2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

അപസര്‍പ്പക നോവലുമായി ബില്‍ ക്ലിന്റണ്‍

വൈറ്റ് ഹൗസിലെ അധികാരഇടനാഴികളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും സസ്‌പെന്‍സും ഗൂഢാലോചനകളും ഉപജാപങ്ങളുമടക്കം ഒരു അനുഭവസ്ഥന്റെ ജീവിതത്തില്‍ ചാലിച്ച സീനുകള്‍ ഒരു ത്രില്ലറിന്റെ ഭാഷ്യത്തില്‍ അവതരിപ്പിക്കുന്നതാണ് ബില്‍ ക്ലിന്റണ്‍-പാറ്റേഴ്‌സണ്‍ കൂട്ടുകെട്ടില്‍ പുറത്തുവരാനിരിക്കുന്ന നോവല്‍

 

ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി

ലോകത്ത് രണ്ടുതരം മനുഷ്യരേയുള്ളൂ; താജ് കണ്ടവരും കാണാത്തവരും

– ബില്‍ ക്ലിന്റണ്‍ താജ് മഹല്‍
കണ്ടശേഷം പറഞ്ഞത്‌

രാഷ്ട്രീയക്കാരും ഭരണത്തലവന്മാരും ആത്മകഥയും ഓര്‍മക്കുറിപ്പുകളുമൊക്കെ എഴുതുന്നതു സാധാരണമാണ്. അത്തരത്തിലുള്ള രചനകള്‍ പുറത്തുവരുമ്പോള്‍ ലോകം ഹൃദയമിടിപ്പോടെ കാത്തിരിക്കുകയും ചെയ്യും- വിവാദപരമായ പരാമര്‍ശങ്ങളോ തീരുമാനങ്ങളോ ഉള്ളറരഹസ്യങ്ങളോ മനഃസാക്ഷിയുടെ പ്രഹരത്തില്‍പ്പെട്ടു പങ്കുവയ്ക്കപ്പെടുമെന്ന ഭീതിയോടു കൂടിത്തന്നെ. അതുമല്ലെങ്കില്‍ ലോകത്തെ ഇളക്കിമറിക്കുന്ന ചില കുറ്റസമ്മതങ്ങള്‍.
എന്നാല്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റും വിവാദങ്ങളുടെ കളിത്തോഴനുമായ ബില്‍ ക്ലിന്റണ്‍ ഒരുപടി കൂടി മുന്നേറിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹമിപ്പോള്‍ ഒരു നോവലിന്റെ പണിപ്പുരയിലാണ് – അതും ഒരു അപസര്‍പ്പക ഫിക്ഷന്‍! ലോകത്ത് ഏറ്റവും കൂടുതല്‍ വായനക്കാരുള്ള അമേരിക്കന്‍ പോപുലര്‍ നോവലിസ്റ്റ് ജെയിംസ് പാറ്റേഴ്‌സണുമായി ചേര്‍ന്ന് അദ്ദേഹം എഴുതിത്തുടങ്ങിയ നോവലിന്റെ പേര് ‘പ്രസിഡന്റിനെ കാണ്മാനില്ല'(The President is Missing)!

‘വൈറ്റ് ഹൗസിലെ അധികാരത്തിന്റെ ഇടനാഴികളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും സസ്‌പെന്‍സും ഗൂഢാലോചനകളും ഉപജാപങ്ങളുമടക്കം ഒരു അനുഭവസ്ഥന്റെ ജീവിതത്തില്‍ ചാലിച്ച സീനുകള്‍ ഒരു ത്രില്ലറിന്റെ ഭാഷ്യത്തില്‍ അവതരിപ്പിക്കുന്നതാണ് നോവല്‍’ എന്നാണു പ്രസാധകരായ നോഫ് ആന്‍ഡ് ലിറ്റില്‍, ബ്രൗണ്‍ കമ്പനി കഴിഞ്ഞ ആഴ്ചയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘എന്റെ ജീവിതം’ (-My Life) എന്ന പേരില്‍ രാജ്യാന്തര പ്രസാധകരായ നോഫ് പ്രസിദ്ധീകരിച്ച ഒരു നോണ്‍ ഫിക്ഷന്‍ ബെസ്റ്റ് സെല്ലറുണ്ട് ഇപ്പോള്‍ തന്നെ ക്ലിന്റന്റെ ക്രെഡിറ്റില്‍. ലിറ്റില്‍, ബ്രൗണ്‍ ആന്‍ഡ് കമ്പനിയിലൂടെയാണ് പാറ്റേഴ്‌സണ്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി തന്റെ ബെസ്റ്റ് സെല്ലറുകള്‍ പുറത്തെത്തിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിലെ നേരനുഭവങ്ങള്‍ എന്ന അനന്തസാധ്യതയെ ക്ലിന്റനില്‍നിന്നു കഥാരൂപത്തിലേക്കു രൂപാന്തരീകരണം ചെയ്യുകയാണ് പാറ്റേഴ്‌സണ്‍ ചെയ്യുന്നത്.

അമേരിക്കയുടെ ഭരണം കൈയാളുന്ന പ്രസിഡന്റ്, സാറ്റലൈറ്റ് സുരക്ഷകളടക്കമുള്ള മുഴുവന്‍ സുരക്ഷാസംവിധാനങ്ങളും കബളിപ്പിക്കപ്പെട്ട് അപ്രത്യക്ഷനാകുന്നതും അദ്ദേഹത്തെ കണ്ടെത്താന്‍ നടത്തുന്ന സാഹസികനീക്കങ്ങളും അതിനിടയില്‍ വെളിപ്പെടുന്ന വൈറ്റ് ഹൗസ് രഹസ്യങ്ങളും നിഗൂഢതകളും രക്തച്ചൊരിച്ചിലും ആന്റിക്ലൈമാക്‌സുകളുടെയും സസ്‌പെന്‍സുകളുടെയും മേമ്പൊടിയോടുകൂടി ഒരു ത്രില്ലറിന്റെ അനുഭൂതികള്‍ തീര്‍ക്കുമെന്നു മാത്രമാണ് ഇതിനു മുന്‍കുറിപ്പായി പാറ്റേഴ്‌സണ്‍ വാര്‍ത്താലേഖകരോട് പങ്കുവച്ചത്.
യു.എസ് മാധ്യമ ഭീമന്മാരിലൊരാളായ ക്രിയേറ്റിവ് ആര്‍ടിസ്റ്റ് ഏജന്‍സി(CAA)യുടെ തലവന്‍ റിച്ചാര്‍ഡ് ലവെറ്റുമായി, പുറത്തിറങ്ങാനിരിക്കുന്ന ഈ നോവലിന്റെ സിനിമാഭാഷ്യം നിര്‍മിക്കുന്നതിന്റെ സാധ്യതകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതിനകം തന്നെ പ്രസാധകര്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. 2001 ജനുവരിയിലാണ് ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍നിന്നു താഴെയിറങ്ങുന്നത്. വൈറ്റ് ഹൗസ് ജീവനക്കാരിയായ മോണിക്ക ലെവിന്‍സ്‌കിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ലൈംഗികബന്ധം, അമേരിക്കന്‍ ജനതയോടു തുറന്നുസമ്മതിക്കാത്തതിനാല്‍, പ്രസിഡന്റ് പദവിയിലിരിക്കെ കുറച്ചുകാലം അദ്ദേഹത്തിനു ചില രാഷ്ട്രീയ ഭീഷണികളുണ്ടായതും, ഭാര്യ ഹിലരി ക്ലിന്റണ്‍ അദ്ദേഹത്തിനു നല്‍കിയ പരിപൂര്‍ണ പിന്തുണയുമൊക്കെ ലോകമാധ്യമങ്ങള്‍ ആഘോഷിച്ചത് ഇന്നും ചരിത്രമാണ്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരിയെ തോല്‍പ്പിച്ചു ഭരണം പിടിച്ചെടുത്ത വ്യവസായ ഭീമന്‍ ഡൊണാള്‍ഡ് ട്രംപും, അതിനോടനുബന്ധിച്ചു ലോകത്തു പുതുതായി ഉദയം ചെയ്ത സത്യാനന്തര ലോകവും (Post-Truth) ഈ നോവലിന്റെ ഇതിവൃത്തത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷമാകുമെന്നു ചില രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനകം തന്നെ പ്രവചിച്ചുകഴിഞ്ഞിട്ടുണ്ട്.

ജിമ്മി കാര്‍ട്ടര്‍ ആണ് അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍നിന്നു ഒഴിഞ്ഞ ശേഷം ഒരു ചരിത്ര നോവല്‍ ലോകത്തിനു സമ്മാനിക്കുന്നത് – 2003ല്‍ പുറത്തിറങ്ങിയ The Hornet’s Nest: A Novel of the Revolutionary War. അദ്ദേഹം നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു. പക്ഷെ, ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ ലോകമറിയാത്ത അന്തപ്പുര രഹസ്യങ്ങളുടെ ഇടനാഴികളില്‍ ക്രൈം ത്രില്ലറിന്റെ ഫ്രെയിം ചേര്‍ത്തൊരു നോവല്‍ – അത് ആദ്യമായിട്ടായിരിക്കും ലോകത്തു സംഭവിക്കാന്‍ പോകുന്നത്. അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറങ്ങുമെന്ന ടാഗ്‌ലൈനില്‍ പ്രസാധകര്‍ പ്രസിദ്ധപ്പെടുത്തിയ പരസ്യവാചകത്തിന്റെ പൂര്‍ത്തീകരണത്തെ അക്ഷമയോടെ കാത്തിരിക്കുകയാണു വായനാലോകം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.