2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

അഞ്ജുവും മോഹിനിയും സിന്ധുവും ഇനി പുതു ലോകത്തേക്ക്

കോഴിക്കോട്: വെള്ളിമാടുകുന്ന് ആഫ്റ്റര്‍കെയര്‍ ഹോമിന്റെ പടികളിറങ്ങുമ്പോള്‍ അഞ്ജുവും മോഹിനിയും സിന്ധുവും മറ്റൊരു ജീവിതത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു.
കളിച്ചു വളര്‍ന്ന ലോകത്ത് നിന്ന് മറ്റൊരു ലോകത്തേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു ഇന്നലെ ആഫ്റ്റര്‍ കെയര്‍ ഹോമിലുള്ളവര്‍ സാക്ഷ്യം വഹിച്ചത്. മൂവരും വരന്റെ കൈപിടിച്ച് പടിയിറങ്ങുമ്പോള്‍ കെയര്‍ ഹോമിലെ അനിയത്തിമാരും അച്ഛന്‍മാരും അമ്മമാരും നിറകണ്ണുകളോടെ കണ്‍മറയുന്നത് വരെ നോക്കി നിന്നു. അമ്മയുടെ കരുതലോടെ മൂവരെയും വര്‍ഷങ്ങളോളം പരിചരിച്ച ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് കെ. സതിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

രാവിലെ 11ന് കെയര്‍ഹോമില്‍ ഒരുക്കിയ മണ്ഡപത്തില്‍ അഞ്ജുവിന് പാലക്കാട്ടുകാരന്‍ ശ്രീജിത്തും, മോഹിനിയുടെ കഴുത്തില്‍ അത്തോളി സ്വദേശി ജസിനും, സിന്ധുവിന് മലപ്പുറം സ്വദേശി ഷിനോജും താലി ചാര്‍ത്തി. കെ. തങ്കപ്പന്റെ മുഖ്യകാര്‍മികത്വത്തിലാണ് വിവാഹം നടന്നത്. സാമൂഹിക നീതി വനിതാ ശിശുവികസന വകുപ്പിന്റെയും ആം ഓഫ് ജോയി തുടങ്ങിയ വിവിധ സംഘടനകളുടേയും നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടത്തിയത്. കൂടാതെ മൂന്ന് പെണ്‍കുട്ടികള്‍ക്കും ഓരോ ലക്ഷം രൂപയുടെ സഹായം സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നല്‍കിയിട്ടുണ്ട്.

കെ.ഡി.സി ബാങ്കിന്റെ നേതൃത്വത്തില്‍ വിഭവങ്ങളോട് കൂടിയ സദ്യയും ഒരുക്കിയിരുന്നു. സബ്കലക്ടര്‍ വിഗ്നേശ്വരി, ചേവായൂര്‍ സി.ഐ ബിജു, കോര്‍പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അനിതാരാജന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി. വിജിലാല്‍, എ.ഡി.എം റോഷ്‌നി, സാമൂഹ്യ നീതി ഓഫിസര്‍ ഷീബ മുംതാസ്, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ അനീറ്റ എസ്‌ലിന്‍, പ്രോഗ്രാം ഓഫിസര്‍ ടി. അഫ്‌സത്ത്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാര്‍ കെ. രാജന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ജോസഫ് റെബല്ലോ, ആംഓഫ് ജോയ് പ്രതിനിധി വി. അനൂപ് സംബന്ധിച്ചു.  സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് വിവാഹ ആഘോഷ ചടങ്ങുകള്‍ക്കായി എത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.