2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

കാട്ടാനകളുടെ കാടിറക്കവും ‘താപ്പാന’കളുടെ ഉറക്കവും

പി. ഇസ്മായില്‍ 9895730301

മനുഷ്യനും കാട്ടാനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളുടെ എണ്ണം സംസ്ഥാനത്തു ദിവസേന കൂടിവരികയാണ്. പാലക്കാട്, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ വന്യമൃഗശല്യം രൂക്ഷമാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ഇവിടങ്ങളില്‍ കാട്ടാന, കടുവ, പുലി, പന്നി, കുരങ്ങ്, കാട്ടുപോത്ത്, പെരുമ്പാമ്പ് തുടങ്ങിയ വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ വിഹരിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കാട്ടാനയുടെ ചിന്നംവിളിയിലും മറ്റു ജീവികളുടെ ആക്രമണത്തിലുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 103 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. 543 പേര്‍ തലനാരിഴ വ്യത്യാസത്തിലാണു രക്ഷപ്പെട്ടത്.
കഴിഞ്ഞദിവസം വയനാട്ടിലെ പനമരത്തിനടുത്തു കാപ്പുംചാലില്‍ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച ക്ഷീരകര്‍ഷകനും വയോധികനുമായ കാളിയാര്‍ തോട്ടത്തില്‍ രാഘവനാണ് ഈ പരമ്പരയില്‍ ഏറ്റവും ഒടുവില്‍ ജീവഹാനിക്കിരയായിട്ടുള്ളത്. ആനയെ കാടു കടത്താനുള്ള ശ്രമത്തില്‍ നിരവധി വനപാലകര്‍ക്കും ഗുരുതരമായ രീതിയില്‍ പരുക്കേല്‍ക്കുകയുണ്ടായി.

വനത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ പ്രതികൂലമായ കാലാവസ്ഥയോടൊപ്പം വന്യമൃഗശല്യംകൊണ്ടും പൊറുതിമുട്ടിയിരിക്കുകയാണ്. കമുങ്ങ്, വാഴ, ചേന, ഇഞ്ചി, പച്ചക്കറികള്‍ എന്നിവയ്‌ക്കെല്ലാം ഇവിടങ്ങളില്‍ വിത്തുകള്‍ വിതയ്ക്കുന്നതു കര്‍ഷകരും വിളവെടുപ്പു നടത്തുന്നതു മൃഗങ്ങളുമാണ്. ആട്, പശു, പന്നി തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്കും കോഴി, താറാവ് എന്നീ വളര്‍ത്തുപക്ഷികള്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ്.
ആനയുള്‍പ്പെടെയുള്ള വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ മനുഷ്യര്‍ നടത്തിയ കൈകടത്തലുകളാണു പ്രശ്‌നങ്ങളുടെ മൂലകാരണം. കാടിനുള്ളിലെ പച്ചപ്പ് ഏതാണ്ട് ഇല്ലാതായിരിക്കുകയാണ്.
കാട്ടുചോലകളും അരുവികളും വരളുകയും കാട്ടിനുള്ളില്‍ വെള്ളം ഇല്ലാതാവുകയും ചെയ്തതിനാല്‍ കുടിനീരും ഭക്ഷണവും തേടിയാണു കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ നാടിറങ്ങുന്നത്.
കാട്ടാനയുടെ ഇഷ്ടഭക്ഷണമായ ഈറ്റയും ചെണ്ണ കുറുവയും ഉള്‍പ്പെടെയുള്ള ധാരാളം ചെറുചെടികള്‍ക്കേറ്റ നാശവും കാടിറക്കത്തിന്റെ കാരണമാണ്. കാടിനുള്ളില്‍ ഫലവൃക്ഷങ്ങളും മുളകളും നട്ടുപിടിപ്പിച്ചും കുളങ്ങള്‍ കുഴിച്ചും പച്ചപ്പു വീണ്ടെടുക്കേണ്ടതു അനിവാര്യമാണ്.

നാടും കാടും വേര്‍തിരിക്കുന്ന നടപടിക്കും വേഗത കൂട്ടേണ്ടതുണ്ട്. കല്ലു കൊണ്ടുള്ള മതിലുകള്‍ ചെലവേറിയതും പരിസ്ഥിതിനാശം വിളിച്ചു വരുത്തുന്നതുമാണ്.
കിലോമീറ്ററുകളോളം ദൂരത്തില്‍ നിര്‍മിക്കുന്ന കന്മതിലിനു വേണ്ടി വലിയ രീതിയില്‍ പാറകള്‍ പൊട്ടിക്കേണ്ടി വരികയാണ്. ആനകള്‍ ഇവ ചവിട്ടി പൊളിക്കുന്നതു പതിവു കാഴ്ചയാണ്. സോളാര്‍ ഫെന്‍സിങ്, എലിഫന്റ് പ്രൂഫ് വാള്‍, റെയില്‍ഫെന്‍സിങ്, സ്റ്റീല്‍ഫെന്‍സിങ് തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളാണിപ്പോള്‍ നാം അവലംബിക്കുന്നത്.
ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് ഈ രംഗത്തെ നൂതന പരീക്ഷണമാണ്.
സോളാര്‍ വേലി ഉള്‍പ്പെടെയുള്ളവ ആനകള്‍ തകര്‍ക്കുമ്പോള്‍ ഉരുക്കുവടം വേലിയുടെ അടുത്തെത്തുമ്പോള്‍ ആനകള്‍ പിന്മാറുന്നതായി ശാസ്ത്രീയമായി തെളിയിക്കാന്‍ ഈ രംഗത്തെ വിദഗ്ധര്‍ക്കു കഴിഞ്ഞിട്ടുണ്ട്.
കോണ്‍ക്രീറ്റ് ചെയ്ത കാലില്‍ ഉരുക്കുവടം കെട്ടിയാണു വനത്തിനുള്ളില്‍ നിന്നു മൃഗങ്ങള്‍ പുറത്തേയ്ക്കു വരുന്നതു ക്രാഷ് ഗാര്‍ഡ് റോപ് മുഖാന്തരം തടയുന്നത്.

കാട്ടാന ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി പരാക്രമം കാട്ടുമ്പോള്‍ മയക്കുവെടിയും റേഡിയോ കോളറും കുങ്കിയാനകളുടെ എഴുന്നള്ളിപ്പുമായി തൊലിപ്പുറത്തു നടത്തുന്ന താല്‍ക്കാലിക ചികിത്സകൊണ്ടു മാത്രം ഈ പ്രശ്‌നം ഇല്ലാതാക്കാനാവില്ല.
കാട്ടാനയും പുലിയും കടുവയും മനുഷ്യനെ കൊല്ലുമ്പോഴും പെരുമ്പാമ്പ് ആളുകളെ വിഴുങ്ങുമ്പോഴും കാട്ടുമൃഗങ്ങള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുമ്പോഴും ജനരോഷം തണുപ്പിക്കാനായി വച്ചുനീട്ടുന്ന നാമമാത്രമായ തുക കൊണ്ടും പ്രശ്‌നങ്ങള്‍ എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനാവില്ല.
കാട്ടാനയുടെ കാടിറക്കത്തിനും വന്യമൃഗങ്ങളില്‍ നിന്നുള്ള ആക്രമണത്തിനും ശാശ്വതമായ പരിഹാരം കാണുന്നതിനായി ഭരണരംഗത്തെയും വനംവകുപ്പിലെയും താപ്പാനകള്‍ ഇനിയെങ്കിലും നിദ്രയില്‍ നിന്ന് ഉണരണം.

(യൂത്ത്‌ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റും വയനാട് ജില്ലാപഞ്ചായത്ത് അംഗവുമാണ് ലേഖകന്‍)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.