2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

ഫലസ്തീനുള്ള സഹായധനം വര്‍ധിപ്പിച്ച് അറബ് ലീഗ്

ജിദ്ദ: ഫലസ്തീനുള്ള സഹായം പിന്‍വലിച്ച അമേരിക്കക്ക് തിരിച്ചടി നല്‍കി അറബ് ലീഗ്.
പലസ്തീനെ സാമ്പത്തികരമായി ഞെരുക്കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ടാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ രംഗത്തെത്തിയത്.

അമേരിക്ക സഹായധനം പിന്‍വലിച്ച സാഹചര്യത്തില്‍ ഫലസ്തീനുള്ള സഹായം ഗള്‍ഫ് രാഷ്ട്രങ്ങള്‍ വര്‍ധിപ്പിക്കുകയായിരുന്നു.

അറബ് ലീഗ് സെക്രട്ടറി ജനറലാണ് സഊദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ തുക വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഇതോടെ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിയുടെ പ്രവര്‍ത്തനം സുഗമമായി നടത്താനാകും.

ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന യോഗത്തിലാണ് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമദ് അബുല്‍ഗെയ്ത് വിവരങ്ങള്‍ വിശദീകരിച്ചത്.

ഇസ്രയേല്‍ അധിനിവേശത്തോടെ ചിതറിപ്പോയ ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭാ ഏജന്‍സിയുണ്ട്.

ഇതിനുള്ള 200 മില്യണ്‍ ഡോളര്‍ ട്രംപ് ഭരണകൂടം പിന്‍വലിച്ചിരുന്നു. ഇത് പരിഹരിക്കാനുള്ള ധനസഹായമാണ് ഗള്‍ഫ് രാഷ്ട്രങ്ങളും ഇന്ത്യയും നല്‍കിയത്.

ഇതിലേക്ക് 50 മില്യണ്‍ ഡോളര്‍ വീതം സഊദി അറേബ്യയും കുവൈത്തും കൈമാറി. സൗത്ത് ആഫ്രിക്ക, ചൈന, റഷ്യ, ഇന്ത്യ, ബ്രസീല്‍ എന്നിവര്‍ ചേര്‍ന്ന് 18 മില്യണ്‍ ഡോളറും നല്‍കി. സ്ഥിരം സഹായം ലഭിക്കാന്‍ ഇതര ഗള്‍ഫ് രാഷ്ട്രങ്ങളോട് അറബ് ലീഗ് സഹായം തേടിയിട്ടുണ്ട്.

പ്രശ്‌നം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍.
പലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിയായ യുനവര്‍ക്ക് നല്‍കിവരുന്ന 200 കോടിയുടെ സഹായം റദ്ദാക്കിയതിന് പുറമേയായിരുന്നു പലസ്തീന്‍ പൗരന്‍മാരെചികിത്സിക്കുന്ന കിഴക്കന്‍ ജറുസലേമിലെ ആശുപ്രത്രികള്‍ക്ക് നല്‍കിവരുന്ന സഹായം യുഎസ് നിര്‍ത്തലാക്കിയത്.

ഫലസ്തീന്‍, ഗാസ , വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലേക്ക് നല്‍കുന്ന സഹായങ്ങള്‍ പുനഃപരിശോധിക്കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് യുഎസ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ നിലപാടിനെതിരെ ഫലസ്തീന്‍ രംഗത്തു വന്നിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള പലസ്തീന്‍ ജനതയുടെ അവകാശത്തെ അടിയറവുവയ്പ്പിക്കാനും അവരെ ശിക്ഷിക്കാനും ഇസ്രയേല്‍ നടപടി സ്വീകരിക്കുന്നു. അതേ നിലപാടുകളാണ് യുഎസ് സ്വീകരിക്കുന്നത്.

ഇത് മേഖലയില്‍ സമാധാനം കൊണ്ടുവരില്ലെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് അഭിപ്രായപ്പെട്ടിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.