2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആന്റിജന്‍ പരിശോധനയുമായി കേരളം: പരിശോധനയില്‍ 30 മിനുറ്റിനുള്ളില്‍ കൊവിഡ് ഫലമറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെയും സമ്പര്‍ക്ക രോഗികളുടെയും എണ്ണം കുതിച്ചുയരുന്ന ഗുരുതര സാഹചര്യത്തില്‍ രോഗം കണ്ടെത്തി വ്യാപനം തടയാന്‍ സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന തുടങ്ങുന്നു.

ബുധനാഴ്ച മുതല്‍ പ്രതിദിനം പതിനയ്യായിരം പരിശോധനകള്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമം. കണ്ടെയ്ന്‍മെന്റ് മേഖലകളിലും ആശുപത്രികളിലുമടക്കം കൊവിഡ് പരിചരണ കേന്ദ്രങ്ങളിലും ഉറവിടമറിയാത്ത രോഗം സ്ഥിരീകരിച്ച ജില്ലകളിലുമായിരിക്കും ആദ്യം പരിശോധന നടത്തുക. ആന്റിബോഡി പരിശോധനയ്‌ക്കൊപ്പമായിരിക്കും ആന്റിജന്‍ പരിശോധനയും നടത്തുക. വൈറസ് ശരീരത്തില്‍ കയറിയാല്‍ രണ്ടാം ദിവസം തന്നെ തിരിച്ചറിയാമെന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത.

ശരീരത്തിന് പുറത്ത് നിന്നെത്തുന്ന അന്യവസ്തുക്കളാണ് ആന്റിജനുകള്‍. വായില്‍ നിന്നും മൂക്കില്‍ നിന്നും എടുക്കുന്ന സ്രവത്തിലെ വൈറസിന്റെ പ്രോട്ടീന്‍ ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് സാന്നിധ്യം കണ്ടെത്തുന്നതാണ് ആന്റിജന്‍ പരിശോധന രീതി. സാധാരണ പി.സി.ആര്‍ പരിശോധനയ്ക്ക് അഞ്ചു മണിക്കൂര്‍ വരെ സമയമെടുക്കുമ്പോള്‍ ആന്റിജന്‍ പരിശോധനയില്‍ 30 മിനുറ്റിനുള്ളില്‍ ഫലമറിയാം. കൊറിയന്‍ കമ്പനിയായ എസ്.ഡി ബയോസെന്‍സര്‍ വികസിപ്പിച്ച ക്യൂ കൊവിഡ്-19 ആന്റിജന്‍ ഡിറ്റക്ഷന്‍ കിറ്റാണ് ഉപയോഗിക്കുക. രോഗം സംശയിക്കുന്നവരുടെ ഫലം നെഗറ്റീവ് ആണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന കൂടി നടത്തും. എന്നാല്‍ നേരിയ ആന്റിജന്‍ സാന്നിധ്യം കാണിച്ചാല്‍ പോലും രോഗം ഉറപ്പിക്കാം.

ദിവസവും പതിനയ്യായിരം പരിശോധനകള്‍ നടത്തേണ്ടതിനാല്‍ കൂടുതല്‍ സ്വകാര്യ ലാബുകള്‍ക്ക് കൂടി അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഐ.സി.എം.ആറിനെ സമീപിച്ചിട്ടുണ്ട്. ലബോറട്ടറികള്‍, ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍, സാംപിള്‍ ശേഖരണം, പരിശോധനാ ഫലങ്ങള്‍, മറ്റ് അനുബന്ധ നടപടിക്രമങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ കൂടുതല്‍ ലാബുകള്‍ക്ക് അനുമതി ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.

പരിശോധനാ ഫലങ്ങള്‍ ആരോഗ്യവകുപ്പ് പോര്‍ട്ടലിലേക്ക് മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ പാടുള്ളൂ. ഫലങ്ങള്‍ രോഗികളെ നേരിട്ട് അറിയിക്കില്ലെന്നും വെളിപ്പെടുത്തില്ലെന്നും ലബോറട്ടറികള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കണം. ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ. വീടുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കാന്‍ പരിശീലനം ലഭിച്ച ടീമുകളെ നിയോഗിക്കണം. അത്തരം ടീമുകള്‍ മാസ്‌കുകളും പി.പി.ഇ കിറ്റുകള്‍ ഉപയോഗിക്കുകയും മെഡിക്കല്‍ മാലിന്യ പ്രോട്ടോക്കോള്‍ പാലിക്കുകയും വേണം. എല്ലാ വിശദാംശങ്ങളും വ്യക്തിയില്‍ നിന്ന് ശേഖരിച്ചതാണെന്ന് നോഡല്‍ ഓഫിസര്‍ ഉറപ്പാക്കണം. സ്വകാര്യ ലബോറട്ടറികളിലെ മൈക്രോബയോളജിസ്റ്റ്് അല്ലെങ്കില്‍ ലാബ് ഇന്‍ ചാര്‍ജ് ആന്റിബോഡി പരിശോധന ഫലങ്ങളുടെ അന്തിമ സ്ഥിരീകരണം നടത്തണം. സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചതിനുശേഷം മാത്രമേ ഫലം അറിയിക്കാവൂ.

അതേ സമയം, സ്വകാര്യ ലാബുകളില്‍ കൊവിഡ്-19 കണ്ടെത്തുന്നതിനുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നിരക്ക് കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചെറിയ ശാസ്ത്രക്രിയകള്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നില്ലെന്ന പരാതികളെ തുടര്‍ന്നാണ് പരിശോധന നിരക്ക് കുറക്കാന്‍ തീരുമാനിച്ചത്. പുതിയ ഉത്തരവ് ഉടന്‍ ഇറങ്ങും. നിലവില്‍ 4,500 രൂപയാണ് സ്വകാര്യ ലാബുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ഈടാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.