2018 September 18 Tuesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ട്രില്യന്‍ ഡോളറിലെത്തുന്ന ആദ്യ പൊതുകമ്പനിയായി ആപ്പിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: ട്രില്യന്‍ ഡോളര്‍ എന്ന സ്വപ്‌ന ആസ്തിയില്‍ ആദ്യമെത്തുന്ന പൊതുകമ്പനിയായി ആപ്പിള്‍. മൂന്നു ദിവസത്തിനിടെ ഓഹരിയില്‍ ഒന്‍പതു ശതമാനം വര്‍ധന നേടാനായതോടെയാണ് ആപ്പിളിന്റെ സ്വപ്‌നനേട്ടം.

ഓഹരി വില 207.05 ഡോളറിലേക്ക് എത്തിയതോടെ വിപണിമൂല്യം ഒരു ലക്ഷം കോടിയായി. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 68.64 ലക്ഷം കോടിയാണ് ആപ്പിള്‍ കമ്പനിയുടെ ഇപ്പോഴത്തെ ആസ്തി.

സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ മരണത്തേത്തുടര്‍ന്ന് 2011ല്‍ മേധാവിയായി ടിം കുക്ക് സ്ഥാനമേറ്റത്തിനു പിന്നാലെ 2000 ശതമാനമാണ് ആപ്പിളിന്റെ ഓഹരിയില്‍ വര്‍ധനയുണ്ടായത്.

ആപ്പിള്‍ കമ്പനി സ്ഥാപിച്ച് 42 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോക ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ആദ്യ ബില്യണില്‍ എത്തിയത് യു.എസ് സ്റ്റീല്‍ കമ്പനിയായിരുന്നു. 117 വര്‍ഷം മുന്‍പ് 1901 ലായിരുന്നു അത്.

യു.കെ സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊന്നിനേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ആപ്പിള്‍ സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യം. തുര്‍ക്കി, സ്വിറ്റ്‌സര്‍ലാന്റ് സമ്പദ്‌വ്യവസ്ഥകളേക്കാള്‍ മൂല്യവരും.

സഊദിയുടെ എണ്ണ കമ്പനിയായ സഊദി അരാംകോ രണ്ടു ട്രില്യന്‍ മൂല്യത്തിലെത്തുമെന്നാണ് നിഗമനമെങ്കിലും ഇതുവരെ മൂല്യം കണക്കാക്കിയിട്ടില്ല.

സാങ്കേതിക രംഗത്ത് സ്റ്റീവ് ജോബ്‌സാണ് ആപ്പിളിന്റെ വിപ്ലവത്തിന് തുടക്കം കുറിച്ചത്. ‘ആപ്പിള്‍ ടു’ എന്ന ആദ്യത്തെ പഴ്‌സനല്‍ കംപ്യൂട്ടറിലൂടെ എഴുപതുകളില്‍ സാങ്കേതിക രംഗത്ത് ആപ്പിള്‍ സ്വന്തം ഇടം കണ്ടെത്തി. 1976 ലായിരുന്നു സ്റ്റീവ് വൊസ്‌നിയാക്കിനൊപ്പം ആപ്പിള്‍ കംപ്യൂട്ടറിന് തുടക്കമിട്ടത്.

എന്നാല്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം 1985 ല്‍ നടന്ന കമ്പനിയിലെ ഉള്‍പ്പോരിനെ തുടര്‍ന്ന് പുറത്തുപോയ സ്റ്റീവ് ജോബ്‌സ് പിന്നീട് 1997 ലാണ് കമ്പനിയുടെ സാരഥ്യത്തിലേക്ക് വീണ്ടും വരുന്നത്. ഇതിന് ശേഷം ആപ്പിളിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1984 ല്‍ മക്ഇന്റോഷ് വിപണിയിലിറക്കിയ ശേഷമായിരുന്നു സ്റ്റീവ് ആപ്പിളിന്റെ സാരഥ്യത്തില്‍ നിന്ന് പിന്മാറിയത്. 1997 ന് ശേഷമായിരുന്നു ‘ഐ’പോഡ് ഫോണ്‍പാഡുകളിലേക്ക് കൂടി ആപ്പിള്‍ ശ്രദ്ധതിരിച്ചത്. 2001ല്‍ ഐപോഡ്, 2007ല്‍ ഐഫോണ്‍, 2010ല്‍ ഐപാഡ് അങ്ങിനെ, തൊട്ടതെല്ലാം പൊന്നാക്കിയ സ്റ്റീവ് ഈ മേഖലയിലെ ഏറ്റവും ജനപ്രിയ ബ്രാന്റായി ആപ്പിളിനെ മാറ്റി.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.