ ആണ്. ലോകത്ത് എല്ലായിടത്തും അന്ന് തന്നെ അറഫ ദിനമാകണമെന്നില്ല. നാം താമസിക്കുന്ന പ്രദേശത്ത് ദുല്‍ഹിജ്ജ ഒന്‍പത് എന്നാണോ അന്നു തന്നെയാണ് നമുക്ക് അറഫാ ദിനവും ആ ദിനത്തിലെ കര്‍മങ്ങളും. അറഫാ ദിനത്തിലെ നോമ്പ് അനുഷ്ഠിക്കുന്നത് വിവരിച്ച് കൊണ്ട് ഇമാമുകള്‍ രേഖപ്പെടുത്തിയത് ദുല്‍ ഹിജ്ജ ഒന്‍പതിന് എന്നാണ് (മുഗ്‌നി 1. 446) ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന ദിവസം എല്ലാവരും നോമ്പനുഷ്ഠിക്കണമെന്നല്ല. നമ്മുടെ പ്രദേശത്ത് സൂര്യാസ്തമയ വ്യത്യാസവും മാസപ്പിറവി ദര്‍ശനവും പരിഗണിച്ച് നാം അറഫാ ദിനം ആചരിക്കുന്നതു ഞായറാഴ്ചയും പെരുന്നാളാഘോഷിക്കുന്നതു തിങ്കളാഴ്ചയുമാണ്.
പാപമോചനത്തിന്റെ മഹാവ്രതമാണ് അറഫാ നോമ്പ്. പ്രവാചകന്‍ പറഞ്ഞതിന്റെ അര്‍ഥമിങ്ങനെ: കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങളെ മായ്ച്ചുകളയുന്ന പ്രായശ്ചിത്തമാണ് അറഫയുടെ ദിവസത്തിലെ നോമ്പ് (മുസ്‌ലിം).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.